Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതര സംരക്ഷണ റാലിയിൽ പങ്കെടുത്തതിന് കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പ്രസിഡന്റിന്റെ നോട്ടീസ് കോൺഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണന്; സി പി എമ്മിനൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം ലംഘിച്ചെന്ന് നോട്ടീസിൽ വിശദീകരണം; മുല്ലപ്പള്ളിയുടെ നടപടിക്കെതിരെ പാർട്ടിയിൽ പ്രതിഷേധം

കെ വി നിരഞ്ജൻ

കോഴിക്കോട്: മതേതര സംരക്ഷണ റാലിയിൽ പങ്കെടുത്ത് സംസാരിച്ചതിന് കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടിക്കെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമായി. കോൺഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണനാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നോട്ടീസ് നൽകിയത്.

ഓർക്കാട്ടേരിയിൽ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന മതേതര സംരക്ഷണ റാലിയിൽ പങ്കെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സി പി എമ്മിനൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം ലംഘിച്ചെന്നാണ് കാരണമായി നോട്ടീസിൽ പറയുന്നത്.

ഗുജറാത്ത് എം എൽ എ ജിഗ്‌നേഷ് മേവാനി പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ മുസ്ലിം ലീഗിന് പുറമെ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തിരുന്നു. പല പ്രാദേശിക നേതാക്കളും ഇതിലുൾപ്പെടും. മാത്രവുമല്ല ജില്ലയിൽ പല ഭാഗത്തും സമാന സ്വഭാവമുള്ള പ്രതിഷേധ പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അവർക്കൊന്നും കാരണം കാണിക്കൽ, നോട്ടീസ് അയക്കാതെ കോട്ടയിൽ രാധാകൃഷ്ണന് മാത്രം നോട്ടീസ് നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

ഒരു ജന പ്രതിനിധി എന്ന നിലയിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വടകര ബ്ലോക്കിൽ നോട്ടീസ് പ്രധാന ചർച്ചയായി മാറി. വ്യക്തി വൈരാഗ്യം തീർക്കാൻ പാർട്ടിയെ ദുരുപയോഗപ്പെടുത്തരുതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. വരും ദിവസങ്ങളിൽ ഇതിന്റെ പോര് ശക്തമാകാനാണ് സാധ്യത. കോട്ടയിൽ രാധാകൃഷ്ണൻ നോട്ടീസ് നൽകാൻ മാത്രം വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP