Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഭാര്യയുടെ സ്വത്തുമാത്രം വെളിപ്പെടുത്തിയ പിവി അൻവർ ഇക്കുറി മറ്റേ ഭാര്യയുടെ സ്വത്തും പറയേണ്ടി വന്നതോടെ 14 കോടിയുടെ ആസ്തി 65 കോടിയായി; നിലമ്പൂർ എംഎൽഎയെ ഇറക്കി പൊന്നാനിയിലെ ലീഗിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ ഇറങ്ങിയ സ്ഥാനാർത്ഥിയുടെ സ്വത്ത് മൂന്നു കൊല്ലംകൊണ്ട് നാലര ഇരട്ടി കൂടിയത് ചർച്ചയാക്കി ലീഗും കോൺഗ്രസും; കോടീശ്വരനെങ്കിലും കെട്ടിവയ്ക്കാൻ പണം നൽകിയത് പാവം മത്സ്യത്തൊഴിലാളികൾ! ബിസിനസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടെന്നും സത്യവാങ്മൂലം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഭാര്യയുടെ സ്വത്തുമാത്രം വെളിപ്പെടുത്തിയ പിവി അൻവർ ഇക്കുറി മറ്റേ ഭാര്യയുടെ സ്വത്തും പറയേണ്ടി വന്നതോടെ 14 കോടിയുടെ ആസ്തി 65 കോടിയായി; നിലമ്പൂർ എംഎൽഎയെ ഇറക്കി പൊന്നാനിയിലെ ലീഗിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ ഇറങ്ങിയ സ്ഥാനാർത്ഥിയുടെ സ്വത്ത് മൂന്നു കൊല്ലംകൊണ്ട് നാലര ഇരട്ടി കൂടിയത് ചർച്ചയാക്കി ലീഗും കോൺഗ്രസും; കോടീശ്വരനെങ്കിലും കെട്ടിവയ്ക്കാൻ പണം നൽകിയത് പാവം മത്സ്യത്തൊഴിലാളികൾ! ബിസിനസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടെന്നും സത്യവാങ്മൂലം

ജംഷാദ് മലപ്പുറം

മലപ്പുറം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും ചർച്ചയാകുന്ന സ്ഥാനാർത്ഥിത്വമാണ് പൊന്നാനിയിൽ ബഷീറിനെതിരെ സിപിഎം ഇറക്കിയ തുരുപ്പുചീട്ട് പിവി അൻവർ. ലീഗിന്റെ കോട്ടയിൽ ഇടിച്ചുകയറി വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇക്കുറി സിപിഎം നിലമ്പൂർ എംഎൽഎ ആയ പിവി അൻവറിനെ തന്നെ ഗോദയിലിറക്കി സിപിഎം ഒരു വടക്കൻ പയറ്റിന് ഇറങ്ങിയത്. എന്നാൽ വയനാട് രാഹുൽഗാന്ധി സ്ഥാനാർത്ഥി ആയി എത്തുന്നതോടെ, അതിന് പുറമെ പ്രിയങ്കയുടെ സാന്നിധ്യവും കേരളത്തിലെ പ്രചരണ രംഗത്ത് മുൻപ് പ്രതീക്ഷിച്ചിരുന്നതിന് അപ്പുറം ഉണ്ടാകുമെന്നും വന്നതോടെ അൻവറിനെ ജയിപ്പിക്കാൻ ലീഗിന് എതിരെ എന്തുതരം പ്രചരണവും നടത്താൻ ഇറങ്ങിത്തിരിക്കുകയാണ് സിപിഎം.

ഇതിന് വേണ്ടി കഴിഞ്ഞദിവസം ലീഗ് സ്ഥാനാർത്ഥികളേയും ലീഗ് നേതാവ് പാണക്കാട് തങ്ങളേയും പോയിക്കണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ പ്രചരണത്തിന് ഇറങ്ങുന്നതെന്ന നിലയിൽ പ്രചരണം ശക്തമാക്കുകയാണ് പിണറായി ഉൾപ്പെടെ ഈ മേഖലയിൽ പ്രസംഗിക്കുന്ന സിപിഎം നേതാക്കൾ. കഴിഞ്ഞദിവസം ലീഗിനെയും അവരുടെ സഹായം തേടിയെത്തുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളേയും അപകീർത്തിപ്പെടുത്താൻ ഇടതുപക്ഷ കൺവീനർ എ വിജയരാഘവൻ രംഗത്തെത്തിയതും ചർച്ചയായിരുന്നു. ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ യുവ വനിതാ നേതാവ് രമ്യ ഹരിദാസിനേയും വടകരയിൽ മത്സരത്തിന് ഇറങ്ങുന്ന കെ മുരളീധരനെയുമെല്ലാം കളിയാക്കാനാണ് വിജയരാഘവൻ ഈ അവസരങ്ങൾ പ്രയോഗിക്കുന്നത്.

മുൻ കോൺഗ്രസ് നേതാവ് കൂടിയായ പി വി അൻവറിന് പൊന്നാനിയിൽ ലീഗിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ സമാഹരിക്കാനാകും എന്ന നിലയിലാണ് ഇക്കുറി സിറ്റിങ് എംഎൽഎയെത്തന്നെ ബഷീറിനെ നേരിടാൻ പൊന്നാനിയിൽ ഇറക്കിയത്. ലീഗിന്റെ പൊന്നാപുരംകോട്ട പൊളിക്കാൻ ഇറക്കിയ പിവി അൻവറിനെതിരെ പക്ഷേ, കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലത്ത് ഉയർന്ന ആരോപണങ്ങൾ വീണ്ടും ഉയരുകയാണ് ഇപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുവിവരം മറച്ചുവച്ചുവെന്നും രണ്ടുഭാര്യമാരുടെ കാര്യത്തിലെ സ്വത്തുക്കൾ അറിയിക്കാതെ ഒരു ഭാര്യയുടെ മാത്രം സ്വത്തേ വെളിപ്പെടുത്തിയുള്ളൂ എന്നും പറഞ്ഞുള്ള പരാതിയിൽ കഴിഞ്ഞതവണ ഗവർണർ തന്നെ അന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുകയും സർക്കാർ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ സിപിഎം സർക്കാർ തന്നെ ഭരിക്കുന്നതിനിടെ ആ അന്വേഷണം ശരിക്കും മുക്കി.

മൂന്നുകൊല്ലംകൊണ്ട് 14 കോടി 65 കോടിയായ മാജിക്!

ഏതായാലും മൂന്നുകൊല്ലത്തിന് ശേഷം വീണ്ടും സ്ഥാനാർത്ഥിയാകുകയാണ് നിലമ്പൂരിലെ സിറ്റിങ് എംഎൽഎ കൂടിയായ അൻവർ. ഇതോടെ പുതിയ സ്വത്തുവിവരം വെളിപ്പെടുത്തേണ്ടിയും വന്നു. ഞെട്ടിക്കുന്നതാണ് പിവി അൻവറിന്റെ സ്വത്തിന്റെ വളർച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് അൻവർ എന്നാണ് പുതിയ സ്വത്തുവിവരങ്ങളിൽ വ്യക്തമാകുന്നത്. സ്വന്തംപേരിൽ 49.94 കോടിയുടേയും രണ്ടുഭാര്യമാരുടെ പേരിലുള്ളതടക്കം 65കോടിയുടെയും സ്വത്താണ് അൻവറിനുള്ളത്. ഭാര്യമാർക്ക് മറ്റുവരുമാന മാർഗങ്ങളൊന്നുമില്ല, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ 14.38 കോടിയുടെ ആസ്തിയുള്ളതായാണ് പറഞ്ഞിരുന്നത്. അന്ന് ഒരു ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്തിയില്ലെന്ന ആക്ഷേപം ഉയർന്നു. എന്നാൽ രണ്ടു ഭാര്യമാരുടെ സ്വത്തുകൾ അടക്കം അൻവറിന്റെ സ്വത്തിൽ നാലര ഇരട്ടിയോളം വർധനവുണ്ടായതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇത്തവണ 40.59ലക്ഷംരൂപയുടെ വരുമാനം നഷ്ടമുള്ളതായും ചൂണ്ടിക്കാട്ടുന്നു. 2016ൽ ഒരു വർഷം 4.63ലക്ഷം രൂപ വരുമാനമുണ്ടായിരുന്നിടത്താണ് ഇപ്പോൾ വരുമാന നഷ്ടമാണെന്ന് കാണിക്കുന്നത്. 34.38 കോടിയുടെ സ്വയാർജ്ജിത ആസ്തികളാണ് അൻവറിന്റേത്, 15.56 കോടിയുടെ ജംഗമ ആസ്തികളുമുണ്ട്. പത്രികാ സമർപ്പണത്തിലെ കണക്കുകൾ പ്രകാരമാണിത്. സ്ഥാവര വസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചു.

ഒരുകോടി രൂപയുടെ ആസ്തികളാണ് പിന്തുടർച്ചയായി ലഭിച്ചിട്ടുള്ളത്. അൻവറിന്റെ രണ്ട് ഭാര്യമാരുടെ പേരിൽ 14.37 കോടിയുടെ ആസ്തികളാണുള്ളത്. 68.34 ലക്ഷത്തിന്റെ ജംഗമ വസ്തുക്കൾ. രണ്ടുപേർക്കുമായി 76.80 ലക്ഷം രൂപ വില വരുന്ന 2,400 ഗ്രാം സ്വർണമുണ്ട്. മൂന്ന് മക്കളുടെ പേരിലായി രണ്ടര ലക്ഷത്തിന്റെ ജംഗമ വസ്തുക്കൾ. അൻവറിന്റെ പേരിൽ കർണ്ണാടകയിലടക്കം വിവിധയിടങ്ങളിലായി ഭൂമിയുണ്ട്.

മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 2.39 കോടിയും മഞ്ചേരി ആക്സിസ് ബാങ്കിൽ നിന്ന് ഒരുകോടിയും ഗ്രീൻ ഇന്ത്യ ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ 56.54 ലക്ഷവുമടക്കം 3.96 കോടി രൂപയുടെ വായ്‌പ്പയെടുത്തിട്ടുണ്ട്. 2016 മോഡൽ ടയോട്ട ഇന്നോവ, ടാറ്റ എയ്സ്, ഐഷർ ടിപ്പർ, മഹീന്ദ്ര ബൊലേറോ എന്നീ വാഹനങ്ങളുണ്ട്. തന്റെ കമ്പനിയായ പിവീസ് റിയൽ എസ്റ്റേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഗ്രീൻ ഇന്ത്യ ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ 60,000 രൂപയും എടവണ്ണ നായനാർ മെമോറിയൽ സഹകരണ ആശുപത്രിയിൽ ഒരുലക്ഷത്തിന്റെയും നിക്ഷേപം.

വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അൻവറിനും ജീവിതപങ്കാളികൾക്ക് 1.34 ലക്ഷവുമുണ്ട്. 2017 -18 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണിൽ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചെന്നതിന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ അൻവറിനെതിരെ പരാതിയുണ്ട്. സംഭവത്തിൽ അൻവറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

കോടീശ്വരന് കെട്ടിവയ്ക്കാൻ പണം മത്സ്യത്തൊഴിലാളി വക

ജില്ലാ വരണാധികാരിയും കലക്ടറുമായ അമിത് മീണക്ക് മുൻപാകെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പത്രിക സമർപ്പിച്ചത്. എൽ ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് പത്രികാ സമർപ്പണത്തിന് കലക്ടറേറ്റിൽ എത്തിയത്. കെ പി ജൈസലിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളാണ് സ്ഥാനാർത്ഥിക്ക് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത്. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മുതിർന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി, അജിതുകൊളാടി, പി നന്ദകുമാർ, പി പി വാസുദേവൻ, ഇ എൻ മോഹൻദാസ്, മാത്യു സെബാസ്റ്റ്യൻ, മുഹമ്മദ് ഷാ, സബാഹ് പുൽപറ്റ, അബ്ദുഹാജി, ശിവശങ്കരൻ, വി അബ്ദു റഹ്മാൻ എംഎൽഎ, തുടങ്ങിയ നേതാക്കൾക്കൊപ്പമായിരുന്നു പത്രികാ സമർപ്പണം.

ഇതോടൊപ്പം പാവപ്പെട്ട തൊഴിലാളികളിൽ നിന്നും ഗ്രാമീണരിൽ നിന്നും ഫണ്ടു ശേഖരണവും സംഭാവന സ്വീകരിക്കലും നടക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ വിജയത്തിനും ആശീർവാദത്തിനും പാവങ്ങളും കൂടെയുണ്ടെന്ന് കാണിക്കാൻ നെല്ലുൾപ്പെടെ സംഭാവനയായി വാങ്ങുന്നതും സ്വീകരണം നൽകുന്നതുമായ ചിത്രങ്ങളും പുറത്തുവരുന്നു. ഏതായാലും കോടീശ്വരന്മാർക്കൊപ്പവും കോർപ്പറേറ്റുകൾക്ക് ഒപ്പവുമല്ല മറിച്ച് പാവങ്ങൾക്ക് ഒപ്പമാണ് സിപിഎം എന്ന് പ്രചരണങ്ങളിൽ പറയുമ്പോഴും കോടീശ്വരനായ പിവി അൻവറിന് വേണ്ടി പൊന്നാനിയിൽ നടത്തുന്ന നാടകങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ് തിരഞ്ഞെടുപ്പ് വേദികളിലും സോഷ്യൽ മീഡിയയിലും.

രണ്ടുഭാര്യമാരുടെ കാര്യം മറച്ചുവച്ചതിൽ അന്വേഷണം

തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്ന തരത്തിൽ സ്വത്ത് വിവരങ്ങൾ നൽകിയതിന് പിന്നാലെ ആശ്രിതരുടെ പേരിലുള്ള സ്വത്ത് വിവരങ്ങളും പി വി അൻവർ എംഎൽ എ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ച് വെച്ചു എന്ന ആക്ഷേപമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്നത്. രണ്ട് ഭാര്യമാരുണ്ടെന്നിരിക്കേ ഒരാളുടെ പേരിലുള്ള സ്വത്ത് വിവരങ്ങൾ മാത്രമാണ് സത്യവാങ്മൂലത്തിൽ അന്ന് സമർപ്പിച്ചത്. പി വി ആർ പാർക്കിൽ പങ്കാളിത്തമുള്ള രണ്ടാമത്തെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ മൽസരിച്ച എല്ലാ തെരഞ്ഞെടുപ്പിൽ നിന്നും എംഎൽഎ മറച്ച് വെച്ചു.

മൂന്ന് തവണ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ നൽകിയ രേഖകളിൽ ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് പി വി അൻവർ എംഎൽഎ കാണിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ 455-ാം നമ്പർ വോട്ടറായ ഷീജയാണ് ഭാര്യയെന്ന് തെരഞ്ഞെടുപ്പ് രേഖകളിൽ നിന്ന് വ്യക്തം. എന്നാൽ രണ്ടായിരത്തി പതിനേഴിൽ പിവിആർ പാർക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എത്തിയ ഒരു കേസിൽ അൻവർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ കഥ മാറും. താനും ഭാര്യ ഹഫ്‌സത്തും മാത്രമാണ് പി വി ആർ പാർക്കിന്റെ മാനേജിങ് പാർട്ട്‌നർമാർ എന്നായിരുന്നു സത്യവാങ്മൂലം. അതായത് രണ്ട് ഭാര്യമാർ ഉണ്ടന്ന് വിവിധ രേഖകളിൽ പി.വി.അൻവർ എംഎൽഎ തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ മൽസരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഒരു ഭാര്യയുടെ സ്വത്ത് വിവരം മാത്രമാണ് എംഎൽഎ വെളിപ്പെടുത്തിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പിവി ആർ പാർക്കിന്റെ അവകാശികൾ താനും ഭാര്യയുമാണെന്ന് അവകാശപ്പെടുന്ന അൻവർ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ളത് കാർഷിക ഭൂമി മാത്രമാണെന്ന് അവകാശപ്പെടുന്നു. പിവിആർ പാർക്കിൽ ഓഹരിയുള്ള രണ്ടാമത്തെ ഭാര്യയുടെ വിവരങ്ങളല്ല ഒരു തെരഞ്ഞെടുപ്പിലും സമർപ്പിച്ചത്.

ഒതുങ്ങിപ്പോയ ഒരു സ്വത്തന്വേഷണ കേസ്

ഗവർണർക്ക് നൽകിയ പരാതിയെ തുടർന്ന് ഈ വിഷയത്തിൽ 2017 ഡിസംബറിൽ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ സ്വന്തം എംഎൽഎയ്‌ക്കെതിരെ അന്വേഷമൊന്നും നടത്താതെ പിന്നീട് കേസ് ഒതുങ്ങി. സ്വത്ത് വിവരങ്ങൾ മറച്ചുവച്ച അൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

പി.വി. അൻവർ എംഎൽഎക്കെതിരെ ഗവർണർക്ക് കിട്ടിയ പരാതിയിലായിരുന്നു നടപടി. രണ്ടാം ഭാര്യയുടെ സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അൻവർ മറച്ചുവച്ചതും വരുമാനവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേടും ചൂണ്ടിക്കാട്ടി ആയിരുന്നു പരാതി. കക്കാടംപൊയിലിലെ പാർക്കിൽ അൻവറിന്റെ ഭാര്യ ഹഫ്‌സത്ത് മാനേജിങ് പാർട്ണറാണെന്നും പാർക്ക് നിൽക്കുന്ന ഭൂമിയുടെ നാൽപ്പത് ശതമാനത്തിന്റെ അവകാശവും ഇവർക്കാണെന്നും എന്നാൽ ഇതൊന്നും സത്യവാങ്മൂലത്തിൽ ഇല്ലയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാല് ലക്ഷം രൂപയാണ് വാർഷിക വരുമാനം.

എന്നാൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും അൻവറിന്റെ പേരിലുണ്ട്. മൂന്ന് കമ്പനികളുടെ ഡയറക്ടറുമാണ്. എന്നാൽ ഇതേക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കമ്മീഷന് നൽകിയിട്ടില്ലെന്നും പരാതിയിൽ ആക്ഷേപിച്ചിരുന്നു. മലപ്പുറത്തെ വിവരാവകാശ പ്രവർത്തകർ നൽകിയ പരാതി, നടപടിക്ക് ശുപാർശ ചെയ്ത് ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തത്. പക്ഷേ, പിന്നീട് ഈ വിഷയത്തിൽ അന്വേഷവും ഉണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP