Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാറിൽ എംഎൽഎ ബോർഡ് പുനഃസ്ഥാപിച്ച് ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി; ഇടതിൽ നിന്നും അവസാന കരുണ കാത്ത് ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരെ കടുത്ത ആക്രമണം; പാലയിൽ മാണി ജയിക്കാൻ മൂന്ന് വട്ടം എണ്ണേണ്ടി വരുമെന്ന് ജോർജ്ജ്

കാറിൽ എംഎൽഎ ബോർഡ് പുനഃസ്ഥാപിച്ച് ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി; ഇടതിൽ നിന്നും അവസാന കരുണ കാത്ത് ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരെ കടുത്ത ആക്രമണം; പാലയിൽ മാണി ജയിക്കാൻ മൂന്ന് വട്ടം എണ്ണേണ്ടി വരുമെന്ന് ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇനി ഒരിക്കൽ കൂടി എംഎൽഎ ബോർഡ് വെക്കാൻ ചുറ്റിയടിക്കാൻ പി സി ജോർജ്ജിന് സാധിക്കുമോ? ഇടതുമുന്നണി കനിഞ്ഞില്ലെങ്കിൽ അതിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ ജോർജ്ജിനെ തഴഞ്ഞ് മറ്റൊരാളെയാണ് പൂഞ്ഞാർ മണ്ഡലത്തിൽ സിപിഐ(എം) പരിഗണിക്കുന്നത് എന്ന് വ്യക്തമായതോടെ ജോർജ്ജ് തന്റെ മോഹം തീർക്കാൻ വേണ്ടിയെങ്കിലും എംഎൽഎ ബോർഡ് വച്ച് മണ്ഡലത്തിൽ പര്യടനം തുടങ്ങി. അയോഗ്യനായി പ്രഖ്യാപിച്ച സ്പീക്കറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കെ തന്നെയാണ് ജോർജ് വീണ്ടും സ്വയംപ്രഖ്യാപിത എംഎൽഎയായിയി അവതരിച്ചത്.

ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ജോർജിന്റെ കാറിനു മുന്നിൽ 'എംഎൽഎ' എന്ന ബോർഡ് പ്രദർശിപ്പിച്ചിരുന്നു. കോടതി വിധിയോടെ താൻ വീണ്ടും എംഎൽഎയായി മാറിെയന്നാണ് ജോർജ്ജിന്റെ പക്ഷം. ചൊവ്വാഴ്ച തന്നെ ബോർഡ് പുനഃസ്ഥാപിച്ചെന്നു ജോർജ് പറഞ്ഞു. ജോർജ് നിലവിൽ എംഎൽഎയാണോ എന്ന കാര്യത്തിൽ സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വ്യക്തമായ നിഗമനത്തിൽ എത്തിയിട്ടില്ലെങ്കിലും, താൻ എംഎൽഎയായി കഴിഞ്ഞെന്ന കാര്യത്തിൽ ജോർജിനു തരിമ്പും സംശയമില്ല.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തനിക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജോർജിന് എംഎൽഎ സ്ഥാനം തിരിച്ചുകിട്ടാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ, അദ്ദേഹത്തിന്റെ രാജിക്കത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതു സ്പീക്കർക്കു സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. ഇതേ സമയം, വിധിക്കെതിരെ അപ്പീൽ നൽകണോ എന്നു തീരുമാനിക്കുന്നത് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കുമെന്നു നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരൻ ആവർത്തിച്ചു. ഇതിനിടെയാണ് ജോർജ്ജ് വീണ്ടും എംഎൽഎ ബോർഡു വച്ച കാറിൽ വിലസാൻ ആരംഭിച്ചിരുന്നത്.

മുൻപ് ചീഫ് വിപ്പായിരുന്ന വേളയിൽ ചുവന്ന ബീക്കൺ ലൈറ്റിട്ട കാറിൽ പൊലീസ് അകമ്പടിയോടെ നാട്ടിൽ ചുറ്റിക്കറങ്ങുന്നതായിരുന്നു ജോർജ്ജിന്റെ ഹോബി. പണിയൊന്നുമില്ലങ്കിലും ജോർജ്ജിന്റെ ചുറ്റിക്കറങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവച്ചു. കോടിക്കണക്കിന് രൂപ ഒരു പണിയുമില്ലാത്ത ജോർജ്ജിനും സ്റ്റാഫുകൾക്കും വേണ്ടി ചിലവഴിക്കേണ്ടിയും വന്നു. എന്തായാലും ഇടതുമുന്നണി സ്ഥാനാർത്ഥിയാല്ലെന്ന് ഉറപ്പായാൽ അധികം താമസിയാതെ ജോർജ്ജിന് ഇപ്പോൾ വച്ച എംഎൽഎ ബോർഡും അഴിച്ചുമാറ്റേണ്ടി വരും.

എന്തായാലും ഇടതിൽ പ്രതീക്ഷ വിടാതെ ജോർജ്ജ് ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരെ ശക്തമായ വാക്കുകളുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എന്നു പറയുന്നതുപോലും തനിക്ക് നാണക്കേടാണെന്ന് പി.സി. ജോർജ്. മാന്യന്മാർക്ക് ചുമക്കാൻ കഴിയാത്തതാണ് കേരള കോൺഗ്രസെന്ന് കർഷകർക്ക് മനസിലായി. പാലായിൽ കെ.എം മാണി ജയിക്കണമെങ്കിൽ മൂന്നു തവണയെങ്കിലും വോട്ടെണ്ണേണ്ടിവരും. തെരഞ്ഞെടുപ്പിൽ അഭിപ്രായം പറയുന്നതിൽനിന്ന് മതമേലധ്യക്ഷന്മാർ മാറിനിൽക്കണമെന്നും പി.സി ജോർജ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് 300 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ തുക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴുക്കും. ഒരു മണ്ഡലത്തിന് രണ്ടുകോടി എന്ന കണക്കിൽ 80 മണ്ഡലത്തിലേക്കായി 160 കോടി ഒഴുക്കും. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും പണക്കൊഴുപ്പുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണത്തേതെന്നും ജോർജ് പറഞ്ഞു.

യുഡിഎഫിൽ നിന്നും വഴക്കിട്ട് പുറത്തിറങ്ങിയ പി സി ജോർജ്ജിനെ എൽഡിഎഫിൽ എടുക്കുനോ സഹകരിപ്പിക്കാനോ എൽഡിഎഫ് തയ്യാറായിരുന്നില്ല. എങ്കിലും പൂഞ്ഞാർ സീറ്റ് തനിക്ക് മത്സരിക്കാൻ ലഭിക്കുമെന്നായിരുന്നു ജോർജ്ജിന്റെ പ്രതീക്ഷ. ഇതിനിടെ ഇടതു നേതാക്കളെ കണ്ട് നാല് സീറ്റ് ആവശ്യപ്പെട്ടെന്നും ജോർജ്ജ് പറയുകയുണ്ടായി. തനിക്കും മകൻ ഷോൺ ജോർജ്ജിനും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോർജ്ജ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണെന്നാണ് ഒടുവിൽ ജോർജ്ജ് തിരിച്ചറിഞ്ഞു.

പൂഞ്ഞാറിൽ ഇടതു സ്ഥാനാർത്ഥി താനല്ലെന്നും കെ ജെ തോമസോ ജോർജ്ജ് ജെ മാത്യുവോ ആയിരിക്കുമെന്ന് വ്യക്തമായതോടെ പി സി ജോർജ്ജ് ഇടതു നേതാക്കളെ വിളിച്ച് പരാതിയും പരിഭവവും പറഞ്ഞിരിക്കയാണ്. സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പായതോടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ത്ന്ത്രങ്ങൾ മെനഞ്ഞാണ് ജോർജ്ജ് നെട്ടോട്ടം തുടങ്ങിയത്. മുമ്പ് എ കെ ജി സെന്ററിലും സിപിഐ ഓഫീസിലും എത്തി ജോർജ്ജ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അതെല്ലാം വെറുതേ ആകുകയായിരുന്നു. സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയ ജോർജ്ജിനെ നിരാശപ്പെടുത്തേണ്ടല്ലോ എന്നു കരുതി നേതാക്കൾ സമാധാന വാക്കുകൾ പറഞ്ഞിരുന്നു. ഇതൊക്കെ ജോർജ്ജിനെ പ്രതീക്ഷ നൽകിയരുന്നു. എന്നാൽ പിണറായി വിജയൻ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞതുമില്ല.

എന്നാൽ, വിജയസാധ്യതയും മറ്റ് മാനദണ്ഡങ്ങളും കൂടിപരിഗണിച്ചതോടെ നിയമസഭാ സീറ്റ് തനിക്ക് ലഭിക്കില്ലെന്ന് ജോർജ്ജിന് ബോധ്യമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചില ജോർജ്ജിന്റെ അനുഭാവികൾക്ക് ഇടതു മുന്നണി സീറ്റു നൽകിയിരുന്നു. അന്ന് മുന്നണിയിൽ എടുക്കാൻ തയ്യാറായതുമില്ല. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാം എന്നായിരുന്നു ജോർജ്ജ് കരുതിയത്. എന്നാൽ, സീറ്റില്ലെന്ന് ബോധ്യമായതോടെ ജോർജ്ജ് സിപിഐ(എം) നേതാക്കളെ വിളിച്ച് പരിഭവം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പതിവുപോലെ ചീത്തിവിളിക്കാനൊന്നും ജോർജ്ജ് തയ്യാറായില്ല. ഭാവി പരിപാടി ആലോചിക്കാൻ വേണ്ടി അണികളുമായും അദ്ദേഹം ചർച്ച നടത്തിയിട്ടുണ്ട്. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന കാര്യവും ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ജോർജ്ജിന് ശക്തമായി എതിർക്കുന്ന ഫ്രാൻസിസ് ജോർജ്ജും കൂട്ടരും മറുകണ്ടം ചാടിയതാണ് ജോർജ്ജിന് വിനയായ മറ്റൊരു ഘടകം. ഇടതുമുന്നണിയിലായിരുന്ന വേളയിൽ ജോസഫ് വിഭാഗത്തിനെതിരെ ജോർജ്ജ് ശക്തമായ നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജോർജ്ജിനോട് അകലം പാലിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്. കാഞ്ഞിരപ്പള്ളി മെത്രാന്റെ അനുഗ്രഹാശിസുകളോടെ ജോർജ് ജെ മാത്യുവിനെ തന്നെ രംഗത്തിറക്കാനാണ് സിപിഐ(എം) നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP