Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങളുമായി വയൽ നികത്താൻ മാഫിയകൾക്ക് യാതൊരു പ്രശ്‌നവുമില്ല; പാവപ്പെട്ടവന് വീട് വെക്കാൻ നിലം നികത്തിയാൽ കൊടിയ അപരാധനം; നെൽവയൽ സംരക്ഷിക്കാൻ ഡേറ്റാ ബാങ്കുണ്ടാക്കിയപ്പോൾ തെറ്റായ നിർവചനം മൂലം ആയിരക്കണക്കിന് പേർ ദുരിതത്തിൽ

ലക്ഷങ്ങളുമായി വയൽ നികത്താൻ മാഫിയകൾക്ക് യാതൊരു പ്രശ്‌നവുമില്ല; പാവപ്പെട്ടവന് വീട് വെക്കാൻ നിലം നികത്തിയാൽ കൊടിയ അപരാധനം; നെൽവയൽ സംരക്ഷിക്കാൻ ഡേറ്റാ ബാങ്കുണ്ടാക്കിയപ്പോൾ തെറ്റായ നിർവചനം മൂലം ആയിരക്കണക്കിന് പേർ ദുരിതത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നെൽവയലുകൾ സംരക്ഷിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഡേറ്റാ ബാങ്ക് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നു. വയൽ നികത്തുന്നവന് ഡേറ്റാ ബാങ്കൊന്നും ബാധകമല്ല. മുൻപ് വച്ച വീട് പുതുക്കിപ്പണിയുന്നതിനും പുതുതായി വയ്ക്കാനും ചെല്ലുന്ന സാധാരണക്കാർക്ക് മുന്നിൽ ഡേറ്റാ ബാങ്കിന്റെ പേര് പറഞ്ഞ് വാതിൽ കൊട്ടിയടയ്ക്കുകയാണ് അധികൃതർ. സാധാരണക്കാരോട് നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വഴിമുടക്കുന്ന ഇക്കൂട്ടർ പക്ഷേ, ലക്ഷങ്ങളുമായി വയൽ നികത്താൻ വരുന്ന മാഫിയയകൾക്ക് മുന്നിൽ വാതിലുകൾ മലർക്കെ തുറന്നിടുന്നു. ഡേറ്റാ ബാങ്കിന്റെ തെറ്റായ നിർവചനം മൂലം സംസ്ഥാനത്ത് ആകമാനം ആയിരക്കണക്കിന് ആൾക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

നെൽവയലുകളുടെ വിസ്തൃതി കുറയുന്നത് ഒഴിവാക്കാനാണ് കഴിഞ്ഞ സർക്കാർ ഡേറ്റാബാങ്ക് കൊണ്ടുവന്നത്. ഇതിന്റെ നിർവചനം ശരിയായ രീതിയിൽ പിടികിട്ടാത്തത് കാരണം പുതിയ വീട് വയ്ക്കാനോ, വച്ചത് പുതുക്കിപ്പണിയാനോ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഡേറ്റാബാങ്ക് നടപ്പിലാക്കിത്തുടങ്ങിയപ്പോൾ തന്നെ ആശയക്കുഴപ്പവും ആരംഭിച്ചിരുന്നു.

പല പുരയിടങ്ങളും നിലം (നെൽവയൽ) എന്നാണ് ഡേറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സർക്കാർ ജനങ്ങൾക്ക് വീടുവയ്ക്കാൻ നിയമത്തിൽ ചില ഭേദഗതി വരുത്തി ഉത്തരവിറക്കി. നിലമെന്ന് രേഖകളിൽ കാണുന്ന പുരയിടങ്ങളിൽ തലമുറകളായി വീട് വച്ച് താമസിച്ചുവരികയാണ് പലരും. രേഖകളിലെ പിഴവ് മൂലം സ്വന്തം സ്ഥലം തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണിപ്പോഴിവർ.

ഈ ഭൂമിയിൽ വീട് വയ്ക്കുന്നതിനും അറ്റകുറ്റപ്പണിക്കും അനുവാദം നൽകാൻ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവരടങ്ങുന്ന സമിതിക്ക് സർക്കാർ മുൻപ് അനുമതി നൽകിയിരുന്നു. ഇത് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയതോടെ വർഷങ്ങൾക്ക് മുൻപ് വീട് വച്ച് താമസം തുടങ്ങിയവർക്ക് പോലും അറ്റകുറ്റപ്പണി നടത്താൻ കഴിയാതായി. റവന്യൂ രേഖകളിലും നിലവിലെ ഡേറ്റാ ബാങ്കിലും ഉള്ള അപാകതകളാണ് ജനങ്ങളെയും ചെറുകിട കർഷകരേയും ഏറെ ബുദ്ധിമുട്ടിക്കുന്നത്. പല പഞ്ചായത്തുകളിലും പ്രശ്‌നം പരിഹരിക്കാനാവാതെ ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മടുത്തു. ഉദ്യോഗസ്ഥരാകട്ടെ വ്യക്തമായ നിലപാട് സ്വീകരിക്കാതെ നാട്ടുകാരോട് കൈ മലർത്തുന്നു. ഇതേസമയം പഞ്ചായത്തിന്റെ മുൻകൂർ അനുമതി വാങ്ങി വീട് വച്ചവർക്കാവട്ടെ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല. വൈദ്യുതിയടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്ക് കെട്ടിട നമ്പർ അത്യാവശ്യമാണ്.

വിവിധ പഞ്ചായത്തുകളിൽ നൂറുകണക്കിന് കർഷകരുടെയും, തുണ്ടുഭൂമികൾ ഉള്ളവരുടെയും അപേക്ഷകളിൽ തീരുമാനം വൈകുകയാണ്. ഇതു കാരണം അപേക്ഷകൾ കെട്ടിക്കിടക്കുകയും ചെയ്യുന്നു. സമാന സ്ഥിതി രൂക്ഷമായതോടെ ജനങ്ങൾ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും ഡേറ്റാ ബാങ്കിലെയും റവന്യൂ രേഖകളിലേയും തെറ്റുകൾ തിരുത്താൻ യാതൊരു നടപടികളും ബന്ധപ്പെട്ടവർ നടത്തുന്നില്ല. നഗരസഭകളിലേയും, പഞ്ചായത്തുകളിലേയും നഗര വികസന മാസ്റ്റർ പ്ലാനുകളും താമസ മേഖലകളും മറ്റും പ്രായോഗികമായി പുനർ ക്രമീകരിക്കുന്നതിൽ വലിയ പിഴവാണ് സംഭവിക്കുന്നത്. ആധുനിക സംവിധാനങ്ങളും സാറ്റലെറ്റ് സർവേകളും നടത്തി ഈ പിഴവുകൾ പരിഹരിച്ച് നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാരും റവന്യൂ വകുപ്പും അടിയന്തിര നടപടിയെടുക്കുന്നില്ലങ്കിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതി വർധിക്കാൻ ഇടയാകും.

ഡേറ്റാ ബാങ്കിലുള്ള വയലുകളാണ് വൻകിടക്കാർ നികത്തുന്നത്. പച്ചമണ്ണ് അടിച്ച് നികത്തുന്നതിന് പിറ്റേന്ന് തന്നെ ഇവിടെ കുലച്ച തെങ്ങും വാഴയും വട്ടയും വന്മരങ്ങളുമൊക്കെ ജെസിബി ഉപയോഗിച്ച് പിഴുതു കൊണ്ടു വന്ന് നടും. ഒരാഴ്ചയ്ക്കുള്ളിൽ റവന്യൂ രേഖകളിൽ ഈ നിലം പുരയിടമാകും. രണ്ടാമത്തെ ആഴ്ച ഇവിടെ പൈലിങ്ങ് തുടങ്ങും. ഒരു വർഷത്തിനുള്ളിൽ ഇവിടെ വമ്പൻ കെട്ടിടം ഉയരുകയും ചെയ്യും. പാവപ്പെട്ടവൻ സർക്കാർ ഓഫീസ്് കയറി മടുക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP