Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ; ബംഗാളികൾ കൂട്ടത്തോടെ അംഗത്വമെടുക്കുന്നു; കൂലിവർധനയും അട്ടിമറിക്കൂലിയും വന്നാൽ നിർമ്മാണ മേഖലയ്ക്കും പണി കിട്ടും

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ; ബംഗാളികൾ കൂട്ടത്തോടെ അംഗത്വമെടുക്കുന്നു; കൂലിവർധനയും അട്ടിമറിക്കൂലിയും വന്നാൽ നിർമ്മാണ മേഖലയ്ക്കും പണി കിട്ടും

ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിക്കുന്നു. കാര്യം നിസാരമെന്നു തോന്നാം. പക്ഷേ ഇവരുടെ സംഘടിക്കൽ ഫലപ്രദമായാൽ മധ്യകേരളത്തിലെങ്കിലും നിർമ്മാണ, കച്ചവട, ചെറുകിട വ്യവസായ, കൃഷി മേഖലകൾ കുടുങ്ങും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ ചേക്കേറിയിട്ടുള്ള തൊഴിലാളികളെ സംഘടിപ്പിക്കാനാണ് കേരളത്തിലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മുഖ്യധാരാ തൊഴിലാളി സംഘടനകൾക്ക് ഭീഷണിയായാണ് സംഘടന രൂപപ്പെടുന്നത്. കാരണം അവർ കൃത്യമായി സംഘടിച്ചാൽ കേരളത്തിലെ മറ്റേതൊരു സംഘടനയെക്കാൾ ആളെണ്ണം അവർക്കായിരിക്കും. ഏകദേശം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ 45 ശതമാനം പേർ പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ തൃണമൂലിന്റെ നാടായ ബംഗാളിൽനിന്നുള്ള തൊഴിലാളികളുടെ പിന്തുണ പൂർണമായും ഈ യൂണിയൻ നീക്കത്തിനു കിട്ടും.

സംസ്ഥാനത്തെ ഇതര തൊഴിലാളി സംഘടനകൾ ഉപേക്ഷിച്ചുപോയ അസംഘടിത മേഖലയെയാണ് യൂണിയൻ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ മുഖ്യധാരാ യൂണിയനുകളായ സി ഐ ടി യു, ഐ എൻ ടി യു സി എന്നീ സംഘടനകളിൽ ചുമട്ടുതൊഴിലാളികളാണ് അധികവും പണിയെടുക്കുന്നത്. ഏകദേശം 7.5 ലക്ഷം തൊഴിലാളികൾ ഇരുയൂണിയനുകളിലുമായി പ്രവർത്തിക്കുന്നുണ്ട്.

കഠിനാദ്ധ്വാനവും ഉത്തരവാദിത്വവും കൂടുതലുള്ള അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണു കേരളത്തിലെ തൊഴിൽ മേഖല നടന്നുപോകുന്നത്്. കൂടുതൽ കായികാദ്ധ്വാനം വേണ്ടിവരുന്ന തൊഴിലുകളിൽനിന്നു നാട്ടിലെ തൊഴിലാളികൾ പരമാവധി മാറിനിൽക്കുമ്പോൾ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടാത്ത അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴിലുടമകൾ പ്രധാനമായും ആശ്രയിക്കുന്നത്. ഇവരിൽ കൂടുതലും കൺസ്ട്രക്ഷൻ, റബർ, കൃഷി, ഹോട്ടൽ തുടങ്ങിയ മേഖലകളിലാണ് പണിയെടുക്കുന്നത്. കേരളീയർ, പ്രത്യേകിച്ചു മധ്യകേരളത്തിലുള്ളവർ പുതിയ ബിസിനസുകൾ ആരംഭിക്കുന്നതു പോലും അന്യസംസ്ഥാന തൊഴിലാളികളെ മുന്നിൽ കണ്ടുകൊണ്ടാണ്. നാട്ടിലെ തൊഴിലാളികൾക്ക് 600-700 എന്ന നിരക്കിൽ കൂലി കൊടുക്കേണ്ടി വരുമ്പോൾ അന്യസംസ്ഥാനക്കാർക്കു 400- 500 എന്ന നിരക്കിൽ കൂലി കൊടുത്താൽ മതിയാകും.

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം അന്യസംസഥാന തൊഴിലാളികളുള്ളത്. പ്രത്യേകിച്ച് ആലുവ കേന്ദ്രികരിച്ചും പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും. പെരുമ്പാവൂരിൽ മാത്രമായി 35,000 അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നതായാണ് കണക്ക്. തൃശൂരിലെ ഗുരുവായുരിലും കോട്ടയത്തെ ചങ്ങനാശേരി വ്യവസായമേഖലയിലും പായിപ്പാടും അന്യസംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിനുണ്ട്്. യു പി , ആന്ധ്ര, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഇവരിൽ അധികവും. ഇവരിൽ 45 ശതമാനത്തോളം ബംഗാളികളാണ്. അതുകൊണ്ടുതന്നെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ട്രേഡ് യൂണിയനായ ഐ എൻ ടി ടി യു സി യുടെ പേരിലാണ് തൊഴിലാളികൾ ഇപ്പോൾ അംഗത്വം എടുക്കുന്നത്. ഇപ്പോൾത്തന്നെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, ആലുവ മേഖലകളിൽ ബംഗാളികൾക്കായി ബസുകളിലും ഹോട്ടലുകളിലും പ്രത്യേക ബോർഡുകൾതന്നെ സ്ഥാപിക്കുന്നുണ്ടെന്നതാണ് രസകരമായ വസ്തുത.

ഐ എൻ ടി ടി യു സി യൂണിയനാകട്ടെ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി തിരിച്ചറിയൽ കാർഡുകൾ നൽകി വിവരങ്ങൾ പൊലീസിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ തൊഴിലാളികൾ സംഘടിക്കുന്നതിൽ നിയമതടസങ്ങൾ നീക്കിയാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ആഭ്യന്തര തൊഴിലാളികൾക്കും അംഗത്വം നൽകാൻ പദ്ധതിയുണ്ട്. ദേശീയതലത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിച്ച് പണം കൊയ്യുന്ന ഇടനിലക്കാരുടെ റാക്കറ്റുകളെ ഒഴിവാക്കുകയെന്ന ലക്ഷ്യവും സംഘാടനത്തിനു പിന്നിലുണ്ട്. നിലവിൽ ലേബർ കോൺട്രാക്ടിന്റെ മറവിൽ ഉടമകളിൽനിന്നും അമിതകൂലി വാങ്ങി തുച്ഛമായ തുക തൊഴിലാളികൾക്ക് നൽകുന്ന പ്രവണത സംസ്ഥാനത്ത് നിലവിലുണ്ട്. അതേസമയം കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാമമാത്ര തുകമാത്രം ചെലവിട്ട് ബാക്കിതുക സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുന്നതിനാൽ കേരളത്തിനു പ്രയോജനമില്ലെന്ന വാദവുമുണ്ട്. ഇത്തരത്തിൽ പ്രതിവർഷം പതിനായിരം കോടി രൂപയെങ്കിലും കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്കു പണമയയ്ക്കുന്നതു പോലെയാണിത്.

ഏതായാലും അന്യസംസ്ഥാനതൊഴിലാളികൾ സംഘടിക്കുകയും നാട്ടിൽ നിലവിലുള്ള കൂലിക്കുവേണ്ടി ബലം പിടിക്കുകയും ചെയ്താൽ നിർമ്മാണ, കച്ചവട, ചെറുകിടവ്യവസായ മേഖലകൾക്കൊക്കെ പണികിട്ടും. ഉദാഹരണത്തിന് നിർമ്മാണമേഖലയിൽ അന്യസംസ്ഥാനതൊഴിലാളികൾ കൂലി കൂടുതൽ ചോദിച്ചാൽ കരാറുകാരൻ വീട്ടുടമയിൽനിന്ന് ഈടാക്കുന്ന നിരക്കുയർത്തും. അങ്ങനെ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണച്ചെലവു കൂടുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP