Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ തീർത്ത ദുരിതം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങിയത് 51-ാം വയസ്സിൽ; മോനിഷയുടെ എല്ലാ ചിത്രങ്ങൾക്കും ശബ്ദം നൽകിയ അമ്പിളിയെ ഒടുവിൽ തിരിഞ്ഞു നോക്കാൻ സിനിമാക്കാർ ആരും ഇല്ലായിരുന്നു; പഴയകാല നടിയായ അമ്മ പാലാ തങ്കവും ഇപ്പോൾ ആരും തുണയില്ലാതെ അനാഥാലയത്തിൽ

കാൻസർ തീർത്ത ദുരിതം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങിയത് 51-ാം വയസ്സിൽ; മോനിഷയുടെ എല്ലാ ചിത്രങ്ങൾക്കും ശബ്ദം നൽകിയ അമ്പിളിയെ ഒടുവിൽ തിരിഞ്ഞു നോക്കാൻ സിനിമാക്കാർ ആരും ഇല്ലായിരുന്നു; പഴയകാല നടിയായ അമ്മ പാലാ തങ്കവും ഇപ്പോൾ ആരും തുണയില്ലാതെ അനാഥാലയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസർ നൽകിയ ദുരിതം അവസാനിപ്പിച്ചാണ് പ്രമുഖ ഡബിങ് ആർട്ടിസ്റ്റ് അമ്പിളി (51) വിടവാങ്ങുന്നത്. കാൻസർ രോഗത്തെ തുടർന്നു ചികിൽസയിൽ ആയിരുന്നു. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നൽകിയത് അമ്പിളി മലയാള സിനിമയിലെ പ്രധാന ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു ഒരുകാലത്ത്. മലയാളം-തമിഴ് സീരിയൽ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. അമ്പിളി കളം വിടുമ്പോൾ ഏകയാകുന്നത് അമ്മ പാലാ തങ്കമാണ്. പഴയ കാല നടിയായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ് അമ്പിളി. പാലാ തങ്കവും ഡബിങ് ആർട്ടിസ്റ്റായിരുന്നു. അമ്മയുടെ വഴിയേ ആണ് മകളും ഈ രംഗത്ത് എത്തിയത്. ഡബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് അമ്പിളിയുടെ ഭർത്താവ്. മക്കൾ: വൃന്ദ, വിദ്യ.

രോഹിണി, അംബിക, റാണിപത്മിനി, പാർവതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉർവശി, ചിപ്പി, സിതാര, ജോമോൾ, പ്രിയാരാമൻ, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി കാൻസറിന്റെ തീരാ ദുരിതം മൂലം ബുദ്ധിമുട്ടിലായിരുന്നു. 'ഭക്തകണ്ണപ്പ' എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നൽകിയത്. കന്നി പ്രകടത്തിൽതന്നെ അമ്മ പാലാ തങ്കത്തിന്റെ പ്രതിഭയുടെ പാരമ്പര്യം കാട്ടിയ അമ്പിളി പിന്നീടിങ്ങോട്ട് ഡബിങ് ലോകത്തെ മികച്ച കലാകാരികളിൽ ഒരാളായി. തമിഴ് ഉൾപ്പെടെ 500-ൽപരം ചിത്രങ്ങളിൽ അമ്പിളി ബാലതാരങ്ങൾക്ക് ശബ്ദം നൽകി. 13 വയസായിരിക്കെ 'ലോറി' എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നൽകി കൂടുതൽ സജീവമായി.

ആയിരത്തോളം ചിത്രങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട്. നൂറിൽപരം തമിഴ് ചിത്രങ്ങളിൽ ഡബ് ചെയ്ത അമ്പിളി തമിഴിൽ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ സിനിമാ ശബ്ദമായി. നിരവധി മൊഴിമാറ്റചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകൾ തയ്യാറാക്കുന്നതിലും മികവു കാട്ടി. അമ്പിളി വിടവാങ്ങുമ്പോൾ അമ്മ പാലാ തങ്കവും ഏകയാവുകയാണ്. പത്തനാപുരം ഗാന്ധിഭവനിൽ ആയിരത്തിലധികം അന്തേവാസികളുടെ അമ്മമാരിൽ ഒരാളായി കഴിയുന്ന പാലാ തങ്കത്തിന്റെ കഥ നേരത്തെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു.

300 സിനിമകളിൽ അഭിനിയിക്കുകയും അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത അപൂർവ്വ പ്രതിഭയാണ് ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന പാലാ തങ്കം. മക്കൾ പുറത്താക്കുന്നതിന് മുമ്പ് സ്വയം പുറത്തായ തങ്കത്തെ ഗാന്ധിഭവനിൽ എത്തിച്ചത് കെപിഎസ് സി ലളിതയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെൻഷൻ കൈപ്പറ്റുന്നതൊഴിച്ചാൽ തങ്കത്തെ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ല. സത്യനും മധുവിനും പ്രേംനസീറിനും ഒപ്പമെല്ലാം പാലാ തങ്കം അഭിനയിച്ചിട്ടുണ്ട്. മുപ്പതാമത്തെ വയസിൽ ഇൻസ്പെക്ടറായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചിട്ടും തളരാതെ ജീവീതം കെട്ടിപ്പടുത്ത തങ്കം ഇപ്പോൾ ഇവിടെയാണ് ജീവിതം തള്ളിനീക്കുന്നത്.

12ാം വയസ്സിൽ ആലപ്പി വിൻസന്റിന്റെ 'കെടാവിളക്ക്' എന്ന സിനിമയിലൂടെയാണ് തങ്കം ചലച്ചിത്രരംഗത്ത് എത്തിയത്. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടുകയും സിനിമയിൽ നായകനായ സത്യന്റെ പെങ്ങളായി ഒരു ചെറിയവേഷം ചെയ്യുകയും ചെയ്ത തങ്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂറുകണക്കിന് ചിത്രങ്ങളിലാണ് പിന്നീട് തങ്കം വേഷമിട്ടത്. റബേക്ക, മറുനാട്ടിൽ ഒരു മലയാളി, കള്ളിച്ചെല്ലമ്മ, ആഭിജാത്യം, ടാക്സി കാർ, അച്ഛന്റെ ഭാര്യ, ഗംഗസ്സംഗമം, നൃത്തശാല, ആറടിമണ്ണിന്റെ ജന്മി, തീർത്ഥയാത്ര തുടങ്ങി ഒട്ടെറെ ചിത്രങ്ങളിൽ പാലാ തങ്കം വേഷമിട്ടിട്ടുണ്ട്.

സിനിമ മാത്രമല്ല, വിശ്വകേരള കലാസമിതിയുടെയും, ജ്യോതി തിയേറ്റേഴ്സിന്റെയും, കെ.പി.എ.സി.യുടെയും ഉൾപ്പെടെ മൂവായിരത്തോളം വേദികളിൽ നിരവധി നാടകങ്ങളിലൂടെയും തങ്കം ശ്രദ്ധേയയായി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് തന്നെ പ്രോൽസാഹനത്തിൽ കലാരംഗത്ത് തങ്കം സജീവമായിരുന്നു. ഭർത്താവ് മരിച്ചതിനെതുടർന്ന് മൂന്നുമക്കളുടെ ജീവിതം കരുപിടിപ്പിക്കാനായി തങ്കത്തിന്റെ ശ്രമം. പിന്നീടുള്ള ജീവിതം അവർക്കുവേണ്ടിയുള്ളതായിരുന്നു. വിശ്രമമില്ലാതെ നാടകങ്ങളും സിനിമകളും. അഭിനയത്തിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. സിനിമയിലെ തിരക്കുകൾ കാരണം മദ്രാസിലായിരുന്നു ജീവിതം. എന്നാൽ മക്കൾക്ക് കുടുംബമായതോടെ തങ്കം ഒറ്റയ്ക്കായി ഒടുവിൽ ഗാന്ധിഭവനിലെത്തുകയായിരുന്നു. മകളുടെ മരണ വാർത്ത ഈ അമ്മയേയും തളർത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP