Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവസന്നാഹവുമായി പൊലീസെത്തിയതോടെ വിശ്വാസികളാൽ നിറഞ്ഞ് പള്ളിപരിസരം; അന്ത്യോഖ്യാ-മലങ്കര ബന്ധം നീണാൾ വാഴട്ടെയെന്ന വിളികളോടെ റമ്പാനെതിരെ പ്രതിഷേധവും; ഓർത്തഡോക്സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നടന്നത് കടുത്ത നിയമയുദ്ധത്തിനൊടുവിൽ

സർവസന്നാഹവുമായി പൊലീസെത്തിയതോടെ വിശ്വാസികളാൽ നിറഞ്ഞ് പള്ളിപരിസരം; അന്ത്യോഖ്യാ-മലങ്കര ബന്ധം നീണാൾ വാഴട്ടെയെന്ന വിളികളോടെ റമ്പാനെതിരെ പ്രതിഷേധവും; ഓർത്തഡോക്സ്-യാക്കോബായ സഭാവിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മാറ്റി വച്ച തോമസ് പോൾ റമ്പാന്റെ മാതാവിന്റെ സംസ്‌കാരം കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നടന്നത് കടുത്ത നിയമയുദ്ധത്തിനൊടുവിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:സംഘർഷം മുറ്റി നിന്ന അന്തരീക്ഷത്തിൽ എതിർ വിഭാഗത്തിന്റെ കനത്ത പ്രതിഷേധത്തിനിടെ ഓർത്തഡോക്‌സ് വിഭാഗക്കാരനായ തോമസ് പോൾ റമ്പാന്റെ മാതാവ് ചിന്നമ്മ പൗലോസിന്റെ ഭൗതിക ശരീരം യാക്കോബായ വിഭാഗത്തിന് മുൻ തൂക്കമുള്ള കോതമംഗലം മർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

നിയമ യുദ്ധത്തിനൊടുവിൽ ,ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിദ്ധ്യത്തിൽ തോമസ് പോൾ റമ്പാന്റെ കാർമ്മികത്വത്തിൽ വൈകിട്ട് 5 മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തീകരിച്ചത്.ഈ മാസം 22 -ന് മരണമടഞ്ഞ ചിന്നമ്മയുടെ മൃതദ്ദേഹം നിയമ നടപടികൾ തുടർന്നിരുന്നതിനാൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയുള്ള സമയത്ത് പള്ളിയിലെ ആരാധന ചടങ്ങുകൾക്ക് ഭംഗം വരാത്ത തരത്തിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തീകരിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം.

ഇന്നലെ ആദ്യത്തെ കോടതി ഉത്തരവ് പുറത്തുവന്നതോടെ മുറുമുറുപ്പമായി പലഭാഗത്തുനിന്നും വിശ്വാസികൾ പള്ളിയിലേയ്ക്ക് ഒഴുകിയെത്തി.സ്ഥിവിശേഷം വിലയിരുത്താൻ പള്ളിക്കമ്മിറ്റിക്കാരും ഒത്തുകൂടി.പള്ളിയിൽ പിൻതുടർന്നിരുന്ന രീതി അനുസരിച്ച് ശുശ്രൂഷ ചടങ്ങുകൾ നടത്തുന്നത് വികാരിയാണെന്നും ഈ രീതി അനുസരിച്ച് മാത്രമേ സംസ്‌കാര ചടങ്ങുകൾ നടത്താവു എന്നുമായിയിരുന്നു ഭൂരിപക്ഷ അഭിപ്രായം. പള്ളി ഭരണകർത്താക്കൾ ഈ നിലപാട് പൊലീസിനോടും വ്യക്തമാക്കുകയും ചെയ്തുവെന്നാണ് സൂചന.

ഈ സാഹചര്യം നില നിൽക്കെ തന്റെ കാർമ്മികത്വത്തിൽ സംസ്‌കാരചടങ്ങുകൾ നടത്താൻ പള്ളിഭരണകർത്താക്കൾ അനുവദിക്കില്ലന്ന് സി ഐ അറിയിച്ചെന്നും ഇക്കാര്യത്തിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ തോമസ് പോൾ റമ്പാൻ വീണ്ടും കോടതിയെ സമീപിച്ചു.
തുടർന്ന് റമ്പാന് സംസ്‌കാര ശുശ്രൂഷ നടത്താമെന്ന് വ്യക്തമാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.ഇതോടെ പൊലീസ് വണ്ടികൾ ഒന്നിനുപിറകേ മറ്റൊന്നായി നഗരവീഥികളിലുടെ ചീറിപ്പാഞ്ഞു.ഇടി വണ്ടികളും എത്തി.കോടതി വിധിയും കാര്യങ്ങളുമൊന്നും അറിയാതിരുന്ന നഗരവാസികളും വഴിപോക്കരുമെല്ലാം അന്തംവിട്ടു.

ഉച്ചയ്ക്ക് രണ്ട് മണിയോടടുത്തുതന്നെ പള്ളി പരിസരം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.പള്ളിയും പരിസരവും പൊലീസ് വലയത്തിലുമായി.മൂവാറ്റുപുഴ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ ഏത് സ്ഥിതിവിശേഷവും നേരിടുന്നതിന് സജ്ജരായിട്ടാണ് പൊലീസ് നിലയുറപ്പിച്ചിരുന്നത്. തമ്പു ജോർജ്ജ് തുകലനടക്കം യാക്കോബായ സഭയിലെ പ്രമുഖ നേതാക്കളും പള്ളിക്കമ്മറ്റിയംഗങ്ങളും ഈ സമയം പള്ളിയിലുണ്ടായിരുന്നു.

പള്ളിയുടെ മുൻ വശത്തെ കരിങ്കൽ കുരിശുമുതൽ പൂമുഖം വരെയും ഇവിടെ നിന്നും സെമിത്തേരിവരെയും ഇരുവശങ്ങളിലും പൊലീസുകാർ മനുഷ്യ ചങ്ങല തീർത്തിരുന്നു.സാദാപൊലീസ് തൊപ്പികിട്ടാതിരുന്ന പൊലീസുകാരിൽ ചിലർ ഹെൽമറ്റ് തൊപ്പിയാക്കിയാണ് കൃത്യനിർവ്വഹണത്തിന് അണി നിരന്നത്.നാല് മണിക്കുശേമാണ് മൃതദേഹവും വഹിച്ചുള്ള ആമ്പുലൻസ് പള്ളിപ്പരിസരത്തെത്തിയത്.ഇതോടെ പള്ളിക്കകത്തും പുറത്തും ഉണ്ടായിരുന്ന വിശ്വാസികൾ 'അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൽ വാഴട്ടെ 'എന്ന് അലറി വിളിച്ച് പൊലീസ് വലയം ഭേദിക്കുന്നതിനും തള്ളിക്കയറുന്നതിനും നീക്കം നടത്തി.

മുൻ നിശ്ചയ പ്രകാരം പള്ളി പൂമുഖത്ത് ഇട്ടിരുന്ന ഡെസ്‌കിൽ മൃതദേഹ പേടകം എത്തിച്ചതോടെ റമ്പാനെതിരെ വിശ്വാസികളുടെ പ്രതിഷേധം ഒച്ചപ്പാടായി മാറി.ദേവാലയം എന്ന പരിധിവിട്ട് സംസാരിച്ചവരും നിരവധിയാണ്.അധിക്ഷേപങ്ങൾക്കിടയിൽ തന്നേ തോമസ് പോൾ മാതാവിന്റെ മരണാന്തര ചടങ്ങുകൾ തുടങ്ങിയിരുന്നു.പള്ളിയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിൽ നിന്നും സെമിത്തേരിയിലേക്ക് എടുത്തതോടെ ഒച്ചപ്പാട് വീണ്ടും കലശലായി.

പലഭാഗത്തുനിന്നും റമ്പാനെ നേരിടാൻ ലക്ഷ്യമിട്ട് വിശ്വാസികൾ കൂട്ടമായെത്തിയെങ്കിലും പൊലീസിന്റെ സന്ദർഭോചിതമായ നീക്കം മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി.വൈകിട്ട് 5 മണിയോടെ കൂക്കിവിളിച്ചാണ് വിശ്വാസികൾ റമ്പാനെ യാത്രയാക്കിയത്.വർഷങ്ങളോളം ഇതേ പള്ളിയിൽ ആരാധന ചടങ്ങുകളിൽ സംമ്പന്ധിച്ചിരുന്ന തോമസ് പോൾ ഇടക്കാലത്ത് ഓർത്തഡോക്‌സ് പക്ഷത്തേക്ക് കൂറുമാറുകയും വൈദീക പട്ടം സ്വന്തമാക്കുകയും ചെയ്തതാണ് യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിന് മുഖ്യകാരണം.തോമസ് പോളിന്റെ പിതാവിന്റെ സംസ്‌കാര ശുശ്രൂഷയും കോടതി ഉത്തരവോടെയാണ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP