Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി മൂന്ന് പാക് പോർവിമാനങ്ങൾ; അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ചു; ഇന്ത്യൻ വിമാനങ്ങളും പറന്നുയർന്നതോടെ തിരിച്ചുപറന്ന് പാക് വ്യോമസേന; ജമ്മുവിൽ ഇന്ത്യൻ സൈനികവിമാനം തകർന്നുവീണു; രണ്ട് രാജ്യങ്ങളുടെയും വ്യോമനീക്കം യുദ്ധസമാന അന്തരീക്ഷത്തിനിടെ; ഡൽഹിയിൽ അടിയന്തിര യോഗം ചേർന്ന് ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും; വിമാനത്താവളങ്ങളിൽ സർവീസ് നിർത്തി; ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള യുദ്ധത്തിലേക്ക്

ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി മൂന്ന് പാക് പോർവിമാനങ്ങൾ; അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ചു; ഇന്ത്യൻ വിമാനങ്ങളും പറന്നുയർന്നതോടെ തിരിച്ചുപറന്ന് പാക് വ്യോമസേന; ജമ്മുവിൽ ഇന്ത്യൻ സൈനികവിമാനം തകർന്നുവീണു; രണ്ട് രാജ്യങ്ങളുടെയും വ്യോമനീക്കം യുദ്ധസമാന അന്തരീക്ഷത്തിനിടെ; ഡൽഹിയിൽ അടിയന്തിര യോഗം ചേർന്ന് ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും;  വിമാനത്താവളങ്ങളിൽ സർവീസ് നിർത്തി; ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള യുദ്ധത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌


ശ്രീനഗർ: അതിർത്തി ലംഘിച്ച് ഇന്ത്യൻ മേഖലയിൽ കടക്കാനൊരുങ്ങി പാക് യുദ്ധവിമാനങ്ങൾ. ഇന്ത്യ തിരിച്ചടിച്ചതോടെ മൂന്ന് വിമാനങ്ങൾ അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ച് തിരിച്ചുപറന്നുവെന്ന് റിപ്പോർട്ടുകൾ. അതിർത്തി ലംഘിക്കാൻ ശ്രമം ഉണ്ടായതോടെ ഇന്ത്യൻ വിമാനങ്ങളും പറന്നുയർന്നു. ഇന്ത്യൻ വ്യോമസേന ചെറുത്തതോടെ പാക് വിമാനങ്ങൾ തിരിച്ച് പാക് അതിർത്തിയിലേക്ക് തന്നെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഇതിനിടെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരിൽ തകർന്നുവീണുവെന്ന റിപ്പോർട്ടുകളും വന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ ആഭ്യന്തര പ്രതിരോധ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം വിളിച്ചു. ഏതായാലും അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗർ, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവിൽ തകർന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളർന്ന് തകർന്നുവീഴുകയായിരുന്നു. പാക് ആക്രമണത്തിലാണോ വിമാനം തകർന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടു പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബുദ്ഗാം മേഖലയിൽ രാവിലെ 10.05നാണ് ഇന്ത്യൻ സൈനിക ജെറ്റ് വിമാനം തകർന്നുവീണത്. ഗാരെന്റ് കലാൻ ഗ്രാമത്തെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമർന്നത്. രണ്ടായി പിളർന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഏതാണ്ട് സമാനമായ സമയത്താണ് പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാനും ശ്രമിച്ചത്. രണ്ടു സംഭവങ്ങളുമായും പരസ്പരം ബന്ധമുണ്ടോ എന്നും ഇരു രാജ്യങ്ങളുടേയും പോർവിമാനങ്ങൾ തമ്മിൽ ആക്രമണം നടന്നോ എന്നും വ്യക്തമല്ല. പാക് അതിർത്തിയിൽ പാക് വ്യോമസേന ബോംബുകൾ വർഷിച്ചുവെന്ന വിവരം വന്നതോടെ തന്നെ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. ഏതായാലും സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നു.

ഏതായാലും പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചെന്നും ഇതിനെ ഇന്ത്യ ചെറുത്തുവെന്നും ആണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യൻ വിമാനം തകർന്നുവെന്ന വിവരവും വന്നത്. അതിർത്തിയിൽ കഴിഞ്ഞ കുറച്ചുദിവസമായി പാക് കരസേന നടത്തിവന്ന മോർട്ടാർ-ഷെൽ ആക്രമണവും വെടിവയ്‌പ്പും ഇന്നലെയും ഇന്നും കനത്ത തോതിൽ തുടരുകയാണ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇന്ന് വ്യോമാതിർത്തി ലംഘിക്കാൻ പാക് വിമാനങ്ങൾ ശ്രമിച്ചത്.

ജമ്മുകാശ്മീരിലെ ബുദ്ഗാം മേഖലയിൽ ആണ് ഇന്ത്യൻ സൈനിക വിമാനം തകർന്നുവീണതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഏത് മേഖലയിലാണ് പാക് വ്യോമസേന ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ചതെന്ന കാര്യങ്ങളും സൂചനകളായാണ് പുറത്തുവരുന്നത്. പാക് വിമാനങ്ങളെ തുരത്തി ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയതോടെ പാക് വിമാനങ്ങൾ പിൻവാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് മൂന്ന് പാക് വിമാനങ്ങളും അതിർത്തിയിൽ ബോംബു വർഷിച്ചത്. എത്രമാത്രം നാശനഷ്ടം ആക്രമണം മൂലം ഉണ്ടായതെന്ന് വ്യക്തമല്ല.

അതിർത്തിയിൽ വൻ വെടിവയ്പ്

അതിനിടെ അതിർത്തിയിൽ വലിയ വെടിവയ്പാണ് പാക്കിസ്ഥാൻ നടത്തുന്നത്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് കശ്മീർ അതിർത്തിയിൽ വെടിവയ്‌പ്പ് ശക്തമായത്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. 51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തി. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ യുദ്ധ സമാനമാണ്. എന്തിനും തയ്യാറായി കരസേനയും നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ സംഘർഷം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ലോകരാജ്യങ്ങളും രംഗത്ത് വന്നു. വ്യോമസേനയുടെ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും ഇനി കാര്യങ്ങൾ കൈവിട്ടു പോകാതെ നോക്കണമെന്നാണ് ലോകരാജ്യങ്ങളുടെ അഭ്യർത്ഥന. കാശ്മീർ അതിർത്തിയിലെ കാര്യങ്ങൾ പ്രവചനാതീതമാണ്. ഏത് നിമിഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകരാജ്യങ്ങൾ വിലയിരുത്തുന്നു. അമേരിക്കയും ഐക്യരാഷ്ട്ര സഭയും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതിനിടെയിലും പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ബാലാകോട്ടിലെ ആക്രമണം പാക്കിസ്ഥാനെതിരെ അല്ലെന്നും ഭീകരർക്കെതിരെയാണെന്നും ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് അതിർത്തിയിൽ പാക് ഭീകരത തുടരുന്നത്.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതലോടെയാണ് തിരിച്ചടിക്കുന്നത്. സാധാരണക്കാർക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്ന് വരുത്താനാണ് ഇത്. ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഇന്ത്യ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഗ്രാമിണരെ സംഘർഷം രൂക്ഷമായിട്ടും സ്ഥലം വിട്ടു പോകാൻ പാക്കിസ്ഥാൻ അനുവദിച്ചിരുന്നില്ല.

ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം ശക്തമാക്കി. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 52 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ആക്രണം. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. അഞ്ച് സൈനിക പോസ്റ്റുകൾ തകർന്നു. കൂടുതൽ തീവ്രവാദികൾക്ക് നുഴഞ്ഞു കയറാൻ അവസരം ഒരുക്കാനാണ് വെടിവയ്‌പ്പെന്നാണ് സൂചന. ഇന്ത്യൻ സൈനികരുടെ ശ്രദ്ധ ആക്രണത്തിലേക്ക് മാറ്റി ഭീകരരെ അതിർത്തി കടത്തുന്ന പാക് സൈന്യത്തിന്റെ സ്ഥിരം രീതിയാണ്. അതുകൊണ്ട് തന്നെ നുഴഞ്ഞു കയറ്റത്തിനെതിരയുള്ള നിരീക്ഷണവും ഇന്ത്യ ശക്തമാക്കുന്നു. ഭീകര താവളങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ വെടിവയ്‌പ്പ് തുടങ്ങിയത്.

ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതൽ പാക് സേന മോർട്ടാർ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസർ പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായി മൂന്നാംദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ 11 പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. കാശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൂഞ്ഛ്, മെൻധാർ, നൗഷേര മേഖലകളിൽ ചൊവ്വാഴ്ച രാവിലെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേർന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സേന വെടിവെപ്പും മോർട്ടാർ ആക്രമണവും നടത്തുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യ അവധി നൽകിയിട്ടുണ്ട്. സംഘർഷ മേഖലയിൽ നിന്ന് ഗ്രാമീണരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP