Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ചെന്നപ്പോൾ അപേക്ഷയിൽ ജാതി-മത കോളം പൂരിപ്പിക്കാതെ വിട്ടു; പ്രശ്‌നമാകുമെന്ന് പറഞ്ഞ് ഇടഞ്ഞ് സ്‌കൂളുകാർ; പ്രവേശനത്തിന് സർക്കാർ ഉത്തരവ് ഹാജരാക്കണമെന്നും ഡിമാൻഡ്; മന്ത്രിയുടെ ഓഫീസിലും ഡിപിഐയിലും തിരക്കിയപ്പോൾ മതക്കോളം നിർബന്ധമല്ലെന്ന് മറുപടി; തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന്; അഡ്‌മിഷൻ നിഷേധിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

മകന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ചെന്നപ്പോൾ അപേക്ഷയിൽ ജാതി-മത കോളം പൂരിപ്പിക്കാതെ വിട്ടു; പ്രശ്‌നമാകുമെന്ന് പറഞ്ഞ് ഇടഞ്ഞ് സ്‌കൂളുകാർ; പ്രവേശനത്തിന് സർക്കാർ ഉത്തരവ് ഹാജരാക്കണമെന്നും ഡിമാൻഡ്; മന്ത്രിയുടെ ഓഫീസിലും ഡിപിഐയിലും തിരക്കിയപ്പോൾ മതക്കോളം നിർബന്ധമല്ലെന്ന് മറുപടി; തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന്; അഡ്‌മിഷൻ നിഷേധിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

എം മനോജ് കുമാർ

തിരുവനന്തപുരം: മതവും ജാതിയും രേഖപ്പെടുത്താത്തതിനെ തുടർന്ന് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന് ഒന്നാം ക്ലാസ് പ്രവേശനം നിഷേധിച്ച പട്ടം സെന്റ്മേരീസ് അധികൃതരുടെ നടപടി വിവാദമാകുന്നു. മിശ്ര വിവാഹിതരായ നസീമിന്റെയും ധന്യയുടെയും മകന്റെ ഒന്നാം ക്ലാസ് പ്രവേശനമാണ് സെന്റ് മേരീസ് അധികൃതരുടെ കരുണയില്ലാത്ത നടപടികൾ കാരണം മുടങ്ങിയത്. ജാതിയും മതവും രേഖപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ സ്‌കൂളുകളിൽ ആയിരത്തിലധികം കുട്ടികൾ പഠനം തുടരവേ തന്നെയാണ് ജാതിയുടെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ പ്രവേശനം മുടങ്ങിയത്.

മാതാപിതാക്കളായ നസീമും ഭാര്യ ധന്യയും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലും പൊതുവിദ്യാഭ്യാസവകുപ്പിലുമൊക്കെ അന്വേഷണം നടത്തിയതോടെയാണ് പ്രശ്‌നം ചൂടുപിടിച്ചത്. ഇതോടെ അന്വേഷണം വന്നപ്പോൾ തെറ്റ് മനസിലാക്കിയ സെന്റ് മേരീസ് സ്‌കൂൾ അധികൃതർ കുട്ടിക്ക് പ്രവേശനം നൽകാമെന്ന് പിന്നീട് വാക്കാൽ അറിയിക്കുകയായിരുന്നു. പക്ഷെ ജാതിയും മതവും നോക്കാതെ ഒന്നിച്ച തങ്ങൾക്ക് ജനിച്ച കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഇനി ഈ വിദ്യാലയത്തിൽ പ്രവേശനം വേണ്ടെന്നു മാതാപിതാക്കളും തീരുമാനിച്ചു. ഇതോടെ അണയാൻ തുടങ്ങിയ വിവാദം നീറിപ്പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. മതം രേഖപ്പെടുത്താത്തതിന് സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

പ്രവേശനത്തിനു ആദ്യം പരീക്ഷ നടത്തുകയും വിജയിക്കുകയും ചെയ്ത ശേഷമാണ് ആറു വയസുകാരനായ കുട്ടിക്ക് പ്രവേശനം നൽകാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചത്. ഇങ്ങനെ സ്‌കൂൾ പ്രവേശനത്തിനു അനുമതികിട്ടിയപ്പോഴാണ് മാതാപിതാക്കൾ കുട്ടിയുമായി സ്‌കൂളിൽ എത്തിയത്. പക്ഷെ ഫോം ഫിൽ ചെയ്ത് നൽകിയപ്പോൾ ജാതിയും മതവും കോളം ഇവർ ഒഴിച്ചിട്ടു. പക്ഷെ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നൽകാൻ കഴിയില്ലെന്ന് സ്‌കൂൾ അധികൃതർ ശഠിക്കുകയായിരുന്നു. പ്രവേശനത്തിനുള്ള സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ ജാതിയും മതവും രേഖപ്പെടുത്തണം എന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്.

കോളം ഒഴിച്ചിട്ടാൽ പ്രവേശനം നൽകാൻ തടസം വരും എന്നാണ് കാരണമായി സ്‌കൂൾ അധികൃതർ നിരത്തിയത്. പക്ഷെ ഇതേ സോഫ്റ്റ്‌വെയറിൽ തന്നെ ജാതി രേഖപ്പെടുത്താതെ 1,22,662 പേരുണ്ട് എന്നത് അധികൃതർ രഹസ്യമാക്കിവെക്കുകയായിരുന്നു. എന്തായാലും ജാതി പറഞ്ഞതോടെ വിദ്യാർത്ഥിയുടെ സ്‌കൂൾ പ്രവേശനം പ്രതിസന്ധിയിലായി. എൽപി വിഭാഗം മേധാവിയായ സിസ്റ്റർ ടെസ്സിയാണ് തടസം അറിയിച്ചത്. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെ മാനേജ്‌മെന്റുമായി ആലോചിച്ച് ശേഷം സിസ്റ്റർ വിശദമായ സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടു. അഡ്‌മിഷൻ വേണമെങ്കിൽ മതം രേഖപ്പെടുത്തിയ രേഖ വേണമെന്നാണ് നസീമിനോട് സിസ്റ്റർ പറഞ്ഞത്. ഇതോടെയാണ് തത്ക്കാലം മകന് ഈ സ്‌കൂളിൽ പ്രവേശനം വേണ്ടെന്നു രക്ഷിതാക്കൾ തീരുമാനിച്ചത്.

സംഭവം വിവാദമായതോടെ അന്വേഷണം വന്നപ്പോൾ സ്‌കൂൾ അധികൃതർ നിലപാടിൽ നിന്നും പിന്നോക്കം പോയി. സ്‌കൂൾ അധികാരികൾ നിദ്ര വെടിഞ്ഞു കുട്ടിക്ക് പ്രവേശനം നൽകാമെന്ന തീരുമാനത്തിലെത്തി. ഈ തീരുമാനം അവർ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷെ ജാതി-മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ഈ സ്‌കൂളിൽ കുട്ടിയെ പ്രവേശിപ്പിക്കെണ്ടെന്നു മാതാപിതാക്കളും തീരുമാനിക്കുകയായിരുന്നു. ജാതിയും മതവും സ്‌കൂൾ പ്രവേശനത്തിനു ആവശ്യമില്ലെന്നാണ് വെപ്പ്. ഇത് പ്രഖ്യാപിക്കാനുള്ള ഒരു അവസരവും ഇടത് സർക്കാർ പാഴാക്കുകയുമില്ല.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ജാതിയും മതവുമില്ലാതെ ഒന്നേകാൽ ലക്ഷം കുട്ടികൾ പഠിക്കുന്നുവെന്നാണ് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. നിയമസഭയിലെ ഈ പ്രഖ്യാപനത്തിൽ സംശയം പ്രകടിപ്പിച്ചത് നിയമസഭാംഗങ്ങൾ തന്നെയാണ്. പ്രഖ്യാപനം വിവാദമായതോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം തിരുത്തി ഐടി അറ്റ് സ്‌കൂൾ ഡയറക്ടർ രംഗത്ത് വന്നത്. മതമില്ലാത്തവർ ആയിരത്തി ഇരുനൂറ്റി മുപ്പത്തിനാലുപേർമാത്രമെന്ന് ഐടി അറ്റ് സ്്കൂൾ ഡയറക്ടർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഇത്രയും കുട്ടികൾ മതം രേഖപ്പെടുത്താതെ തന്നെയാണ് സ്‌കൂളുകളിൽ പ്രവേശനം തേടിയത്. ഈ പ്രവേശനവും വസ്തുതകളും നിലനിൽക്കെയാണ് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ ജാതിയുടെ പേരിൽ കുട്ടിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട അവസ്ഥ വരുന്നത്.

സംഭവത്തെക്കുറിച്ച് നസീമിന്റെ പ്രതികരണം:

മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് മിശ്രവിവാഹിതരായ തങ്ങളുടെ മകന് ഈ ദുരനുഭവം വന്നത്- നസീം മറുനാടനോട് പറഞ്ഞു. മകന് ഒന്നാം ക്‌ളാസിലേക്കാണ് പ്രവേശനത്തിനു അപേക്ഷ നൽകിയത്. അതിനായുള്ള പരീക്ഷയും അവർ നടത്തിയിരുന്നു. അതിനു ശേഷമാണ് അഡ്‌മിഷന് വേണ്ടി വരാൻ പറഞ്ഞത്. അഡ്‌മിഷൻ കോളത്തിൽ ജാതിയും മതവും ഞങ്ങൾ ഫിൽ ചെയ്യാതെ വിട്ടു. സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ അഡ്‌മിഷൻ രേഖപ്പെടുത്താൻ പ്രയാസമുണ്ടെന്നാണ് അവർ പറഞ്ഞത്. മകന് പ്രവേശനം നൽകിയുമില്ല. ഞങ്ങൾ വഞ്ചിയൂരാണ് താമസിക്കുന്നത്. ആ വീട് മാറി പട്ടത്തേക്ക് താമസം മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. ഇതോടെയാണ് മകന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്രവേശനത്തിനു അപേക്ഷ നൽകാമെന്ന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് അപേക്ഷ നൽകിയത്. ഇതിനു മുന്നോടിയായി പരീക്ഷയും എഴുതി.

19 നു പ്രവേശനത്തിനു വരാനാണ് പറഞ്ഞത്. ഇത് പ്രകാരമാണ് സ്‌കൂളിൽ എത്തിയത്. മതമില്ലാ എന്നു തന്നെയാണ് നൽകിയത്. ഇതോടെയാണ് സ്‌കൂൾ അധികൃതർ ഇടഞ്ഞത്. പ്രശ്‌നമാകുമെന്നാണ് അവർ പറഞ്ഞത്. ഓർഡർ എന്തെങ്കിലും വാങ്ങി നൽകണം എന്നാണ് പറഞ്ഞത്. നിങ്ങൾ പോയാലും അത് ലഭിക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾ വേറെ എന്തെങ്കിലും വഴി നോക്കുകയാവും നന്നാകുക എന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ മിനിസ്റ്ററുടെ ഓഫീസിലും ഡിപിഐ ഓഫീസിലും തിരക്കി. പ്രശ്‌നമൊന്നുമില്ല. പ്രവേശനം ലഭിക്കുമെന്നാണ് പറഞ്ഞത്. സത്യവാങ്മൂലം എഴുതി നൽകണം. ആലോചിക്കണം എന്നൊക്കെയാണ് അവർ പറഞ്ഞത്. ഇതോടെയാണ് ഞങ്ങൾ ഈ കാര്യം മതിയാക്കിയത്. പിന്നെ സ്‌കൂളിൽ നിന്നും ഒരു ഫാദർ വിളിച്ചു. ഇത് പ്രശ്‌നമാക്കരുത്. നിങ്ങൾ സ്‌കൂളിലേക്ക് വരൂ. പ്രവേശനം നൽകാം എന്നൊക്കെയാണ് ഫാദർ പറഞ്ഞത്. പക്ഷെ ഇനി പ്രവേശനം വേണ്ടെന്നാണ് തീരുമാനം എന്നാണ് ഞങ്ങൾ പറഞ്ഞത്. ഇനി മകന് വഞ്ചിയൂരിലെ ഏതെങ്കിലും സർക്കാർ സ്‌കൂളിൽ പ്രവേശനം നോക്കും-നസീം പറയുന്നു.

ഞാനും ധന്യയും ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങൾ രണ്ടുപേരും പാലോട് സ്വദേശികളാണ്. ഡിഗ്രിക്ക് ബികോമിനാണ് ഒരുമിച്ച് പഠിച്ചത്. ഈ പഠനകാലത്താണ് ഞങ്ങൾ പ്രണയത്തിലായത്. പെരിങ്ങമല ഇക്‌ബാൽ കോളെജിലായിരുന്നു പഠിച്ചിരുന്നത്. ഒട്ടനവധി എതിർപ്പുകൾ ഒഴിവാക്കിയാണ് ഞങ്ങൾ മുന്നോട്ടു പോയത്. എല്ലാവരും എതിർത്തു. എന്നിട്ടും ഞങ്ങൾ വിവാഹിതരായി. അതുകൊണ്ട് തന്നെ എതിർപ്പുകൾ ഞങ്ങൾക്ക് പുത്തരിയല്ല. എന്റെ വീട്ടിൽ നിന്നും ധന്യയുടെ വീട്ടിൽ നിന്നും എതിർപ്പുകൾ ഒരുപിടി വന്നു. പക്ഷെ ഞങ്ങൾ ഒന്നും കൂസിയില്ല. വിവാഹിതരാവുകതന്നെ ചെയ്തു. ഞാൻ ഗൾഫിൽ ആയിരുന്നു. കാലിനു സർജറി വേണ്ടി വന്നതിനാൽ ഗൾഫിൽ നിന്നും തിരികെ വന്നു. എനിക്ക് യുവജനക്ഷേമ ബോർഡിൽ താത്കാലിക ജോലിയുണ്ടായിരുന്നു. അത് പിന്നെ സർക്കാർ മാറിയപ്പോൾ എല്ലാവർക്കും ജോലി നഷ്ടമായി. ഇപ്പോൾ മറ്റു ജോലികൾ ചെയ്ത് മുന്നോട്ടു പോകുന്നു. മകന് തത്ക്കാലം ജാതിയില്ല. ഏത് മതം വേണമെന്ന് അവനു തീരുമാനിക്കാം-നസീം വിശദമാക്കുന്നു.

പട്ടം സെന്റ് മേരീസ് സ്‌കൂൾ അധികൃതരുടെ വിശദീകരണം ഇങ്ങനെ:

പട്ടം സെന്റ് മേരീസ് സ്‌കൂൾ പ്രവേശന വിവാദം അനാവശ്യം

തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്‌മിഷന് വേണ്ടി വന്നിരുന്നു. പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ അത് രക്ഷകർത്താവിനാട് ചോദിച്ചു. അപ്പോൾ രക്ഷകർത്താവ് ആ കോളം പൂരിപ്പിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞു. രക്ഷകർത്താവിന് അങ്ങനെ ഒരു തീരുമാനമെടുക്കാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൽ സർക്കാർ, ഏതെങ്കിലും സ്‌കൂൾ വിദ്യാർത്ഥിക്കു നൽകുന്ന അനേകം ആനുകൂല്യങ്ങൾ ഏറെയും മതാടിസ്ഥാനത്തിലാണ്. പിൽക്കാലത്ത് ഏതെങ്കിലും വിദ്യാർക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കായതു കൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ട്. ഇതുമാത്രം സ്‌കൂൾ അധികൃതർ രക്ഷകർത്താവിനോട് ആവശ്യപ്പെട്ടു. കുട്ടിക്ക് ഒരിക്കലും അഡ്‌മിഷൻ നിഷേധിക്കുകയോ ഏതെങ്കിലും പ്രകോപനപരമായ പെരുമാറ്റം സ്‌കൂൾ അധികൃതരിൽ നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല സ്‌കൂൾ ലോക്കൽ മാനേജർ വിവരം ശ്രദ്ധയിൽ പെട്ടപ്പോൾ അഡ്‌മിഷന് യാതൊരു തടസ്സവുമില്ല എന്ന് രക്ഷകർത്താവിനെ നേരിട്ടറിയിക്കുകയാണുണ്ടായത്. ഈ കാര്യമെല്ലാം മറച്ചുവച്ചു കൊണ്ട് സ്‌കൂളിനെതിരേ വ്യാപകമായ കുപ്രചരണം നടത്തുന്നത് വേദനാജനകമാണ്.
എൺപതു വർഷമായി തിരുവനന്തപുരം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് സ്‌കൂൾ പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി മുന്നോട്ടു പോവുകയാണ്. ഈ നാട്ടിലെ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ ഈ സ്‌കൂളിൽ പഠിച്ചിറങ്ങുന്നത് എല്ലാവർക്കും അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ എന്ന ഖ്യാതി പട്ടം സെന്റ്‌മേരീസ് നേടിയത് എല്ലാവരേയും സ്വീകരിച്ചുകൊണ്ടാണ്; ആരേയും ഒഴിവാക്കിയല്ല. മതമുള്ള ജീവനേയും മതമില്ലാത്ത ജീവനേയും പഠിപ്പിക്കുന്നതിൽ എക്കാലത്തും സ്‌കൂളിന് തുല്യ പരിഗണനയാണുള്ളത്. അതിനാൽ അനാവശ്യമായ ഈ വിവാദം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

ഫാ. ബോവസ് മാത്യു മേലൂട്ട്
പി. ആർ. ഒ.,
തിരുവനന്തപുരം മേജർ അതിരൂപത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP