Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യസംസ്ഥാന തൊഴിലാളികൾ അപകടകാരികളെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; ക്രിമിനൽ കേസിൽപ്പെട്ടവർ കേരളത്തിലേക്ക് കടക്കുന്നു; പ്രത്യേകം താമസിക്കുന്നവർ നിരീക്ഷണത്തിൽ; തൊഴിലുടമകളെയും കരാറുകാരേയും നിരീക്ഷിക്കും

അന്യസംസ്ഥാന തൊഴിലാളികൾ അപകടകാരികളെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട്; ക്രിമിനൽ കേസിൽപ്പെട്ടവർ കേരളത്തിലേക്ക് കടക്കുന്നു; പ്രത്യേകം താമസിക്കുന്നവർ നിരീക്ഷണത്തിൽ; തൊഴിലുടമകളെയും കരാറുകാരേയും നിരീക്ഷിക്കും

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാക്കണമെന്ന് പൊലീസ് ഇന്റലിജന്റ്‌സ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ ക്രിമിനൽകേസുകളിലും തട്ടിപ്പുകേസുകളിലും ഉൾപ്പെട്ട പ്രതികൾ തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കടക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്റലിജന്റ്‌സ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് പതിവായി കേരള പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോർട്ട് നൽകാറുണ്ടെങ്കിലും സംസ്ഥാനങ്ങൾ മാവോയിസ്റ്റ് പരിശോധന ശക്തമാക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പാലിച്ചാണ് കൂടുതൽ നിരീക്ഷണം ശിപാർശചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.

സ്വന്തം നിലയിൽ ഒറ്റയ്ക്കും പ്രത്യേകം വീടെടുത്തും താമസിക്കുന്നവർ, കൃത്യമായി തൊഴിലിനുപോകാത്തവർ, സ്ഥിരമായി മദ്യപിക്കുന്നവർ തുടങ്ങി പ്രത്യേക തരക്കാരാണ് പല കേസുകളിലും പ്രതികളാകുന്നത്. എന്നാൽ കരാറുകാർ നൽകുന്ന വീടുകളിൽ താമസിക്കുന്നവർ, തൊഴിലാളി ക്യാമ്പുകളിൽ താമസിക്കുന്നവർ, നാട്ടുകാരുമായി സൗഹൃദമുള്ളവർ, പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നവർ തുടങ്ങിയവർ ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കില്ലെന്നും ഇന്റലിജന്റ്‌സ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളും കരാറുകാരും കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. എന്നാൽ കർശന നിബന്ധനകൾ പാലിക്കണമെന്നുള്ളതുകൊണ്ട് പിന്നീട് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ ലേബർ ഓഫീസുകളിൽ അറിയിക്കാതെയായി. അതോടെയാണ് ലേബർ ക്യാമ്പുകളിൽ നിന്നുമാറി തൊഴിലാളികൾ വീടുകൾ എടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇത് വീട് വാടകയ്ക്കു കൊടുക്കുന്നവർക്കും സഹായകമായി.

ഇത്തരത്തിൽ കേരളത്തിൽ സൗകര്യങ്ങൾ വർധിച്ചതോടെയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങിയത്. ഇത് നിയന്ത്രിക്കാൻ ലേബർ ഓഫീസർമാർക്കോ, പൊലീസിനോ കഴിഞ്ഞില്ല. മാത്രമല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാർ അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ തീരുമാനിക്കുക കൂടി ചെയ്തതോടെ ഇവർക്ക് കേരളം സ്വർഗതുല്യസ്ഥലമായി മാറി. അടുത്തിടെ കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതകത്തിൽ ഉത്തർപ്രദേശുകാരനായ തൊഴിലാളിയായിരുന്നു. ആലപ്പുഴയിലെ കള്ളുഷാപ്പ് തൊഴിലാളിയുടെ കൊലപാതകത്തിനുപിന്നിലും അന്യസംസ്ഥാന തൊഴിലാളിയാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇന്റലിജന്റ്‌സ് വിഭാഗം അടിയന്തര റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2010-11 കാലഘട്ടത്തിൽ മലപ്പുറത്തുനിന്ന് കാണാതായ ചില പെൺകുട്ടികളെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽവന്ന് പെൺകുട്ടികളെ പ്രണയിച്ച് കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയെയാണ് ഇതിലുടെ പൊലീസ് തടഞ്ഞത്. സമീപകാലത്ത് അന്യസംസ്ഥാനത്തൊഴിലാളികൾ കൊലപ്പെടുത്തിയതായി കരുതുന്നത് പതിനൊന്നുപേരെയാണ്.

അന്യസംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും കമ്പനി ഉടമകൾക്കും കേരളത്തിലും പുറത്തും മറ്റെന്തെങ്കിലും ക്രിമിനൽ ബന്ധങ്ങൾ ഉണ്ടോ യെന്ന് നിരീക്ഷിക്കണമെന്നും ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃത്യനിർവഹണത്തിനു ശേഷം തെളിവുപോലും അവശേഷിപ്പിക്കാതെ സ്ഥലം വിടുന്ന ഇവരെ പൊലീസിനു മഷിയിട്ടു നോക്കിയാൽപോലും കിട്ടാത്ത അവസ്ഥ. യാതൊരു ദയയോ മാനുഷിക മൂല്യങ്ങളോ കാട്ടാത്ത ഇക്കൂട്ടർ നാമമാത്ര പണത്തിനും മദ്യത്തിനും വേണ്ടിയാണ് പലപ്പോഴും കൊലപാതകങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിൽ ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ കേളമംഗലം ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം മീൻ സൂക്ഷിക്കുന്ന ഫ്രീസറിലാക്കിയാണ് അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്.

രണ്ടുമാസം മുമ്പ് കോട്ടയം ജില്ലയിൽ പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സെന്ററിൽ അച്ഛനെയും അമ്മയെയും മകനെയും കടമുറിയിൽ കൊന്നിട്ടത് യു പി സ്വദേശി ജയസിംഗായിരുന്നു. നേരത്തെ തൊടുപുഴയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ മലദ്വാരത്തിലൂടെ കാറ്റ് നിറച്ച് മൃഗീയകൊലപാതകം നടത്തിയ കേസിലെ ഒന്നാം പ്രതി ആസാം സ്വദേശിയായിരുന്നു. കിടങ്ങറയക്ക് സമീപമുള്ള റബർ തടുക്ക് നിർമ്മാണ ഫാക്ടറിയിൽ തൊഴിലാളിയെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ ബീഹാറിൽനിന്നുള്ളവരായിരുന്നു. ഇവർ പുതുവൽസരം ആഘോഷിക്കാൻ നാട്ടുകാരായ തൊഴിലാളികളുമായി ചേർന്നശേഷമാണ് മലയാളിയെ കൊന്നത്.ഇടുക്കിയിലെ രാജാക്കാട്ട് ഭർത്താവ് പുറത്തേക്കുപോയ അവസരം മുതലാക്കി അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്തു കൊന്നത് അന്യസംസ്ഥാന തൊഴിലാളിയായിരുന്നു.

കേരളത്തിൽ അനൗദ്യോഗിക കണക്കനുസരിച്ച് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അതിപ്രസരം മൂലം ട്രേഡ് യൂണിയനുകൾവരെ സംസ്ഥാനത്ത് രൂപീകരിച്ചു കഴിഞ്ഞു. എങ്കിലും പൊലീസിന് ഇവരുടെ പൂർണവിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഇപ്പോൾ തീരമേഖലയിൽ മയക്കുമരുന്നു വ്യാപനത്തിന്റെ മുഖ്യ കണ്ണികൾ ഇവരാണ്. വീടുകൾ വാടകയ്ക്ക് എടുത്ത് കൂട്ടത്തോടെ താമസിക്കുന്ന ഇവരെ പരസ്പരം തിരിച്ചറിയുക പ്രയാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP