Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടത്തെ 'പണി' ചോദിച്ചു വാങ്ങിയത്! കേന്ദ്ര ഹൈവേ അഥോറിറ്റി പണിയേണ്ട മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല കേന്ദ്രത്തിനു കത്ത് നൽകി ചുമതല സ്വയം ഏറ്റെടുത്തത് കേരളം; പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിന് പകരം കരാർ കിട്ടിയത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആർബിഡിസിക്ക്; സിമന്റും കമ്പിയും കുറച്ച് വെട്ടിപ്പു നടത്തിയപ്പോൾ കുടുങ്ങുന്നത് പാലം നിർമ്മിച്ച ആർഡിഎസ് എന്ന ഡൽഹി കമ്പനി; കേന്ദ്രം നിർമ്മിച്ച് നൽകേണ്ട പാലത്തിനായി എന്തിനു കേരളം പണം മുടക്കി എന്ന ചോദ്യത്തിന് ഉത്തരവുമില്ല

പാലാരിവട്ടത്തെ 'പണി' ചോദിച്ചു വാങ്ങിയത്! കേന്ദ്ര ഹൈവേ അഥോറിറ്റി പണിയേണ്ട മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല കേന്ദ്രത്തിനു കത്ത് നൽകി ചുമതല സ്വയം ഏറ്റെടുത്തത് കേരളം; പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിന് പകരം കരാർ കിട്ടിയത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ആർബിഡിസിക്ക്; സിമന്റും കമ്പിയും കുറച്ച് വെട്ടിപ്പു നടത്തിയപ്പോൾ കുടുങ്ങുന്നത് പാലം നിർമ്മിച്ച ആർഡിഎസ് എന്ന ഡൽഹി കമ്പനി; കേന്ദ്രം നിർമ്മിച്ച് നൽകേണ്ട പാലത്തിനായി എന്തിനു കേരളം പണം മുടക്കി എന്ന ചോദ്യത്തിന് ഉത്തരവുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ മുഴുവൻ ഉത്തരവാദിത്തവും പഴിയും പാലം നിർമ്മിച്ച ഡൽഹി ആസ്ഥാനമായ ആർഡിഎസ് പ്രോജക്ടിന്റെ മേലെ വീഴും. നിയമനടപടികൾ ഉദ്യോഗസ്ഥർക്ക് എതിരെയും വരും. പാലാരിവട്ടം മേൽപാലം ഒരു ദുരന്തമായി അവശേഷിക്കുമ്പോൾ ഉത്തരവാദിത്തം കമ്പനിക്ക് തന്നെ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. പാലാരിവട്ടം മേൽപ്പാല നിർമ്മാണം അന്വേഷിക്കുന്ന വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടും ഇത് പ്രകാരം തന്നെയാണ്. പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനിൽ നിന്ന് ഈടാക്കണമെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. പാലം നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നാണ് കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. പക്ഷെ പാലാരിവട്ടം മേൽപ്പാലപ്രശ്‌നത്തിൽ ശ്രദ്ധിച്ച് നീങ്ങാനാണ് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രിയോ വകുപ്പ് അധികൃതരോ പാലം നിർമ്മിച്ച യുഡിഎഫ് സർക്കാരിനെതിരെ ഇതുവരെ ശബ്ദിച്ചിട്ടില്ല.

പാലാരിവട്ടം പാലം പ്രശ്‌നത്തിൽ വിജിലൻസ് റിപ്പോർട്ട് പ്രകാരം മാത്രം നടപടിയെടുക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നത്. രാഷ്ട്രീയമായി ആരോപണങ്ങൾ ഉന്നയിക്കാനോ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിക്കെതിരെ പാലം പ്രശ്‌നം തിരിക്കാനും വകുപ്പ് തയ്യാറായിട്ടില്ല. നിലവിൽ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വിജിലൻസിന്റെ കയ്യിലാണ്. വിജിലൻസ് റിപ്പോർട്ട് അനുസരിച്ച് തന്നെയാകും പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ടു ഇടതുസർക്കാർ നടപടി സ്വീകരിക്കുക. പാലാരിവട്ടം പാലം പ്രശ്‌നത്തിൽ ഇടത് സർക്കാർ പരിഗണിക്കുന്നത് എന്തിനു പാലാരിവട്ടം മേൽപ്പാലം റോഡ്‌സ് & ബ്രിഡ്ജസ് കോർപ്പറേഷനെ ഏൽപ്പിച്ചു എന്നതിൽ മാത്രമാണ്.

പിഡബ്ള്യുഡിയെ ഏൽപ്പിച്ചാൽ വലിയ പ്രശ്‌നമില്ലാതെ പൊതുമരാമത്ത് വകുപ്പ് ഈ പാലം ചെയ്യുമായിരുന്നു. റോഡ്‌സ് & ബ്രിഡ്ജസ് കോർപ്പറേഷൻ ഇങ്ങിനെ ഒരു പാലം നിർമ്മിക്കാനോ അതിനു വേറെ ഏജൻസിയെ ഏൽപ്പിച്ച് മേൽനോട്ടം വഹിക്കാനോ മാത്രം പ്രാപ്തമല്ല.പിഡബ്‌ള്യുഡി പോലെ ജീവനക്കാരില്ല ആർബിഡിസിക്ക്. പിഡബ്‌ള്യുഡി എൻഎച്ച് വിഭാഗത്തിന് ഈ പാലം ചെയ്യാമായിരുന്നു. വൈറ്റില മേൽപാലം പിഡബ്ള്യുഡി എൻഎച്ച് വിഭാഗമാണ് ചെയ്യുന്നത്. ചീഫ് എഞ്ചിനീയർ, സൂപ്രണ്ടിങ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ തുടങ്ങി എല്ലാ വിഭാഗം ആളുകളും പിഡബ്ള്യുഡിയുടെ കൈവശമുണ്ട്. എന്നാൽ ഈ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ആർബിഡിസിക്കില്ല. ആർബിഡിസി ഒരു കൺസൾട്ടന്റിന്റെ ഏൽപ്പിക്കും. ഇങ്ങിനെയാണ് പരിശോധനയ്ക്ക് ഉള്ള കൺസൽട്ടന്റ് ആയി കിറ്റ്കോ വന്നത്. കിറ്റ്കോയും അവരുടെ പാനലിലെ കമ്പനികൾക്കാണ് ഈ കരാർ കൈമാറുന്നത്. കിറ്റ്കോ സർട്ടിഫൈ ചെയ്ത് നൽകിയ ടെക്നോളജിയാണ് ഡെക്ക് കണ്ടിന്യുറ്റി. അതുമാത്രമല്ല ടാറിംഗിലും പുതിയ ടെക്നോളജി അപ്ലൈ ചെയ്തിരുന്നു. ഈ ടെക്നോളജി ശരിയായ വിധത്തിൽ ഉപയോഗിച്ച് എന്ന് സർട്ടിഫൈ ചെയ്തത് കിറ്റ്കോയാണ്. എന്നിട്ടാണ് പാലാരിവട്ടം പാലത്തിനു ഈ ഗതി വന്നത്.

പാലാരിവട്ടം മേൽപ്പാലം ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട റൂട്ടിലാണ്. വൈറ്റില മുതൽ ഇടപ്പള്ളി കഴിഞ്ഞു നീങ്ങുന്ന ഈ പാതയിലെ നാലുവരി പാതാ നിർമ്മാണം കേന്ദ്ര ഹൈവേ അഥോറിറ്റിയുടെ പണിയാണ്. പാലാരിവട്ടം മേൽപ്പാലം കേരളത്തിലെ ഒരു കാശ് പോലും ചെലവ് വരാതെ കേന്ദ്രം തന്നെ ഈ പാത നിർമ്മിച്ചു നൽകുമായിരുന്നു. ദേശീയ പാതാ അഥോറിറ്റി ഏറ്റെടുത്ത റോഡിൽപെട്ടതാണ് പാലാരിവട്ടം മേൽപ്പാലം. അപ്പോൾ ഈ മേൽപ്പാലം കേന്ദ്ര ഹൈവേ അഥോറിറ്റി ചെയ്യുമായിരുന്നു. പക്ഷെ കഴിഞ്ഞ യുഡിഎഫ് സർക്കാർ കേന്ദ്രത്തിനു കത്ത് നൽകി ഈ പാലം അടക്കം നിരവധി പാലങ്ങൾ സ്വയം നിർമ്മിക്കുകയായിരുന്നു. വൈറ്റില മേൽപ്പാലം, കുണ്ടന്നൂർ മേൽപ്പാലം എന്നിവയെല്ലാം ഇങ്ങിനെ വന്ന മേൽപ്പാലങ്ങളാണ്. അതുകൊണ്ട് തന്നെ പാലാരിവട്ടം മേൽപ്പാലപ്രശ്‌നത്തിൽ കേന്ദ്ര ഹൈവേ അഥോറിറ്റി കൈകഴുകയാണ്.

വിചിത്രമായ കാര്യം പാലാരിവട്ടം അടക്കമുള്ള പാലങ്ങൾ കേരളം നിർമ്മിച്ചാലും നാലുവരി പാത പൂർത്തിയാക്കുമ്പോഴുള്ള ടോൾ പിരിവ് വരുമ്പോൾ ടോൾ പിരിക്കുന്നത് കേന്ദ്രം തന്നെയാകും. ഇടപ്പള്ളി മുതൽ അരൂർ വരെ കേന്ദ്രം ടോൾ പിരിക്കുന്ന ദേശീയപാതയിൽ ഉൾപ്പെട്ടതാണ്. ഇതേ പാതയിലാണ് പാലാരിവട്ടം മേൽപ്പാലവും വരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇടത് അധികാര കേന്ദ്രങ്ങൾ പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച യുഡിഎഫ് സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. 245 പാലങ്ങൾ ആണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചത്. 2000 കോടി രൂപയുടെ ബഡ്ജറ്റിൽ ആണ് ഈ പാലം പണി മുഴുവൻ കഴിഞ്ഞതും. 245 പാലങ്ങൾ പൂർണമായും പണി കഴിയുകയും ചെയ്തിരുന്നു. കേരള ചരിത്രത്തിലെ തന്നെ ഒരു റെക്കോഡ് ആണിത്. ആ പാലങ്ങളിൽ ഉൾപ്പെട്ട പാലാരിവട്ടം മേൽപ്പാലം മാത്രമാണ് സർക്കാരിന് കുഴപ്പിക്കുന്നത്.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടു ഇപ്പോൾ സർക്കാരിന് മുന്നിലുള്ളത് ചെന്നൈ ഐഐടി റിപ്പോർട്ടാണ്. പാലാരിവട്ടം മേൽപ്പാലം പൊളിക്കേണ്ട അറ്റകുറ്റപ്പണി മാത്രം നടത്തിയാൽ മതി എന്നാണ് ചെന്നൈ ഐഐടി പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാലം പൊളിക്കേണ്ട ആവശ്യമില്ല അറ്റകുറ്റപ്പണി മാത്രം നടത്തിയാൽ മതി എന്ന റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പും ഇടത് സർക്കാരും ഗൗരവകരമായി കണ്ടിട്ടുണ്ട്. മാത്രമല്ല ചെന്നൈ ഐഐടി ടീം കൊച്ചിയിൽ ക്യാമ്പ് ചെയ്ത് പാലം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പാലം മുഴുവൻ കവർ ചെയ്യുന്ന വിധത്തിലുള്ള അറ്റകുറ്റപ്പണിയാണ് ചെന്നൈ ഐഐടി നിലവിൽ മുന്നോട്ടു വയ്ക്കുന്നത്.

പാലം പൊളിക്കേണ്ട എന്ന നിർദ്ദേശം ഐഐടി ടീം സർക്കാരിന് മുന്നിൽ നൽകുകയും സർക്കാർ ഈ നിർദ്ദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇടത്മുന്നണിയും സർക്കാരും രാഷ്ട്രീയ ആരോപണങ്ങളുമായി, അഴിമതി ആരോപണങ്ങളുമായി മുന്നോട്ടു പോകാത്തതും. വൻ അഴിമതിയാണ് പാലം പണിയിൽ നടന്നത് എന്ന് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ നൽകിയെങ്കിലും അത് പൂർണമായി മുഖവിലയ്ക്ക് എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കാരണം പാലം പണിയിൽ ഉപയോഗിച്ച ടെക്നോളജി പിഴച്ചതാണ് എന്ന വിലയിരുത്തൽ ഐഐടിക്കുണ്ട്. സർക്കാരിനും ഇത് സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഡെക്ക് കണ്ടിന്യുറ്റി ടെക്നോളജിയാണ് പാലാരിവട്ടം പാലം പണിക്ക് ആർഡിഎസ് കമ്പനി സ്വീകരിച്ചത്. ടാറിങ് രീതിയിലും പുതിയ ടെക്നോളജി പിന്തുടർന്നിട്ടുണ്ട്. ഈ രണ്ടു ടെക്നോളജിയും അനുവർത്തിക്കുമ്പോൾ ആ ടെക്നോളജിക്ക് അനുസൃതമായ സാങ്കേതിക പരിജ്ഞാനം ഈ കമ്പനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഡെക്ക് കണ്ടിന്യൂറ്റി ടെക്നോളജി ഉപയോഗിക്കുന്നതിൽ ആർഡിഎസ് കമ്പനി പാളിപ്പോയി എന്നാണ് നിലവിൽ ലഭിക്കുന്ന വിവരവും സൂചനകളും. അത് മാത്രമല്ല മുൻപ് പാലം നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് സർക്കാർ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തവും ഗ്യാരണ്ടിയും ഈ കമ്പനികൾക്ക് തന്നെ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാലം തകർന്നാൽ അറ്റകുറ്റപ്പണി വേണ്ടിവന്നാൽ അത് ചെയ്യേണ്ടത് പാലം നിർമ്മിച്ച കമ്പനി തന്നെയാണ്. ഇതുകൊണ്ട് തന്നെയാണ് പാലാരിവട്ടം പാലം നിർമ്മാണത്തിൽ ഇടത് സർക്കാർ രാഷ്ട്രീയ ആരോപണവും അഴിമതിയുമായി മുന്നോട്ടു വരാതിരുന്നത്. 2016 ഒക്ടോബറിൽ പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയിൽ തന്നെ പാലത്തിന്റെ ഉപരിതലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പാലം പുതുക്കിപ്പണിയേണ്ടതുണ്ടെന്ന നിഗമനത്തിലേക്ക് എത്തുന്നത്.

പാലാരിവട്ടം മേൽപാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് എഫ് ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. പാലത്തിന്റെ രൂപരേഖ തയാറാക്കാൻ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഗേഷ് കൺസൽറ്റന്റ്‌സിനെ ചുമതലപ്പെടുത്തിയ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥർ, പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരളയിലെ (ആർബിഡിസികെ) ഉദ്യോഗസ്ഥർ, പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടിനു നേതൃത്വം നൽകിയവർ എന്നിവരെയും പ്രതികളാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP