Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതിയായ തെളിവുകൾ ഇല്ല! പരാതി വ്യാജമെന്നും നിരീക്ഷണം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി; സുധീർ കുമാർ ഓജയുടെ പരാതിയിൽ ചുമത്തിയിരുന്നത് ഗുരുതര വകുപ്പുകൾ; ബീഹാർ പൊലീസ് കേസ് പിൻവലിച്ച് തടിയൂരിയത് രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ; പ്രതികളാക്കിയിരുന്നത് അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്‌നം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരെ

മതിയായ തെളിവുകൾ ഇല്ല! പരാതി വ്യാജമെന്നും നിരീക്ഷണം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി; സുധീർ കുമാർ ഓജയുടെ പരാതിയിൽ ചുമത്തിയിരുന്നത് ഗുരുതര വകുപ്പുകൾ; ബീഹാർ പൊലീസ് കേസ് പിൻവലിച്ച് തടിയൂരിയത് രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ; പ്രതികളാക്കിയിരുന്നത് അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്‌നം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരെ

മറുനാടൻ ഡെസ്‌ക്‌

പട്‌ന; രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി എടുത്ത കേസ് റദ്ദാക്കി. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ മുസഫർപുർ എസ്എസ്‌പി മനോജ് കുമാർ സിൻഹ ഉത്തരവിട്ടു. പരാതിക്കാരൻ മതിയായ തെളിവില്ലാതെയാണ് പരാതി നൽകിയതെന്നും പരാതി വ്യാജമെന്നു തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷനു നിർദ്ദേശം നൽകിയതായും എസ്എസ്‌പി മനോജ് കുമാർ സിൻഹ പറഞ്ഞു. അതേസമയം കേസെടുത്തതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖം രക്ഷിക്കൽ നടപടിയി കേസ് പിൻവലിച്ചതെന്നാണ് ഉയരുന്ന വാദം.

സുധീർ കുമാർ ഓജയുടെ പരാതിയെതുടർന്നാണ് സാദർ പൊലീസ് സ്റ്റേഷനിൽ സെലിബ്രിറ്റികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ മൂന്നിനാണ് സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്‌നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു കേസ്.

സാംസ്‌കാരിക നായകർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ താറടിച്ചു കാണിക്കാനും കത്തിൽ ശ്രമിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു.രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രാജ്യവ്യാപകമായ എതിർപ്പുയർന്നിരുന്നു. ചലച്ചിത്ര താരം നസറുദ്ദീൻ ഷാ, ഛായാഗ്രാഹകൻ ആനന്ദ് പ്രധാൻ, എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, അക്കാദമിഷ്യൻ ഇറ ഭാസ്‌കർ, കവി ജീത് തയിൽ, സംഗീതജ്ഞൻ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പർ, സിനിമാ നിർമ്മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവൻ എന്നിവരുൾപ്പെടുന്ന 180 പേർ സാംസ്‌കാരിക പ്രവർത്തകർക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയിരുന്നു.

ഓഗസ്റ്റ് 20ലെ കോടതി വിധി അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. രാജ്യദ്രോഹത്തിനു പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തിൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തി. 'ജയ് ശ്രീറാം' പോർവിളിയായി മാറിയെന്ന കത്തിലെ പരാമർശത്തിനെതിരെ സംഘപരിവാർ രൂക്ഷവിമർശനം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിയോജിപ്പുകൾ കൂടി ഉൾക്കൊള്ളുന്നതാണു ജനാധിപത്യമെന്നും കത്തിൽ സാംസ്‌കാരിക നായകർ അഭിപ്രായപ്പെട്ടിരുന്നു. ജൂലൈ 23 നാണ് മോദിക്ക് കത്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP