Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടു തുറന്നു നോക്കിയപ്പോൾ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും; തുറന്നു പരിശോധിക്കാൻ ബാക്കിയായി അനേകം വീടുകൾ; എത്രപേർ മരിച്ചുവെന്ന് ഒരു നിശ്ചയവും ഇല്ലാതെ പൊലീസും ഉദ്യോഗസ്ഥരും; പൂർണ്ണമായും വെള്ളത്തിൽ മുങ്ങി അനേകം വീടുകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാണ്ടനാട് എന്ന ദുരിതഭൂമിയിലെ ചിത്രങ്ങൾ അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം: എത്ര കണ്ണുനീർ തുടച്ചാലും മായുമോ?

വീടു തുറന്നു നോക്കിയപ്പോൾ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും; തുറന്നു പരിശോധിക്കാൻ ബാക്കിയായി അനേകം വീടുകൾ; എത്രപേർ മരിച്ചുവെന്ന് ഒരു നിശ്ചയവും ഇല്ലാതെ പൊലീസും ഉദ്യോഗസ്ഥരും; പൂർണ്ണമായും വെള്ളത്തിൽ മുങ്ങി അനേകം വീടുകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; പാണ്ടനാട് എന്ന ദുരിതഭൂമിയിലെ ചിത്രങ്ങൾ അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം: എത്ര കണ്ണുനീർ തുടച്ചാലും മായുമോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തെ മുഴുവൻ ബാധിച്ച പ്രളയക്കെടുതിയിൽ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത് ചെങ്ങന്നൂരിലാണ്. ഇവിടെ പാണ്ടനാട് എന്ന സ്ഥലത്ത് എന്തൊക്കെ ദുരിതങ്ങളാണ് അവശേഷിപ്പിക്കുന്നത് എന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും. ഇവിടെ നിന്നും പുറത്തുവരുന്ന വാർത്തകൾ ഒട്ടും ആശ്വാസം പകരുന്നതല്ല. രക്ഷാപ്രവർത്തകർ ആധിയോടെ തന്നെയാണ് ഇവിടെ ഓരോ പ്രദേശങ്ങളിലും പരിശോധന നടത്തുന്നത്. പാണ്ടനാട്ടിൽ തോണിയിൽ എത്തിയ രക്ഷാപ്രവർത്തകർ ഒരു വീട് തുറന്നപ്പോൾ കണ്ടത് കരൾ പിളരുന്ന കാഴ്‌ച്ചയായിരുന്നു. പരസ്പ്പരം കെട്ടിപ്പുണർന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടത്.

എത്ര കഠിനഹൃദയനെയും കരയിക്കുന്ന കാഴ്‌ച്ചയായിരുന്നു ഇത്. ഇനിയും എത്രയെത്ര കാഴ്‌ച്ചകൾ ഇത്തരം പാണ്ടനാട്ടിൽ ഉണ്ടാകുമെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ ആകുലതകൾ ഇനിയും തീരാത്ത അവസ്ഥയാണ്. അത്രയ്ക്ക് ദുരന്തമുഖമായി പാണ്ടനാട് മാറിക്കഴിഞ്ഞു. പൂർണ്ണമായു വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇവിടേക്ക് രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങുന്നേയുള്ളൂ. ഇവിടെയും ദുരന്തക്കാഴ്‌ച്ചകൾ ഉണ്ടാകരുതതേ എന്ന് പ്രാർത്ഥിക്കുന്നവർ നിരവധിയാണ്. ചെങ്ങന്നൂരിൽ ഏറ്റവും അധികം ആളുകൾ പ്രളയക്കെടുതിയിൽ പെട്ട സ്ഥലമാണ് പാണ്ടനാട്. അതുകൊണ്ട് ഇവിടെത്തെ ദുരതത്തിന്റെ വ്യാപ്തി ഇപ്പോഴും പുറംലോകത്തിന് പൂർണമായും അറിഞ്ഞിട്ടില്ല.

പ്രളയസാഗരത്തിൽ തകർന്ന ചെങ്ങന്നൂരിന്റെ ദുരന്തമുഖമാണ് പാണ്ടനാട്. പമ്പാനദി ചെങ്ങന്നൂരിലേക്ക് കുലംകുത്തിയൊഴുകിയത് പാണ്ടനാടുവഴിയാണ്. ദുരന്തത്തിൽ ആദ്യം വീണത് പാണ്ടനാടാണെന്ന് പുറംലോകം പോലും അറിയുന്നത് പിന്നീടാണ്. ഇവിടെ ആർക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകളുണ്ടിപ്പോഴും. ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും കേൾക്കുന്നതായും രക്ഷാപ്രവർത്തകർ പറയുന്നു. ചെങ്ങന്നൂരിലും പരിസരങ്ങളിലും വെള്ളം കുതിച്ചുയർന്നത് 15-ന് പകലും രാത്രിയിലുമാണ്. പക്ഷേ, പാണ്ടനാട്ട് തലേന്ന് പുലർച്ചെ മുതൽക്കെ വെള്ളം ഇരച്ചുകയറിയിരുന്നു.

രാത്രി രണ്ടിനും അഞ്ചിനുമിടയിൽ വെള്ളം കയറിയപ്പോൾ 90 ശതമാനം പേരും ഉറക്കത്തിലായിരുന്നു. ചിലർ ഉണർന്ന് മേൽനിലകളിൽ അഭയം പ്രാപിച്ചു. പക്ഷേ, ഇരുനില വീടില്ലാത്ത ഏറെ കുടുംബങ്ങളും കുടുങ്ങി. പാണ്ടനാട്ടിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാൻ സമയമുണ്ടായിരുന്നില്ല. ഇക്കാരണംതന്നെയാണ് ഇപ്പോഴും ആശങ്കയേറ്റുന്നത്. വെള്ളമിറങ്ങിത്തീരാതെ പാണ്ടനാട്ടിൽ ഉണ്ടായതൊന്നും ഊഹിക്കാൻപോലും കഴിയില്ല.

പാണ്ടനാട്, വൺമഴി, ബുധനൂർ, എണ്ണയ്ക്കാട്, കടത്തൂർ, പൊണ്ണത്തറ, ഗ്രാമം, ഉളുമ്പി, പെരിഞ്ഞൽപ്പുറം എന്നിവിടങ്ങളിലാണ് ആദ്യം വെള്ളം കയറിയത്. പിന്നീടാണ് കല്ലിശ്ശേരിയിലേയ്ക്കും ചെങ്ങന്നൂരേയ്ക്കും പമ്പാനദി ആർത്തലച്ച് എത്തിയത്. പതിനായിരത്തിലേറെ വരുന്ന വീടുകളിലേറെയും കർഷകരുടേതാണ്. കോളനികളും ജനസാന്ദ്രതയേറിയ സ്ഥലങ്ങളും ഇതിൽപ്പെടും. വെള്ളം നിയന്ത്രിക്കാനാവാതായപ്പോൾ പശുക്കളെയും മൃഗങ്ങളെയും വീട്ടുകാർ അഴിച്ചുവിട്ടു. കോഴികളും നായയും പൂച്ചയുമൊക്കെ വൈകാതെ ചത്തു. കഴുത്തറ്റം വെള്ളത്തിലൂടെ ശവശരീരങ്ങൾ ഒഴുകി നടക്കുന്നു. പശുക്കളും മറ്റ് കന്നുകാലികളും വെള്ളത്തിനടിയിലുണ്ടാവും. വീടുകൾ തുറന്നാലേ ഗുരുതര സ്ഥിതി കാണാനാവൂ.

ചുറ്റുപാടുമുള്ള നാടുകളിൽനിന്ന് എല്ലാവരും രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ആർക്കും ഇവിടെ രക്ഷയ്‌ക്കെത്താനോ ആളുകളെ വേഗത്തിൽ മാറ്റാനോ കഴിഞ്ഞില്ല. പാണ്ടനാട്ടും പരിസരത്തും ഞായറാഴ്ചയും കുത്തൊഴുക്കാണ്. ഈ ഒഴുക്കും ദുരിതാശ്വാസ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പാണ്ടനാടും പരിസരത്തുനിന്നും ഒട്ടേറെ മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചെങ്ങന്നൂരിൽ നിന്നും കൂടുതൽ മരണം സർക്കാറും പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുമ്പോൾ മരണസംഖ്യയും ഉയരുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP