Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശുപാർശ കിട്ടിയത് ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാനും; പുനർനിർണ്ണയത്തിന്റെ ആനുകൂല്യം യുഡിഎഫിൽ നിന്ന് തട്ടിയെടുക്കാനുള്ള ആഗ്രഹത്തിന് വിനയായത് സാമ്പത്തിക പ്രതിസന്ധി; ഇപ്പോഴുള്ള പഞ്ചായത്തും കോർപ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും; പുതിയ ഗ്രാമ പഞ്ചായത്തുകൾ തൽകാലം വേണ്ടെന്ന തീരുമാനിച്ച് പിണറായി സർക്കാർ

ശുപാർശ കിട്ടിയത് ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാനും; പുനർനിർണ്ണയത്തിന്റെ ആനുകൂല്യം യുഡിഎഫിൽ നിന്ന് തട്ടിയെടുക്കാനുള്ള ആഗ്രഹത്തിന് വിനയായത് സാമ്പത്തിക പ്രതിസന്ധി; ഇപ്പോഴുള്ള പഞ്ചായത്തും കോർപ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും; പുതിയ ഗ്രാമ പഞ്ചായത്തുകൾ തൽകാലം വേണ്ടെന്ന തീരുമാനിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ സമ്മതിദായകർക്കു വോട്ടവകാശം വിനിയോഗിക്കാം. ഇപ്പോഴുള്ള പഞ്ചായത്തും കോർപ്പറേഷനും മുനിസിപ്പാലിറ്റികളും തന്നെ അടുത്ത തവണയും തുടരും. വലിയ പഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനം വേണമോയെന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വാർഡ് പുനർ വിഭജനം നടത്തിയിരുന്നില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവി സംവരണവും വാർഡ് സംവരണവും ഇപ്പോഴത്തേതു പോലെ തുടരണോ സംവരണ വാർഡുകൾ മാറ്റി നിശ്ചയിക്കണോയെന്ന കാര്യത്തിലും ഈ മാസം തീരുമാനമുണ്ടാകും. സംവരണം 10 വർഷത്തിലൊരിക്കൽ മാറ്റിയാൽ മതിയെന്നു വി എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ നിർദ്ദേശിച്ചിരുന്നു. ഇതു നടപ്പായാൽ ഇപ്പോഴത്തെ സംവരണ വാർഡുകൾ ഒരു തവണ കൂടി അതേപടി തുടരും. അങ്ങനെ വന്നാൽ നിലവിലെ കൗൺസിലർമാർക്ക് അതേ വാർഡിൽ വീണ്ടും മത്സരിക്കാനാകും. സംവരണ വാർഡുകൾ എല്ലാ തവണയും മാറുന്നത് വാർഡുകളുടെ വികസനത്തെ ബാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു ഒരു വർഷം പോലും ശേഷിക്കാത്ത സാഹചര്യത്തിൽ പുതിയ പഞ്ചായത്ത് രൂപീകരണവും വാർഡ് വിഭജനവും വോട്ടർ പട്ടിക തയാറാക്കലും പൂർത്തിയാക്കാനാകില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്ത് സർക്കാരിന് ലഭിച്ചിരുന്നു. 2021ലെ സെൻസസിനു മുന്നോടിയായി അടുത്ത മാസം 31ന് തദ്ദേശ ഭരണ പ്രദേശങ്ങളുടെ അതിരുകൾ മരവിപ്പിക്കുമെന്നു സെൻസസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി മാറ്റാൻ സാങ്കേതിക തടസമുണ്ടാകും. പ്രളയാനന്തര പ്രശ്‌നങ്ങളും പരിഗണിച്ചു. ഇതിനൊപ്പം സാമ്പത്തക ബാധ്യതാ പ്രശ്‌നങ്ങളും വിഭജനത്തിന് എതിരായി.

അതുകൊണ്ടാണ് പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്. അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വിഭജിച്ചു പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നു ഇതു സംബന്ധിച്ച കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടന്നു. അതിന് ശേഷമാണ് പഞ്ചായത്ത് രൂപീകരണം വേണ്ടെന്നു തീരുമാനിച്ചത്. പുതിയ പഞ്ചായത്തുകൾ വരുന്നത് അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നും പ്രളയദുരന്ത പശ്ചാത്തലത്തിൽ ഇത് ഉൾക്കൊള്ളാൻ ആവില്ലെന്നും ആണ് സർക്കാർ നിലപാട്.

ജനസംഖ്യാ വർദ്ധനവും ത്രിതല ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതും കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നയിരുന്നു സർക്കാരിന് ലഭിച്ച ശുപാർശ. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാൻ കഴിയുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പഞ്ചായത്ത് ഡയറക്ടർ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇത് ഇപ്പോൾ അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പുതിയ തദ്ദേശസ്ഥാപനങ്ങൾ വരുന്നത് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രളയ ദുരന്ത പശ്ചാത്തലത്തിൽ ഇത് താങ്ങാൻ ആവില്ല. പുതിയ പഞ്ചായത്ത് രൂപീകരണം ഉടനില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

അടുത്തവർഷം ഒക്ടോബർ മാസം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഇതിനു മുമ്പായി പഞ്ചായത്ത് വിഭജനവും വോട്ടർപട്ടിക തയ്യാറാക്കലും പ്രായോഗികമല്ല. നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ അതിരുകളുടെ അടിസ്ഥാനത്തിലാണ് 2021 സെൻസസ് നടക്കുക. ഇപ്പോൾ പഞ്ചായത്ത് വിഭജനം നടത്തേണ്ടതില്ല എന്ന് സർക്കാർ തീരുമാനത്തിന് ഇതും കാരണമായി പറയുന്നതെങ്കിലും സാമ്പത്തിക ഞെരുക്കമാണ് ഇതിൽ പ്രധാനം. സെൻസസ് അടിസ്ഥാനമാക്കി പത്തു വർഷം കൂടുമ്പോഴാണ് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുകയോ നിലവിലുള്ളവയുടെ അതിർത്തി പുനർനിർണയിക്കുകയോ ചെയ്യാറുള്ളത്. സെൻസസ് കാലങ്ങളിൽ പലപ്പോഴും ഭരണത്തിലിരുന്നത് യുഡിഎഫ് ആയതിനാൽ പുനർനിർണയത്തിന്റെ നേട്ടം കൂടുതൽ കിട്ടിയത് യുഡിഎഫിനെന്ന വിലയിരുത്തലിലാണ് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണി നടത്താൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇതാണ് ഖജനാവിലെ പ്രശ്‌നങ്ങൾ കാരണം വേണ്ടെന്ന് വയ്ക്കുന്നത്.

ജനസംഖ്യ കൂടിയ പഞ്ചായത്തുകളെ വിഭജിക്കാനും നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാനുമായിരുന്നു ആലോചന. ഇതിനായി തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടനുസരിച്ച് 27430-ൽ കൂടുതൽ ജനസംഖ്യയുള്ളതോ 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണ്ണമുള്ളതോ 50 ലക്ഷം രൂപയിലധികം തനത് വരുമാനമുള്ളതോ ആയ പഞ്ചായത്തുകളെ വിഭജിക്കുകയോ അതിർത്തി പുനർനിർണയിക്കുകയോ ചെയ്യാം. ഈ രീതി അവലംബിച്ചാൽ സംസ്ഥാനത്ത് പുതിയ നൂറോളം പുതിയ പഞ്ചായത്തുകൾ രൂപീകരിക്കേണ്ടതായി വരുമായിരുന്നു.

ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഉടൻ വേണ്ടെന്നാണ് സർക്കാർ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP