Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശനിയാഴ്‌ച്ച രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വി കെ ഇബ്രാഹിംകുഞ്ഞിനോട് വിജിലൻസ്; പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കുക ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ

ശനിയാഴ്‌ച്ച രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വി കെ ഇബ്രാഹിംകുഞ്ഞിനോട് വിജിലൻസ്; പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിക്കുക ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുന്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം അഴിമതിക്കേസിൽ വിജിലൻസ് ചോദ്യം ചെയ്യും. ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. പൂജപ്പുരയിലുള്ള വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്നിന്റെ ഓഫീസിൽ ഹാജരാകാനാണ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാൻ അനുമതി തേടി നാലുമാസം മുമ്പാണ് ഗവർണർക്ക് വിജിലൻസ് അപേക്ഷ സമർപ്പിച്ചത്.

കേസിൽ മുൻ മന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തിൽ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലൻസ് തീരുമാനമെടുക്കുക. വിജിലൻസ് ഡിവൈഎസ്‌പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലൻസ് പൂർത്തിയാക്കിയിട്ടുണ്ട്.പാലാരിവട്ടം അഴിമതിക്കേസിന്റെ അന്വേഷണത്തിലെ നിർണായക വഴിത്തിരിവിലേക്കാണ് വിജിലൻസ് നീങ്ങിയിട്ടുള്ളത്.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുൻകൂർ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി. ഒ സൂരജ് വ്യക്തമാക്കിയിരുന്നു.

മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകൾ അഴിമതിക്ക് തെളിവായി വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പാലം നിർമ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോർഡിന്റെയും കേരള റോഡ്‌സ് ആൻഡ് ബ്രിഡജസ് കോർപ്പറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്‌സിൽ മന്ത്രിയുടെ ഒപ്പമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലിൽ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞില്ലെങ്കിൽ അറസ്റ്റിലേക്ക് കടക്കാനാണ് വിജിലൻസിന്റെ തീരുമാനം.

അതിനിടെ, ഇബ്രാഹീം കുഞ്ഞുമായി ബന്ധമുള്ള ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർമാരെ കൊച്ചിയിലെ ഓഫീസിൽവച്ച് വിജിലൻസ് ചോദ്യംചെയ്തിരുന്നു. നോട്ട് നിരോധന കാലത്ത് മാധ്യമ സ്ഥാപനത്തിലേക്ക് പത്തുകോടി രൂപ വന്നുവെന്ന് പറയപ്പെടുന്ന വിഷയത്തിലാണിത്. ഈ കേസും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ ഇബ്രാഹീം കുഞ്ഞ് പ്രതിപ്പട്ടികയിൽ എത്തിയാൽ ഒരുപക്ഷെ എൻഫോഴ്സ്മെന്റിന്റെ അന്വേഷണംകൂടി ഇബ്രാഹീം കുഞ്ഞിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP