Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറുപതുകളിൽ നായ്ക്കുരണപ്പൊടി; മാതമംഗലത്തെ ടാർ പ്രയോഗവും കരിഓയിലും ലൂയി കുറിയയുടെ കണ്ണിലെ ആസിഡ് പ്രയോഗവും; രാഷ്ട്രീയ എതിരാളികൾക്കെതിരെ പുതിയ ആയുധമായി പെയിന്റും; തലശ്ശേരിയിലെ വീട്ടമ്മക്കു നേരെ പെയിന്റൊഴിച്ച് തുടക്കമിട്ടു; കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇനി പുതിയ രീതി; എരഞ്ഞോളി പാലത്തെ ബിജെപി-സിപിഎം സംഘർഷം ചർച്ചയാകുമ്പോൾ

അറുപതുകളിൽ നായ്ക്കുരണപ്പൊടി; മാതമംഗലത്തെ ടാർ പ്രയോഗവും കരിഓയിലും ലൂയി കുറിയയുടെ കണ്ണിലെ ആസിഡ് പ്രയോഗവും; രാഷ്ട്രീയ എതിരാളികൾക്കെതിരെ പുതിയ ആയുധമായി പെയിന്റും; തലശ്ശേരിയിലെ വീട്ടമ്മക്കു നേരെ പെയിന്റൊഴിച്ച് തുടക്കമിട്ടു; കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇനി പുതിയ രീതി; എരഞ്ഞോളി പാലത്തെ ബിജെപി-സിപിഎം സംഘർഷം ചർച്ചയാകുമ്പോൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് ഇനി പുതിയ രീതി. എതിരാളികളെ അക്രമിക്കാനും ഭയപ്പെടുത്താനും പതിവ് രീതി വിട്ട് പെയിന്റ് ഒഴിച്ച് അപമാനിക്കുന്ന രീതി തലശ്ശേരിയിൽ ഇന്നലെ തുടക്കമിട്ടു. അതും ഒരു വീട്ടമ്മയുടെ നേരെ. 60 കളിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് എതിരാളികൾക്കു നേരെ നായ്ക്കുരണപ്പൊടിയായിരുന്നു പ്രയോഗിച്ച് പോന്നിരുന്നത്. അക്കാലത്തെ പൊതു പണിമുടക്കുകളിലും ബന്ദുകളിലും നായ്ക്കുരണപ്പൊടിയുടെ സാന്നിധ്യം സജീവമായിരുന്നു. കയ്യാങ്കളിയും കൊലപാതകങ്ങളും അരങ്ങേറുമ്പോഴും രാഷ്ട്രീയ എതിരാളികൾക്കു നേരെ നായ്ക്കുരണപ്പൊടി പ്രയോഗം തുടർന്നു. ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇത് പ്രയോഗിക്കപ്പെടുന്നു. എന്നാൽ ന്യൂജൻ അക്രമങ്ങളിൽ നായ്ക്കുരണപ്പെടിക്ക് സ്ഥാനമില്ല.

1969 ലെ കോൺഗ്രസ്സിലെ പിളർപ്പോടെ ടാറും കരിയോയിൽ പ്രയോഗവുമായിരുന്നു ഇരുപക്ഷവും ഉപയോഗിച്ചത്. അക്കാലത്ത് പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന മാതമംഗലം കുഞ്ഞികൃഷ്ണന് നേരെ ടാർ പ്രയോഗം നടത്തിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പാർട്ടി ഓഫീസിന് നേരെയുള്ള അക്രമങ്ങളും കൊടിമരം തകർക്കലും ഒക്കെ പതിവായിരുന്നെങ്കിലും അക്കാലത്ത് ഏത് ആശയക്കാർ നടത്തുന്ന വായനശാലകളും സുരക്ഷിതമായിരുന്നു. എന്നാൽ 70 കളോടെ അതിലും മാറ്റം വന്നു. ഓരോ പ്രദേശത്തും പാർട്ടി അനുഭാവികൾ നടത്തുന്ന വായനശാലകൾക്ക് നേരെ പ്രത്യക്ഷ രാഷ്ട്രീയം ബന്ധപ്പെടുത്തി അക്രമങ്ങൾ അരങ്ങേറി. വായനശാലകൾ തകർക്കലും തീവെക്കലും ഇന്നും തുരുന്നു.

ടാറും കരിയോയിലും പ്രയോഗിക്കുന്ന പതിവ് എം.ജി.ഒ. അദ്ധ്യാപക സമരം നടക്കുന്ന കാലത്തും നടന്നു. സമാനമായി നായ്ക്കുരണ പൊടിയും. സമരത്തിൽ പങ്കെടുക്കാത്തവർക്കു നേരെ അത് വനിതകളായാൽ പോലും ഇത് പ്രയോഗിക്കപ്പെട്ടിരുന്നു. ചെറിയ കാലത്ത് ആസിഡ് പ്രയോഗവും നടന്നു. ലൂയി കുറിയ എന്ന ഒരു പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറുടെ കണ്ണിലായിരുന്നു ആസിഡ് ഒഴിച്ചത്. എന്നാൽ പിന്നീട് ആസിഡ് പ്രയോഗത്തിൽ നിന്നും രാഷ്ട്രീയക്കാർ പിൻതിരിയുകയായിരുന്നു. സഹകരണ സംഘം ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും നായ്ക്കുരണ പൊടി അടുത്ത കാലം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.

കാലം മാറിയപ്പോൾ ആയുധങ്ങളിലും മാറ്റം പ്രകടമായി. കൊല്ലും കൊലയും സമാന്തരമായി അരങ്ങേറുമ്പോഴും എതിരാളിയെ ദ്രോഹിക്കുന്നതിൽ പുതിയ രീതികളും കണ്ടെത്തി. അങ്ങിനെ കണ്ടെത്തിയ പുതിയ ആയുധമായിരുന്നു റീത്ത് അഥവാ പുഷ്പ ചക്രം. മരിച്ചവരുടെ ദേഹത്തിൽ ആദരപൂർവ്വം വെക്കുന്ന റീത്തും സമരായുധമായി. ആരെ ഭയപ്പെടുത്തണമോ അവരുടെ വീട്ടുവരാന്തയിൽ റീത്ത് വച്ചാണ് എതിരാളികൾ സന്തോഷം കണ്ടെത്തിയത്. തലശ്ശേരിയിലായിരുന്നു ഇതിന്റെ തുടക്കം. മുൻ പ്രോസിക്യൂഷൻ ജനറലായിരുന്ന അഡ്വ. ടി. ആസിഫ് അലിയുടെ വീട്ടുവരാന്തയിലാണ് ആദ്യമായി റീത്ത് വെക്കപ്പെട്ടത്. കുടുംബസമേതം കഴിയുന്നവരുടെ വീട്ടുവരാന്തയിൽ റീത്ത് വെക്കുന്നത് ഏറെ വേദനിപ്പിക്കുന്ന സംഭവമായിരുന്നു. സിപിഎം. ഉം ബിജെപി.യുമായിരുന്നു ഇതിന്റെ പ്രധാന വക്താക്കൾ.

തൊട്ടു പിറകിലായി ഇപ്പോഴിതാ പെയ്ന്റോഴിക്കലും കണ്ണൂരിൽ തുടക്കമിട്ടു. അക്രമത്തിന് പേര് കേട്ട തലശ്ശേരിയിൽ തന്നെയാണ് ഇത്തരമൊരു കണ്ടെത്തൽ. ഏരഞ്ഞോളി പാലത്തിന് സമീപത്തെ ഷെമിതാ നിവാസിൽ രജിത എന്ന വീട്ടമ്മക്ക് നേരെയാണ് പെയിന്റ് ആക്രമണം നടന്നത്. ഇന്നലെ വൈകീട്ട് വാളുമായി വീട്ടിൽ കയറിയ ഒരു സംഘം സിപിഎം. പ്രവർത്തകരാണ് ചുവന്ന പെയിന്റൊഴിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുകയാണ് രജിത. ഇവരുടെ രണ്ട് പവൻ സ്വർണ്ണമാല കഴുത്തിൽ നിന്ന് തട്ടിയെടുത്തതായും പറയുന്നു.

മകൻ ശരത്ത് ബിജെപി. പ്രവർത്തകനാണ്. എരഞ്ഞോളി പാലത്തെ കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് സിപിഎം. ബിജെപി. സംഘർഷം ഇവിടെ നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP