Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയിലെത്തുന്ന പാക്കിസ്ഥാനി വധുക്കൾ ഒടുവിൽ എത്തിപ്പെടുന്നത് വേശ്യാലയങ്ങളിൽ; ആദ്യ ദിനങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ നവവരന്മാർ ശ്രമിക്കുമ്പോഴും പെൺകുട്ടികളോട് ആവർത്തിച്ച് ഉരുവിടുന്നത് സെക്‌സ് എന്ന പദം മാത്രം; വീട്ടുകാർക്ക് രണ്ടുലക്ഷം രൂപ നൽകി പെൺകുട്ടികളെ തരപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്ക് ലഭിക്കുന്നത് 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ; 2018 മുതൽ ചൈനയിൽ നിന്നും വിലയ്ക്ക് വാങ്ങിയത് 629 പെൺകുട്ടികളെ എന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട്

ചൈനയിലെത്തുന്ന പാക്കിസ്ഥാനി വധുക്കൾ ഒടുവിൽ എത്തിപ്പെടുന്നത് വേശ്യാലയങ്ങളിൽ; ആദ്യ ദിനങ്ങളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ നവവരന്മാർ ശ്രമിക്കുമ്പോഴും പെൺകുട്ടികളോട് ആവർത്തിച്ച് ഉരുവിടുന്നത് സെക്‌സ് എന്ന പദം മാത്രം; വീട്ടുകാർക്ക് രണ്ടുലക്ഷം രൂപ നൽകി പെൺകുട്ടികളെ തരപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്ക് ലഭിക്കുന്നത് 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ; 2018 മുതൽ ചൈനയിൽ നിന്നും വിലയ്ക്ക് വാങ്ങിയത് 629 പെൺകുട്ടികളെ എന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക്കിസ്ഥാനിൽ നിന്നും വിവാഹത്തിന്റെ മറവിൽ ചൈനയിലേക്ക് കടത്തപ്പെടുന്ന യുവതികൾക്ക് ചൈനയിൽ അനുഭവിക്കേണ്ടി വരുന്നതുകൊടിയ പീഡനം. പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. പലപ്പോഴും ഇവരുടെ ഇരകളാകുന്നത് ക്രിസ്ത്യൻ യുവതികളാണ്. പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ നൽകി ചൈനീസ് യുവാക്കൾക്ക് വിവാഹം കഴിച്ച് നൽകുമ്പോൾ ഇടനിലക്കാർക്ക് ഒരുകോടി രൂപ വരെയാണ് വരന്റെ പക്കൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ചൈനയിലേക്ക് കടത്തപ്പെടുന്ന പെൺകുട്ടികൾ പിന്നീട് ചൈനയിൽ തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാൻ 629 പെൺകുട്ടികളെ പാക്കിസ്ഥാനിൽ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2018 മുതൽ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെൺകുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതർ മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണം തടഞ്ഞിരുന്നു.

ചൈനയിലേക്കുള്ള യുവതികളെ കടത്തൽ വിഷയം അന്വേഷിക്കുന്ന പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകൾ കുടുംബ ബന്ധങ്ങൾ ഉണ്ടാക്കുന്നതിനെ ചൈനയും പാക്കിസ്ഥാനും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ അനധികൃതമായി നടക്കുന്ന മനുഷ്യക്കടത്ത് അംഗീകരിക്കില്ലെന്നാണ് ഇരുരാജ്യത്തിന്റെയും ഔദ്യോഗിക നിലപാട്.

രാജ്യത്തെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ള പെൺകുട്ടികളാണ് വിവാഹ മാഫിയകളുടെ ലക്ഷ്യമെന്നാണ് ഏറ്റവും പുതിയ വിവരം. ഇത്തരത്തിൽ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തുന്ന പെൺകുട്ടികൾ പിന്നീട് തടവറകളിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെടുകയോ ചെയ്യപ്പെടുന്നു. മറ്റുചിലർ ക്രൂരപീഡനത്തിന് വിധേയരായി വീടുകളിൽ കഴിയുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട് വരുന്നവരിൽ നിന്നാണ് മനുഷ്യക്കടത്തിനെക്കുറിച്ചിുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്.

ഇത്തരത്തിൽ രക്ഷപെട്ട സോഫിയ എന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ നേരത്തേ തന്നെ ലോക ശ്രദ്ധയിൽ എത്തിയിരുന്നു. വിവാഹ ശേഷം തന്നെ താമസിപ്പിച്ച ലാഹോറിലെ വലിയ വീട്ടിൽ വേറെയും നവ വധൂവരന്മാരുണ്ടായിരുന്നു എന്ന് സോഫിയ വെളിപ്പെടുത്തിയിരുന്നു. ചൈനയിലേക്കുള്ള യാത്രാ രേഖകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു അവർ. ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടിലുണ്ടായിരുന്ന പാക്കിസ്ഥാനി വധുക്കൾ. പരസ്പരം ഭാഷ അറിയാതെ സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോഴും എന്റെ ഭർത്താവ് എന്നോട് ആവർത്തിച്ച് ഉരുവിട്ടത് 'സെക്സ്' എന്ന് മാത്രമാണ് എന്നും സോഫിയ പറയുന്നു.

ചൈനീസ് യുവാക്കൾക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് വധുക്കളെ കടത്തിക്കൊണ്ടുവരുന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. മ്യാന്മർ, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ചൈനയിലേക്ക് കടത്തുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ മറവിലോ തൊഴിൽ വാഗ്ദാനം ചെയ്തോ ആണ് പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്നത്.

1987 മുതലാണ് ചൈനീസ് ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിൽ വലിയതോതിൽ കുറവനുഭവപ്പെട്ട് തുടങ്ങിയത്. ചൈനീസ് സർക്കാർ നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവും സമൂഹത്തിന് ആൺകുട്ടികളോടുള്ള പ്രതിപത്തിയുമാണ് ചൈനയെ ഇത്തരം ഒരവസ്ഥയിൽ എത്തിച്ചത്. 15-29 പ്രായക്കാർക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പെൺകുട്ടികളെ മാത്രമല്ല ദരിദ്രരായ മുസ്ലിം കുടുംബങ്ങളെയും വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുന്നതായി ബിബിസി നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് ലാഹോറിൽ നിന്ന് വിവാഹം കഴിച്ചയച്ച ഒരു മുസ്ലിം പെൺകുട്ടിക്ക് തന്റെ ഭർത്താവ് മുസ്ലിം അല്ലെന്ന് മനസ്സിലായത്. വീടിന് സമീപത്തുള്ള ഒരു പുരോഹിതൻ വഴി വന്ന വിവാഹാലോചനയായതിനാലാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിന് തയ്യാറായത്.

ഭർത്താവിനെ മാത്രമല്ല, ഭർത്താവിന്റെ മദ്യപന്മാരായ സുഹൃത്തുക്കളെയും പലപ്പോഴും സംതൃപ്തിപ്പെടുത്തേണ്ടി വരുമെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വഴങ്ങാതായാൽ മർദിക്കും.'നിന്നെ ഞാൻ വിലകൊടുത്തുവാങ്ങിയതാണ്. ഞാൻ ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാൻ സന്നദ്ധയല്ലെങ്കിൽ കൊലപ്പെടുത്തി ആന്തരികാവയവങ്ങൾ വിറ്റ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കും.' ഭർത്താവിന്റെ ആവശ്യങ്ങളെ നിരാകരിച്ചതിന് യുവതിയെ ഭർത്താവ് ഒരിക്കൽ ഭീഷണിപ്പെടുത്തിയത് ഇപ്രകാരമാണ്.

എന്നാൽ ആരോപണത്തെ ചൈന നിഷേധിക്കുകയാണ്. ഇത് വെറും മാധ്യമ സൃഷ്ടിയെന്നാണ് അവരുടെ വാദം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചൈനീസ് വിസക്കായി പാക്കിസ്ഥാനി വധുക്കളുടെ അപേക്ഷയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുള്ളതായി ഇസ്ലാമാബാദിലുള്ള ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. തൊണ്ണൂറോളം അപേക്ഷകൾ തിരസ്‌കരിച്ചതായും ഇവർ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തിയെന്നും വിവാഹിതരായി ചൈനയിൽ എത്തുന്ന പെൺകുട്ടികളെ ലൈംഗിക അടിമയാക്കുന്നതായി കണ്ടെത്താനായില്ലെന്നും ചൈനീസ് എംബസി പ്രസ്താവന ഇറക്കിയിരുന്നു.

പാക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വർഷം തുടങ്ങിയ അന്വേഷണത്തിൽ മുപ്പത്തൊന്നു ചൈനക്കാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ചൈനക്കാെരയെല്ലാം ഫൈസലാബാദിലെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമായിരുന്നു പ്രശ്നം. തട്ടിപ്പിനിരയായ യുവതികളും കുടുംബങ്ങളും ഭയന്നും വൻ തുക കൈപ്പറ്റിയും കോടതിയിൽ മൊഴിമാറ്റിപ്പറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP