Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല: നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം ; 'കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്, വേണ്ടി വന്നാൽ അടുത്ത ഘട്ട പ്രതിഷേധമെന്ന് ശശികുമാര വർമ്മ'; കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റിൽ പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് ; സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പ സേവാ സംഘം റിവ്യു ഹർജി നൽകും

ശബരിമല: നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം ; 'കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്, വേണ്ടി വന്നാൽ അടുത്ത ഘട്ട പ്രതിഷേധമെന്ന് ശശികുമാര വർമ്മ'; കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റിൽ പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് ; സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പ സേവാ സംഘം റിവ്യു ഹർജി നൽകും

മറുനാടൻ ഡെസ്‌ക്‌

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരം നിലപാട് കടുപ്പിക്കുന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ടെന്നും വേണ്ടി വന്നാൽ അടുത്ത ഘട്ട പ്രതിഷേധം നടത്തുമെന്നും ശശികുമാര വർമ്മ അറിയിച്ചു.

എന്നാൽ കൊട്ടാരത്തിന്റെ അവകാശങ്ങളെ പറ്റി കവനന്റിൽ പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് പറഞ്ഞു. സ്ത്രീപ്രവേശനത്തിനതിരെ അയ്യപ്പ സേവാ സംഘം റിവ്യു ഹർജി നൽകുമെന്നും അറിയിച്ചു.

കൊട്ടാരത്തിന്റെ വാദം തെറ്റ് : കെ.പി ശങ്കരദാസ്

ശബരിമല ക്ഷേത്രം അടച്ചിടാൻ കഴിയുമെന്ന പന്തളം കൊട്ടാരത്തിന്റെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ്. 1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകുമെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ വ്യക്തമാക്കിയത്. എന്നാൽ കൊട്ടാരത്തിന്റെ അത്തരം അവകാശങ്ങളെ കുറിച്ച് കവനന്റിൽ പറയുന്നില്ലെന്ന് ശങ്കരദാസ് വ്യക്തമാക്കി.

1949 ജൂലൈ 1 നാണ് കവനന്റ് ഉടമ്പടി രൂപീകരിച്ചത്. തിരുവിതാംകൂർ-കൊച്ചി സംയോജനവുമായി ബന്ധപ്പെട്ടതാണ് ഈ ഉടമ്പടി. പന്തളം കൊട്ടാരത്തിന്റെ അധികാരത്തെ പറ്റിയോ മേൽശാന്തി നിയമനത്തെ പറ്റിയോ ഈ ഉടമ്പടിയിൽ പരാമർശിക്കുന്നില്ല. പന്തളം കൊട്ടാരം പ്രതിനിധിയുടെ കയ്യിൽ രേഖയുണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശങ്കരദാസ് വ്യക്തമാക്കി.

'കൊല്ലവർഷം 96 ൽ പന്തളം കൊട്ടാരത്തിന് കീഴിലുള്ള 48 ക്ഷേത്രങ്ങൾ തിരുവിതാംകൂർ കൊട്ടാരത്തിന് കൈമാറിയതായാണ് രേഖ. 48 ക്ഷേത്രങ്ങളും പരിപാലിക്കുന്നതിൽ പന്തളം കൊട്ടാരത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ക്ഷേത്രം തിരുവിതാംകൂർ കൊട്ടാരത്തിന് കൈമാറിയത്. കടബാധ്യതകളെ തുടർന്നായിരുന്നു ഭൂമിയും ക്ഷേത്രവും തിരുവിതാംകൂർ കൊട്ടാരത്തിന് നൽകിയത്. ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങൾ പിന്നീട് തിരുവിതാംകൂറിനായിരുന്നുവെന്നാണ് ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നത്': ശങ്കരദാസ് പറഞ്ഞു

'കവനന്റ് ഉടമ്പടി വരുന്നതും ദേവസ്വം ബോർഡ് രൂപീകരിക്കുന്നതും 1949 ലാണ്. പിന്നീട് ക്ഷേത്രത്തിൽ അധികാരം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിപ്പോയി. കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മീഷനെ കോടതി നിയമിച്ചു.

ജ.തോമസ് കമ്മീഷൻ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മേൽശാന്തിയെ നറുക്കിട്ട് നിയമിക്കുമ്പോൾ അതിലേക്ക് പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു.'ശങ്കർദാസ് പറയുന്നു. മേൽശാന്തിമാരുടെ നറുക്കെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രതിനിധിയെ അയയ്ക്കാമെന്നല്ലാതെ അടച്ചിടാൻ അവകാശമുണ്ടെന്നതിന് രേഖകളില്ലെന്നും ശങ്കർദാസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP