Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന ഏറ്റെടുത്ത് പ്രമുഖ പാക്കിസ്ഥാൻ പത്രം; കാഷ്മീരിൽ ഇന്ത്യൻ പട്ടാളം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കാൻ കോടിയേരിയുടെ പ്രസ്താവനയെയും ഉപയോഗപ്പെടുത്തി അയൽരാജ്യം; കശാപ്പ് നിയന്ത്രണത്തിൽ പ്രതിരോധത്തിലായ ബിജെപിക്ക് അടിക്കാൻ വടി അങ്ങോട്ടു കൊടുത്തു സി.പി.എം സെക്രട്ടറി

ഇന്ത്യൻ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന ഏറ്റെടുത്ത് പ്രമുഖ പാക്കിസ്ഥാൻ പത്രം; കാഷ്മീരിൽ ഇന്ത്യൻ പട്ടാളം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കാൻ കോടിയേരിയുടെ പ്രസ്താവനയെയും ഉപയോഗപ്പെടുത്തി അയൽരാജ്യം; കശാപ്പ് നിയന്ത്രണത്തിൽ പ്രതിരോധത്തിലായ ബിജെപിക്ക് അടിക്കാൻ വടി അങ്ങോട്ടു കൊടുത്തു സി.പി.എം സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് പാക് പത്രം. പാക്കിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ എക്സ്‌പ്രസ് ട്രിബ്യൂണിലാണ് വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഇന്ത്യൻ സേന പെൺകുട്ടികളെ ബലാത്സംഗം ചെയ്യും, തട്ടിക്കൊണ്ടുപോകും- കേരളാ നേതാവ്' എന്ന തലക്കെട്ടിലാണ് വാർത്ത നല്കിയിരിക്കുന്നത്.

പട്ടാളത്തിന് കൂടുതൽ അധികാരം ലഭിച്ചാൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നും ബലാത്സംഗം ചെയ്യുമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളാ സെക്രട്ടറി കോടിയേരി ബാലകൃഷൻ പറഞ്ഞുവെന്നാണ് വാർത്ത ആരംഭിക്കുന്നത്. ദേശീയ വാർത്താ ഏജൻസിയിൽനിന്നാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

കോടിയേരിയുടെ ചിത്രം സഹിതം വിശദമായും പ്രധാന്യത്തോടെയുമാണ് റിപ്പോർട്ട് നല്കിയിരിക്കുന്നത്. ഫേസ്‌ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും സത്യസന്ധമായ അഭിപ്രായമാണ് കോടിയേരി നടത്തിയതെന്നു പ്രതികരിച്ചവരുമുണ്ട്.

കണ്ണൂരിലെ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പരാമർശങ്ങളുണ്ടായത്. 'പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളിൽ അധികം കൂടിയാൽ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും. ചോദിക്കാനും പറയാനും അവകാശമില്ല. അമിതാധികാരമുണ്ട്. ഇതാണു പട്ടാളനിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തെയും അനുഭവം'- കോടിയേരി പറഞ്ഞു.

അതേസമയം, ഇന്ത്യൻ സേനയെ അപമാനിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കശ്മീരിലും നാഗാലാൻഡിലും മണിപ്പുരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ 'അഫ്‌സ്പ' കേരളത്തിലും നടപ്പാക്കണമെന്ന് വാദിക്കുന്ന ആർഎസ്എസ് നിലപാടിനെയാണ് താൻ എതിർത്തതെന്നും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കോടിയേരി അവകാശപ്പെട്ടു.

ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച 'മുഖ്യധാരാ രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ ആ പ്രസംഗത്തിലെ ചില വരികൾ അടർത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാർ പ്രവർത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരം ആസൂത്രിത കുപ്രചരണങ്ങൾ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാൻ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ടു വരണമെന്നും കോടിയേരി ഫേസ്‌ബുക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

 

പട്ടാളത്തെയല്ല, പട്ടാളനിയമത്തെയാണ് എതിർത്തതെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഞായറാഴ്ചയും കോടിയേരി ആവർത്തിച്ചു. കണ്ണൂരിൽ പട്ടാളത്തിനു പരമാധികാരം നൽകാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പട്ടാളത്തെയല്ല, പട്ടാള നിയമം അടിച്ചേൽപ്പിക്കുന്നതിനെയാണു താൻ വിമർശിച്ചത്. തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് അദ്ദേഹം ഇന്ന് കോഴിക്കോട് പറഞ്ഞത്.

വിവാദ പരാമർശത്തിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ ഫേസ്‌ബുക് പേജിലടക്കം വൻ വിമർശന കമന്റുകളാണ് ലഭിക്കുന്നത്. ഇതിനിടെയാണ് പ്രമുഖ പാക് പത്രവും ഇന്ത്യൻ സൈന്യത്തെ മോശക്കാരായി ചിത്രീകരിക്കാനായി കോടിയേരിയുടെ പ്രസ്താവന വൻ പ്രാധാന്യത്തോടെ വാർത്തയാക്കിയിരിക്കുന്നത്.

യുദ്ധ സമാന സാഹചര്യങ്ങളിൽ എന്തു തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ സേനയ്ക്ക് നല്കിയതായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രസ്താവിച്ചതിന്റെ പിറ്റേന്നാണ് കോടിയേരിയുടെ വിവാദ പ്രസ്താവനയെന്നും പാക് പത്രം ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ പട്ടാളത്തെ ഇറക്കിയാൽ പട്ടാളവും ജനവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുമെന്നും കോടിയേരി പറഞ്ഞതായി പാക് പത്രം ചൂണ്ടിക്കാട്ടുന്നു.

അതിർത്തിയിൽ തുടർച്ചയായി പ്രകോപനം തുടരുന്ന പാക് സേനയ്ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്കുന്ന സാഹചര്യത്തിലാണ് പാക് പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതിർത്തി സംരക്ഷണത്തിന്റെ പേരിൽ ജമ്മുകാഷ്മീരിൽ ഇന്ത്യൻ സേന വലിയതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നത് പാക്കിസ്ഥാന്റെ പതിവ് ആരോപണമാണ്. ഇതിനിടെയാണ് ഇന്ത്യൻ സേനയെ മോശക്കാരായി ചിത്രീകരിക്കുന്ന കോടിയേരിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നതെന്ന് ബിജെപി അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തെ കൊലപാതകികളും മാനഭംഗക്കാരുമായി ചിത്രീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് പാക്കിസ്ഥാൻകാരുടെ സ്വരമാണെന്നാണ് കുമ്മനം ഇന്ന് അഭിപ്രായപ്പെട്ടത്. അതിനുള്ള അംഗീകാരമാണ് കോടിയേരിയെ പ്രകീർത്തിച്ച് പാക്കിസ്ഥാൻ ദിനപ്പത്രങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം തന്റെ പ്രസ്താവനയെ സ്വീകരിച്ചിട്ടും അതു തിരുത്താൻ പോലും തയാറാകാത്ത കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമാണ്. ഇതിനെതിരെ ബിജെപി നിയമനടപടി സ്വീകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ പ്രതിരോധത്തിലായ ബിജെപിക്ക് കിട്ടിയ വലിയ ആയുധമായിരിക്കുകയാണ് കോടിയേരിയുടെ പ്രസ്താവന. കശാപ്പ് നിരോധിച്ചുവെന്ന പേരിൽ സംസ്ഥാനം ഒന്നടക്കം പ്രതിഷേധം ഉയരുമ്പോൾ പടിച്ചുനിൽക്കാൻ കിട്ടിയ കച്ചിത്തുരുമ്പായിട്ടാണ് ബിജെപി നേതൃത്വം കോടിയേരിയുടെ സൈന്യവിരുദ്ധ പ്രസ്താവനയെ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP