Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നാലു വൈദികരും മുങ്ങി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥിരം സ്ഥലങ്ങളൊക്കെ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയിട്ടില്ല; ഒളിത്താവളങ്ങൾ അന്വേഷിച്ച് ഇന്നു പൊലീസ് അരിച്ചുപെറുക്കും; ഇന്നോ നാളെയോ അറസ്‌റ്റെന്നു സൂചിപ്പിച്ച് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത്

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നാലു വൈദികരും മുങ്ങി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥിരം സ്ഥലങ്ങളൊക്കെ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയിട്ടില്ല; ഒളിത്താവളങ്ങൾ അന്വേഷിച്ച് ഇന്നു പൊലീസ് അരിച്ചുപെറുക്കും; ഇന്നോ നാളെയോ അറസ്‌റ്റെന്നു സൂചിപ്പിച്ച് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :ഒർത്തോഡോക്‌സ് സഭയിലെ വൈദികർക്കെതിരായ പീഡനാരോപണത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതോടെ വൈദികരെ തപ്പി അന്വേഷണ സംഘത്തിന്റെ നെട്ടോട്ടം. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ ആരോപണ വിധേയരായ നാലു വൈദികരും മുങ്ങി. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർ സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർത്തിരുന്നു. പീഡനത്തിനിരയായ യുവതി വൈദിക സമിതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പടെ ഹൈക്കോടതിയിൽ ജാമ്യഹർജിക്കായി സമർപ്പിച്ചെങ്കിലും യുവതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയുത്തരവ് വന്നതിനു പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം സ്ഥിരം സഥലങ്ങളുൾപ്പടെ പരിശോധിച്ചിരുന്നെങ്കിലും വൈദികരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒളിത്താവളങ്ങൾ അന്വേഷിച്ച് അരമനകൾ വരെ പൊലീസ് സംഘം പരിശോധന നടത്തിയിട്ടും പ്രതികൾ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. സഭാസമിതിക്ക് മുന്നിൽ സമർപ്പിച്ച യുവതിയുടെ സത്യവാങ് മൂലം വൈദികർക്ക് ചോർത്തി നൽകിയതിന്റെ പേരിൽ സഭയിലെ രണ്ട് മെത്രാൻന്മാരും പ്രതിക്കൂട്ടിലാണ്. വൈദികരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കിയിട്ടുള്ളത്. വൈദികരുമായി അടുപ്പമുള്ളവർ ഇവരുടെ വീടുകൾ ഉൾപ്പടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പലരേയും പൊലീസ് ചോദ്യം ചെയ്തു.

പീഡനാരോപണം വന്നതിനു പിന്നാലെ നിരണം, ഡൽഹി ഭദ്രാദിപന്മാർ അന്വേഷണം നടത്തിയിരുന്നു. എന്നാൽ വൈദിക സമിതി നടത്തിയ അന്വേഷണത്തിൽ വൈദികർക്കെതിരായി കുറ്റങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പ്രഥമദൃഷ്ടാ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിൽ തന്നെയുൾപ്പെട്ടിരുന്ന സഭയിലെ മെത്രാന്മാർ യുവതിയുടെ സത്യവാങ്മൂലം ചോർത്തി നൽകിയത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികർ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു ആവശ്യത്തിന് ശക്തിപകരാൻ പ്രതികളെ സഹായിക്കുന്ന തരത്തിൽ മെത്രാന്മാർ പ്രവർത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ഫോൺ സംഭാഷണം ചോർന്നതോടെ സത്യങ്ങൾ പുറത്തായത്. ഇതോടെ സത്യസന്ധമായ രീതിയിൽ പരാതി പൊലീസിന് മുന്നിലെത്തി. ഈ കേസിൽ വൈദികർ ബലാത്സംഗം ചെയ്തുവെന്ന് യുവതി മൊഴി കൊടുക്കുകയും ചെയ്തു. ഈ കുറ്റത്തിന് ജാമ്യം കിട്ടില്ല. .ഇത് ഒഴിവാക്കാനാണ് വൈദികർക്ക് വേണ്ടി സഭാ നേതൃത്വം കള്ളകളി നടത്തിയത്.

സത്യവാങ്മൂലത്തിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന് പറയുന്നുണ്ട്. ഇത് നിയമപരമായി ഉപയോഗിക്കാനായിരുന്നു നീക്കം. ഇതിനെതിരെ സഭയ്ക്കുള്ളിൽ നിന്ന് പോലും വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായി കാര്യങ്ങൾ പരിശോധിച്ചത്. ഗുരുതര പിഴവാണ് സത്യവാങ്മൂലം പ്രതികൾക്ക് നൽകിയതിലൂടെ സഭ ചെയ്തതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പീഡനക്കേസിൽ രണ്ട് മെത്രാന്മാരേയും പ്രതിയാക്കേണ്ട സാഹചര്യമാണുള്ളത്. ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്നാലുടൻ പ്രതികളെ അറസ്റ്റ് ചെയ്യും. അതിന് ശേഷം ആവശ്യമെങ്കിൽ മെത്രാന്മാരേയും കേസിൽ പ്രതിയാക്കുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.

ലൈംഗികചൂഷണ വിവാദത്തിൽ സഭാ നേതൃത്വത്തിന് യുവാവ് നൽകിയ പരാതിയും ഇരയുടെ സത്യപ്രസ്താവനയും ചോർന്നതിനെതിരേ ഫാ മാത്യൂസ് വാഴക്കുന്നത്ത് അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിശ്വാസി തന്റെ ആത്മീയപിതാവിന് നൽകിയ പരാതി തെരുവിൽ വലിച്ചെറിയപ്പെട്ടത് തെറ്റാണ്. പുരോഹിതർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ സഭ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇദ്ദേഹം കൈക്കൊണ്ട നിലപാട്. ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തക്ക് ലഭിച്ച മറ്റൊരു പരാതി പിൻവലിക്കാൻ ബിഷപ്പ് ഇടപ്പെട്ടെന്നും ഫാ. വാഴക്കുന്നം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതി പുനഃപരിശോധിക്കാനും വൈദികനെ സസ്പെൻഡ് ചെയ്യാനും ഭദ്രാസന നേതൃത്വം തയ്യാറായതെന്നും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് നീക്കങ്ങളും സഭയ്ക്ക് പുതിയ പ്രതിസന്ധിയാവുകയാണ്.

ലൈംഗിക അപവാദക്കേസിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. വൈദികരായ എബ്രഹാം വർഗീസ്(സോണി), ജെയ്സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു എന്നിവർക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികർക്കെതിരെയാണ് പരാതി ഉയർന്നിരുന്നത്. നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികർക്കെതിരെ പീഡനത്തിനിരയായ യുവതി സത്യവാങ്മൂലം നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപൊലീത്തയ്ക്ക് നൽകിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നൽകിയത്. സമാനമായ പരാതി ഡൽഹി ഭദ്രാസനാ മെത്രോപൊലീത്തയ്ക്കും നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് സഭ താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP