Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിനും ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നത് വെറുമൊരു പ്രസ് സെക്രട്ടറി; പിണറായിക്കൊപ്പമുള്ളത് അഞ്ച് മാധ്യമ സിങ്കങ്ങൾ! മീഡിയാ ഉപദേഷ്ടാവായി ബ്രിട്ടാസും പ്രസ് അഡൈ്വസറായി പ്രഭാവർമ്മയും; അഡീ. പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി പത്രത്തിൽ നിന്ന് വിരമിച്ച അബൂബേക്കർ; സൈബർ ഇടപെടലിന് റിപ്പോർട്ടറുകാരൻ; രാഹുലിനെ 'പപ്പു മോനാക്കി' കോൺഗ്രസിന് 20ൽ 19 നൽകിയ പിഎം മനോജ് എത്തുന്നത് പ്രസ് സെക്രട്ടറിയായും; മാധ്യമ പട മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുക്കുമ്പോൾ നഷ്ടം ഖജനാവിനും

വിഎസിനും ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നത് വെറുമൊരു പ്രസ് സെക്രട്ടറി; പിണറായിക്കൊപ്പമുള്ളത് അഞ്ച് മാധ്യമ സിങ്കങ്ങൾ! മീഡിയാ ഉപദേഷ്ടാവായി ബ്രിട്ടാസും പ്രസ് അഡൈ്വസറായി പ്രഭാവർമ്മയും; അഡീ. പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി പത്രത്തിൽ നിന്ന് വിരമിച്ച അബൂബേക്കർ; സൈബർ ഇടപെടലിന് റിപ്പോർട്ടറുകാരൻ; രാഹുലിനെ 'പപ്പു മോനാക്കി' കോൺഗ്രസിന് 20ൽ 19 നൽകിയ പിഎം മനോജ് എത്തുന്നത് പ്രസ് സെക്രട്ടറിയായും; മാധ്യമ പട മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുക്കുമ്പോൾ നഷ്ടം ഖജനാവിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ സ്ഥാനത്ത് നിന്ന് പിഎം മനോജ് മാറുന്നതിന് പിന്നിൽ പാർട്ടി പത്രത്തിന്റെ ചീഫ് എഡിറ്ററായ പി രാജീവിന്റെ അതിശക്തമായ ഇടപെടലാണ്. ലോക്‌സഭാ തോൽവിക്ക് കാരണമായി രാജീവ് ഉയർത്തിക്കാട്ടുന്നത് രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച സിപിഎം മുഖപത്രത്തിന്റെ പരിഹാസമാണ്. ഇതാണ് മനോജിന് വിനയായത്. എന്നാൽ ദേശാഭിമാനിയിൽ നിന്ന് പടിയിറങ്ങുന്ന മനോജ് എത്തുന്നത് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലേക്കാണ്. പ്രസ് സെക്രട്ടറിയായാണ് നിയമനം. ഇതോടെ മുഖ്യമന്ത്രിയുടെ സംഘത്തിലേക്ക് എത്തുന്ന നാലാമത്തെ പഴയ ദേശാഭിമാനിക്കാരനാവുകയാണ് മനോജ്. മുഖ്യമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ഒരു മാധ്യമ പ്രവർത്തകനെ നിയമിക്കുന്നതാണ് സാധാരണ പിന്തുടർന്ന് പോന്ന ശൈലി. അതിന്റെ ആവശ്യമേ അവിടെയുള്ളൂ. എന്നാൽ ഇപ്പോൾ ശമ്പളം വാങ്ങുന്ന നിരവധി മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സിഡിറ്റിലും മറ്റും ജോലി ചെയ്യുന്നവരടക്കമാണ് ഇത്. ഇത് പോരാഞ്ഞിട്ടാണ് വീണ്ടുമൊരു മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ശമ്പളക്കാരനാകുന്നത്.

മാധ്യമ രംഗത്ത് നിന്ന് രണ്ട് ഉപദേഷ്ടാക്കൾ പിണറായിക്കുണ്ട്. മുഖ്യമന്ത്രിയുടെ വൈബ് സൈറ്റിലെ ആദ്യ ഉപദേശകൻ പ്രഭാവർമ്മയാണ്. അഡൈസർ(പ്രസ്) എന്നാണ് പദവിയുടെ പേര്. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഭാ വർമ്മ പ്രസ് സെക്രട്ടറിയായിരുന്നു. ഈ പരിചയ ബലത്തിലാണ് പ്രഭാ വർമ്മ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. മാധ്യമ ലോകത്ത് നിന്ന് പ്രഭാ വർമ്മ മാത്രമേ ഉണ്ടാകൂവെന്നായിരുന്നു പിണറായി അധികാരത്തിൽ എത്തിയപ്പോൾ പുറത്തു വന്ന സൂചന. എന്നാൽ കൈരളി ടിവിയുടെ എംഡി ജോൺ ബ്രിട്ടാസിനേയും ഉപദേഷ്ടാവാക്കി. ഇതോടെ മുപ്പിളമ പ്രശ്‌നവുമായി പ്രഭാ വർമ്മ ഇതോടെ പ്രസ് സെക്രട്ടറി പദവി മാറ്റി പ്രഭാ വർമ്മയേയും ഉപദേഷ്ടാവാക്കി. ശമ്പളവും ആനുകൂല്യവുമെല്ലാം കൂട്ടി. ഇതോടെ രണ്ട് ഉപേഷ്ടാക്കളായി. മുഖ്യമന്ത്രിയുടെ വെബ് സൈറ്റിൽ പ്രഭാ വർമ്മയെ അഡൈസർ(പ്രസ്) എന്നും ബ്രിട്ടാസിനെ അഡൈസർ(മീഡിയ) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാധ്യമ ലോകത്ത് നിന്ന് ആദ്യമായാണ് കേരള മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവ് എത്തുന്നത്. ഇതിൽ ജോൺ ബ്രിട്ടാസ് ശമ്പളം വാങ്ങുന്നില്ല. യാത്ര ചെലവും ചോദിക്കുന്നില്ല. കൈരളി ടിവിയുടെ എംഡിയായി തുടരുന്നതു കൊണ്ടാണ് ഇത്. അതുകൊണ്ട് ജോൺ ബ്രിട്ടാസിന്റെ ഉപദേശം സർക്കാരിന് ബാധ്യതയാകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം. ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിന് പ്രാപ്തി പോരെന്ന ചർച്ചയെത്തി. ഇതോടെയാണ് പിപി അബൂബേക്കറിനെ സ്റ്റാഫിലേക്ക് കൊണ്ടു വരുന്നത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. പത്രക്കുറിപ്പുകളും മറ്റും ഇറക്കുന്നതിലെ മേൽനോട്ടം അബൂബേക്കറിനായി. ഇതിനൊപ്പം സിഡിറ്റിൽ ജോലി നേടിയ റിപ്പോർട്ടർ ടിവിയിലെ രതീഷും സജീവമായി തന്നെ മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നതും മറ്റും രതീഷാണ്. ഇതിനൊപ്പം സിഡിറ്റിലേയും മറ്റും വലിയൊരു മാധ്യമ സംഘവുമുണ്ട്. ഒരു സോഷ്യൽ മീഡിയാ ഗ്രൂപ്പുണ്ടാക്കി കൂടുതൽ ജീവനക്കാരെ നിയമിക്കാനും ശ്രമിച്ചു. എന്നാൽ മറുനാടൻ മലയാളി ഉൾപ്പെടെ നൽകിയ വാർത്തകൾ ചർച്ചയാക്കിയതോടെ ഇത് വേണ്ടെന്ന് വച്ചു.

ഇതിനിടെയാണ് ദേശാഭിമാനിയിലെ വിവാദം ആളിക്കത്തുന്നത്. പപ്പുമോൻ പ്രയോഗം സിപിഎമ്മിനെ തോൽപ്പിച്ചതോടെ പി എം മനോജിനെതിരെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായ പി രാജീവ് നിലപാട് കടുപ്പിച്ചു. പിഎം മനോജുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും താൻ സ്ഥാനമൊഴിയാമെന്നും സിപിഎം നേതൃത്വത്തെ രാജീവ് അറിയിക്കുകയായിരുന്നു. ലോക്‌സഭാ തോൽവിക്ക് കാരണമായി രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച സിപിഎം മുഖപത്രത്തിന്റെ പരിഹാസം പാർട്ടിക്കുള്ളിൽ ചർച്ചയായി. സംഭവം വിവാദമായപ്പോൾ ദേശാഭിമാനി മുഖപ്രസംഗത്തിലെ പപ്പു പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും പിഎം മനോജിന്റെ വിശദീകരണം നടത്തി. പക്ഷേ ഇതുകൊണ്ട് രാജീവ് തൃപ്തനായില്ല. ഇതോടെയാണ് ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചത്. ഇതിനുള്ള വിലയും പൊതു ജനങ്ങൾ നൽകേണ്ട അവസ്ഥ. ഒരു ലക്ഷത്തിൽ അധികം രൂപ ശമ്പളമായി തന്നെ മനോജിനും നൽകണം. പ്രഭാ വർമ്മയും അബൂബേക്കറും കൂടി നിലവിൽ രണ്ട് ലക്ഷത്തിന് അടുത്ത് തുക ശമ്പളവും അലവൻസും എല്ലാമായി പ്രതിമാസം വാങ്ങുന്നുണ്ട്. സിഡിറ്റിലെ ജീവനക്കാരുടെ സമയവും ഇതിനൊപ്പം മുഖ്യമന്ത്രിക്ക് കിട്ടുന്നുണ്ട്.

മനോജിനെതിരെ രാജീവ് മുഖ്യമന്ത്രിയോടും പരാതിപ്പെട്ടിരുന്നു. അതിനിടെയാണ് തന്റെ ഓഫീസിൽ ഒഴിവുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മനോജിനെ നിയമിക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി. വേലായുധൻ വ്യക്തിപരമായ കാരണങ്ങളാൽ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെ പി.ആർഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി മനോജിനെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോഴും മനോജിനെ പേഴ്‌സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചിരുന്നു. അന്ന് പ്രസ് സെക്രട്ടറി, പൊളിട്ടക്കൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി പദവിയിലാണ് മനോജിനെ പരിഗണിച്ചത്. എന്നാൽ ചില ഇടപെടൽ മൂലം അത് നടന്നില്ല. പ്രഭാവർമ്മ പ്രസ് സെക്രട്ടറിയായി. പിന്നീട് ഉപദേശഷ്ടാവും. ദേശാഭിമാനിയിൽ നിന്ന് പ്രഭാവർമ്മ മാറിയതോടെ പത്രത്തിന്റെ നിയന്ത്രണം മനോജിനായി. സിപിഎം സെക്രട്ടറിയേറ്റിൽ എത്തിയ രാജീവ് ചീഫ് എഡിറ്ററുമായി. ഇതോടെ പത്രത്തിന്റെ കാര്യങ്ങളിൽ രാജീവ് ശ്രദ്ധ തുടങ്ങി. ഇതിനിടെയാണ് റസിഡന്റ് എഡിറ്റർക്കെതിരെ പരാതികൾ ഉയർന്നത്. പാർട്ടിയിലെ സൈബർ സംഘത്തെ നിയന്ത്രിക്കുന്നത് മനോജാണെന്ന ആരോപണവും ഉയർന്നു.

സൈബർ സഖാക്കളുടെ ഇടപെടലുകളും സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. ഇതെല്ലാം മനോജിനെതിരായ ആരോപണങ്ങളായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാമൻ പദവി മനോജിന് ലഭിക്കില്ലെന്ന് ഉറപ്പാക്കിയാണ് പുതിയ പദവിയിലേക്ക് ദേശാഭിമാനിയുടെ മുൻ റസിഡന്റ് എഡിറ്ററെ മാറ്റിയത്. എന്നാൽ പ്രസ് സെക്രട്ടറിയിൽ കുറഞ്ഞൊരു പദവിയിലേക്കില്ലെന്ന സൂചന മനോജും നൽകി. ഇതോടെയാണ് ഉപദേഷ്ടാവിന് തൊട്ടുതാഴെയുള്ള പ്രസ് സെക്രട്ടറിയായി മനോജ് മാറുന്നത്. ഉമ്മൻ ചാണ്ടിക്കും നയാനാർക്കും വിഎസും മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്നത് മാധ്യമ ലോകത്ത് നിന്നുള്ള ഒരാൾ മാത്രമായിരുന്നു. നയാനാരുടെ അവസാന ടേമിൽ പ്രഭാവർമ്മയും വിഎസിന്റെ കാലത്ത് ദേശാഭിമാനിക്കാരനായിരുന്ന ബാലകൃഷ്ണനും പ്രസ് സെക്രട്ടറിയായി. വാർത്താ ചോർത്തൽ വിവാദത്തെ തുടർന്ന് ബാലകൃഷ്ണന് മാറിയപ്പോഴും ദേശാഭിമാനിക്കാരൻ പകരമായെത്തി.

ഉമ്മൻ ചാണ്ടിയും ഒരാളെ മാത്രമേ നിയമിച്ചുള്ളൂ. പിആർഡി ഉദ്യോഗസ്ഥനായ പിടി ചാക്കോയായിരുന്നു പ്രസ് സെക്രട്ടറി. എല്ലാ കാര്യങ്ങളും പിടി ചാക്കോയായിരുന്നു നോക്കിയത്. ഈ സ്ഥാനത്താണ് ഇപ്പോൾ അഞ്ചോളം പേർ മുഖ്യമന്ത്രിയുടെ ഓഫീസിൽ സദാ സമയവും എത്തുന്നത്. പിണറായി സർക്കാന് വേണ്ടി ചാനലുകളിലും സോഷ്യൽ മീഡിയയിലും വാദമുയർത്തുന്നവരിൽ പ്രധാനിയാണ് പിഎം മനോജ്. പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുകളിൽ നിയമനം ലഭിക്കുമെന്ന് കരുതിയാതാണ് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ. എന്നാൽ പി.എം. മനോജിനെ അന്ന് തഴഞ്ഞു. അതിന് പരിഹാരമുണ്ടാക്കുകയാണ് ഇപ്പോൾ. ആദ്യ ഘട്ടത്തിൽ തഴഞ്ഞിട്ടും കൂടെ നിന്ന മനോജിനെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുകയായിരുന്നു.

ഇതോടെ മാധ്യമ പ്രവർത്തകരെ മുഴുവൻ പേഴ്സണൽ സ്റ്റാഫിൽ തള്ളിക്കയറ്റി ഖജനാവ് മുടിക്കുകയാണ് എന്ന ആരോപണം ശ്തമാവുകയാണ്. ബ്രിട്ടാസിന്റേത് ഒഴികെ ബാക്കിയെല്ലാം നിയമനവും ഖജനാവിന് വലിയ ബാധ്യതയാണ്. നേരത്തെ പ്രഭാവർമ്മയ്ക്ക് ജോൺ ബ്രിട്ടാസിനേക്കാൾ കുറഞ്ഞ പദവിയാണ് നൽകിയത്. ഇതോടെ പ്രഭാവർമ്മ പ്രതിഷേധവുമായി എത്തി. തുടർന്ന് പോസ്റ്റിൽ ഉയർച്ചയും ശമ്പളവർദ്ധനവും നൽകി. എന്നിട്ടും വലിയ ഗുണമുണ്ടായില്ലെന്ന് കണ്ടതോടെയാണ് അബൂബേക്കറിനെ നിയമിച്ചത്. കരുതലോടെ ഇടപെടലാണ് അബൂബേക്കർ നടത്തിയത്. അപ്പോഴും മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിന് പൊതു ചർച്ചകളിൽ ഭരണത്തെ ഉയർത്തിക്കാട്ടാനാകില്ലെന്ന വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് മനോജിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുന്നത്.

മുൻ ഇൻകം ടാക്‌സ് കമ്മിഷണർ ആർ. മോഹനൻ പ്രൈവറ്റ് സെക്രട്ടറിയാണ്. എന്നാൽ രാഷ്ട്രീയ പരമായ ബന്ധങ്ങളില്ല. നളിനി നെറ്റോയുടെ സഹോദരനാണ് മോഹനൻ. മോഹനൻ എത്തിയതോടെ നളിനി നെറ്റോയും രാജിവച്ചു. ഇതിന് പിന്നാലെയാണ് ടി. വേലായുധൻ സ്ഥാനമൊഴിഞ്ഞത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കാലത്തെ ഈ മാറ്റം എന്തിനാണെന്ന് ആർക്കും ഇനിയും മനസ്സിലായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP