Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലാരിവട്ടം മേൽപ്പാലം; ഇ ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ; ചർച്ച ഇന്ന്; ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്നു മദ്രാസ് ഐഐടിയും; സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; ശ്രീധരൻ പറയുന്ന കാര്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും മുൻ മന്ത്രി

പാലാരിവട്ടം മേൽപ്പാലം; ഇ ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ; ചർച്ച ഇന്ന്; ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്നു മദ്രാസ് ഐഐടിയും; സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; ശ്രീധരൻ പറയുന്ന കാര്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും മുൻ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ച് ഇ.ശ്രീധരന്റെ ഉപദേശം തേടാൻ സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ക്ഷണമനുസരിച്ച് ചർച്ച നടത്താൻ ഇ.ശ്രീധരൻ തിരുവനന്തപുരത്തെത്തി. വൈകിട്ട് അഞ്ചരയ്ക്കാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരുമായി ചർച്ച നടത്തുന്നത്. മദ്രാസ് ഐഐടിയുടെ സാങ്കേതിക സഹായത്തോടെയാണ് പാലാരിവട്ടം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നത്. പണി പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇ.ശ്രീധരന്റെ ഉപദേശം തേടുന്നത്.

അതേസമയം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്നു മദ്രാസ് ഐഐടിയും വ്യക്തമാക്കി.പാലം അപകടാവസ്ഥയിലായെന്നു വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ കോൺക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. പാലത്തിൽ രൂപപ്പെട്ട വിള്ളലുകൾ ഓരോന്നും അനുവദനീയമായ അളവിലധികം വീതിയിൽ വികസിക്കുകയാണ്.

ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തിലേറെ നീണ്ട പരിശോധനകൾക്കു ശേഷമാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിർത്തിവച്ച് പാലം അറ്റകുറ്റപ്പണി നടത്താൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം പാലത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പിൻവാങ്ങി.പാലം പണിയുമ്പോൾ സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് കുഞ്ഞ്.ഇ. ശ്രീധരൻ പറയുന്ന കാര്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും മുൻ മന്ത്രി പറഞ്ഞു.

മന്ത്രിയായിരിക്കെ മേൽപ്പാല നിർമ്മാണത്തിന്റെ ഭരണാനുമതി മാത്രമാണ് നൽകിയത്. സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്ര ഇട്ടു, കമ്പി എത്ര ഇട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ എന്നു ചോദിച്ച ഇബ്രാഹിംകുഞ്ഞ്, ഇതു മന്ത്രിയുടെ പണിയല്ലെന്ന് ചിന്തിച്ചാൽ മനസിലാകുമെന്നും കൂട്ടിച്ചേർത്തു.

പാലം പുനർനിർമ്മിക്കണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായത്തോട്, ശ്രീധരൻ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലത്തിൽ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP