Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതാചാരപ്രകാരം സംസ്‌കാരത്തിനു പള്ളിയിൽ അനുമതി ലഭിച്ചില്ല; വരിക്കോലി പള്ളിയിൽ സെമിത്തേരിയുടെ എത്തേണ്ടത് മതിൽ ചാടി കടന്നും; അമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജിന് പഠിക്കാൻ നൽകി മക്കൾ; ഓർത്തഡോക്സ്- യാക്കോബായ തർക്കം തുടരുന്ന പള്ളികളിൽ മൃതദേഹം സംസ്‌ക്കരിക്കൽ കനത്ത വെല്ലുവിളി; തർക്കങ്ങൾ പതിവായതോടെ പൊലീസിനും തലവേദന; സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഉരുണ്ടു കളിച്ച് സർക്കാറും

മതാചാരപ്രകാരം സംസ്‌കാരത്തിനു പള്ളിയിൽ അനുമതി ലഭിച്ചില്ല; വരിക്കോലി പള്ളിയിൽ സെമിത്തേരിയുടെ എത്തേണ്ടത് മതിൽ ചാടി കടന്നും; അമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജിന് പഠിക്കാൻ നൽകി മക്കൾ; ഓർത്തഡോക്സ്- യാക്കോബായ തർക്കം തുടരുന്ന പള്ളികളിൽ മൃതദേഹം സംസ്‌ക്കരിക്കൽ കനത്ത വെല്ലുവിളി; തർക്കങ്ങൾ പതിവായതോടെ പൊലീസിനും തലവേദന; സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഉരുണ്ടു കളിച്ച് സർക്കാറും

മറുനാടൻ മലയാളി ബ്യൂറോ

 കോലഞ്ചേരി: ഓർത്തഡോക്‌സ് -യാക്കോബായ സഭാ തർക്കം പരിഹാരമില്ലാതെ നീണ്ടു പോകുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്‌ക്കരിക്കലും വലിയ പ്രതിസന്ധികൾക്ക് ഇടയാക്കുന്നു. മതാചാരപ്രകാരം പള്ളികതളിൽ അടക്കം ചെയ്യാൻ പലർക്കു സാധിക്കുന്നില്ലെന്നത് വിശ്വാസപരമായും മനുഷ്യാവകാശപരമായ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നുണ്ട്. മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവാദം നൽകാത്തതിനെത്തുടർന്ന് അമ്മയുടെ മൃതദേഹം മക്കൾ മെഡിക്കൽ കോളജിനു വിട്ടുകൊടുത്ത സംഭവമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. കഴിഞ്ഞ ദിവസം നിര്യാതയായ, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വണ്ടിപ്പേട്ട കാരക്കാട്ടിൽ സാറാമ്മ വർക്കി(97)യുടെ മൃതദേഹമാണു തൃപ്പൂണിത്തുറ പുതിയകാവ് ആയുർവേദ മെഡിക്കൽ കോളജിനു കൈമാറിയത്.

മൃതദേഹം യാക്കോബായ വിഭാഗത്തിന്റെ ചാപ്പലിലെത്തിച്ചെങ്കിലും സെമിത്തേരിയിൽ സംസ്‌കരിക്കാൻ പൊലീസ് അനുമതി നൽകിയില്ല. കനത്ത പൊലീസ് സന്നാഹമാണ് പള്ളിക്കു ചുറ്റും നിലയുറപ്പിച്ചിരുന്നത്. തുടർന്നാണ് മക്കളായ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ വി സി: ഡോ.കെ.ജി. പൗലോസ്, ന്യൂഡൽഹി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ വി സി: ഡോ. എൻ.വി. വർഗീസ്, കെ.ജി. സുജ എന്നിവർ സാറാമ്മയുടെ മൃതദേഹം മെഡിക്കൽ കോളജിനു കൈമാറാൻ തീരുമാനിച്ചത്. അമ്മയുടെ വിശ്വാസപ്രകാരം യാക്കോബായ മതാചാരപ്രകാരമുള്ള ശുശ്രൂഷകൾ ചാപ്പലിൽ നടത്തിയ ശേഷമായിരുന്നു മൃതദേഹം കൈമാറിയത്.

ഓർത്തഡോക്സ് വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് സംസ്‌കാരം പള്ളി സെമിത്തേരിയിൽ നടത്തുന്നത് പൊലീസ് തടയുന്നത്. കഴിഞ്ഞ ദിവസവും ഈ പള്ളിയിൽ സംസ്‌കാരം തടഞ്ഞിരുന്നു. മൃതദേഹം റോഡിൽവച്ച് പ്രതിഷേധിച്ചെങ്കിലും പൊലീസ് അയഞ്ഞില്ല. പൊലീസ് സ്ഥലത്തുനിന്നു മാറിയതോടെ വീട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം സെമിത്തേരിയുടെ പിന്നിലൂടെയെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു. സംഘർഷത്തെത്തുടർന്നു നെച്ചൂർ, കോലഞ്ചേരി പള്ളികളിൽ സംസ്‌കാരം തടഞ്ഞതോടെ യാക്കോബായ വിഭാഗം മൃതദേഹം സംസ്‌കരിക്കാൻ പുതിയ സ്ഥലം കണ്ടെത്തി. എന്നാൽ വരിക്കോലി പള്ളിയിൽ ഇപ്പോഴും സെമിത്തേരിയുടെ മതിൽ ചാടി കടന്നാണ് സംസ്‌കാരം നടത്തുന്നത്.

വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണു യാക്കോബായ സഭയുടെ ആവശ്യം. സുപ്രീം കോടതി വിധിയെത്തുടർന്നു തങ്ങളുടെ നിയന്ത്രണത്തിലാണു പള്ളിയും സെമിത്തേരിയുമെന്നാണു ഓർത്തഡോക്സ് വിഭാഗത്തിന്റെ വാദം. അതതു പള്ളികളിലെ വികാരിമാരുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്താൻ യാതൊരു തടസവുമില്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ, സ്വന്തം വിശ്വാസത്തിൽ മതി സംസ്‌കാരവുമെന്ന ദൃഢനിശ്ചയത്തിലാണു യാക്കോബായ വിശ്വാസികൾ. ഇതാണ് സർക്കാരിനും പൊലീസിനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ഓരോ പള്ളികളിലും ഇതിനായി മുന്നൂറിലധികം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. മൃതദേഹം സംസ്‌കരിക്കുന്നത് തടയാനായി ദിനംപ്രതി ഓരോ പള്ളികളിലേക്കും വൻ പൊലീസ് സംഘം എത്തേണ്ട ഗതികേടിലാണ്. ഓർത്തഡോക്സ് സഭയുടേയും പൊലീസിന്റേയും നടപടികളിൽ യാക്കോബായ സഭാ വിശ്വാസികൾക്ക് പുറമേ പൊതുസമൂഹത്തിലും ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. സെമിത്തേരി വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. യാക്കോബായ വിശ്വാസികളുടെ മൃതദേഹം തടയുന്നതിന് ഓരോ ദിവസവും വൻ പൊലീസിനെ വിന്യസിക്കുന്നത് വഴി ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ശവസംസ്‌കാരം സംബന്ധിച്ചുണ്ടായ ഈ പ്രതിസന്ധി എല്ലാ പള്ളികളിലേക്കും ഇനിയുള്ള നാളുകളിൽ വ്യാപിക്കാനാണ് സാധ്യത. ഇതിന്റെ സൂചനയെന്നോളമാണ് മലങ്കരയിലെ ആയിരത്തിലേറെ പള്ളികളിൽ സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഓർത്തഡോക്സ് സഭ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP