Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമരക്കാരെ തുരത്താൻ പാറമട ഉടമയുടെ കടുംകൈ; സംഭാവന വാങ്ങിയ സമുദായ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പട്ടിക പുറത്തു വിട്ടു; രാഷ്ട്രീയക്കാർ വാങ്ങിയ ലക്ഷങ്ങളുടെ കണക്ക് എവിടെയെന്ന് നാട്ടുകാർ; സംഭാവനയുടെ കണക്കുകൾ ഇൻകംടാക്സിൽ അറിയിച്ചിട്ടുണ്ടോയെന്നും ചോദ്യം: വാർത്താസമ്മേളം നടത്തി പുലിവാല് പിടിച്ചത് അമ്പാടി ഗ്രാനൈറ്റ്സ് ഉടമ പട്ടേൽ സദാനന്ദൻ

സമരക്കാരെ തുരത്താൻ പാറമട ഉടമയുടെ കടുംകൈ; സംഭാവന വാങ്ങിയ സമുദായ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പട്ടിക പുറത്തു വിട്ടു; രാഷ്ട്രീയക്കാർ വാങ്ങിയ ലക്ഷങ്ങളുടെ കണക്ക് എവിടെയെന്ന് നാട്ടുകാർ; സംഭാവനയുടെ കണക്കുകൾ ഇൻകംടാക്സിൽ അറിയിച്ചിട്ടുണ്ടോയെന്നും ചോദ്യം: വാർത്താസമ്മേളം നടത്തി പുലിവാല് പിടിച്ചത് അമ്പാടി ഗ്രാനൈറ്റ്സ് ഉടമ പട്ടേൽ സദാനന്ദൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വി-കോട്ടയം അമ്പാടി ഗ്രാനൈറ്റ്സ് ഉടമ പട്ടേൽ സദാനന്ദന് ആരാണ് ഇങ്ങനെ ഒരു ബുദ്ധി പറഞ്ഞു കൊടുത്തത് എന്നറിയില്ല. ആരായാലും അയാളെ കൈയിൽ കിട്ടിയാൽ അടിച്ചു കൊല്ലാൻ തയാറായി നിൽക്കുകയാണ് അദ്ദേഹം എന്നാണ് ഇപ്പോൾ അറിയുന്നത്. വി-കോട്ടയം മുപ്രമൺ ഗ്രാമത്തെ നാമാവശേഷമാക്കി തുടിയുരുളിപ്പാറ എന്ന വന്മല പൊട്ടിച്ച് പാറപ്പൊടിയാക്കുന്ന അമ്പാടി ഗ്രാനൈറ്റ്സിനെതിരേ നാട്ടുകാർ സമരപാതയിലായിരുന്നു. പ്രക്ഷോഭകാരികൾ പത്രസമ്മേളനം വിളിച്ചതിനെ തുടർന്ന് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ പാറമടയ്ക്ക് എതിരേ രൂക്ഷമായ ഭാഷയിൽ വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതിനെതിരേ വിശദീകരണം നൽകാൻ ഇന്നലെ പ്രസ്‌ക്ലബിൽ സദാനന്ദൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനമാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിച്ചിരിക്കുന്നത്. താൻ പാറ പൊട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ പാപഭാരം നാട്ടുകാർക്ക് കൂടിയാണെന്ന് വരുത്തി തീർക്കാൻ ഒരു സംഭാവനാ ലിസ്റ്റ ്അദ്ദേഹം പത്രസമ്മേളനത്തിൽ പുറത്തു വിട്ടു.

അമ്പലം, പള്ളി, എസ്.എൻ.ഡി.പി ശാഖ, സർക്കാർ സ്‌കൂളുകൾ, സമുദായ സംഘടനങ്ങൾ എന്നിവയ്ക്ക് നൽകിയ വലുതും ചെറുതുമായ സംഭാവനയുടെ ലിസ്റ്റായിരുന്നു അത്. ഇടയ്ക്ക് ചില സംഭാവനകൾ ആവർത്തിച്ചിരുന്നു. അത് എണ്ണം തികയ്ക്കാനാണെന്ന് കരുതാം. എന്നാൽ, പട്ടിക പുറത്തു വിട്ട സദാനന്ദൻ അക്ഷരാർഥത്തിൽ സ്വയം കുഴിയിൽ ചാടുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്ക് വ്യക്തിപരമായും നൽകിയ തുക എവിടെ?, വിവിധ ഉദ്യോഗസ്ഥർക്ക് പടിയായി നൽകിയ തുകയുടെ കണക്ക് എവിടെ എന്നിങ്ങനെയുള്ള പത്രക്കാരുടെ ചോദ്യത്തിന് മുന്നിൽ പാറമട ഉടമ നനഞ്ഞ വെടിമരുന്ന് പോലെയായി. ഇതേ ചോദ്യം നാട്ടുകാരും ചോദിക്കുന്നു. മാത്രവുമല്ല, ഈ പട്ടികയിലുള്ള വൻതുക കണ്ട് ഇൻകം ടാക്സിനും സെയിൽസ് ടാക്സിനും പരാതി കൊടുക്കാൻ കൂടി പോവുകയാണ് നാട്ടുകാർ. പ്രതിഷേധ സമരക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് സമർഥിക്കുകയായിരുന്നു സദാനന്ദന്റെ ലക്ഷ്യം.

വാർത്താസമ്മേളനത്തിൽൽ സദാനന്ദൻ പറഞ്ഞത് ഇങ്ങനെ: തുടിയുരുളിപ്പാറ പൊട്ടുമ്പോൾ മുപ്രമൺ ഗ്രാമം വിറയ്ക്കും എന്ന തലക്കെട്ടോടെ 21 ന് പത്രങ്ങളിൽ വന്ന വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവൻ അടിസ്ഥാനരഹിതമാണ്. പാറമടയ്ക്കെതിരായി ചിലർ പത്രസമ്മേളനം നടത്തി ആരോപിച്ച കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചറിയാതെയാണ് പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത്. എന്റെ ഭാഗം കേൾക്കാൻ ആരും ശ്രമിച്ചില്ല. വ്യവസായം നടത്തുന്ന ഒരാൾക്ക് സാമാന്യ നീതി നിഷേധിച്ചു എന്ന തോന്നൽ വന്നതുകൊണ്ടാണ് ഈ വാർത്താ സമ്മേളനം നടത്തുന്നത്. തുടിയുരുളിപ്പാറയിൽ ഖനനം നടക്കുന്നതേയില്ല എന്നതാണ് യഥാർത്ഥ വസ്തുത.

എന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കരം തീർന്നിട്ടുള്ളതും കമ്പനി സർക്കാരിൽ നിന്നും പാട്ടത്തിന് എടുത്തതുമായ പാറയിൽ ഖനനമുണ്ട്. ആ സ്ഥലത്തിനപ്പുറമുള്ള കുട്ടിവനവും കഴിഞ്ഞാണ് തുടിയുരുളിപ്പാറ. അവിടെ നിന്ന് ഒരു കഷണം കല്ലുപോലും കമ്പനി പൊട്ടിച്ചെടു ത്തിട്ടില്ല. വിശ്വമഹാളിൽ പി.കെ.വിശ്വംഭരൻ പാറമടയുടെ ശല്യം കാരണം കുമ്പഴയിൽ വാടകവീട്ടിൽ താമസിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. കുമ്പഴയിൽ അദ്ദേഹത്തിന് ബിസിനസ് നടത്താനാണ് കെട്ടിടം എടുത്തിട്ടുള്ളത്. വിശ്വംഭരൻ, ഭാര്യ ഷീലാ വിശ്വംഭരൻ എന്നിവർക്ക് വി.കോട്ടയം ചന്തയുടെ അടുത്ത് മെയിൻ റോഡ്സൈഡിൽ വീടും അരിയാട്ട് മില്ലുമുണ്ട്. ഈ കെട്ടിടം പാറമടയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ്. മെയിൻ റോഡ് സൈഡിലാണ് ആ സ്ഥലം.

പാറമടയിൽ നിന്ന് 200 മീറ്ററിൽ കൂടുതൽ അകലെയുള്ള സ്ഥലത്തും വിശ്വംഭരന് വസ്തുവുണ്ട്. ലാഭത്തിന് വിൽക്കാനായി വാങ്ങിയ കിഴക്കാംതൂക്കായ ഈ സ്ഥലം കമ്പനിയുടമയെക്കൊണ്ട് വാങ്ങിപ്പിക്കുവാൻ പല തവണ ശ്രമങ്ങൾ നടന്നു. അത് നടക്കാതെ വന്നപ്പോൾ ഒരു തറ കെട്ടിയിട്ടിട്ട് പാറമട കാരണം വീടുപണിയാനാകുന്നില്ലെന്ന് കുപ്രചാരണം ആരംഭിച്ചു. വൻനഗരത്തിലെ വിലയാണ് ഈ സ്ഥലത്തിന് ആവശ്യപ്പെടുന്നത്. പാറമടയ് ക്കെതിരെ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ച ഓമനക്കുട്ടന് വി.കോട്ടയത്ത് ഇരുനിലവീടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഇദ്ദേഹത്തിനും നിസാര വിലയ്ക്ക് വാങ്ങിയ സ്ഥലം ക്വാറിയിൽ നിന്ന് 165 മീറ്റർ മാറി ഉണ്ട്.

വി.കോട്ടയം വില്ലേ ജാഫീസർ ക്വാറിയോട് ചേർന്നാണ് ആ സ്ഥലമെന്ന് സാക്ഷ്യപ്പെടുത്തുന്നു. പാറമടയ്ക്കെതിരെ പരാതിപ്പെട്ട എൻ.രാധാകൃഷ്ണൻ നായർക്ക് ക്വാറിയിൽ നിന്നും 250 മീറ്റർ മാറി ഒരു വീടുണ്ട്. പാറമട ആരംഭിച്ച് കഴിഞ്ഞ് 19 വർഷം അദ്ദേഹവും കുടുംബവും ആ വീട്ടിൽ സ്ഥിരതാമസമായിരുന്നു. പുരയിടവും വീടും വിലയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ നായർ പലതവണ എന്നെ സമീപിച്ചു. ആ സ്ഥലം കമ്പനി വാങ്ങാത്തതാണ് അദ്ദേഹത്തിന്റെ വിരോധ കാരണം. ആ വസ്തു കൂട്ടുപ്രമാണമാണ് എന്നതിനാൽ ഒരാൾക്കായി ക്രയവിക്രയം ചെയ്യാൻ പറ്റാത്ത വസ്തുവായിരുന്നു.

പരാതിക്കാരനായ സത്യഭവനം കൊച്ചുകുഞ്ഞ് മിക്കപ്പോഴും കമ്പനിയിൽ വന്ന് പല സഹായങ്ങളും ആവശ്യപ്പെടുന്നയാളാണ്. ആമ്പാടിയിൽ ക്വാറിയുടെ 700 മീറ്റർ അകലെയാണ് ഇദ്ദേഹത്തിന്റെ താമസം. ആ സ്ഥലവും വാങ്ങണം എന്ന് പല തവണ എനിക്ക് മേൽ സമ്മർദ്ദം വന്നു. ഒരുപാറമട നടത്തുന്നതുകൊണ്ട് നാട്ടിലെ എല്ലാ സ്ഥലവും വാങ്ങാനാവില്ല. കമ്പനി പരിസരത്തുള്ള എല്ലാവർക്കും ഓണക്കിറ്റ് വിതരണം ചെയ്യും. കൊച്ചുകുഞ്ഞിന്റെ ഭാര്യയും പതിവുപോലെ ഈ വർഷവും ഓണക്കിറ്റ് വാങ്ങിയിട്ടുണ്ട്. വേറെ പ്രലോഭനങ്ങൾ നൽകിയാണ് ആ കുടുംബത്തെ കമ്പനിക്കെതിരായി തിരിക്കുന്നത്.

ഓരോ പരാതി ലഭിക്കുമ്പോഴും വിവിധ അധികാരികൾ കമ്പനിയിൽ പരിശോധനയ്ക്ക് എത്തിച്ചേരും. വസ്തു നിഷ്ഠമല്ല ഒരു പരാതിയും എന്ന് ബോധ്യപ്പെട്ടാണ് അവർ മടങ്ങുന്നത്. പരിസ്ഥിതി ആഘാത രഹിത സാക്ഷ്യപത്രമുൾപ്പെടെ ആവശ്യമായ എല്ലാ അനുമതികളും കമ്പനിക്ക് ഉണ്ട്. ശബ്ദം, പൊടിപടലം എന്നിവയെല്ലാം നിയന്ത്രിതം എന്ന് ബന്ധപ്പെട്ട അധികാരികൾ ശാസ്ത്രീയമായ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയ കമ്പനിയാണിത്.

നാട്ടിലെ വികസനപ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ വ്യവസായമാണ് ഞാൻ നടത്തിവരുന്നത്. എന്നാൽ എന്നെ ഒരു ഭീകരജീവിയായി ചിത്രീകരിക്കാൻ ചിലർ മനഃപ്പൂർവ്വം നടത്തുന്ന ശ്രമങ്ങൾക്ക് മാധ്യമങ്ങളും അറിയാതെ പങ്കുവഹിക്കുന്നതിൽ അതിയായ ദുഃഖമാണുള്ളത്. ചെയ്ത ജീവകാരുണ്യപ്രവർത്തനങ്ങളും നൽകിയ എളിയ സംഭാവനകളെക്കുറിച്ചും പരസ്യമാ ക്കുന്നത് ദയവായി അൽപത്തമായി കാണരുത്. ദുരാഗ്രഹിയും നീചനുമായി തുടർച്ചയായി ചിത്രീക രിക്കപ്പെടുമ്പോൾ ഇത് വേണ്ടി വരുന്നു. സമൂഹത്തിൽ ഏറ്റവും താഴെനിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് മാറിയതിന് എന്നോട് ചിലർക്കുള്ള അസൂയമാത്രമാണ് എല്ലാ എതിർപ്പുകൾക്കും പിന്നിൽ. ഗുണ്ടാപിരിവ്, നൽകാത്തതിന്റെ പേരിൽ മാത്രം വെറും നാലുപേർ ചേർന്ന് സൃഷ്ടിച്ച സംഘടനയാണ് വി.കോട്ടയം ഗ്രാമരക്ഷാസമിതി. അവരുടെ ആദ്യ പൊതുയോഗം വി.കോട്ടയം ഗവഎൽപിഎസ് ഗ്രൗണ്ടിലെ ശതാബ്ദി മന്ദിരത്തിന്റെ ഓപ്പൺ എയർ തീയറ്ററിലാണ് കൂടിയത്. നാട്ടിൽ കൊള്ളാത്തവൻ എന്ന് എന്നെ ആ യോഗത്തിൽ വിശേഷിപ്പിക്കുമ്പോൾ ആ കെട്ടിടത്തിന്റെ നിർമ്മിതിക്കായി 87,600 രൂപയുടെ സാധനങ്ങളും 50,000 രൂപയും ഉൾപ്പെടെ 1,37,600 രൂപ എന്നിൽ നിന്ന് വാങ്ങിയെന്ന് അവർ മറന്നു.

ഗ്രാമരക്ഷാസമിതിയിലെ അംഗമായിരുന്ന രമേശ്കുമാർ കോന്നി താലൂക്ക് സർവ്വേയർ ആയിരുന്നു. രമേശ്കുമാറിന്റെ ഉപദേശപ്രകാരം ക്വാറിയുടെയും ക്രഷറിന്റെയും സ്ഥലവും അളക്കാൻ മേലധികാരികളിൽ നിന്ന് അനുമതി വാങ്ങി. മറ്റൊരു കുതന്ത്രം കൂടി അയാൾ പ്രയോഗിച്ചു. ഷൈൻ എന്ന ഡെപ്യൂട്ടി തഹസീൽദാരെക്കൊണ്ട് എന്നെ അരുവാപ്പുലത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ വിളിപ്പിച്ചു. കമ്പനിയും ക്വാറിയും ക്രഷറും സമഗ്രസർവേ നടത്താൻ മുകളിൽ നിന്നും ഉത്തരവ് വന്നിരിക്കുന്നു. അത് പൂർത്തിയാക്കാൻ മൂന്നു മാസം വേണം. ക്വാറി പ്രവർത്തിപ്പിച്ചു കൊണ്ടിരുന്നാൽ സർവ്വേ നടക്കില്ല. അതുകൊണ്ട് മൂന്നു മാസം കമ്പനി അടയ്ക്കാൻ താൻ നാളെ ജില്ലാകലക്ടർക്ക് അപേക്ഷ നൽകും എന്ന് പറഞ്ഞു.

മൂന്നുമാസം കമ്പനി അടഞ്ഞുകിടന്നാൽ ബാങ്കിന് അടയ്ക്കാനുള്ള പ്രതിമാസ തവണ കുടിശികയായി കോടികളാകും എന്ന് ഞാൻ ധരിപ്പിച്ചു. സർവ്വേ ടീമിലുള്ള ഞങ്ങൾ അഞ്ച് പേർക്ക് 7,00,000 വീതം 35 ലക്ഷം നൽകിയാൽ സഹായിക്കാമെന്നായി സർവ്വേയർ രമേശ് കുമാർ. പിറ്റേദിവസം ബാങ്കിൽ അടയ്ക്കാനായി എന്റെ കാറിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ ഷൈനിന്റെ വീട്ടിൽവച്ച് രമേശ്കുമാറിനെ ഏൽപ്പിച്ചു. ഈ പണം കൊണ്ട് തൃപ്തിപ്പെടണമെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് മടങ്ങി. പിറ്റേന്ന് രാവിലെ മുതൽ ഷൈൻ വീണ്ടും ബാക്കി പണത്തിനായി വിളി തുടങ്ങി. മൂന്നാം ദിവസം വീണ്ടും 10 ലക്ഷം രൂപ കൂടി ഷൈനിന്റെ വസതിയിൽ വച്ച് രമേശ്കുമാറിനെ ഏൽപ്പിച്ചു.

ഇതുകൊണ്ട് തൃപ്തിപ്പെടണം, എന്റെ ക്വാറിയിലെ പണികൾ തടസപ്പെടുത്താതിരിക്കണം എന് പറഞ്ഞ് ഞാനും ഒപ്പമുണ്ടായിരുന്ന മകൻ വിപിനും തിരികെ പോന്നു. പിറ്റേദിവസം മുതൽ സർവ്വേ നടപടികൾ തുടങ്ങി. പലപ്പോഴും ഗ്രാമരക്ഷാസമിതിക്കാർ രമേശ്കുമാറിനെ കാണാൻ വരുന്നുണ്ടായിരുന്നു. പക്ഷേ വൻതുക വാങ്ങിയ ആളെ സംശയം തോന്നിയില്ല. മേലധികാരികളിൽ നിന്നുള്ള നിർദ്ദേശം ഒന്നുമില്ലാതിരുന്നിട്ടും ഓഫീസ് നിൽക്കുന്ന സ്ഥലവും അളന്നു. ഏറെ താമസിയാതെ അനധികൃത ഖനനത്തിന് പിഴയായി വൻതുക അടയ്ക്കാൻ അഡീഷണൽ തഹസീൽദാറുടെ നോട്ടീസ് കിട്ടി. റിട്ടയാർഡ് താലൂക്ക് സർവ്വേയറും കോർട്ട് സർവ്വേയറുമായ സദാനന്ദൻ എന്നയാളെ വരുത്തി കമ്പനിച്ചെലവിൽ സർവ്വേ നടത്തിയപ്പോൾ രമേശ്കുമാർ മനഃപൂർവ്വം കമ്പനിയെ ചതിക്കുകയായിരുന്നു എന്ന് തെളിഞ്ഞു.

ചതി മനസ്സിലാക്കിയ ഞാൻ ഷൈനിനെ ഫോണിൽ വിളിച്ച് അരിശപ്പെട്ടത് ഫോണിൽ റിക്കാർഡ് ചെയ്തു. അത് പുറത്തുവിടുമെന്ന് പറഞ്ഞപ്പോൾ പണം തിരികെ തന്നു. വി.കോട്ടയം വില്ലേജ് ആഫീസർ ഗ്രാമരക്ഷാസമിതി ചെയർമാൻ കെഎസ് തോമസിന്റെ ബന്ധുവാണ്. കമ്പനിയുടെ ക്വാറിയിങ് ലൈസൻസ് പുതുക്കാൻ ഗ്രാമരക്ഷാസമിതിയുടെ അനുമതി വേണമെന്ന തരത്തിലാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. ഇതിന് ശേഷമാണ് പണം വാങ്ങിയിട്ടുള്ളവരുടെ പട്ടികയുംപുറത്ത് വിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP