Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും നാല് ഇൻഫോർമേഷൻ ഓഫീസർമാരും ആഞ്ഞു പിടിച്ചിട്ടും ഒന്നും ശരിയാവുന്നില്ല; സെക്രട്ടറി റാങ്കിൽ ഒരാളെ കൂടി മാധ്യമസംഘത്തിൽ നിയമിച്ച് മുഖ്യമന്ത്രി; 40,000 രൂപ മുടക്കി ഒരു അസിസ്റ്റന്റ് ഇർഫോർമേഷൻ ഓഫീസറെ കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തിരുന്ന ജോലി അഞ്ച് ലക്ഷം മുടക്കി ചെയ്യുന്ന പിണറായി മോഡൽ ചെലവു ചുരുക്കലിന്റെ കഥ

പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും നാല് ഇൻഫോർമേഷൻ ഓഫീസർമാരും ആഞ്ഞു പിടിച്ചിട്ടും ഒന്നും ശരിയാവുന്നില്ല; സെക്രട്ടറി റാങ്കിൽ ഒരാളെ കൂടി മാധ്യമസംഘത്തിൽ നിയമിച്ച് മുഖ്യമന്ത്രി; 40,000 രൂപ മുടക്കി ഒരു അസിസ്റ്റന്റ് ഇർഫോർമേഷൻ ഓഫീസറെ കൊണ്ട് ഉമ്മൻ ചാണ്ടി ചെയ്തിരുന്ന ജോലി അഞ്ച് ലക്ഷം മുടക്കി ചെയ്യുന്ന പിണറായി മോഡൽ ചെലവു ചുരുക്കലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധൂർത്തും ചെലവു ചുരുക്കലും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലേറ്റത്. മന്ത്രിമാരുടെുയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയു എണ്ണം കുറച്ചും മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ ഒഴിവാക്കിയും കൈയടി നേടി. എന്നാൽ, മുഖ്യമന്ത്രിയുടെ ഇമേജ് കാത്തു സൂക്ഷിക്കേണ്ട മാധ്യമ വിഭാഗത്ിൽ മാത്രം എത്ര മുടക്കിയിട്ടും ഒന്നും ശരിയാകുവുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ 40,000 രൂപ ചെലവിൽ ഒരു അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസറെ കൊണ്ടു ചെയ്തിരുന്ന ജോലികൾ ചെയ്യാൻ ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും ഇൻഫോർമേഷൻ ഓഫീസർ റാങ്കിലുള്ള ഒരാളും അടക്കം വലിയൊരു സംഘം തന്നെ പ്രവർത്തിച്ചിട്ടും ഒന്നും ശരിയാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അതുകൊണ്ട് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉഗ്യോഗസ്ഥനെ കൂടി നിയമിച്ചിരിക്കയാണ് മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിൽ.

സർക്കാരിനെ ഉർജ്ജസ്വലമാക്കാൻ നല്ല വാർത്തകൾ മാധ്യമങ്ങളിലെത്തിക്കുക എന്നതാണ് നല്ലൊരു പി ആർ വിഭാഗത്തിന്റെ ചുമതല. എന്നാൽ, ഇക്കാര്യത്തിൽ നിലവിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള സംഘം ഒരു പരാജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി നിയമിച്ചിരിക്കുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി അബൂബക്കറിനെ മാധ്യമങ്ങളുടെ ഏകോപന ചുമതലയാണ് സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ ചുമതല അടക്കം നിർവഹിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രസ് സെക്രട്ടറിയുടെ പദവിയിലുള്ള പ്രഭാ വർമ്മയാണ്. എന്നാൽ, താഴെ തട്ടിപ്പുള്ള മാധ്യമപ്രവർത്തകരുമായി ബന്ധമില്ലാത്ത വർമ്മ ഈ വിഷയത്തിൽ ഒരു പരാജയമാണെന്ന വിലയിരുത്തൽ കൂടിയാണ് ഇപ്പോഴത്തെ പുതിയ നിയമനത്തിലൂടെ പുറത്തുവരുന്നത്. പല കാര്യങ്ങളിലും മാതൃക കാട്ടിയ പിണറായി സർക്കാർ ഇപ്പോഴത്തെ തീരുമാനത്തിലൂടെ പുറത്തുവരുന്നത്. ഈ പദവി സർക്കാർ ഖജനാവിന് നഷ്ടം വരുത്തി വെക്കുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റപ്പോൾ ആദ്യം തന്നെ പ്രഭാ വർമ്മയെ ഒപ്പം കൂട്ടി. ഇതിന് ശേഷമായിരുന്നു ജോൺ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവായത്. എന്തിന് രണ്ട് പദവികളെന്നും ഖജനാവിന് ഇത് ബാധ്യതയാകില്ലെയെന്നും ചോദ്യവും ഇതോടെ ഉയർന്നിരുന്നു. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിലാണ് ബ്രിട്ടാസിനെ നിയമിച്ചതെങ്കിലും അദ്ദേഹം ശമ്പളമോ മറ്റ് ആനുകൂല്യമോ പറ്റില്ലെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി ഡൽഹിയിലോ മറ്റ് വിദേശത്തോ പോകുമ്പോൾ മാത്രമാണ് ബ്രിട്ടാസിനെ ഒപ്പം കൂട്ടുന്നത്. അതുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യുകയും ഉണ്ട്.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പിടി ചാക്കോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. വി എസ് അച്യുതാനന്ദന്റെ സമയത്ത് തുടക്കത്തിൽ ബാലകൃഷ്ണനും. പിന്നെ ദേശാഭിമാനിയിൽ നിന്നുള്ള സുധാകരൻ. ഈ സമയത്തൊക്കെ ഒരാൾ മാത്രമേ ഒരു സമയത്ത് മാധ്യമങ്ങളുടെ ചുമതല നോക്കിയിരുന്നുള്ളൂ. ഇതിപ്പോൾ ആദ്യമായാണ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിൽ നിരവധി പേർ അംഗങ്ങളാകുന്നത്. മാധ്യമ രംഗത്തെ അതികായന്മാരാണെങ്കിലും സർക്കാറിന്റെ പ്രതിച്ഛായ ഉയർത്താൻ തക്ക വിധത്തിലുള്ള ശ്രമങ്ങളൊന്നും ഇവരിൽ നിന്നും ഉണ്ടായതില്ലെന്ന വിമർശനവും ശക്തമാണ്. മാത്രമല്ല, മറിച്ച് പല വിവാദങ്ങളും ഇവരുടെ പിന്നാലെ എത്തിയതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിയും വന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പി ടി ചാക്കോ ചെയ്തിരുന്ന ജോലി ചെയ്യേണ്ടത് പ്രഭാ വർമ്മയാണ്. എന്നാൽ, അദ്ദേഹം സ്വന്തം ജോലിയിൽ വീഴ്‌ച്ച വരുത്തുന്നതു കണ്ടാണ് ഇപ്പോൾ പി പി അബൂബേക്കറിനെയും നിയമിക്കേണ്ടി വന്നത്. ഇതിന് പുറമേ പിആർഡിയിലെ മൂന്ന് ഇൻഫർമേഷൻ ഓഫീസർമാരുടെ സേവനവും മുഖ്യമന്ത്രിക്കുണ്ട്. അതായത് മുഖ്യമന്ത്രിയുടെ മാധ്യമ കാര്യങ്ങൾ നോക്കാൻ മാത്രം ആറു മുതിർന്ന മാധ്യമ വിദഗ്ദ്ധർ. ഇതിലൂടെ വൻ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടാകുന്നത്. പിആർഡി ജീവനക്കാർ സർക്കാർ സർവ്വീസിലുള്ളവരാണെന്ന വാദം ഉയർത്താം. എന്നാൽ ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമാക്കുമ്പോൾ അത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചെലവായി മാത്രം മാറുന്നു. ഇതിനൊപ്പം പ്രഭാവർമ്മയ്ക്ക വമ്പൻ ശമ്പളാണ് നൽകുന്നത്. വികസന കാര്യത്തിന് പോലും ഖജനാവിൽ കാശില്ലാത്തതു കൊണ്ട് കടം വാങ്ങുന്ന സർക്കാരാണ് അബൂബേക്കറെ കൂടി നിയമിച്ച് അധിക ബാധ്യതയുണ്ടാക്കുന്നത്.

സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ ഒരു വിഷയത്തിലും മുഖ്യമന്ത്രിമാർ നിയോഗിക്കാറില്ല. തുടക്കത്തിൽ പ്രസ് സെക്രട്ടറിയായിരുന്ന പ്രഭാവർമ്മയെ പിന്നീട് മാധ്യമ ഉപദേഷ്ടാവാക്കി ഉയർത്തുകയും ചെയ്തു. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായിരുന്നു പ്രഭാവർമ്മ. മുതിർന്ന മാധ്യമ പ്രവർത്തകനുമാണ്. അതുകൊണ്ട് തന്നെ സ്പെഷ്യൽ സെക്രട്ടറി പദവി തനിക്കും വേണമെന്ന് പ്രഭാ വർമ്മ വാശി പിടിക്കുകയായിരുന്നു. ഇതോടെ ശമ്പളവും പദവിയും കൂട്ടുകയാണ് ചെയ്തത്. ഫലത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് മാധ്യമ ഉപദേഷ്ടാക്കളായി. ബ്രിട്ടാസിന് ശമ്പളം കൊടുക്കാത്തതുകൊണ്ട് അത് സർക്കാരിന് ബാധ്യതയാകുന്നില്ല. പക്ഷേ നാലു മാസത്തിനകം വീണ്ടും പ്രഭാവർമ്മയ്ക്ക് ശമ്പളം കൂട്ടുന്നത് സ്വജന പക്ഷപാതമെന്നാണ് ആക്ഷേപവും ഉയർന്നു. പ്രഭാവർമ്മയ്ക്ക് ശമ്പളം ഉയർത്താനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ മന്ത്രിസഭയിൽ ആരും എതിർത്തതുമില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് പ്രഭാവർമ്മയുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ തലമുതിർന്ന നേതാവാണ് പ്രഭാവർമ്മ. ദേശാഭിമാനിയിൽ 50000ത്തിൽ താഴെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന പ്രഭാവർമ്മ ഇപ്പോൾ മാധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടപ്പോൾ നിശ്ചയിക്കപ്പെട്ട ശമ്പളസ്‌കെയിൽ 77400-115200. ഇതിപ്പോൾ വീണ്ടും വർദ്ധിപ്പിച്ച 93,000-120000 ആക്കിയിരിക്കുകയാണ്.

മുമ്പ് 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവർമ്മയുടെ ശമ്പളം പ്രത്യേക ഉത്തരവിലൂടെയാണ് ഒരുലക്ഷത്തി പതിനയ്യായിരത്തോളം രൂപയാക്കി ഉയർത്തിയത്. ഈ ബാധ്യതയ്ക്ക് പുറമേയാണ് അബൂബേക്കറിന്റെ നിയമനവും. ഇതിന് വ്യക്തമായ കാരണവും ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നല്ല വാർത്തകൾ വരണം. മാന്യനായ പത്രപ്രവർത്തകനായിരുന്നു അബൂബേക്കർ. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഏറെ സ്‌നേഹമുള്ള വ്യക്തി. അത്തരത്തിലൊരാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കുമ്പോൾ അതിന്റെ ഗുണം വാർത്തകളിൽ പ്രതിഫലിക്കും. ഈ പി ആർ സർക്കാരിന് ഗുണം ചെയ്യുകയും ചെയ്യും. നേരത്തെ പിആർഡിയിലെ ചില ജോലികൾ സ്വകാര്യ വക്തികളെ കൊണ്ട് നടത്താനും നീക്കം നടന്നു. എന്നാൽ പി ആർ ഡിയിലെ ഇടത് സംഘടന പോലും ഇതിനെ എതിർത്തും. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഔദ്യോഗിക വാർത്ത വിതരണ സംവിധാനത്തിൽ പൊളിച്ചെഴുത്തിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതുകൊണ്ട് കൂടിയാണ് ദേശാഭിമാനിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്ന അബൂബേക്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിക്കുന്നത്. വാർത്താ വിതരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച വരുന്നതായി സിപിഎമ്മും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്.

1980ൽ റിപ്പോർട്ടറായാണ് ദേശാഭിമാനിയിൽ അബൂബേക്കർ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, ന്യൂഡൽഹി എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും തിരുവനന്തപുരം സെൻട്രൽ ഡസ്‌കിന്റെ ചീഫ് ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2008ൽ ദേശാഭിമാനി ബഹറൈൻ എഡിഷൻ ആരംഭിച്ചപ്പോൾ അതിന്റെ മുഖ്യ ചുമതലക്കാരനായി. കോഴിക്കോട്ട് ചേർന്ന പാർട്ടി കോൺഗ്രസിന്റെ മീഡിയാ കൺവീനറായിരുന്നു. ഏറെ മികച്ച പ്രവർത്തനമാണ് അന്ന് നടത്തിയത്. മൂന്നുതവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായും മൂന്നുതവണ കോഴിക്കോട് പ്രസ്‌ക്‌ളബ് സെക്രട്ടറിയായും പ്രവർത്തിച്ചു. അങ്ങനെ മാധ്യമ ലോകവുമായി അടുത്ത ബന്ധം അബൂബേക്കറിനുണ്ട്. അതുകൊണ്ട് പ്രഭാ വർമ്മയുടെ കുറവ് അദ്ദേഹം നികത്തുമെന്നാണ് കരുതുന്നത്.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും കൊമേഴ്‌സ് ബിരുദമെടുത്ത ശേഷമാണ് ദേശാഭിമാനിയിൽ ചേർന്നത്. ഗുരുവായൂരപ്പൻ കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദേശാഭീമാനിയിൽ നിന്ന് അബൂബേക്കർ വിരമിച്ചത്. അതേസമയം മാധ്യമങ്ങളുമായി സമ്പർക്കം ഏറ്റവും കുറവുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആഴ്‌ച്ചയിൽ മാധ്യമങ്ങളെ കണ്ട് നേരിൽ കാര്യങ്ങൾ വിശദീകരിക്കുന്ന പതിവ് പോലും അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ മാധ്യമപ്രവർത്തകർക്കും ഒരു തരം പിണക്കം മുഖ്യമന്ത്രിയോടുണ്ട്. മാധ്യമങ്ങളുമായി സമ്പർക്കം കുറവുള്ള മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയേറെ മാധ്യമ സെക്രട്ടറിമാർ എന്ന ചോദ്യവും പ്രസക്തമാകുന്നത് ഇവിടെയാണ്. എന്തായാലും ഇത്രയേറെ ഉദ്യോഗസ്ഥരെ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നിയമിച്ചത് പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ട്. ധനകാര്യ വകുപ്പ് പല തസ്തികകളും വെട്ടിക്കുറയ്ക്കുന്ന വേളയിൽ തന്നെയാണ് അനാവശ്യമായി പണച്ചിലവുള്ള മറ്റൊരു തസ്തിക ഉണ്ടാക്കിയിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP