Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായി, ഇക്കാര്യം നിഷേധിക്കാൻ ആവില്ല; എന്നുവെച്ച് ഇടതിന് ചിതയൊരുക്കാം എന്നത് ചില മാധ്യമപ്രവർത്തകരുടെ വ്യാമോഹം മാത്രം; പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണത്തെ വിമർശിച്ച ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്റെ മറുപടി

ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായി, ഇക്കാര്യം നിഷേധിക്കാൻ ആവില്ല; എന്നുവെച്ച് ഇടതിന് ചിതയൊരുക്കാം എന്നത് ചില മാധ്യമപ്രവർത്തകരുടെ വ്യാമോഹം മാത്രം; പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണത്തെ വിമർശിച്ച ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്റെ മറുപടി

കെ സി റിയാസ്

 കോഴിക്കോട്: കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായി എന്നത് നിഷേധിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ്. എന്നാൽ ഇടതുപക്ഷത്തിനും കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനും ബദലായി ബിജെപി വളരുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുകയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ദേശാഭിമാനിയുടെ മുൻ ചീഫ് ന്യൂസ് എഡിറ്ററുമായ പി പി അബൂബക്കർ ചോദിക്കുന്നു.

പിണറായി സർക്കാറിന്റെ ഒരുവർഷത്തെ വിശകലനം ചെയ്ത് പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം ജി രാധാകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയ 'പിണറായിയുടേതും ബുദ്ധദേവ മാർഗം; നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം' എന്ന ലേഖനത്തിന് മറുപടിയായി ഇന്നലെ പുറത്തിറങ്ങിയ ദേശാഭിമാനി വാരികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. രാഷ്ട്രീയ വിശകലനമോ വിദ്വേഷാധിഷ്ഠിത അപവാദ പ്രചാരണമോ? എന്ന തലക്കെട്ടിലിലുള്ള കവർ സ്റ്റോറിയിലാണ് വിമർശങ്ങൾക്ക് എണ്ണിയെണ്ണി മറുപടിയുള്ളത്.

'അഴിമതിയും അധോലോകവും സ്വജനപ്രീണനവും കൊടികുത്തിവാണ യു ഡി എഫ് സർക്കാറിനെ തൂത്തെറിഞ്ഞ് വമ്പൻ പ്രതീക്ഷകളർപ്പിച്ചാണ് കേരളം ഇടത്തേക്കു ചാഞ്ഞത്. ആ പ്രതീക്ഷകൾ ഫലം കണ്ടുവോ എന്ന അന്വേഷണം ഇടതു സർക്കാറിന്റെ പതനങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്. ഒന്നും മാറിയിട്ടില്ല, എന്നതിനു പുറമെ എല്ലാം വഷളാവുകയാണ് എന്ത ചിന്ത സജീവമാണ്. ബംഗാളിൽ സംഭവിച്ച സമ്പൂർണ തകർച്ചയുടെ കാരണങ്ങൾ മറ്റൊരു രൂപത്തിൽ കേരളത്തിലുമുണ്ട്. ബംഗാളിലെ സി പി എമ്മിന് അന്ത്യംകുറിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണ് പിണറായി വിജയന്റെയും സഞ്ചാരമെന്നായിരുന്നു' ഏഷ്യാനെറ്റ് ന്യൂസ് ചീഫിന്റെ വിമർശത്തിന്റെ കാതൽ.

'പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കേരളവും ബംഗാളിന്റെ വഴിക്കാണെന്നാണ് തോന്നുന്നത്. സർക്കാരിന്റെ ദയനീയ പ്രകടനവും ബിജെപിയുടെ വളർച്ചയും സൂചിപ്പിക്കുന്നത് കേരളത്തിൽ ഇടതുപക്ഷത്തിന് ചിത ഒരുങ്ങുന്നു എന്നതാണ്. മുമ്പൊക്കെ സർക്കാരിന് അഞ്ചുവർഷം കൂടുമ്പോഴാണ് ഭരണവിരുദ്ധ വികാരം രൂക്ഷമാകുന്നതെങ്കിൽ, ഇക്കുറി ആദ്യമേ അങ്ങനെയാണ്. ഭരണരംഗത്ത് ഇത്ര വേഗം, ഇത്ര പരാജയമായ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. ...ഏതെങ്കിലും ഒരു മുന്നണിയെ മാറിമാറി വരിക്കാൻ വിധിക്കപ്പെട്ട കേരള ജനതക്ക് മുമ്പിൽ മൂന്നാമതൊരു സാധ്യതയുണ്ട്. രാജ്യമാകെ വ്യാപിക്കുന്ന ബിജെപി, കേരളത്തെ പ്രത്യേകം ലാക്കാക്കി തന്ത്രങ്ങൾ മെനയുകയാണ്. നേമം എന്ന ആദ്യപടിയിൽ നിന്ന് ഇനി ഏതൊക്കെ എന്ന കണക്കുകൂട്ടലിലാണവർ. ....കടുത്ത അഗ്നിശമന പ്രവർത്തനം നടത്തിയില്ലെങ്കിൽ അഞ്ചുവർഷം ഈ സർക്കാരിനെ ജനം സഹിക്കുമോ എന്ന് സംശയമാണ്. കോൺഗ്രസിനും ബിജെപിക്കും ബദൽ എന്ന് പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്ന ഇടതുപക്ഷം, തങ്ങൾക്ക് അധികാരം കിട്ടിയ ഇടങ്ങളിൽ എന്ത് കുന്തമാണ് ചെയ്തതെന്ന ചോദ്യത്തിന് ഇളിഭ്യരായി നിൽക്കാനേ അവർക്ക് കഴിയുന്നുള്ളു'വെന്നും എം ജി രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.

കടുത്ത സിപിഐ എം വിരുദ്ധരായ കോൺഗ്രസ്സുകാരുടെയോ ബിജെപിക്കാരുടെയോ നിലവാരമില്ലാത്ത ഏതോ പ്രസംഗത്തിൽ നിന്ന് എടുത്തതാണ് മുകളിലെ വാചകങ്ങൾ എന്നു തോന്നാം. കാരണം, ഇത്രയും അടിസ്ഥാനരഹിതവും യുക്തിരഹിതവും വെറുപ്പിൽ അധിഷ്ഠിതവുമായ വിലയിരുത്തൽ നടത്താൻ അങ്ങനെയുള്ളവർക്കേ ധൈര്യം വരൂ എന്ന മുഖവുരയോടെയാണ് വിമർശങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മറുപടി കുറിച്ചത്. എം ജി രാധാകൃഷ്ണന്റെ പക്ഷപാതിത്വവും മുൻവിധികളും പരസ്പര വൈരുധ്യങ്ങളും നിറഞ്ഞ പ്രസ്താവനകളും അദ്ദേഹം ലേഖനത്തിൽ എടുത്തു ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും എൽ ഡി എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ സർക്കാരിനെ വിലയിരുത്താൻ തുനിഞ്ഞപ്പോൾ സത്യസന്ധതയും യുക്തിയും ലേഖന കർത്താവിന് നഷ്ടമായി, വസ്തുതകളെ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. ബിജെപിയുടെ വർഗീയ ഫാസിസം പത്തിവിടർത്തി ആടുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അതിനെതിരെ ഏറ്റവും ധീരമായ നിലപാട് എടുക്കുന്ന മുഖ്യമന്ത്രിയെ അപഹസിക്കാനുള്ള ശ്രമം ബിജെപിയോടുള്ള മൃദുസമീപനമായി കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും പി പി അബൂബക്കർ നരീക്ഷിക്കുന്നു.

ബംഗാളിൽ സിപിഐ എമ്മിന് നേരിട്ട തിരിച്ചടിയെക്കുറിച്ച് പാർട്ടി സത്യസന്ധവും വസ്തുനിഷ്ഠവുമായി വിലയിരുത്തുകയും അത് പൊതുജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ എമ്മിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി അത് ആർക്കും ലഭ്യമാണ്. കേരളം ബംഗാളിന്റെ വഴിക്കാണെന്ന തന്റെ നിഗമനം സാധൂകരിക്കാവുന്ന ഒരു വസ്തുതയും രാധാകൃഷ്ണന് ചൂണ്ടിക്കാണിക്കാൻ കഴിയുന്നില്ല. ബിജെപിയുടെ വളർച്ചയെക്കുറിച്ചുള്ള പരാമർശങ്ങൾ ബിജെപിക്കാർ പോലും വെച്ചുപുലർത്താത്ത അതിരു കവിഞ്ഞ ആഗ്രഹപ്രകടനമായിപ്പോയി.

കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനും അതുവഴി ബിജെപിക്കും വളർച്ചയുണ്ടായിട്ടുണ്ട് എന്നത് ആരും നിഷേധിക്കുന്നില്ല. എന്നാൽ ഇടതുപക്ഷത്തിനും കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനും ബദലായി ബിജെപി വളരുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് കൂടുതൽ വോട്ട് ലഭിച്ചത്. 14.21 ശതമാനം. കേന്ദ്രത്തിലെ ബിജെപി ഭരണം, അതിന്റെ തണലിൽ സംഘപരിവാർ അഴിച്ചുവിടുന്ന തീവ്ര ഹിന്ദുത്വ പ്രവർത്തനവും അക്രമവും, എസ് എൻ ഡി പി നേതാവായ വെള്ളാപ്പള്ളി നടേശൻ രൂപീകരിച്ച ബി ഡി ജെ എസുമായുള്ള കൂട്ടുകെട്ട് ഇതെല്ലാം കാരണമാണ് ബിജെപിക്ക് 14.2 ശതമാനം വോട്ട് ലഭിച്ചതെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് അറിയാം. അതിന് ശേഷം പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും ഫലം പരിശോധിച്ചാൽ ബിജെപിയുടെ വളർച്ച താഴേക്കാണെന്ന് കാണാൻ കഴിയും. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ രഹസ്യ സഹായം കൊണ്ടാണെന്ന് എല്ലാവർക്കുമറിയാം. കേരളത്തിൽ 140 സീറ്റുകളിലും മത്സരിച്ച യു ഡി എഫിന് ഒരിടത്ത് മാത്രമാണ് കെട്ടിവെച്ച പണം നഷ്ടപ്പെട്ടത്. അത് നേമത്തായിരുന്നു. അത്തരത്തിലുള്ള രഹസ്യബാന്ധവം വ്യാപകമായി മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിന് കഴിയില്ല. പരസ്യമായ ബന്ധം കേരളം അംഗീകരിക്കാനും പോകുന്നില്ല. ഏറെ ചർച്ച ചെയ്യപ്പെട്ട വടകര ലോക്സഭയും ബേപ്പൂർ നിയമസഭാ മണ്ഡലവും ഉദാഹരണം.


ബിജെപിക്ക് കേരളം പിടിക്കുന്നതിന് ഏക തടസ്സം മതപരമായ സവിശേഷതകളാണെന്ന് ലേഖനത്തിന്റെ അവസാന ഭാഗത്ത് രാധാകൃഷ്ണൻ വാദിക്കുന്നുണ്ട്. അത് കടന്ന കയ്യായിപ്പോയി. മതപരമായ സവിശേഷതകൾ എന്നതിനർഥം, ഇവിടെ മുസ്ലിംകളും ക്രിസ്ത്യാനികളും ചേർന്നാൽ 45 ശതമാനത്തോളം ഉണ്ടെന്നും അവർ ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമാണ്. ഈ വാദത്തിന് മറ്റൊരു ആപത്കരമായ മറുവശമുണ്ട്. ഹിന്ദുമത വിശ്വാസികൾ ബിജെപിയെയാണ് പിന്തുണയ്ക്കുക എന്ന നിഗമനം. കേരളത്തെ സംബന്ധിച്ചെങ്കിലും ഇത് തീർത്തും അസംബന്ധമായ വിലയിരുത്തലല്ലേ. ഇവിടെ ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷം മറ്റു പാർട്ടികളിലല്ലേ അണിനിരന്നിട്ടുള്ളത്. അതിന് ഒരു മാറ്റവും വരുത്താൻ ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതിന് ഏറ്റവും അടുത്ത നാളിൽ കിട്ടിയ തെളിവല്ലേ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പു ഫലമെന്നും പി പി അബൂബക്കർ ചൂണ്ടിക്കാട്ടുന്നു. രാധാകൃഷ്ണന്റെ ഭാഷയിൽ മലപ്പുറത്തിന് 'മതപരമായ സവിശേഷത'കളുള്ളതിനാൽ ബിജെപിക്ക് അവിടെ 7 ശതാനം വോട്ടേ ലഭിച്ചിട്ടുള്ളു എന്നത് പ്രസക്തമായി കാണേണ്ടതില്ല. എന്നാൽ, 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് പോലും അവിടെ ബിജെപിക്ക് നിലനിർത്താനായില്ല. 82,000 വോട്ട് ഇത്തവണ മലപ്പുറത്ത് വർധിച്ചിരുന്നു. എന്നിട്ടും ബിജെപി വോട്ട് കൂടിയില്ല. 2016-ൽ ലോക്സഭയുടെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ബിജെപിക്ക് 73,000 വോട്ട് ലഭിച്ചിരുന്നു. 2017 ആയപ്പോൾ അത് 65,600 ആയി കുറഞ്ഞു. വസ്തുതകൾ തെളിയിക്കുന്നത്, കേരളത്തിൽ മൂന്നാം ശക്തിയായി ബിജെപിക്ക് വളരാമെന്നത് ചില മാധ്യമ പ്രവർത്തകരുടെ സിപിഐ എം വിരോധത്തിൽ അധിഷ്ഠിതമായ വ്യാമോഹം മാത്രമാണെന്നാണ്.

ടിവി ചാനലുകളുടെയും സിപിഐ എം വിരുദ്ധ പത്രങ്ങളുടെയും വാർത്തകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കാവുന്നതാണോ ഭരണവിരുദ്ധ വികാരത്തിന്റെ തോത്? കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടന്ന പ്രാദേശിക സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫാണ് നേട്ടമുണ്ടാക്കിയത്. ജനാധിപത്യത്തിൽ ജനങ്ങളുടെ വികാരം അളക്കുന്നത് തെരഞ്ഞെടുപ്പുകളിലൂടെയല്ലെന്ന് പറയാൻ കഴിയുമോ? മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ സ്റ്റാർ സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചിട്ടും എൽഡിഎഫ് 2014-നെ അപേക്ഷിച്ച് ഒരു ലക്ഷം വോട്ടുകൾ അധികം നേടി. യുഡിഎഫിന് കൂടിയത് 77,600 വോട്ട് മാത്രമാണ്. ഒരു വർഷം കൊണ്ട് ഇവിടെ ഭരണവിരുദ്ധ വികാരമുണ്ടാവുകയല്ല, ഭരണത്തിനുള്ള ജനപിന്തുണ കൂടുകയാണ് ചെയ്തത്. കടുത്ത മുൻവിധി കാരണം ഈ വസ്തുതകളിലേക്ക് പോകാൻ രാധാകൃഷ്ണനെന്ന മാധ്യമ നിരീക്ഷകന് കഴിഞ്ഞില്ല.

'അധികാരത്തിൽ വന്ന് ഇത്രവേഗം വ്യാപകമായ നിശിത വിമർശനങ്ങൾ ഏൽക്കേണ്ടിവന്നതിന് അധികം ഉദാഹരണങ്ങളില്ല. മാത്രമല്ല, കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരുകളിൽ ഒന്നായിരുന്ന കഴിഞ്ഞ ഉമ്മൻ ചാണ്ടി ഭരണം ഇതിലും ഭേദമായിരുന്നു എന്നുപോലും അഭിപ്രായങ്ങൾ ഉയരുന്നു'.

ഒരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്റെ അല്ലെങ്കിൽ സ്വതന്ത്ര നിലപാടുള്ള ഒരു മാധ്യമ പ്രവർത്തകന്റെ വിലയിരുത്തൽ എന്ന നിലയിൽ രാധാകൃഷ്ണന്റെ ലേഖനം വായിക്കാൻ കഴിയില്ലെന്ന് ഇത്തരം പരാമർശങ്ങളിൽ നിന്ന് വ്യക്തമാകും. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരിനെയായിരുന്നു ഉമ്മൻ ചാണ്ടി നയിച്ചിരുന്നതെന്ന് സമ്മതിക്കുന്ന ലേഖകൻ, ഒരു വർഷം കൊണ്ട് ജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പക്ഷത്തായി എന്ന് വാദിക്കുന്നത് അഴിമതിയെ വെറുക്കുന്ന കേരളത്തിലെ ജനങ്ങളെ അപഹസിക്കലാണ്. ഈ വാദത്തിനർഥം, അഴിമതിയോട് ജനങ്ങൾ ഒത്തുപോകും എന്നാണ്. മാധ്യമങ്ങളുടെ പ്രവചനങ്ങൾ തിരുത്തിക്കൊണ്ട് 140-ൽ 91 സീറ്റ് നേടി പിണറായി സർക്കാർ അധികാരത്തിൽ വരാൻ ഇടയാക്കിയ പ്രധാന ഘടകങ്ങളിൽ ഒന്ന് അഴിമതിയിൽ ജനങ്ങൾ സഹികെട്ടിരുന്നു എന്നതു തന്നെയാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന എൽഡിഎഫ് വാഗ്ദാനം അല്ലെങ്കിൽ പ്രഖ്യാപനം അനുസരിച്ചുതന്നെയാണ് പിണറായി സർക്കാർ നീങ്ങുന്നത്.

അധികാരമേറ്റ ദിവസം തൊട്ട് എൽഡിഎഫ് സർക്കാരിനെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ പോലും അഴിമതിയുടെ കാര്യത്തിൽ സർക്കാരിനെതിരെ വിരൽ ചൂണ്ടാൻ ധൈര്യം കാണിച്ചിട്ടില്ല. രണ്ട് സർക്കാരുകളും തമ്മിലുള്ള പ്രധാന മാറ്റം അഴിമതിയുടെ കാര്യത്തിൽ തന്നെയാണ്. ഉമ്മൻ ചാണ്ടി ഭരണം പിണറായി വിജയൻ സർക്കാരിനേക്കാൾ ഭേദമായിരുന്നു എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർക്ക് സിപിഐഎം വിരോധം കാരണം കണ്ണുകാണാതായി എന്ന് മാത്രമേ പറയാനാവൂ. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഗവൺമെന്റ് സെക്രട്ടറിയറ്റിൽ വന്ന് പോകുന്ന സാധാരണക്കാർക്കും അല്ലാത്തവർക്കും മാറ്റം ബോധ്യപ്പെടും. ഒരു തട്ടിൽ അഴിമതി പൂർണമായും ഇല്ലാതായി എന്ന് മുഖ്യമന്ത്രി ആർജവത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും ആ തട്ട് മന്ത്രിമാരുടെതാണെന്ന് നമുക്കറിയാം. താഴേ തട്ടിലേക്കും ഈ മാറ്റം വരേണ്ടതുണ്ട്. ഈജിയൻ തൊഴുത്ത് വൃത്തിയാക്കാൻ സമയമെടുക്കും.


ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തിയ അധോലോക ബന്ധങ്ങളെക്കുറിച്ച് പറയുന്ന ലേഖകൻ മറ്റൊരിടത്ത് ''മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും മാധ്യമങ്ങൾക്കും സാധാരണക്കാർക്കും പ്രാപ്യനായിരുന്നു അന്നത്തെ മുഖ്യമന്ത്രി'' എന്നും വാദിക്കുന്നു. ഈ വൈരുധ്യത്തിന്റെ അർഥമെന്താണ്? അന്ന് നടന്നതൊക്കെ മാധ്യമപ്രവർത്തകരും ഇഷ്ടപ്പെട്ടിരുന്നു എന്നാണോ? അതോ അധോലോക ബന്ധം നിലനിർത്തിക്കൊണ്ട് ഉമ്മൻ ചാണ്ടി സാധാരണക്കാരെയും മാധ്യമങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്തിരുന്നു എന്നാണോ? 'മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും മാധ്യമങ്ങൾക്ക് പ്രാപ്യനായിരുന്നു' എന്ന പരാമർശത്തിൽ മാധ്യമങ്ങളുമായി തോളിൽ കയ്യിടുന്നവർക്ക് മറ്റെന്ത് കുഴപ്പമുണ്ടെങ്കിലും സഹിക്കാം എന്ന ധ്വനിയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഐഎമ്മോ ഈ വിലയിരുത്തൽ അംഗീകരിക്കില്ലെന്ന് എടുത്തു പറയേണ്ടതില്ല.

'' പാർട്ടി സെക്രട്ടറി പദത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദം കടുത്ത ആക്രമണത്തിന് തങ്ങൾ ഇരയാക്കിയ പിണറായിയോട് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയായ ശേഷം ആദ്യനാളുകളിൽ ഹ്രസ്വമായ മധുവിധു കാലമുണ്ടായിരുന്നു''. മധുവിധു എന്നാൽ സദ്ഗുണങ്ങളല്ലാതെ ദോഷങ്ങളൊന്നും പരസ്പരം കാണാത്ത കാലം എന്ന് ലേഖകന്റെ തന്നെ നിർവചനം.
നേരത്തെ ഒരുപാട് ആക്രമിച്ചതുകൊണ്ട് മുഖ്യമന്ത്രിയായി വന്നപ്പോൾ മാധ്യമങ്ങൾ പിണറായിയോട് മൃദുസമീപനം എടുത്തുവെന്നും ദോഷങ്ങളൊന്നും പറഞ്ഞില്ലെന്നുമാണ് ഇതിനർഥം. പിണറായി സർക്കാരുമായി അങ്ങനെയൊരു മധുവിധു കാലം മാധ്യമങ്ങൾക്കോ തിരിച്ചോ ഉണ്ടായിരുന്നില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനോ കുറ്റപ്പെടുത്താനോ വിമർശിക്കാനോ കിട്ടിയ ഏത് അവസരമാണ് തങ്ങളുടെ പഴയ ഇരയല്ലേ തലപ്പത്ത് ഇരിക്കുന്നതെന്ന പരിഗണനയിൽ മാധ്യമങ്ങൾ വേണ്ടെന്ന് വെച്ചത്. നിവൃത്തിയില്ലാത്തതുകൊണ്ട് അവർ കുറച്ചുനേരം മിണ്ടാതിരുന്നുകാണും. അതിലുപ്പറമൊന്നുമില്ല.

''കേരളപ്പിറവി മുതൽ ഓരോ ഇടതു സർക്കാരിനും സംസ്ഥാനത്തെ പുതുക്കിപ്പണിത നാഴികക്കല്ലുകൾ അവകാശപ്പെടാനുണ്ടായിരുന്നു. ഭൂപരിഷ്‌കാരം, വിദ്യാഭ്യാസ പരിഷ്‌കാരം, ജില്ലാ കൗൺസിൽ രൂപീകരണം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിവ. എന്നാൽ 1996-2001-ലെ നായനാർ സർക്കാരിന് ശേഷം ഒരു എൽഡിഎഫ് സർക്കാരിനും സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഒരു ആശയമോ മുദ്രാവാക്യം പോലുമോ ഉണ്ടായിട്ടില്ല''. എന്ന വിമർശവും ശരിയല്ല.

കേരളത്തെ സമഗ്രമായി പുതുക്കിപ്പണിയാൻ പിണറായി സർക്കാർ മുന്നോട്ടുവെച്ച കർമ പദ്ധതിയാണ് നവകേരളം. ഈ പദ്ധതിക്ക് കീഴിൽ ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിതകേരളം എന്നീ നാലു മിഷനുകൾ. ആഗോളതലത്തിൽ ശ്രദ്ധേയമായതാണ് കേരളത്തിന്റെ വികസന മാതൃകയെങ്കിലും വികസനം ലക്ഷ്യം കൈവരിച്ചിട്ടില്ല. വികസന പരിപാടികളിൽ നിന്ന് പലരും വിട്ടുപോയിട്ടുണ്ട്. ഭൂപരിഷ്‌കരണം, സാക്ഷരത, ആരോഗ്യ-വിദ്യാഭ്യാസ പരിപാടികൾ എന്നിവയുടെ ഇന്നത്തെ നില വിലയിരുത്തിയാൽ പോരായ്മകളുണ്ട്. അതു പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയാണ് നവകേരളം. ഇത് കേരളത്തിന്റെ വികസന യാത്രയിൽ നാഴികക്കല്ലാകുമോ എന്ന് വരും കാലം വിലയിരുത്തും.

വീടില്ലാത്തവരോ വാസയോഗ്യമായ വീടില്ലാത്തവരോ ആയ അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്. അഞ്ചുവർഷം കൊണ്ട് എല്ലാവർക്കും വീട് എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. തീരെ ദരിദ്രരായവർക്ക് ജീവിതോപാധിക്കുള്ള വഴിയും സർക്കാർ കണ്ടെത്തുന്നുണ്ട്. ഇതൊന്നും പ്രഖ്യാപനങ്ങളല്ല, പദ്ധതിക്ക് സ്ഥലം കണ്ടെത്താനുള്ള ശ്രമം മുമ്പോട്ടുപോകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം അധ്യയന നിലവാരം ഉയർത്തുന്ന പദ്ധതിയാണിത്. മൂന്നോ നാലോ വർഷം കൊണ്ട് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഹരിത കേരളം മിഷന്റെ ഭാഗമായി നമ്മുടെ ജലസമൃദ്ധിയും പ്രകൃതിയും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ സംസ്ഥാനമെങ്ങും പരിപാടികൾ നടക്കുകയാണ്. ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ ഒരു കോടിയോളം വൃക്ഷത്തൈകളാണ് കേരളത്തിൽ നട്ടത്. ഒരു ദിവസം നട്ട മരങ്ങളുടെ എണ്ണമെടുത്താൽ ഇതൊരു ലോക റെക്കോഡായിരിക്കും. ആശുപത്രികൾ ജനസൗഹൃദമാക്കുന്ന ആർദ്രം പദ്ധതിയും നടപ്പായിത്തുടങ്ങി.



ഇത്തരം പദ്ധതികളെയും ജനങ്ങൾ വലിയതോതിൽ സ്വീകരിച്ച പരിപാടികളെയും കണ്ടില്ലെന്ന് നടിച്ചും അവഗണിച്ചുമാണ് നല്ലതെന്തെങ്കിലും പറയാൻ സർക്കാർ അവസരം നൽകുന്നുണ്ടോ എന്ന ചോദ്യം. എന്നാൽ ഈ ചോദ്യം ഒരിടത്ത് ഉന്നയിക്കുന്ന ലേഖകൻ മറ്റൊരിടത്ത് പറയുന്നത് നോക്കൂ: '' വാസ്തവത്തിൽ ചില നല്ല കാര്യങ്ങളൊക്കെ സർക്കാർ ചെയ്തിട്ടുണ്ട്. ദേശീയപാത വികസനം, ഗെയിൽ വാതക പൈപ്പ് എന്നിവയുടെ തടസ്സങ്ങൾ നീക്കുക; അങ്കണവാടി അദ്ധ്യാപികമാരുടെ ശമ്പള വർധന; ഹരിതകേരളം; ആർദ്ര കേരളം; പാവപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ വായ്പാ സഹായം തുടങ്ങിയവ. പക്ഷേ അവയൊക്കെ മോശമായ വാർത്തകളുടെ പ്രളയത്തിൽ മുങ്ങിപ്പോയി''.

ഒന്നും ചെയ്തിട്ടില്ലെന്നും ചിലതൊക്കെ ചെയ്തിട്ടുണ്ടെന്നും ഒരേ ശ്വാസത്തിൽ പറയേണ്ടിവരുന്നത് എന്തുകൊണ്ടാവാം? പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും അപഹസിക്കാനും തീരുമാനിച്ചശേഷം അതിനൊപ്പിച്ച് തിരക്കഥ രചിക്കേണ്ടി വന്നതുകൊണ്ട് വന്നുപെട്ട വൈരുധ്യമാണിത്. സംസ്ഥാന സർക്കാരുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വർഷം പൂർത്തിയാക്കുമ്പോൾ പ്രോഗ്രസ് കാർഡുമായാണ് പിണറായി സർക്കാർ ജനങ്ങളെ സമീപിച്ചത്. എന്തായിരുന്ന വാഗ്ദാനം, എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്തില്ല എന്ന രേഖ. ഇങ്ങനെ സ്വന്തം പ്രവർത്തനത്തിന്റെ പുരോഗതി റിപ്പോർട് ഉണ്ടാക്കി ജനങ്ങളുടെ മുമ്പിൽ പോകാൻ ഒരു സർക്കാർ ആർജവം കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ജനങ്ങളോടുള്ള പ്രതിബദ്ധതയും അവരോടുള്ള വിശ്വാസവുമുണ്ട്.

പ്രകടനപത്രിക എന്നത് വോട്ട് തട്ടാനുള്ള വാഗ്ദാന പട്ടികയായി പൊതുവെ അംഗീകരിക്കപ്പെട്ട കാലത്ത്, ആ പട്ടികയിൽ പറഞ്ഞതുമായി വീണ്ടും ജനങ്ങളുടെ അടുത്തേക്ക് ഒരു മുഖ്യമന്ത്രി പോകുന്നുണ്ടെങ്കിൽ ആ ജനപക്ഷ രാഷ്ട്രീയസംസ്‌കാരത്തെ അംഗീകരിക്കാതെ ഇവിടെ ഇതാ ഇടതുപക്ഷത്തിന്റെ ചിത എരിഞ്ഞുതുടങ്ങി എന്ന് വിളംബരം ചെയ്യുന്നത് സ്വതന്ത്ര ചിന്തയോ സ്വത്വന്ത്ര പത്രപ്രവർത്തനമോ അല്ല. കേരളത്തിലെ മുൻ ഇടതുപക്ഷ സർക്കാരുകൾക്ക് സംസ്ഥാനത്തെ പുതുക്കിപ്പണിത നാഴിക്കല്ലുകൾ ഉണ്ടായിരുന്നു എന്ന് ഒരിടത്ത് പറയുന്ന ലേഖകൻ തന്നെയാണ് മറ്റൊരിടത്ത് എൽഡിഎഫിന് അധികാരം കിട്ടിയ ഇടങ്ങളിൽ എന്ത് കുന്തം ചെയ്തു എന്ന് ചോദിക്കുന്നത്. പരസ്പര വിരുദ്ധമായ വിലയിരുത്തലുകളുടെ സമാഹാരം എന്ന് ഈ ലേഖനത്തെ വിശേഷിപ്പിച്ചാൽ അധികമാകില്ല.

മറ്റൊന്ന്, നല്ല കാര്യങ്ങൾ 'മോശമായ വാർത്തകളുടെ പ്രളയത്തിൽ' മുങ്ങിപ്പോയി എന്ന പരാമർശം. അതെങ്ങനെ സംഭവിക്കുന്നു? നല്ല കാര്യങ്ങൾ മുക്കുന്ന രീതിയിൽ ഇവിടെ ഒരു മാധ്യമ പ്രചാരണം നടക്കുന്നുണ്ട് എന്ന സത്യമാണ് തുറന്നു പറയേണ്ടിയിരുന്നത്. മോശമായ വാർത്തകൾ മോശമായ മാധ്യമപ്രവർത്തനത്തിന്റെ ഉത്പന്നമല്ലേ?

കേന്ദ്ര സർക്കാരിന്റെ തണലിൽ സംഘപരിവാർ രാജ്യവ്യാപകമായി ആക്രമണമഴിച്ചുവിടുകയാണ്. മതന്യൂനപക്ഷങ്ങൾ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. തീവ്രഹിന്ദുത്വ പദ്ധതിയെ ചോദ്യം ചെയ്യുന്നവരെയും അംഗീകരിക്കാത്തവരെയും ശാരീരികമായി വകവരുത്തുന്നു. എന്ത് ഭക്ഷിക്കണം, എന്തു വസ്ത്രം ധരിക്കണം, വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ എന്തു ചെയ്യരുത് എന്നെല്ലാം സംഘപരിവാർ കൽപ്പിക്കുന്ന കാലത്ത് കേരളത്തിൽ അതൊന്നും നടപ്പില്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന, സമാധാനവും സ്വൈരജീവിതവും ആഗ്രഹിക്കുന്ന ജനങ്ങൾക്ക് രക്ഷയാണ്. ഇരുൾ മൂടുന്ന ഇന്നത്തെ കാലത്ത് അതല്ലേ ഒരു ഇടതുപക്ഷ സർക്കാരിന്റെ പ്രസക്തി. ഇതിലൊന്നും മാധ്യമങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ മറ്റൊന്നുകൂടി പറയാം. വർഗീയ സംഘർഷങ്ങൾ ഏറ്റവും കുറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. വർഗീയതയുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കുമേൽ ഒന്നും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഇന്ത്യയിൽ എത്ര മുഖ്യമന്ത്രിമാരുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ വന്നിരുന്നില്ലെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

പിണറായി സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളുടെ അല്ലെങ്കിൽ സർക്കാരിന്റെ വീഴ്ചകളുടെ പട്ടിക ഒരു ഭാഗത്തുകൊടുത്തിട്ടുണ്ട് ''കുപ്രസിദ്ധമായ അഴിമതിക്കേസുകളിൽ പോലും സർക്കാരിനെതിരെ ഹാജരാകുന്ന ആളെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കുന്നു. വലതുപക്ഷക്കാരിയെന്ന് അറിയപ്പെടുന്ന ആൾ സാമ്പത്തിക വിദഗ്ധ, മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലയും മുഖ്യമന്ത്രിയുടെ ന്യായീകരണവും, അഭിഭാഷക-മാധ്യമ തർക്കത്തിലെ ഉദാസീനത, ലോകോളേജ്-നെഹ്റുകോളേജ് സമരങ്ങളോടുള്ള അഴകൊഴമ്പൻ നയം, വിവരാവകാശത്തിൽ കൊണ്ടുവന്ന വിലക്ക്, രാഷ്ട്രീയ കൊലപാതകങ്ങളിലെ വർധന (എട്ട്), മഹിജയോടുള്ള മനുഷ്യത്വരഹിതമായ സമീപനം, സെൻകുമാർ പ്രശ്നം, ജേക്കബ് തോമസിന്റെ നടപടികളെച്ചൊല്ലി ഐഎഎസ്-ഐപിഎസ് വിഭാഗങ്ങളിലെ അതൃപ്തി, രമൺ ശ്രീവാസ്തവയെ ഉപദേഷ്ടാവാക്കിയത്, ടോമിൻ തച്ചങ്കരിക്ക് നൽകിയ സ്ഥാനം, മൂന്നാറിൽ കയ്യേറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ, കെ എം മാണിയുമായുള്ള നീക്കുപോക്കുകൾ....'' തുടങ്ങിയ കുറ്റപത്രം ടി വി ചാനലുകൾക്ക് കുറച്ചുനേരത്തെ ചർച്ചക്ക് വക കിട്ടിയ വിഷയങ്ങൾ എന്നതിൽ കവിഞ്ഞ പ്രാധാന്യമല്ലാതെ മറ്റൊന്നുമില്ലെന്നാണ് ഉപദേഷ്ടാവിന്റെ പക്ഷം.

ഈ വിഷയങ്ങളാകട്ടെ മാധ്യമങ്ങൾക്ക് പോലും മുമ്പോട്ടുകൊണ്ടുപോകാനാകാത്ത സോപ്പുകുമിളകളായിരുന്നു. ഇതിലൊരു തമാശയമുണ്ട്. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് വലിയ വീഴ്ചയായി ലേഖനമെഴുതിയ എം ജി രാധാകൃഷ്ണൻ, ഹാർവാർഡ് സർവകലാശാലയിൽ ധനതത്വശാസ്ത്രം പ്രൊഫസറായ അവരെ പുകഴ്‌ത്തി കുറച്ചുനാൾ മുമ്പ് എഴുതിയത് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പോർട്ടലിൽ കിടക്കുന്നുണ്ട്. ''ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി കിട്ടുന്നത് ഏതു രാഷ്ട്രത്തിനും അഭിമാനമായിരിക്കും. അക്കാദമിക് തലത്തിൽ ഇത്രത്തോളം ഉയർന്ന ഒരു മലയാളിയില്ല''. ഇത്രയും പറഞ്ഞശേഷം രാധാകൃഷ്ണൻ ചോദിക്കുന്നു: ''സാമ്പത്തിക ശാസ്ത്രത്തിലും അന്താരാഷ്ട്ര ധനകാര്യത്തിലും ആഗോളതലത്തിൽ പ്രശസ്തയായ കേരളത്തിന്റെ ഒരു പുത്രിക്കല്ലാതെ ഇന്നത്തെ സാമ്പത്തിക ചുറ്റുപാടിൽ വേറെ ആർക്കാണ് നമ്മുടെ നല്ല ഒരു ഉപദേഷ്ടാവാൻ കഴിയുക''. ലേഖകൻ തന്നോടു തന്നെയും സത്യസന്ധത പുലർത്തിയില്ല എന്നതിന്റെ തെളിവാണിത്. മാധ്യമ രംഗത്ത് തന്റെ പ്രവർത്തനത്തിലൂടെ സ്വന്തമായി ഒരു ഇടം നേടിയ രാധാകൃഷ്ണൻ ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ഈ പിണറായി-എൽഡിഎഫ് വേട്ടയ്ക്ക് മുതിർന്നതെന്നും ഇദ്ദേഹം ആശ്വസിക്കുന്നുണ്ട്.

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും കുപ്രചാരണങ്ങൾക്കും ഇടയാക്കിയത് മുഖ്യ വിവരാവകാശ കമീഷണറുടെ ഒരു ഉത്തരവിനെതിരെ ഹൈക്കോടതിയിൽ കേരള സർക്കാർ ഫയൽ ചെയ്ത ഹർജിയാണ്. 2016 മാർച്ച് 12ന് പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഒരു അപേക്ഷ ലഭിച്ചു. 2016 ജനുവരി 1 മുതൽ മാർച്ച് 12 വരെയുള്ള മന്ത്രിസഭാ തീരുമാനങ്ങൾ സംബന്ധിച്ച അജണ്ട, മിനുട്സ് എന്നിവയും മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും ഉദ്യോഗസ്ഥർ ഒപ്പുവയ്ക്കാത്തതുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത തീരുമാനങ്ങളും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അപേക്ഷ. വിവരാവകാശ നിയമത്തിലെ 8 (1) (ഐ) വകുപ്പു പ്രകാരം, നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമേ വിവരങ്ങൾ നൽകാൻ പറ്റു എന്ന് അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ അതത് വകുപ്പിന് നൽകുകയാണ് ചെയ്യുന്നത്.

അതിനാൽ തുടർ നടപടികളുടെ കാര്യം ബന്ധപ്പെട്ട വകുപ്പിനേ അറിയാൻ കഴിയൂ എന്നും അപേക്ഷകനെ സർക്കാർ അറിയിച്ചു. ഇതിനെതിരെ അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമീഷന് അപ്പീൽ നൽകി. പൊതുഭരണ വകുപ്പിൽ നിന്ന് തന്നെ എല്ലാം ലഭ്യമാക്കണമെന്നായിരുന്നു മുഖ്യ കമീഷണരുടെ ഉത്തരവ്. പൊതുഭരണ വകുപ്പിലെ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർക്ക് എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പ്രായോഗികമായി കഴിയില്ല. ഇക്കാര്യം സ്ഥാപിച്ചുകിട്ടാനാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഒരു നിയമം എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് തർക്കം ഉയരുമ്പോൾ കോടതിയെ സമീപിച്ച് വ്യക്തത വരുത്തുക എന്നതാണ് ജനാധിപത്യ രീതി. അതേ ഇക്കാര്യത്തിൽ പിണറായി വിജയൻ സർക്കാർ സ്വീകരിച്ചിട്ടുള്ളു. അതു തന്നെ മന്ത്രിസഭാ യോഗ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ. അല്ലാതെ രാധാകൃഷ്ണൻ ആരോപിക്കുന്നതുപോലെ വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ നൽകുന്നതിന് ഒരു വിലക്കും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അതിന് കഴിയുകയുമില്ല.

മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്തുന്നില്ല എന്ന ആരോപണം നൂറുശതമാനവും അസത്യമാണ്. മന്ത്രിസഭായോഗം കഴിഞ്ഞ ഉടൻ തീരുമാനങ്ങളും അതിന്റെ പരമാവധി വിശദാംശങ്ങളും മാധ്യമങ്ങൾക്ക് താമസംവിനാ നൽകുന്നുണ്ട്. മാത്രമല്ല, അത് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ചുരുക്കം ചില സംസ്ഥാനങ്ങളിലേ ഈ രീതിയിൽ വിവരം ലഭ്യമാക്കുന്നുള്ളു. മന്ത്രിസഭായോഗം കഴിഞ്ഞ ഉടൻ വാർത്താലേഖകരെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ രീതിയിൽ രാധാകൃഷ്ണൻ വലിയ മതിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ ഉമ്മൻ ചാണ്ടി സമർഥമായി മാധ്യമങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവസാന കാലത്ത് നടന്ന അഴിമതി നിറഞ്ഞ ഭൂമി ഇടപാടുകളിലെ തീരുമാനങ്ങളെല്ലാം മന്ത്രിസഭാ തലത്തിലാണുണ്ടായത്. ഒന്നുപോലും ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് പലതും പുറത്തുവന്നത്. ആ രീതി ഇപ്പോഴില്ല. എല്ലാ തീരുമാനങ്ങളും മുമ്പത്തേക്കാൾ വേഗത്തിൽ മാധ്യമങ്ങൾക്ക് കിട്ടുന്നുണ്ട്.

മന്ത്രിമാർക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന ആരോപണവും ലേഖനത്തിലുണ്ട്. എന്നാൽ അതിന് ഉപോദ്ബലകമായി ഒന്നും ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. തികഞ്ഞ കൂട്ടുത്തരവാദിത്തത്തിലാണ് മന്ത്രിസഭ മുമ്പോട്ടു പോകുന്നത്. അതിന് അപവാദമായ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എൽഡിഎഫ് രൂപീകരിക്കുന്ന നയമാണ് മന്ത്രിസഭ നടപ്പാക്കുന്നത്. യുഡിഎഫിന്റെ രീതികളുമായി അതിനൊന്നും താരതമ്യമില്ല. വകുപ്പുകൾ അതത് മന്ത്രിമാർ അവരുടെ സാമ്രാജ്യങ്ങളാക്കി അടക്കി ഭരിച്ചിരുന്ന കാലം അസ്തമിച്ചു എന്നത് ജനാധിപത്യത്തിൽ ശുഭകരമായ മാറ്റമാണ്. മുഖ്യമന്ത്രിക്ക് ഭരണഘടന നൽകുന്ന അധികാരം പല കാരണങ്ങളാൽ അട്ടത്തുവച്ചാണ് യുഡിഎഫ് മുഖ്യമന്ത്രിമാർ ഭരിച്ചിരുന്നത്. ആ സ്ഥിതി മാറി. ഓരോ വകുപ്പിനും അതിന്റേതായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, എല്ലാ വകുപ്പുകൾക്ക് മീതെയും മുഖ്യമന്ത്രിയുടെ മേൽനോട്ടമുണ്ട്. രാധാകൃഷ്ണൻ ഉൾപ്പെടെ പല മാധ്യമ പ്രവർത്തകരും അറിയാത്ത ഒരു കാര്യം ഓരോ വകുപ്പിന്റെയും പ്രവർത്തനം മുഖ്യമന്ത്രി കൃത്യമായി അവലോകനം ചെയ്യുന്നുണ്ട് എന്നതാണ്. യുഡിഎഫ് സർക്കാരിൽ നിന്ന് വ്യത്യസ്തമായി വിവിധ വകുപ്പുകളുടെ മന്ത്രിമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി യോജിച്ചും ഏകോപിച്ചും നീങ്ങുന്നതിനെ പ്രശംസിക്കുന്നതിന് പകരം മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല എന്ന് ആരോപിക്കുന്നത് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയാണ്.

ഉടനെ ആരെങ്കിലും അഗ്നിശമന പ്രവർത്തനം നടത്തിയില്ലെങ്കിൽ ഈ സർക്കാരിനെ ജനങ്ങൾ അഞ്ചുവർഷം സഹിക്കില്ല എന്ന ലേഖകന്റെ ശാപവാക്കുകൾ ഗൗരവമായ മറുപടി അർഹിക്കുന്നില്ല. സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണ ഒരു വർഷം പൂർത്തിയായപ്പോൾ കേരളമാകെ നടന്ന വിവിധ പരിപാടികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഇടതുപക്ഷത്തിന് വോട്ടു ചെയ്തവരോ പിന്തുണച്ചവരോ മാത്രമല്ല, കേരളത്തിൽ സിപിഐഎം ഭരണം വരുന്നതിനെ എതിർത്തവർ പോലും സർക്കാരിന് അനുഗ്രഹം ചൊരിയാൻ വരുന്നുണ്ട്. അവരിൽ ബുദ്ധിജീവികളും കലാകാരന്മാരും സാഹിത്യകാരന്മാരും കൃഷിക്കാരും തൊഴിൽരഹിതരും തൊഴിലാളികളും വ്യവസായികളും കച്ചവടക്കാരുമെല്ലാമുണ്ട്. കാരണം, പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആനുകൂല്യമോ പിന്തുണയോ അംഗീകാരമോ കിട്ടാത്ത ജനവിഭാഗങ്ങൾ ഇല്ലെന്നു തന്നെ പറയാം. പാവങ്ങൾക്കുള്ള പെൻഷൻ 600 രൂപയിൽ നിന്ന് 1100 രൂപയാക്കുകയും കുടിശ്ശിക വീടുകളിൽ എത്തിക്കുകയും ചെയ്ത സർക്കാരിനെ അധ:സ്ഥിത ജനവിഭാഗങ്ങൾ കാത്തുസൂക്ഷിക്കും. ഈ സർക്കാരിൽ പ്രതീക്ഷയർപ്പിക്കാത്തവരായി ആരുണ്ട്, മുൻവിധികൾ കൊണ്ടും പക്ഷപാതിത്വം കൊണ്ടും അന്ധരായ കുറേ മാധ്യമ പ്രവർത്തകരല്ലാതെ? എന്നും ഉപദേഷ്ടാവ് ചോദിക്കുന്നു.

അഞ്ചുവർഷം ഈ സർക്കാരിനെ ജനങ്ങൾ സഹിക്കില്ല എന്ന് പറയുന്ന ലേഖകനോട് സാമാന്യ ബുദ്ധിക്കാർക്ക് ഒരു ചോദ്യമുണ്ട്: ജനങ്ങൾക്ക് ഒരു സർക്കാരിനെ മാറ്റണമെന്നുണ്ടെങ്കിൽ അതിന് അവസരം വരുന്നത് അഞ്ചുവർഷം കൂടുമ്പോഴല്ലേ? അതല്ലാതെ എന്തു വഴിയാണുള്ളത്? സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭരണഘടനയിലെ 356-ാം അനുഛേദമോ? കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ കാലാവസ്ഥയും ബൊമ്മൈ കേസിലെ വിധിക്കു ശേഷം 356-ാം അനുഛേദത്തിന് പല്ലുപോയെന്നും അറിയുന്ന അറിയുന്ന മുതിർന്ന ഒരു മാധ്യമപ്രവർത്തകൻ അങ്ങനെയൊന്നും ചിന്തിക്കാനിടയില്ല എന്ന് വിശ്വസിക്കട്ടെ.

ലേഖനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോൾ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കർത്താവ് മന:ശാസ്ത്രജ്ഞനായി മാറുന്ന രസകരമായ കാഴ്ചയുണ്ട്. അവിടെയാണ് ലേഖനം വ്യക്തിഹത്യയുടെ തെളിഞ്ഞ രൂപം പ്രാപിക്കുന്നത്. ''മാനസിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ ഉപബോധതലത്തിൽ അജ്ഞാതമായ ഭയം അലട്ടുന്നതുപോലെയാണ് പുറമെ കർക്കശക്കാരനായ അദ്ദേഹത്തിന്റെ രീതികൾ''. മാധ്യമ പ്രവർത്തകർ മന:ശാസ്ത്രം പഠിച്ചുകൂടെന്ന് നമുക്ക് പറയാൻ കഴിയില്ല. മന:ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർ രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും വിലയിരുത്തുന്നത് അസാധാരണമാണ്. മുമ്പ് രാധാകൃഷ്ണൻ മറ്റാരുടെയെങ്കിലും മനോനില ഈ രീതിയിൽ പരിശോധിച്ചതായും തെളിവില്ല. സൈക്കോ അനാലിസിസിന്റെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ഫ്രോയ്ഡിനെ 'മന:ശാസ്ത്രപരമായ അപഗ്രഥനത്തിന്റെ' ഘട്ടത്തിൽ ലേഖനത്തിൽ ഉദ്ധരിക്കാമായിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചത് ആത്മവിശ്വാസം കൊണ്ടാവാം. കാതലായ വിമർശനം നടത്തുന്നതിൽ പരാജയപ്പെടുമ്പോഴും തന്റെ പക്ഷപാതിത്വവും മുൻവിധികളും പൊതിഞ്ഞുവയ്ക്കണമെന്ന് തോന്നുമ്പോഴും മന:ശാസ്ത്രത്തെ കൂട്ടുപിടിച്ചതുകൊണ്ട് കാര്യമുണ്ടോ?

എളിയ നിലയിൽ നിന്ന് ഉയർന്ന് അസാധാരണമായ കർമശേഷിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലെത്തിയത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നീണ്ട പതിനേഴ് വർഷം സമാനതകളില്ലാത്ത എതിർപ്പുകളെയും ആക്രമണങ്ങളെയും നേരിട്ട് പാർട്ടിയെ പോറലേൽക്കാതെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അങ്ങനെയൊരു നേതാവിനെയാണ് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്. ഇത് വ്യക്തിഹത്യയുടെ പരിഷ്‌കൃത രൂപമല്ലെങ്കിൽ പിന്നെ എന്താണ് വ്യക്തിഹത്യ? എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP