Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെഡ് അലർട്ട് പ്രഖ്യാപിച്ച നാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മന്ത്രി കോട്ടും സ്യൂട്ടും ഇട്ട് ജർമ്മനിക്ക് പോയത് പൊറുക്കാതെ മന്ത്രിയുടെ പാർട്ടിയും; വിവാദമായപ്പോൾ ധൃതിപിടിച്ച് മടങ്ങാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് കിട്ടിയില്ല; ഒരു ജർമ്മൻ സന്ദർശനം മൂലം പി രാജുവിന്റെ പണി തെറിച്ചേക്കും

റെഡ് അലർട്ട് പ്രഖ്യാപിച്ച നാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മന്ത്രി കോട്ടും സ്യൂട്ടും ഇട്ട് ജർമ്മനിക്ക് പോയത് പൊറുക്കാതെ മന്ത്രിയുടെ പാർട്ടിയും; വിവാദമായപ്പോൾ ധൃതിപിടിച്ച് മടങ്ങാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് കിട്ടിയില്ല; ഒരു ജർമ്മൻ സന്ദർശനം മൂലം പി രാജുവിന്റെ പണി തെറിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളക്കരയാകെ പ്രളയദുരന്തത്തിൽ ആയ വേളയിൽ രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഉപേക്ഷിച്ച് ജർമ്മനിയിലേക്ക് മുങ്ങിയ മന്ത്രി പി രാജുവിന്റെ പണി തെറിച്ചേക്കും. രാജുവിനെ പരിഹസിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തുവന്നിരുന്നു. കാര്യമായ പരിപാടി അല്ലാതിരുന്നിട്ടു കൂടി ജർമ്മനിയിൽ പോകാനുള്ള അവസരമെന്ന് കണ്ട് വിദേശ യാത്രക്കിറങ്ങിയ രാജുവിനെതിരെ അമർഷം പുകയുകയാണ്. സിപിഐക്കും മന്ത്രിസഭയ്ക്കും വലിയ നാണക്കേടാണ് മന്ത്രി ഉണ്ടാക്കിയതെന്നാണ് പൊതുവേ ഉയർന്നിരിക്കുന്ന വിമർശനം. വിമർശനം കടുത്തതോടെ സംഭവത്തിൽ നിന്നും എങ്ങനെയും തടിയൂരാനുള്ള ശ്രമങ്ങളാണ് മന്ത്രി നടത്തുന്നത്. തിരക്കുപിടിച്ച് നാട്ടിലേക്ക് മടങ്ങാൻ ശ്രമം നടത്തിയെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാൽ അതിന് സാധിച്ചില്ല.

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ലോക മലയാളി കൗൺസിലിന്റെ ഗ്ലോബൽ സമ്മേളനത്തിനായാണ് മന്ത്രി ജർമ്മനിയിലേക്ക് പോയത്. മന്ത്രി നാളെ മടങ്ങിയെത്തിയേക്കും എന്നാണ് അറിയുന്നത്. ഇന്നു മടങ്ങാനായി ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്കുള്ളതിനാൽ ടിക്കറ്റ് ലഭിച്ചില്ല. മഴക്കെടുതിക്കിടെ ജർമനിയിൽപോയതു വിവാദമായതോടെ മടക്കയാത്രയ്ക്കുള്ള തിരക്കിട്ട ഒരുക്കത്തിലായിരുന്നു മന്ത്രി. കോട്ടയം ജില്ലയിലെ രക്ഷാപ്രവർത്തനത്തിനു മന്ത്രി രാജുവിനെയാണു മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലയാണ് കോട്ടയം. അതിനിടെയായിരുന്നു അധികം ആരെയും അറിയിക്കാതെ മന്ത്രി മുങ്ങിയത്.

കേരളത്തിൽ മഴ ശക്തമായപ്പോഴാണ് 16ന് മന്ത്രി ജർമനിയിലേക്ക് പോയത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തെ മടക്കി വിളിക്കുകയായിരുന്നു. സിപിഐ നേതൃത്വവും മന്ത്രിയോടു തിരികെയെത്താൻ ആവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തെ യാത്രാവിവരം മന്ത്രി അറിയിച്ചിരുന്നില്ല.
കോട്ടയത്ത് സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയതിനുശേഷമായിരുന്നു മന്ത്രിയുടെ യാത്ര. മന്ത്രിയുടെ ഭാഗത്തു നിന്നും കടുത്ത ഉത്തരവാദിത്ത ലംഘനം ഉണ്ടായെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

പ്രളയക്കെടുതിയിൽ തകർന്നുപോയ പ്രദേശങ്ങളുടെ പുനർനിർമ്മാണമാണ് ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്നും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കു കരുത്തു പകരാൻ മനുഷ്യസ്നേഹികളെല്ലാം ഒന്നിക്കേണ്ട സമയമാണിതെന്നും മന്ത്രി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തിയ ശേഷം പ്രസംഗിച്ചിരുന്നു. അതേസമയം 22 വരെയാണു വിദേശത്തു പര്യടനം നിശ്ചയിച്ചിരുന്നതെന്നും സന്ദർശനം വെട്ടിച്ചുരുക്കി മന്ത്രി കെ.രാജു ഉടൻ തിരിച്ചെത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കഴിഞ്ഞ പ്രളയക്കാലത്ത് മന്ത്രി കെ.രാജു ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്താനും വൈകിയിരുന്നു. വാർത്തകൾ വന്നതോടെ ഒറ്റ ദിവസത്തെ സന്ദർശനവും അവലോകന യോഗവും നടത്തി മന്ത്രി മടങ്ങി. കേന്ദ്ര മന്ത്രി കിരൺ റിജിജു വന്നപ്പോഴും മന്ത്രി കെ.രാജു ജില്ലയിൽ എത്തിയിരുന്നില്ല. മന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരെ പാർട്ടിയിൽ വലിയ എതിർപ്പാണ് ഉയരുന്നത്. സർക്കാരിനു നാണക്കേടുണ്ടാക്കിയ രാജുവിനെതിരെ നടപടിയെടുക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി പോലും കേരളത്തിൽ എത്തിയിട്ടും സിപിഐ മന്ത്രിക്ക് വിദേശയാത്രയായിരുന്നു പ്രിയപ്പെട്ടത്.

അതേസമയം സംഭവം പുലിവാലായെന്ന് ബോധ്യമായതോടെ അപകടം കുറയ്ക്കാനുള്ള ശ്രമങ്ങളും മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞിട്ടുണ്ടെന്നും കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടതായും രാജു പറഞ്ഞു. ജർമനിയിലെ വിവിധ ദേവാലയങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്നാണ് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളും വ്യക്തമാക്കുന്നത്.

അതേസമയം മന്ത്രിക്കെതിരെ ജനവികാരം ഉയരുമ്പോഴും ഇതിൽ നിന്നും ശ്രദ്ധപറ്റാതെ മുങ്ങിനടക്കുന്നൊരു നേതാവുണ്ട്. മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറാണത്. പൊന്നാനിയിൽ പ്രളയക്കെടുതി രൂക്ഷമായിരിക്കയാണ് സ്ഥലം എംപിയുടെ മുങ്ങൽ എന്നതും ശ്രദ്ധേയമാണ്. ഇടിക്കെതിരെയും കടുത്ത ജനരോഷം ഇരമ്പുന്നുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കൻ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപ്പോഴാണ് രാജു വെറുമൊരു തട്ടിക്കൂട്ട് പരിപാടിക്കായി യാത്ര പോയത്.

മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കെ. രാജു, എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാൽ ഇതിൽ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീർ എംപിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച് ജർമ്മനിയിലേക്കു പറന്നത്. സ്വന്തം മണ്ഡലത്തിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ ശശി തരൂരും ബേണിൽ എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP