Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തമിഴ്‌നാട് വിവരം അറിയിക്കുന്നത് അവസാന നിമിഷം; ഇന്നുരാത്രി തന്നെ 1200 കുടുംബങ്ങളെ തീരത്ത് നിന്നും ഒഴിപ്പിക്കാൻ പൊലീസ് ശ്രമം; മുല്ലപ്പെരിയാറിലെ വെള്ളം പ്രതീക്ഷിച്ച് ചെറുതോണിയിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നതിന്റെ അളവും കൂട്ടി; ഏറണാകുളം വരെ പെരിയാർ തീരത്ത് നിന്നും ആളെ മാറ്റാൻ പരിശ്രമം തുടങ്ങി: ഇടുക്കിക്കുപുറമേ മുല്ലപ്പെരിയാറ്റിലും ജല നിരപ്പുയർന്നതോടെ ഉണർന്ന് പ്രവർത്തിച്ച് സർക്കാർ

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തമിഴ്‌നാട് വിവരം അറിയിക്കുന്നത് അവസാന നിമിഷം; ഇന്നുരാത്രി തന്നെ 1200 കുടുംബങ്ങളെ തീരത്ത് നിന്നും ഒഴിപ്പിക്കാൻ പൊലീസ് ശ്രമം; മുല്ലപ്പെരിയാറിലെ വെള്ളം പ്രതീക്ഷിച്ച് ചെറുതോണിയിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നതിന്റെ അളവും കൂട്ടി; ഏറണാകുളം വരെ പെരിയാർ തീരത്ത് നിന്നും ആളെ മാറ്റാൻ പരിശ്രമം തുടങ്ങി: ഇടുക്കിക്കുപുറമേ മുല്ലപ്പെരിയാറ്റിലും ജല നിരപ്പുയർന്നതോടെ ഉണർന്ന് പ്രവർത്തിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറന്നേക്കുമെന്ന് സൂചന. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്തുനിന്ന് 5000 ത്തോളം പേരെ മാറ്റിപ്പാർക്കേണ്ടിവരുമെന്ന വിവരമാണ് സംസ്ഥാന അധികൃതർ പുറത്തുവിടുന്നത്.

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ അണകെട്ടിൽ നിന്നും ജലം പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാൻ സാധ്യതയുണ്ട് എന്ന് തമിഴ് നാട് ദുരിതാശ്വാസ കമ്മിഷണർ അറിയിച്ചു. ആയതിനാൽ ചെറുതോണിയിൽ നിന്നും വർദ്ധിച്ച അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുവാൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി പതിനൊന്നിന് ജലനിരപ്പ് 138.7 അടിയായി ഉയർന്നു.

നീരൊഴുക്ക് 16,000 ക്യുസെക്‌സ് ആണ്. മണിക്കൂറിൽ 5,000 ക്യുസെക്‌സ് കൂടിയിട്ടുണ്ട്. തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സെക്കൻഡിൽ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്. തുറക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം തമിഴ്‌നാട് സർക്കാരിന്റേതാണ്. അണക്കെട്ട് തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും.

ജലനിരപ്പ് 136 അടിയിൽ എത്തുമ്പോൾ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തണമെന്നാണ് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ടാണ് കേരളം ഈ വാദം ഉയർത്തിയിരുന്നത്. എന്നാൽ 2015 ൽ അണക്കെട്ടിൽ 142 അടിവരെ ജലം സംഭരിക്കാനുള്ള അനുമതി സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട് നേടിയെടുത്തിരുന്നു. ഇതിനാലാണ് 136 അടി കവിഞ്ഞിട്ടും അണക്കെട്ട് തുറക്കാതിരിക്കുന്നത്. എന്നാൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 142 അടിയും കവിയുമെന്ന സ്ഥിതിയിലാണ്. ഇതിനെ തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു നിമിഷവും തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം തന്നെ തമിഴ്‌നാട് പരമാവധി വെള്ളം ശേഖരിച്ചു കഴിഞ്ഞതിനാൽ മുല്ലപ്പെരിയാർ തുറന്നാൽ ഇവിടേക്ക് വെള്ളം തുറന്നുവിടാൻ കഴിയില്ല. ഈ വെള്ളവും പെരിയാറിലേക്കാണ് ഒഴുകിയെത്താൻ പോകുന്നത്.

142 അടിയാണ് ഇപ്പോൾ അനുവദനീയമായ സംഭരണ പരിധി. എന്നാൽ 139 അടിയാകുമ്പോൾ തന്നെ ഡാം തുറക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിൽ ഇവിടെ നിന്ന് വൈഗൈ ഡാമിലേക്ക് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നുണ്ട്. എന്നാൽ ഇതിലുമേറെ നീരൊഴുക്കുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ജലനിരപ്പ് അതിവേഗം ഉയരുകയാണ്. വെള്ളം തുറന്നുവിടുന്ന സാഹചര്യമുണ്ടായാൽ പെരിയാറിലേക്ക് ഇവിടെ നിന്ന് വെള്ളമെത്തും. ഇതോടെ ആലുവവരെ നീളുന്ന പെരിയാർ തീരത്ത് വീണ്ടും കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മൊത്തത്തിൽ നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.

പൊതുജനങ്ങൾ സർക്കാർ സംവിധാനങ്ങളുമായി പൂർണമായും സഹകരിക്കണമെന്നും സാഹചര്യത്തെ ഒരുമയോടെ തരണംചെയ്യണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യത്തിൽ ചെയ്തതുപോലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജീവൻ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് രാത്രി ഒമ്പതിന് മുമ്പായി മാറി മാറിത്താമസിക്കേണ്ടതുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അഥോറിറ്റിയും എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് അധികൃതരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങൾ പാലിച്ച് രാത്രി ഒമ്പതിന് മുമ്പായി ജനങ്ങൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അയ്യായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് സൂചന.

ഇടുക്കി കളക്ടറുടെ ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ്, ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടർന്ന് 137.4 അടിയായി ഉയർന്ന സാഹചര്യത്തിൽ ഇന്ന് 14.08.2018 (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ട് നിന്ത്രിതമായ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണ്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുൻപായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്. ആയതിനാൽ യാതൊരുവിധത്തിലുമുള്ള ആശങ്കകൾക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പൊലീസ്, ഫയർഫോഴ്‌സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിർദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങൾ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

വയനാട് ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് 15 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓഗസ്റ്റ് 17 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രമായ മഴയുടെ സാഹചര്യത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിൽ ഓഗസ്റ്റ് 15 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ,എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടു പ്രഖ്യാപിച്ചിരിക്കുന്നു

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
2. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
4. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
5. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം
6. ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
7. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക
9. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP