Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ആർമിയെയും അസിം പ്രേംജിയെയും തോൽപ്പിച്ച് കേരളത്തിലെ ഒരു പൊലീസുകാരൻ 'പേഴ്‌സൺ ഓഫ്ദി ഇയർ' ആവുമോ? കല്ലുവെട്ടിയും മണ്ണുചുമന്നും ഐപിഎസ് നേടി ഇന്ത്യ മുഴുവൻ മാതൃക സൃഷ്ടിച്ചിട്ടും മലയാളി അറിയാതെ പോയ ഡിഐജി വിജയന്റെ കഥ

ഇന്ത്യൻ ആർമിയെയും അസിം പ്രേംജിയെയും തോൽപ്പിച്ച് കേരളത്തിലെ ഒരു പൊലീസുകാരൻ 'പേഴ്‌സൺ ഓഫ്ദി ഇയർ' ആവുമോ? കല്ലുവെട്ടിയും മണ്ണുചുമന്നും ഐപിഎസ് നേടി ഇന്ത്യ മുഴുവൻ മാതൃക സൃഷ്ടിച്ചിട്ടും മലയാളി അറിയാതെ പോയ ഡിഐജി വിജയന്റെ കഥ

ആവണി ഗോപാൽ

തിരുവനന്തപുരം: പി വിജയൻ എന്ന് പറഞ്ഞാൽ കേരളത്തിലെ എത്രപേർ അറിയും? കേരളത്തിൽ ജോലി ചെയ്യുന്ന ഐപിഎസുകാരിൽ ഭൂരിപക്ഷം പേരുടെയും പേരുകൾ മലയാളികൾക്ക് വശമാണെങ്കിൽ കൂടി പി വിജയൻ എന്ന ഡിഐജിയുടെ പേര് അത്രമേൽ പരിചിതമായിരിക്കില്ല. കാരണം പ്രസ്താവനയുദ്ധം നടത്തിയും വിവാദങ്ങൾ ഉണ്ടാക്കിയും പേരെടുക്കുന്ന ഓഫീസർമാരിൽ പെടില്ല വിജയൻ. പക്ഷേ, ഇന്ത്യ മുഴുവൻ ഇപ്പോൾ പിന്തുടരുന്ന മാതൃകാപരമായ ഒട്ടേറെ പദ്ധതികളുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം. കല്ലുവെട്ടിയും മണ്ണ് ചുമന്നും ഐപിഎസിന്റെ പടികയറിയ ഈ പൊലീസുകാരെ ആദരിക്കാൻ ഇപ്പോൾ ഒരുങ്ങുന്നത് പ്രധാന ദേശീയ മാദ്ധ്യമമായ ഐബിഎൻ-സിഎൻഎൻ ചാനലാണ്. ഈ വർഷത്തെ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഈ ഐപിഎസ് ഓഫീസറുടെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.

വർഷാവസാനം ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന പുരസ്‌ക്കാരങ്ങളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന അവാർഡാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം. ഇന്ത്യയിലെ വിവിധ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി നൽകുന്ന പുരസ്‌ക്കാരം അർത്ഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാൻ ഇ ശ്രീധരൻ സ്വന്തമാക്കിയിട്ടുള്ള പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം മറ്റൊരു മലയാളി കേരളക്കരയിലേക്ക് കൊണ്ടുവരുമോ എന്നാണ് ഇനി അറിയാനുള്ളത്. കേരളാ ആംഡ് പൊലീസ് ഡിഐജി പി വിജയനാണ് ഇത്തവണ സിഎൻഎൻ-ഐബിഎൻ പുരസ്‌ക്കാരത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന സുപ്രധാന മലയാളി വ്യക്തിത്വം. അവാർഡിന്റെ രാഷ്ട്രീയ വിഭാഗത്തിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ഈടംപിടിച്ചിട്ടുണ്ട്.

ആറ് വിഭാഗങ്ങളിലായാണ് ചാനൽ പുരസ്‌ക്കാരം നൽകുന്നത്. ഇതിൽ രാഷ്ട്രീയക്കാരുടെ പട്ടികയിൽ ശശി തരൂർ ഇടംപിടിച്ചപ്പോൾ പബ്ലിക് സർവീസ് സെക്ടറിൽ ഇടംപിടിച്ചിരിക്കുന്നത് രണ്ട് മലയാളികളുടെ കൂട്ടത്തിലാണ് പി വിജയൻ ഐപിഎസിന്റെ സ്ഥാനം. ഡോ. എം ആർ രാജഗോപാലാണ് ചാനൻ അവാർഡിനായി പരിഗണിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. പബ്ലിക് സെക്ടർ വിഭാഗത്തിലാണ് ഇവർ രണ്ടുപേരും ഇടംപിടിച്ചത്. പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന രാജഗോപാൽ ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയ വ്യക്തിയാണ് താനും. പബ്ലിക് സർവീസ് വിഭാഗത്തിൽ ഇവർ രണ്ട് പേർക്ക് പുറമേ വിപ്രോ ചെയർമാൻ അസിം പ്രേംജി, ഇന്ത്യൻ ആർമി, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, മാദ്ധ്യമപ്രവർത്തക തോങ്കം റിന എന്നിവരും ഇടം പിടിച്ചു.

ബഹുമുഖ പ്രതിഭയായ ശശി തരൂർ പോലും രാഷ്ട്രീയക്കാരുടെ പട്ടികയിൽ മാത്രമാണ് നോമിനേഷൻ ലഭിച്ചതെന്നിരിക്കെ രണ്ട് വിഭാഗത്തിലായി മുന്നേറുകയാണ് പി വിജയൻ എന്ന ലാളിത്യം നിറഞ്ഞ ഐപിഎസ് ഓഫീസർ. പബ്ലിക് സർവീസ് സെക്ടർ വിഭാഗത്തിൽ മുൻനിരയിൽ ഇടംപിടിച്ചിട്ടുള്ള അദ്ദേഹം പേഴ്‌സൺ ഓഫ് ദ ഇയർ അവാർഡിന്റെ പ്രേക്ഷക വോട്ടെടുപ്പിലും മുൻപന്തിയിലാണ്. ഇന്ത്യൻ ആർമിയെയും പ്രേംജിയെയും തോൽപ്പിച്ച് വിജയപീഠത്തിൽ എത്തുമോ ഐപിഎസ് ഓഫീസർ എന്നിറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അടക്കം ലോകത്തിന് മാതൃകയായ മാറ്റങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ച ഉദ്യോഗസ്ഥന് ലഭിച്ച അംഗീകാരമായാണ് അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചുവെന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയൻ ദീർഘമായ തന്റെ പൊലീസ് ജീവിതത്തിൽ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് വിജയനെ അവാർഡിനായി ചാനൽ പരിഗണിച്ചത്.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പി വിജയന്റേത്. കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കികുപ്പായത്തിൽ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്.

കുടുംബത്തിലെ സാഹചര്യങ്ങളാൽ പത്താംക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ട ഘട്ടം വരെയുണ്ടായി വിജയന്റെ ജീവിതത്തിൽ. എന്നാൽ ഇത് എന്റെ വിധി എന്ന് പറഞ്ഞിരിക്കാൻ അദ്ദേഹം തയ്യാറായില്ല. പോരാളിയുടെ മനസിന് ഉടമയായ അദ്ദേഹം തൊഴിലെടുത്ത് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി. അധ്വാനത്തിന്റെ മഹത്വം അറിഞ്ഞുകൊണ്ട് തന്നെ ഉന്നത ബിരുദങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1999 ബാച്ചിൽ ഐപിഎസ് ഉദ്യോഗസ്ഥനായി മാറിയ പി വിജയൻ കേരളത്തിലെ സുപ്രധാന നഗരങ്ങളിലെ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം വഹിച്ചിട്ടുണ്ട്.

തൊഴിൽപരമായ കടമൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന് തന്നെ മാതൃകയായ 14 പദ്ധതികളുടെ അമരക്കാരനാകാൻ വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. രാജ്യത്തോട് കടമയുള്ള, നിയമപരിജ്ഞാനമുള്ള പുതുതലമുറയെ വാർത്തെടുക്കാനായി തുടങ്ങിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പ്രശസ്തി കടൽകടക്കുകയുണ്ടായി. 2006 ൽ കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റിഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇന്ന് 32,000ത്തോളം വിദ്യാർത്ഥികൾ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂർത്തിയാക്കി. 2,000ത്തോളം പേർ ഇപ്പോൾ പരിശീലനത്തിലുമാണ്.

കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങലിലേക്കും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തും, മഹാരാഷ്ട്രയും, ഒഡീഷയും വിജയൻ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പാതയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്. കൂടാതെ ഘാന, ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളും കേരളാ പൊലീസിന്റെ ഈ മാതൃകയെ കടമെടത്തിരിക്കയാണ്. ഈ പദ്ധതിയുടെ നേട്ടം ശ്രദ്ധയിൽപ്പെട്ട് അദ്ദേഹത്തെ അമേരിക്ക ഫെലോഷിപ്പ് നൽകുകയുണ്ടായി. രണ്ടാഴ്‌ച്ച അമേരിക്കയിൽ പരിശീലനത്തിനായും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.

ഇത് കൂടാതെ കുട്ടികളിലെ അക്രമവാസന അവസാനിപ്പിക്കാനും മിടുക്കന്മാരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനുമായി ആവിഷ്‌ക്കരിച്ച പ്രത്യേക പദ്ധതിയുടെ ആസൂത്രകനും പി വിജയൻ ആയിരുന്നു. 'ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ' എന്ന പദ്ധതിയും ഏറെ കൈയടികൾ നേടിയിരുന്നു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനം ഏർപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥന്റെ മിടുക്കായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കേയായിരുന്നു ഈ സംവിധാനം തുടങ്ങിയത്.

സർക്കാർ ഏറ്റെടുത്ത പദ്ധതികൾക്ക് പുറമേ സുഹൃത്തുക്കളുടെ നേതൃത്വത്തിലും കുട്ടികൾക്ക് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിരുന്നു. നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന പദ്ധതി വഴി മിടുക്കരായ 5000ത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കിയിരുന്നു. കായിക മേഖലയിലും കൈയൊപ്പ് പതിപ്പിക്കാൻ പി വിജയൻ ഐപിഎസിന് സാധിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന പദ്ധതി തുടങ്ങാനും അദ്ദേഹത്തിന് സാധിച്ചു.

ശബരിമലയിൽ സ്‌പെഷ്യൽ ഓഫീസറായിരുന്ന വേളയിലും തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച പരിപാടി സംഘടിപ്പിക്കാൻ വിജയന് സാധിച്ചു. പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പോലും പ്രശംസിച്ചത് ഈ ഉദ്യോഗസ്ഥന്റെ ആത്മാർത്ഥയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളുമായും സജീവ രംഗത്തുണ്ട് അദ്ദേഹമിപ്പോൾ. ക്ലീൻ ക്യാംപ്‌സ് ആൻഡ് സേഫ് ക്യാംപസ് പരിപാടികളുമെല്ലാം വിജയൻ ഐപിഎസിന്റെ സംഭാവനയായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഇടതുമുന്നണി സർക്കാർ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പി വിജയന്റെ നേതൃപാഠവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പതിനായിരങ്ങൾ അണിനിരന്ന സമരത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശംസ നേടിക്കൊണ്ടാണ് പൊലീസിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെയും സമരക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ വിജയൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് സാധിച്ചിരുന്നു.

ഇങ്ങനെ വിജയൻ ഐപിഎസിന്റ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ ഐബിഎൻ ചാനലിന്റെ 'പേഴ്‌സൺ ഓഫ് ദ ഇയർ' അവാർഡിനായി പരിഗണിക്കപ്പെട്ട സംഭവം. പബ്ലിക് സർവീസ് വിഭാഗത്തിൽ പ്രേക്ഷക വോട്ടിംഗിൽ രണ്ടാംസ്ഥാനത്താണ് വിജയൻ ഐപിഎസ് ഇപ്പോൾ. എന്നാൽ ദേശീയ തലത്തിലെ സുപ്രധാന ചാനൽ നൽകുന്ന പുരസ്‌ക്കാരത്തിന്റെ പട്ടികയിൽ ഇടംപിടിച്ചെങ്കിലും അദ്ദേഹം തന്റെ നേട്ടം കേരളാ പൊലീസിനാണ് സമർപ്പിക്കുന്നത്.

ദേശീയ തലത്തിൽ ഇങ്ങനെയൊരു പുരസ്‌ക്കാരത്തിനായി പരിഗണിക്കപ്പെട്ടത് വലിയ കാര്യമാണെന്നാണ് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളാ പൊലീസിന് ലഭിച്ച അംഗീകാരമായാണ് ഞാൻ ഇനിതെ കാണുന്നത്. കേരളത്തിലെ പൊലീസ് സംവിധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും മുന്നിലാണ്. ഈ നേട്ടത്തെ കൂടുതൽ മെപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. കൂടതൽ ജനസൗഹൃദമായ നിലപാടുകളുമായി മുന്നോട്ടുപോയാൽ പൊലീസിന് ഇനിയും കുറേക്കൂടി മെച്ചപ്പെടാൻ സാധിക്കും- അദ്ദേഹം പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥയായ എം ബീനയാണ് പി വിജയൻ ഐപിഎസിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP