Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിന് ചെലവാകുന്ന 18 കോടി പാലം നിർമ്മിച്ച കമ്പനിയിൽ നിന്നും ഈടാക്കാനുള്ള സർക്കാർ നീക്കം വിജയിച്ചേക്കില്ല; നിർമ്മാണ തകരാർ ചൂണ്ടിക്കാട്ടി പുനർനിർമ്മിക്കാൻ അനുമതി ചോദിച്ചു കമ്പനി എഴുതിയ കത്തിൽ അടയിരുന്നതിന്റെ രേഖകൾ പുറത്തുവരുമ്പോൾ നഷ്ടം ഈടാക്കൽ പ്രയാസമാകും; ടെണ്ടർ വിളിക്കാതെ ഊരാളുങ്കലിന് നിർമ്മാണം നൽകിയതും തലവേദനയാകും: യുഡിഎഫ് സർക്കാറിന്റെ പിഴവിന്റെ ഉത്തരവാദിത്തം ഒരു കാര്യവും ഇല്ലാതെ പിണറായി തലയിലേന്തുന്നത് ഇങ്ങനെ

പാലാരിവട്ടം പാലം പുനർനിർമ്മാണത്തിന് ചെലവാകുന്ന 18 കോടി പാലം നിർമ്മിച്ച കമ്പനിയിൽ നിന്നും ഈടാക്കാനുള്ള സർക്കാർ നീക്കം വിജയിച്ചേക്കില്ല; നിർമ്മാണ തകരാർ ചൂണ്ടിക്കാട്ടി പുനർനിർമ്മിക്കാൻ അനുമതി ചോദിച്ചു കമ്പനി എഴുതിയ കത്തിൽ അടയിരുന്നതിന്റെ രേഖകൾ പുറത്തുവരുമ്പോൾ നഷ്ടം ഈടാക്കൽ പ്രയാസമാകും; ടെണ്ടർ വിളിക്കാതെ ഊരാളുങ്കലിന് നിർമ്മാണം നൽകിയതും തലവേദനയാകും: യുഡിഎഫ് സർക്കാറിന്റെ പിഴവിന്റെ ഉത്തരവാദിത്തം ഒരു കാര്യവും ഇല്ലാതെ പിണറായി തലയിലേന്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമ്മാതാക്കളായ ആർഡിഎസ് പ്രൊജക്ടിൽ നിന്നും ഈടാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപനം വെറും കണ്ണിൽ പൊടിയിടൽ മാത്രം. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമ്മാണത്തിൽ നിന്നു തടയാൻ ആർഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സാധിച്ചേക്കില്ല. കാരണം പാലം നിർമ്മാണത്തിലെ അപാകതകൾ ആദ്യം സംസ്ഥാന സർക്കാറിന് റിപ്പോർട്ടു ചെയ്തത് ആർഡിഎസ് കമ്പനി തന്നെയായിരുന്നു.

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്. ഇ.ശ്രീധരൻ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണു തകരാറുകൾ പരിഹരിക്കാനുള്ള ചെലവ്. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. യാതൊരു ടെണ്ടർ നടപടികളു കൂടാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയതും.

മേൽപാല നിർമ്മാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായത്. പാലങ്ങളുടെ കോൺക്രീറ്റ് മിക്‌സ് നിലവാരം എം 35 ആകണമെന്നാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധന. ഇതു പരമാവധി 32 വരെ മാത്രമേ താഴാൻ പാടുള്ളൂ. എന്നാൽ, പാലാരിവട്ടം പാലത്തിന്റേത് എം 22 ആണെന്നാണു കണ്ടെത്തൽ. സ്വകാര്യ കമ്പനികളിൽ നിന്നു നിലവാര പരിശോധനയില്ലാതെ കോൺക്രീറ്റ് മിക്‌സ് വാങ്ങി ഉപയോഗിച്ചതാണു പ്രശ്‌നമായതെന്നും സൂചനയുണ്ട്. കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോൾ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമ്മാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ, കൊല്ലം ബൈപാസ് നിർമ്മാണക്കരാർ ആർഡിഎസ് സംയുക്ത കമ്പനിയാണ് ഏറ്റെടുത്തത്. മരാമത്ത് വകുപ്പ് വിലക്കേർപെടുത്തിയാലും ദേശീയപാത അഥോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കഴക്കൂട്ടം മേൽപാലം നിർമ്മാണത്തെയും ബാധിക്കില്ല.

കേടുപാടുകൾ ആദ്യം അറിയിച്ചത് കമ്പനി തന്നെ

അതേസമയം പാലാരിവട്ടം പാലത്തിലെ പ്രശ്‌നങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് കമ്പനി തന്നെയായിരുന്നെന്നും, ബന്ധപ്പെട്ടവർക്കെല്ലാം ഇത് അറിയാമായിരുന്നു എന്നതിനും തെളിവായുള്ള രേഖകൾ സർക്കാറിന് തുക ഈടാക്കുന്നതിന് തിരിച്ചടിയാകും. നിർമ്മാണത്തിലെ അപാകത ശ്രദ്ധയിൽപെട്ട് 2016 നവംബർ 11 നു റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്റ്റർ വിളിച്ച യോഗത്തിൽ പാലാരിവട്ടം പാലത്തിൽ കമ്പനി ശ്രദ്ധയിൽ പെടുത്തിയിരുന്ന തകരാറുകൾ ചർച്ച ചെയ്തിരുന്നു. ഇതു സബന്ധിച്ച വിവരങ്ങൾ അന്നത്തെ യോഗത്തിന്റെ മിനിറ്റ്‌സ് കോപ്പിയിൽ വ്യക്തമാണ്,

2016 നവംബർ 23 നു കമ്പനി കിറ്റ്‌കോയ്ക്ക് നൽകിയ കത്തും ഇത് തെളിയിക്കുന്നത്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും പ്രസ് ചെയ്തു. എന്നിട്ടും സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ റിപ്പോർട്ടിൽ സർക്കാർ അടയിരുന്നത് തന്നെയാണ് വിഷയത്തിൽ നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും. പാലത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാലയളവായിരുന്നു. എന്തുകൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചു. പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്
അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. എന്നാൽ, ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല.

ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. കിറ്റ്‌കോ, നാഗേഷ് കൺസൾട്ടിങ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ട്രാക്ക് റെക്കോർഡും മികച്ചതാണ്. ഒരു കേസിലും ഇവർ ഇത് വരെ ഉൾപ്പെട്ടിട്ടില്ല. പുനർനിർമ്മാണം പാലാരിവട്ടം പാലം പുനർ നിർമ്മിക്കുന്നത് യുഎൽസിസി ടൻഡർ നടപടികളില്ല. ഊരാളുങ്കലിന് കരാർ നൽകുന്നതിൽ നിന്നു തന്നെ സിപിഎം താൽപ്പര്യം വ്യക്തമാണ്. ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ വലിയ പങ്ക് നിർമ്മാണ കരാറുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റി ആണ് ചെയ്തത്. ഇവ പലതും കൃത്യമായ നിബന്ധനകൾ പാലിച്ചല്ല എന്ന വിമർശനം പരക്കെ ഉണ്ട്. നിയമ സഭയിലെ ഡിജിറ്റലൈസേഷൻ കരാർ ഈ രംഗത്ത് ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡർ നടപടികളില്ലാതെ സർക്കാർ ഏൽപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.

2014 ജൂണിൽ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു .അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു.യ തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്‌കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്‌കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. ഇതിന് ശേഷം മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു.ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു.വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻ കണ്ടെത്തുകയും ചെയ്തു.

ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നതും അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ലെന്ന്

പാലത്തിലെ നിർമ്മാണ അപാകത പഠിച്ച ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ തന്നെ പറയുന്നു അടിത്തറയ്ക്കും, തൂണുകൾക്കും ഒരു കുഴപ്പവുമില്ലെന്ന്. അടിത്തറ ഇളക്കേണ്ടെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. എന്തെങ്കിലും കൃത്രിമം ആരെങ്കിലും കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് താഴെയല്ലേ കാണിക്കൂ. 24 മാസമായിരുന്നു നിർമ്മാണത്തിന് കണക്കാക്കിയിരുന്ന സമയം. അത് രാഷ്ടിയ സമ്മർദ്ദം കൊണ്ട് 18 മാസത്തിൽ തീർക്കേണ്ടി വന്നു. 41 കോടിയുടെ വർക്ക് എടുത്ത് 39 കോടിക്ക് തീർത്തു. ഈ കോൺട്രാക്ടർ 2 കോടി രൂപ സർക്കാരിന് തിരിച്ചു കൊടുത്തിരിക്കുകയാണ് ചെയ്തത്. തിടുക്കത്തിൽ തീർക്കേണ്ടി വന്നപ്പോൾ എന്തെങ്കിലും നോട്ടപ്പിശക് വന്നിരിക്കാം എന്നതാണ് കോൺട്രാക്ടർമാർ ആരോപിക്കുന്നത്.

പണം അഡ്വാൻസ് നൽകുന്നത് പുതിയ കാര്യമല്ലെന്നുമാണ് കോൺട്രാക്ടർമാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. മൊബിലൈസേഷൻ അഡ്വാൻസ് സാധാരണ കൊടുക്കാറുള്ളത്. പുതിയ കാര്യമല്ല. 5 ശതമാനം പലിശ ലഭിച്ചിരുന്ന പൈസയെടുത്ത് 7 ശതമാനം പലിശയ്ക്കാണ് കൊടുത്തത്. മന്ത്രി, പരിഗണിക്കാം എന്നോ മറ്റോ ഫയലിൽ കുറിച്ചിരിക്കാമെങ്കിലും ഇതിൽ നടപടിക്രമങ്ങളും, നിയമവും നോക്കി അതുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇവർ പറയുന്നു.

ചെന്നൈ ഐഐടി നിർദ്ദേശങ്ങൾ മുഴുവൻ പാലിച്ചു എന്നും ഇവർ അവകാശപ്പെടുന്നു. പണി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോൾ പ്രതലത്തിൽ ചില വിരിച്ചിലുകൾ (Cracks) കണ്ടു. വിള്ളൽ അല്ല വിരിച്ചിൽ ആയിരുന്നു രൂപപ്പെട്ടത്. 0 .36 മില്ലി മീറ്റർ ആണ് ഈ വിരിച്ചിലിന്റെ അളവ്. അത് പരിഹരിക്കാൻ പ്രയാസമുള്ളതല്ല. കാർബൺ ഫൈബർ റാപ്പിങ് ആണ് ഐഐടി നിർദ്ദേശിച്ചത്. അതാണ് റോഡ് കോൺഗ്രസ് മാർഗ്ഗരേഖയിലുള്ളതും. ചെന്നൈ ഐഐടി പറഞ്ഞ അഞ്ച് നിർദ്ദേശങ്ങളിൽ ഒന്നാണിത്. അത് ചെയ്തുവെന്നും ഇവർ പറയുന്നു.

സാധാരണ പാലങ്ങളിലെല്ലാം എക്‌സ്ട്രാ ജോയിന്റ് കാണും. ഇത് മൂലം ഒരു ഗ്യാപ് ഉണ്ടാകും. യാത്ര ചെയ്യുമ്പോൾ ഇടയ്ക്കിടക്ക് ചാടുന്നത് ഈ ഗ്യാപ് ഉള്ളതുകൊണ്ടാണ്. അത് ഒഴിവാക്കാനുള്ള ഒരു ടെക്നോളജിയാണ് ഈ പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. അത് വിജയിച്ചില്ല. അതിനു പല കാരണങ്ങൾ കാണാം. ഐഐറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഡെക് സ്ലാബ് കണ്ടിന്യൂയിറ്റി ജോയിൻ സിസ്റ്റം ഒഴിവാക്കി പകരം സാധാരണ ചെയ്യാറുള്ളത് പോലെ ജോയിന്റ് സിസ്റ്റം കൊണ്ടുവരാമെന്നു വച്ചത്. അതാണ് അവിടെ നടന്ന പണി. അതാണ് പാലം മുഴുവൻ വെട്ടിപ്പൊളിച്ചു എന്ന പ്രതീതി ഉണ്ടാക്കിയത്. തുടർച്ചയായി പോയിരുന്ന സ്ലാബുകൾ വെട്ടിപ്പൊളിച്ചു ജോയിന്റുകൾ കൊടുക്കുകയാണ് ചെയ്തത്. അത് കണ്ടപ്പോഴാണ് പാലം മുഴുവൻ പൊളിക്കേണ്ടെ്‌ന് ഐഐടി പറയുന്നത്.

ആരും അറിയാതെ കോൺട്രാക്റ്റർക്ക് വേണമെങ്കിൽ ഈ തകരാർ പരിഹരിക്കാമായിരുന്നതാണ്. അതിനു മുതിരാതെ സംഭവിച്ച പാളിച്ച അവർ ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിച്ചു. ഐഐടി യിൽ നിന്നുള്ള വിദഗ്ധരെ കൊണ്ട് വന്നത് അവരുടെ ചെലവിൽ തന്നെയാണ്. പാലം അടച്ചിട്ടില്ലായിരുന്നെങ്കിൽ ഇത് പൊതു ജനം അറിയുകപോലും ഇല്ലായിരുന്നുവെന്നും കോൺട്രാക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP