Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പമ്പ ത്രിവേണി മണൽ കടത്തിൽ വനം മന്ത്രിയുടെ നിലപാട് ശരിവച്ച് ദേശീയ ഹരിത ട്രിബ്യൂണലും; പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ എന്തുകൊണ്ട് മണൽ നീക്കം ചെയ്യുന്നുവെന്ന് ട്രിബ്യൂണൽ; റിപ്പോർട്ട് നൽകാൻ നിയോഗിച്ചത് പ്രത്യേക സമിതിയെ; ട്രിബ്യൂണൽ തടഞ്ഞത് സർക്കാർ നടത്തുന്ന മണൽക്കൊള്ളയെന്നു ചെന്നിത്തല; സ്പ്രിങ്ലർ വിവാദത്തിനു പിന്നാലെ സർക്കാരിനു തലവേദനയായി പമ്പ-ത്രിവേണി മണൽവിവാദം

പമ്പ ത്രിവേണി മണൽ കടത്തിൽ വനം മന്ത്രിയുടെ നിലപാട് ശരിവച്ച് ദേശീയ ഹരിത ട്രിബ്യൂണലും; പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ എന്തുകൊണ്ട് മണൽ നീക്കം ചെയ്യുന്നുവെന്ന് ട്രിബ്യൂണൽ; റിപ്പോർട്ട് നൽകാൻ നിയോഗിച്ചത് പ്രത്യേക സമിതിയെ; ട്രിബ്യൂണൽ തടഞ്ഞത് സർക്കാർ നടത്തുന്ന മണൽക്കൊള്ളയെന്നു ചെന്നിത്തല; സ്പ്രിങ്ലർ വിവാദത്തിനു പിന്നാലെ സർക്കാരിനു തലവേദനയായി പമ്പ-ത്രിവേണി മണൽവിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: സ്പ്രിങ്ലർ വിവാദത്തിനു പിന്നാലെ പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്‌നവും സർക്കാരിനു തലവേദനയാകുന്നു. സ്പ്രിങ്ലർ വിവാദത്തിനു സർക്കാരിനു ശക്തമായ തിരിച്ചടി സമ്മാനിച്ചതിനു പിന്നാലെയാണ് പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്‌നത്തിലെ അഴിമതിയും ദുരൂഹതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ ഖജനാവിന് നേരിട്ട് മുതൽ കൂട്ടേണ്ട കോടിക്കണക്കിന് രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് സർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം. കണ്ണൂരിലെ കേരളാ ക്ലേസ് ആൻഡ് സെറാമിക് പ്രോഡക്ടറ്റ്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായി മണൽ നൽകിയത്. ഇതിലുള്ള അഴിമതിയാണ് പ്രതിപക്ഷം തുറന്നു കാണിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന മണൽ പൊതുമേഖലാ സ്ഥാപനം പുറത്ത് വിപണിയിൽ വിറ്റഴിക്കുമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല. പൊതുമേഖലാ സ്ഥാപനങ്ങളെ മുൻ നിർത്തി ആരുടെ കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്ത് വന്നത്.

മണൽ നീക്ക പ്രശ്‌നം വിവാദമായതോടെ പ്രശ്‌നത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനോട് വിശദീകരണം ചോദിച്ചു. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടുവെന്നാണ് ഹരിത ട്രിബ്യൂണൽ ചോദിച്ചത്. മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ ഹരിത ട്രിബ്യൂണൽ നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര വനം മന്ത്രാലയത്തിന്റെ ബാംഗ്ലൂർ റീജിയണൽ ഓഫിസിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥൻ, വനം മേധാവി നിയോഗിക്കുന്ന സിസിഎഫിൽ കുറഞ്ഞ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ, പത്തനംതിട്ട കലക്ടർ , മൈനിങ് ആൻഡ് ജിയോളജി സിനീയർ ഉദ്യോഗസ്ഥൻ, പത്തനംതിട്ട ഡിഎഎഫ്ഒ, ദുരന്ത നിവാരണ മെംബർ സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.എത്ര മണല് നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പഠനം നടന്നോ എന്ന് കമ്മിറ്റി പരിശോധിക്കണം. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ട്രിബ്യൂണൽ തടഞ്ഞത് സർക്കാർ നടത്തുന്ന മണൽക്കൊള്ളയെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വനംവകുപ്പിനാണ് ഇതിനുള്ള അധികാരം. വനം വകുപ്പ് അറിഞ്ഞിട്ടില്ല. ഇതും ഗൗരവകരമാണ്-ചെന്നിത്തല പറയുന്നു. ഹരിത ട്രിബ്യൂണൽ ഇടപെടൽ വന്നതോടെ പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്‌നം സർക്കാരിനു മുന്നിൽ പുതിയ തലവേദന സൃഷ്ടിക്കുകയാണ്.

പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് വനം മന്ത്രി കെ.രാജുവും നിലപാട് എടുത്തിട്ടുണ്ട്. വനത്തിലെ മണലെടുപ്പിന് വനം വകുപ്പ് അനുമതി വേണം. ഇത് നൽകിയിട്ടില്ല എന്നാണ് വനംമന്ത്രി വ്യക്തമാക്കിയത്. പ്രശ്‌നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും കെ രാജു ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന് നിലവിൽ മണലെടുപ്പ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം വനാതിര്ത്തിക്കു പുറത്തേക്ക് മണല് കൊണ്ടുപോകാൻ പത്തനംതിട്ട ജില്ലാ കലക്ടർ നല്കിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതോടെ മണൽ നീക്കം വനം വകുപ്പ്തടഞ്ഞു. കേന്ദ്രാനുമതിയില്ലാതെ മണൽ വനാതിർത്തിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പറ്റില്ലെന്ന് വനംവകുപ്പ് കര്ശന നിലപാട് സ്വീകരിക്കുകയായിരുന്നു. മണൽ പുറത്തു കൊണ്ടുപോകുന്നതിനെതിരേ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകിയിട്ടുണ്ട്.

വനമേഖല പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചുവേണം ചെയ്യാൻ. നേരത്തെ രണ്ടുവർഷം കിട്ടിയിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മഴക്കാലമെത്തിയതോടെ പെട്ടെന്ന് ദുരന്ത നിവാരണവകുപ്പ് ഉപയോഗിച്ച് കലക്ടർ മണൽ നീക്കത്തിന് ഉത്തരവിട്ടത് ദൂരൂഹമാണ് എന്നാണ് ആരോപണം ഉയരുന്നത്. മണലും മറ്റും നദിയിൽ നിന്ന് നീക്കം ചെയ്യാനല്ലാതെ വിൽക്കാൻ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് അനുവദിക്കുന്നില്ല. അത് പരിസ്ഥിതി സംരക്ഷണം മുൻ നിർത്തിയാണ്. അല്ലാത്ത പക്ഷം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ പ്രത്യേകാനുമതി തേടണം. ഇത് തേടിയിട്ടില്ല. വനാതിർത്തിയിലെ പുഴയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിന് മുൻപ് സാന്റ് ഓഡിറ്റിങ് നടത്തണം. ഇതും നടന്നിട്ടില്ല. ഇതോടെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്.

വിരമിക്കുന്നതിനു തൊട്ട്മുൻപ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്‌നാഥ് ബഹ്‌റയും തമ്മിൽ ഒരുമിച്ച് നടത്തിയ വിവാദ ഹെലികോപ്റ്റർ യാത്രയെ ഈ വിവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബന്ധിപ്പിച്ചതോടെയാണ് പമ്പ-ത്രിവേണി മണൽനീക്കം വിവാദമായത്. 2018 ലെ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞ കോടിക്കണക്കിന് രൂപയുടെ മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച കാര്യത്തിനാണ് ഈ യാത്രയെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ പമ്പ ത്രിവേണിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മണൽ നീക്കം ചെയ്യാൻ പത്തനംതിട്ട കലക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടു.

സർക്കാർ ഖജനാവിന് നേരിട്ട് മുതൽ കൂട്ടേണ്ട കോടിക്കണക്കിന് രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുകയാണ്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട്. സർക്കാർ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിൽപ്പരം മെട്രിക് ടൺ മണലാണ് പമ്പ ത്രിവേണിയിൽ പുഴയിലും കരയിലുമായുള്ളത്. നേരത്തേ മെട്രിക് ടണ്ണിന് 1200 രൂപ നിരക്കിൽ കരാർ നല്കി സർക്കാർ വിറ്റിരുന്നു. മണ്ണിനും മണലിനും ഗുണമേന്മ കുറവാണെന്ന് ചൂണ്ടിക്കാട്ടി വില്പന മുന്നോട്ട് പോയില്ല. ഈ സാഹചര്യത്തിൽ വീണ്ടും വില കുറച്ച് വില്പന നടത്തുന്നതിന് പകരം പൂർണമായും സൗജന്യമായിട്ടാണ് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ഗോവിന്ദൻ ചെയർമാനായുള്ള കമ്പനിക്ക് നല്കിയത്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ കോടിക്കണക്കിന് രൂപയുടെ മണൽ പമ്പയിലുണ്ട്. മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന ഈ മണലാണ് ലക്ഷ്യമെന്നാണ് ആരോപണം ഉയരുന്നത്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP