Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുടെ കണ്ണിലെ കൊടുംഭീകരൻ ഇപ്പോഴും പാക്കിസ്ഥാന് സുഹൃത്ത് തന്നെ; ഹാഫീസ് സെയ്ദിന്റെ സംഘടനകളെ നിരോധിച്ചെന്നത് പച്ചക്കള്ളം; ഇമ്രാൻ ചെയ്തത് ഭീകര സംഘടനകളെ നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ നിലനിർത്തുക മാത്രം; നല്ലപിള്ളയാകാൻ കാട്ടികൂട്ടിയ കള്ളത്തരങ്ങൾ പൊളിഞ്ഞു; ഇറാന്റെ മുന്നറിയിപ്പിൽ ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവനേയും ലാദന്റെ മകനേയും ലക്ഷ്യമിട്ട് അമേരിക്കയും; മസൂദ് അസ്ഹറിനെതിരെ യുദ്ധം തുടരാൻ ഇന്ത്യയും; പുൽവാമയിൽ തിരിച്ചടി തുടരും

അമേരിക്കയുടെ കണ്ണിലെ കൊടുംഭീകരൻ ഇപ്പോഴും പാക്കിസ്ഥാന് സുഹൃത്ത് തന്നെ; ഹാഫീസ് സെയ്ദിന്റെ സംഘടനകളെ നിരോധിച്ചെന്നത് പച്ചക്കള്ളം; ഇമ്രാൻ ചെയ്തത് ഭീകര സംഘടനകളെ നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ നിലനിർത്തുക മാത്രം; നല്ലപിള്ളയാകാൻ കാട്ടികൂട്ടിയ കള്ളത്തരങ്ങൾ പൊളിഞ്ഞു; ഇറാന്റെ മുന്നറിയിപ്പിൽ ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവനേയും ലാദന്റെ മകനേയും ലക്ഷ്യമിട്ട് അമേരിക്കയും; മസൂദ് അസ്ഹറിനെതിരെ യുദ്ധം തുടരാൻ ഇന്ത്യയും; പുൽവാമയിൽ തിരിച്ചടി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: തീവ്രവാദത്തെ തുടച്ചു നീക്കാൻ എല്ലാം ചെയ്യുമെന്ന് പറയുന്ന പാക് സർക്കാരിന്റെ നടപടികൾ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനുള്ള നീക്കം മാത്രം. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് തീവ്രവാദസംഘടനയ്‌ക്കെതിരെ നടപടിയുമായി പാക്കിസ്ഥാൻ സർക്കാർ രംഗത്ത് വന്നിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദ് നയിക്കുന്ന ജമാത് ഉദ് ദവായെ പാക് സർക്കാർ നിരോധിച്ചുവെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ സംഘടനയെ നിരോധിക്കുകയല്ല, മറിച്ച് നിരീക്ഷണ പ്രസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് ചെയ്തിരുന്നു. ഇപ്പോൾ സർക്കാർ വെബ് സൈറ്റിൽ തീയതി തിരുത്തി അത് പുതിയ തീരുമാനമെന്ന് വരുത്തുകയാണ് ചെയ്തതെന്നാണ് സൂചന. ഇതോടെ ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാൻ ആത്മാർത്ഥയൊന്നുമില്ലെന്ന് വ്യക്തമാവുകയാണ്. മസൂദ് അസ്ഹറിനെ വിട്ടുകിട്ടാൻ ഇന്ത്യ സമ്മർദ്ദം ശക്തമാക്കും. മസൂദിനെ കണ്ടെത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ഓപ്പറേഷൻ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

ജമാത് ഉദ് ദവായുടെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ഫലാഹെ ഇൻസാനിയാതിനെയും നിരോധിച്ചുവെന്നായിരുന്നു പ്രഖ്യാപനം. പുൽവാമയിൽ 40 സിആർപിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേറാക്രമണത്തിനു ശേഷം ആഗോളതലത്തിൽ പാക്കിസ്ഥാനെതിരെ രൂപപ്പെട്ട വികാരമാണ് നടപടിയിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ രണ്ട് സംഘടനയേയും നിരോധിച്ചിട്ടില്ല. സർക്കാർ നിരീക്ഷിക്കുന്ന സംഘടനകളുടെ പട്ടികയിൽ മാത്രമാണ് ഇവരുള്ളത്. ഹഫീസ് സെയ്ദിന് അതുകൊണ്ട് തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാനാകും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഭീകരസംഘടനയ്‌ക്കെതിരെയുള്ള നടപടി സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. സംഘടനകൾക്കെതിരെയുള്ള നടപടി ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചെന്നും ഇരുസംഘടനകളും നിരോധിത സംഘടനകളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുമെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതെല്ലാം കളവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകളിലുള്ളത്. അതായത് നിരീക്ഷണ സംഘടനയുടെ പട്ടികയിൽ പെടുത്തിയ ശേഷം നിരോധനമെന്ന് പ്രഖ്യാപിക്കുകയാണ് പാക് സർക്കാർ ചെയ്തത്.

മുൻപ് ഇരുസംഘടനകളും പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അതു തന്നെയാണ് ഇപ്പോഴുമുള്ളത്. ഔദ്യോഗികവിശദീകരണം അനുസരിച്ച് നിരോധിക്കപ്പെട്ട ജമാത് ഉദ് ദവായ്ക്ക് 300ൽ പരം പരിശീലനകേന്ദ്രങ്ങളും സ്‌കൂളുകളും ആശുപത്രികളും ഒരു പുസ്തകപ്രസിദ്ധീകരണശാലയും ആംബുലൻസ് സർവീസുമുണ്ട്. ഇരുസംഘടനകൾക്കുമായി 50000ത്തിൽ പരം വോളന്റിയർമാരും നൂറുകണക്കിന് ജീവനക്കാരുമുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നത്. 2008ൽ മുംബൈയിൽ 166 പേരുടെ ജീവനെടുത്ത ലഷ്‌കറെ തയ്ബ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ജമാത് ഉദ് ദവായുടെ നേതൃത്വത്തിലാണെന്നാണ് കണ്ടെത്തൽ. 2014 ജൂണിൽ യുഎസ് സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ സംഘടനയുടെ തലവൻ ഹാഫിസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്ന യുഎസ് ഇയാളെപ്പറ്റി വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻ 1267 പ്രകാരം പട്ടികപ്പെടുത്തിയിരുന്ന ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചത് 2017 നവംബറിലായിരുന്നു.

പുൽവാമയിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വന്നതോടെയാണ് പറ്റിക്കാൻ പുതിയ വാർത്തയുമായി പാക്കിസ്ഥാനെത്തിയത്. 2008 നവംബർ 26നു നടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണു പാക്ക് ഭീകരൻ ഹാഫിസ് മുഹമ്മദ് സയീദിന്റേത്. പാക്ക് പഞ്ചാബിലെ സർഗോധ സ്വദേശിയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ലഷ്‌കറെ തയിബ സ്ഥാപകൻ. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലും പങ്കാളി. ലഷ്‌കറിന്റെ മാതൃ സംഘടന എന്നു പറയാവുന്ന സംഘടനയാണ് ജമാഅത്തുദ്ദഅവ. 2017 ൽ മില്ലി മുസ്ലിം ലീഗ് എന്ന പേരിൽ രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെങ്കിലും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകിയില്ല. കഴിഞ്ഞവർഷം പാക്കിസ്ഥാനിലെ ഉർദു പത്രത്തിൽ സയീദ് കോളമിസ്റ്റായി പ്രത്യക്ഷപ്പെട്ടതു വിവാദമായി. അങ്ങനെ പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിരാജിക്കുന്ന വ്യക്തിയാണ് ഹാഫീസ് സയീദ്.

അതിനിടെ പുൽവാമ ആക്രമണത്തിന് പിന്നിലെ ഭീകരസംഘടന ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'അദ്ദേഹം ജീവനോടെയുണ്ട്. മൗലാന മസൂദ് അസർ ജീവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല' - പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മിനിസ്റ്റർ ഫയ്യാസ് ഉൽ ഹസ്സൻ ചോഹനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. ഇസ്ലാമബാദിലെ ഒരു ആർമി ആശുപത്രിയിൽ അസർ മരിച്ചെന്ന് ആയിരുന്നു മാധ്യമവാർത്തകൾ. രാജ്യത്ത് മസൂദ് അസർ ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഉറപ്പിച്ചു പറഞ്ഞതിനു തൊട്ടു പിന്നാലെ ആയിരുന്നു മരണവാർത്തകൾ പ്രചരിച്ചത്. മാർച്ച് ഒന്നാം തിയതി സി എൻ എന്നിനോട് സംസാരിക്കവെ മസൂദ് അസർ പാക്കിസ്ഥാനിൽ ഉണ്ടെന്നും അദ്ദേഹത്തിന് സുഖമില്ലെന്നും ആയിരുന്നു ഖുറേഷി പറഞ്ഞത്. എന്നാൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ മസൂദിനെ സൈനിക ആശുപത്രിയിൽ നിന്ന് മാറ്റാനുള്ള തന്ത്രമാത്രമായിരുന്നു ഈ പ്രചരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.

അതിനിടെ പാക്കിസ്ഥാൻ സർക്കാരിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് വന്നു. ഭീകരവാദികൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ സർക്കാരിലെ ഉന്നതരും സൈന്യവും വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ അതിർത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് ഇറാനിലെ ഐആർജിസി കുദ്‌സ് ഫോഴ്‌സ് കമാൻഡർ ജനറൽ ഖ്വാസം സുലൈമാനി പറഞ്ഞു. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന് സമാനായ തിരിച്ചടി ഇറാനും നൽകുമെന്ന സൂചനയുണ്ട്. ഇത് പാക്കിസ്ഥാനെ കൂടുതൽ ആശങ്കയിൽ ആഴ്‌ത്തുന്നുണ്ട്. ഇതിനുപുറമെ ആഗോളഭീകര നേതാവ് ഒസാമ ബിൻലാദനെ പാക്കിസ്ഥാനിലെ ആബട്ടാബാദിൽ വധിച്ചശേഷം മൃതദേഹം കടലിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിന്റെ മറ്റൊരു തനിയാവർത്തനം യുഎസ് നടത്തിയേക്കുമെന്ന പരിഭ്രാന്തിയും പാക്കിസ്ഥാനിലുണ്ട്. ബിൻലാദന്റെ മരണത്തിനു ശേഷം താലിബാൻ നേതൃത്വത്തിലെത്തിയ അൽസവാഹിരിക്കു പകരം ലാദന്റെ മകൻ ഹംസാ ബിൻലാദൻ നേതൃത്വത്തിലെത്തുമെന്ന വാർത്തയുണ്ടായിരുന്നു.

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാനിലുണ്ടെന്നു കരുതുന്ന ഹംസയുടെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചത് പാക്കിസ്ഥാനെ കുഴപ്പത്തിലാക്കിയിട്ടുണ്ട. സൗദി അറേബ്യയാകട്ടെ ഹംസാ ബിൻലാദന്റെ പൗരത്വം റദ്ദുചെയ്തതും പകിസ്ഥാന് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP