Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിതയിലെടുത്ത മൃതദേഹത്തിൽ നിന്നു ഡിഎൻഎ സാമ്പിളെടുത്തു പിതൃത്വം തെളിയിച്ച കേസ് പരിസമാപ്തിയിലേക്ക്; മാതൃത്വത്തിന്റെ മാനം കാക്കാൻ കാർത്യായനിയും അച്ഛന്റെ പിൻഗാമിയാകാൻ രകിനും വിധി കാത്തു പ്രതീക്ഷയോടെ

ചിതയിലെടുത്ത മൃതദേഹത്തിൽ നിന്നു ഡിഎൻഎ സാമ്പിളെടുത്തു പിതൃത്വം തെളിയിച്ച കേസ് പരിസമാപ്തിയിലേക്ക്; മാതൃത്വത്തിന്റെ മാനം കാക്കാൻ കാർത്യായനിയും അച്ഛന്റെ പിൻഗാമിയാകാൻ രകിനും വിധി കാത്തു പ്രതീക്ഷയോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മാതൃത്വത്തിന്റെ മാനം കാക്കാൻ അറുപതുകാരി കാർത്യായനിയും പിതൃത്വത്തിന്റെ പൂർണത വീണ്ടെടുക്കാൻ മകൻ രകിനും നടത്തുന്ന നിയമപോരാട്ടം ശുഭപരിസമാപ്തിയിലേക്ക്. ചിതയിൽ വച്ച മൃതദേഹത്തിൽനിന്നും എടുത്ത ഡി എൻ എ സാമ്പിളിലൂടെ മകന്റെ പിതൃത്വം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടപ്പോൾ അത് കല്ലുംമുള്ളും നിറഞ്ഞ പോരാട്ടവഴിയിൽ നേരാംവണ്ണം അക്ഷരജ്ഞാനം പോലുമില്ലാത്ത ഈ നാട്ടുമ്പുറത്തുകാരിയുടെ ആദ്യവിജയമായി. പൊരുതി നേടിയ പെൺപെരുമക്ക് പൂർണ്ണത പകരാൻ ലക്ഷ്യമിട്ടു നടത്തിയ നിയമപോരാട്ടത്തിലും വിജയം ഇവർക്കൊപ്പമായിരുന്നു. നീതിപീഠം അംഗീകരിച്ച തന്റെ പിതൃത്വം പരിപൂർണമായും സ്വന്തമാക്കുന്നതിന് മകൻ രകിൻ നടത്തിവരുന്ന കോടതി ഇടപെടലുകളിൽ വിജയം കയ്യെത്തുംദൂരത്ത് എത്തിയെന്ന വെളിപ്പെടുത്തലുകൾ ഈ വയോധികമാതാവിന് സമ്മാനിക്കുന്നത് ആശ്വാസത്തിന്റെ നിറവാണ്. അതേ, കോഴിക്കോട് ഒന്നാം ക്ലാസ് കോടതിയിൽ ഉടനേയുണ്ടാകുന്ന കേസിന്റെ വിധി കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് അമ്മയും മകനും.

സംഭവിച്ചതെല്ലാം ദൈവനിശ്ചയമാണ്. ഞാൻ അനുഭവിച്ച എണ്ണിയൊലൊടുങ്ങാത്ത കഷ്ടപ്പാടുകൾക്കും വേദനകൾക്കും പ്രതിഫലമായി ദൈവം തന്ന സമ്മാനമാണ് ഇതൊക്കെ. ഇന്ന് ഞാനും മകനും ഈ ഭൂമുഖത്ത് ജീവനോടെ ഇരിപ്പുണ്ടെങ്കിൽ അതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് റോസിക്കുട്ടി ടീച്ചറിനോടും പിന്നെ ദൈവത്തോടും മാത്രം. താൻ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചും കേസിന്റെ നാൾവഴികളെക്കുറിച്ചും തന്റെ ഭൂതകാലത്തെക്കുറിച്ചുമെല്ലാം കാർത്ത്യാനി മനസ്സു തുറന്നു. ഏക മകന്റെ പിതൃത്വം സമൂഹത്തിനു മുന്നിൽ സ്ഥാപിച്ചെടുക്കാൻ താൻ നടത്തിയ നിയമപോരാട്ടത്തിനിടെ എതിർകക്ഷിയും അയൽവാസിയുമായ അറുപതുകാരൻ ശ്രീധരൻ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കുകയും പഴി പറയുകയും ചെയ്തവർക്കുള്ള മറുപടി കൂടിയായി കാർത്യായനിയുടെ വെളിപ്പെടുത്തലുകൾ.

കോഴിക്കോട് കുന്നമംഗലം ഒഴയാടി മാടവന പ്രായിൽ നായാടി- പറങ്ങാടി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തവളായിരുന്നു കാർത്യായനി. ഇപ്പോൾ 60 വയസ്സുകാരിയായ ഇവർക്കു കൂട്ടായുള്ളത് മകൻ രകിനും കുറേ രോഗങ്ങളും മാത്രം. സ്വന്തമായി അന്തിയുറങ്ങാനിടമില്ലാതെ ഈ അമ്മയും മകനും ഇവരുടെ സഹോദരങ്ങളുടെ കാരുണ്യത്തിലാണിപ്പോൾ ജീവിക്കുന്നത്. +1 പഠനം പാതിയിലുപേക്ഷിക്കേണ്ടി വന്ന രകിന് വല്ലപ്പോഴും കിട്ടുന്ന കൂലിവേലയാണ് ഇന്ന് ഇവരുടെ ഏക വരുമാനമാർഗം. അതാകട്ടെ അമ്മയുടെ മരുന്നിനു പോലും തികയാറുമില്ല. ഇവരുടെ ഇന്നത്തെ അവസ്ഥയിൽ പരിതപിക്കാനല്ലാതെ സഹായിക്കാൻ കെൽപ്പുള്ളവർ കാർത്യായനിയുടെ കുടുംബത്തിലും ഇല്ലെന്നാണ് വസ്തുത.

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും നടുവിലായിരുന്നു കാർത്യായനിയുടെ ബാല്യകാലം. നാമമാത്രമായി മാത്രം വിദ്യാഭ്യാസം നേടിയ കാർത്യായനി ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾക്കൊപ്പം കൂലിപ്പണിക്ക് ഇറങ്ങി. മുപ്പതിനോടടുത്ത് പ്രായമായപ്പോഴാണ് അയൽവാസിയായ പട്ടയിൽ ശ്രീധരനുമായി കാർത്യായനി അടുപ്പത്തിലായത്. അതേക്കുറിച്ചും പിന്നീടു നടന്ന സംഭവങ്ങളെക്കുറിച്ചും കാർത്യായനിയുടെ വാക്കുകളിലൂടെ...

അന്ന് ശ്രീധരന് ഏറിയാൽ 34 വയസ് പ്രായമായിരുന്നു. റോഡ് കോൺട്രാക്ടറായിരുന്നു അയാൾ. പറയത്തക്ക ദു:സ്വഭാവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്‌നേഹം ഭാവിച്ച് കൂടെ കൂടിയപ്പോൾ ഞാൻ അയാളെ മനസ്സറിഞ്ഞ് വിശ്വസിച്ചു. ഇങ്ങനെ എഴെട്ടു വർഷം പിന്നിട്ടപ്പോൾ എന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ അയാളോട് ആവശ്യപ്പെട്ടു. മൂപ്പര് അത് സമ്മതിക്കുകയും ചെയ്തു. കുടുംബത്തിൽ അമ്മയെ ആയിരുന്നു അയാൾക്ക് ഏറെ പേടി. രോഗിയായിരുന്ന അമ്മ ഏറെക്കുറെ മരണാസന്നയായ സമയത്തായിരുന്നു ഞാൻ വിവാഹക്കാര്യം എടുത്തിട്ടത്.

അമ്മ ഇനി അധികകാലം ഉണ്ടാകില്ലെന്നും അമ്മയുടെ മരണശേഷം വിവാഹം നടത്താമെന്നും അയാൾ എനിക്ക് വാക്ക് തന്നു. ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. ഇതിനിടയിൽ ഞാൻ ഗർഭണിയായി. വിവരം മൂപ്പരെ അറിയിച്ചപ്പോൾ കൂടുതൽ ഒന്നും പറയാതെ സ്ഥലം വിട്ടു. പിന്നെ അയാളെ കാത്ത് ഞാൻ പലവട്ടം വഴിയിൽ നിന്നെങ്കിലും കാണാനായില്ല. ഞങ്ങളുടെ വീട് ഇരിക്കുന്ന പ്രദേശത്തുനിന്ന് കുന്ദമംഗലത്തേക്ക് മൂ്ന്നു വഴികളുണ്ട്. ഓരോ ദിവസവും അയാൾ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഇതോടെ മൂപ്പരെ കാണണമെന്നുള്ള എന്റെ മോഹം ഫലപ്രാപ്തിയിലെത്തിയില്ല.

ഗർഭത്തിന്റെ ആലസ്യവും ആകുലതകളും വീട്ടുകാരുടേയും നാട്ടുകാരുടേയും കുത്തുവാക്കുകളും ഏറിയപ്പോൾ ഒരുവട്ടം കൂടി അയാളെ എന്റെ മുമ്പിൽ എത്തിക്കണമേയെന്ന് ഞാൻ ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിച്ചു. ഫലമുണ്ടായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. സഹായിക്കാൻ ഒരു ബന്ധു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽനിന്നു കിട്ടുന്ന ഭക്ഷണം കഴിച്ചാണ് ഈ അവസരത്തിൽ വിശപ്പടക്കിയിരുന്നത്. സിസേറിയൻ ആയതിനാൽ എട്ടാം ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ കൊണ്ടാക്കിയശേഷം കൂട്ടൂണ്ടായിരുന്ന സ്ത്രീ സ്ഥലം വിട്ടു.

പിന്നെ ഞാനും കൂഞ്ഞും മാത്രം വീട്ടിൽ. പെറ്റ വയറിന്റെ കത്തിക്കാളുന്ന വിശപ്പടക്കാൻ അയൽവാസികളായ സ്ത്രീകൾ ദയ തോന്നി കൊണ്ടുവന്നു തന്നിരുന്ന ആഹാരം മാത്രമായിരുന്നു ശരണം. കുഞ്ഞുമായി വീടണയുമ്പോഴെങ്കിലും അയാൾ വരുമെന്നു കരുതി. എല്ലാം വെറുതെയായി. പിന്നിട് മകൻ മുട്ടിലിഴയാൻ തുടങ്ങിയ അവസരത്തിൽ അയാൾ വീണ്ടും എന്നെ തേടിയെത്തി. വീട്ടിൽ അച്ഛനും മറ്റാരുമില്ലാത്ത രാത്രി നേരങ്ങളിലായിരുന്നു അയാളുടെ വരവ്. മകനെ ലാളിച്ചും വർത്തമാനം പറഞ്ഞിരുന്നും മടങ്ങുകയായിരുന്നു അന്നത്തെ അയാളുടെ രീതി. എനിക്ക് ജീവിതത്തിൽ വീണ്ടും ശുഭപ്രതീക്ഷ തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്. എന്നാൽ പീന്നീട് ഇയാൾ മുന്നിൽ കണ്ടാലും ഒഴിഞ്ഞുമാറാൻ തുടങ്ങി. ഒരുവട്ടം കുന്നമംഗലം കവലയിൽ വച്ചു കണ്ടപ്പോൾ ഇയാൾ വ്യാപാരസ്ഥാപനത്തിനുള്ളിലേക്ക് വലിഞ്ഞു. അന്ന് ഞാൻ മനസ്സിലാക്കി ആ മനസ്സിൽ ഞാനും എന്റെ മോനുമില്ലെന്ന്. എന്റെ വീട്ടിൽനിന്നും കഷ്ടി ഇരുന്നൂറ് മീറ്റർ ദൂരമേ അയാളുടെ വീട്ടിലേക്കുള്ളു. മകൻ വളർന്നശേഷം മുഖാമുഖം കണ്ടുമുട്ടിയിട്ടുപോലും അയാളൊരക്ഷരം അവനോടു മിണ്ടിയില്ല. തീരെ ഗതിമുട്ടിയ ഒരവസരത്തിൽ എനിക്കും മകനും ചെലവിനു തരണമെന്ന് ഞാൻ അയാളെ കണ്ട് കരഞ്ഞപേക്ഷിച്ചു ,ഇതു ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ആക്ഷേപിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു.

നാളുകൾകഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി, ഞാൻ കബളിപ്പിക്കപ്പെട്ടുവെന്ന്. ഒരു താലിച്ചരടിന്റെ ബന്ധമില്ലാത്തതിനാൽ ആരോടും എനിക്ക് ഒരു പരിഭവം പറയാനും കഴിയുമായിരുന്നില്ല. പിന്നെ ഞാൻ ഒരുറച്ച തീരുമാനമെടുത്തു. മകനെ എത്ര പാടുപെട്ടാണങ്കിലും വളർത്തണമെന്നും പഠിപ്പിക്കണമെന്നും. അടിവയറ്റിൽ ഓപ്പറേഷൻ കത്തി ഉണ്ടാക്കിയ മുറിപ്പാടുണങ്ങുമുൻപേ ഞാൻ കൂലിപ്പണിക്കിറങ്ങി. പിന്നെ വർഷങ്ങളോളം ഞാൻ അയാളെ കാത്തിരുന്നു. ഇതിനിടയിൽ മകൻ പഠിച്ച് +2 വരെയെത്തി. അച്ഛനില്ലാത്ത കുട്ടിയെന്ന് പരിഹാസം പലയിടങ്ങളിൽനിന്നും അവനു നേരെയെത്തി. പല രാത്രികളിലും അവൻ സങ്കടപ്പെടുന്നത് ഞാൻ നേരിൽ കണ്ടു. ഇത് എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഈയവസരത്തിലാണ് നിയമനടപടികളെക്കുറിച്ച് ഞാൻ ആലോചിച്ചു തുടങ്ങിയത്.

അപ്പോഴും ഇതിനായി പണം എവിടെനിന്ന് കണ്ടെത്തുമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ഒടുവിൽ എന്റെ പരിതസ്ഥിതികൾ അറിയാവുന്ന ചിലർ ഇക്കാര്യത്തിൽ സഹായിക്കാമെന്ന് എനിക്ക് വാക്കു തന്നു. നിവൃത്തികേടും, കഷ്ടപ്പാടുകളും ക്ഷമയുടെ നെല്ലിപ്പലക താണ്ടിയപ്പോൾ ഞാൻ ഒരിക്കൽകൂടി ഒരുപാട് അന്വേഷിച്ചു നടന്ന് അയാളെ കണ്ടെത്തി. എന്നെയും മകനേയും സംരക്ഷിക്കണമെന്ന് കാലുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ലെന്ന് മാത്രമല്ല, എന്നെ അയാൾ നിഷ്‌ക്കരുണം തള്ളിപ്പറഞ്ഞു. എന്റെ മനസ്സ് അപമാനഭാരത്താൽ വെന്തുനീറി. എനിക്കുവേണ്ടി ശബ്ദിക്കാൻ, മനസ്സിന്റെ വേദനയറിയാൻ അന്നാരുമുണ്ടായില്ല. ആ ഘട്ടത്തിൽ ഞാൻ ഒരു തീരുമാനമെടുത്തു. എന്റെ കുഞ്ഞിന്റെ പിതാവാരെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന്.

അങ്ങനെയാണ് ഞാൻ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെ നിയമനടപടികളിലേക്ക് കടന്നത്. മകന്റെ പിതാവ് ശ്രീധരനാണെന്നും എനിക്കും കുഞ്ഞിനും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് കോടതിയിൽ അഡ്വ. വിനോദ് സിങ് ചെറിയാൻ മുഖേന ഹർജി ഫയൽ ചെയ്തത്. അഞ്ചു വർഷത്തോളം നീണ്ടു നിന്ന നടപടികൾക്കൊടുവിൽ ശ്രീധരനെ ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി നിർദ്ദേശിച്ചു. സംസ്ഥാന വനിതാ കമ്മീഷനെയാണ് ഇതിനായി കോടതി ചുമതലപ്പെടുത്തിയത്.

2011 ഓഗസ്റ്റ് 8, നവംബർ 8 എന്നി ദിവസങ്ങളിൽ എന്നെയും അയാളെയും കമ്മീഷൻ ചെയർപേഴ്‌സൻ റോസക്കുട്ടി ടീച്ചർ ഓഫീസിലേക്ക് വിളിപ്പിച്ചു രണ്ടുവട്ടവും ഞാനും മകനും അറിയിച്ചിരുന്ന സമയത്ത് ഓഫീസിലെത്തി. ഈ അവസരങ്ങളിലെങ്ങും അയാൾ വന്നില്ല. നവംബർ 23 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് എനിക്കും അയാൾക്കും കമ്മീഷൻ ഓഫീസിൽനിന്നും വീണ്ടും കത്തയച്ചു. 22ന് വൈകുന്നേരത്തോടെ തന്നെ ഞാനും മകനും രണ്ടു ബന്ധുക്കളും കൂടി തിരുവനന്തപുരത്തേയ്ക്ക് യാത്രയായി. പിറ്റേന്ന് 10 മണിയോടെ വനിതാ കമ്മീഷൻ ഓഫീസിലെത്തി. നോട്ടീസിൽ പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും മൂപ്പര് വന്നില്ല. 12 മണിയോടടുത്ത് ചെയർ പേഴ്‌സൺ കുന്നമംഗലം പൊലീസിൽ വിളിച്ച് അങ്ങേരുടെ വീടുവരെ പോയി വിവരം അന്വേഷിച്ചു വരാൻ നിർദ്ദേശിച്ചു.

നിമിഷങ്ങൾക്കുള്ളിൽ കുന്നമംഗലം സ്റ്റേഷനിൽ നിന്നും വിളിയെത്തി. തലേന്ന് അയാൾ തൂങ്ങിമരിച്ചെന്നും ഈ സമയം സംസ്‌കാര ചടങ്ങുകൾ നടക്കുകയാണെന്നുമായിരുന്നു പൊലീസ് നൽകിയ വിവരം. ഇതറിഞ്ഞ ഞാൻ തരിച്ചിരുന്നുപോയി . ഇനിയെന്തു ചെയ്യും. ഇത്രനാൾ കഷ്ടപ്പെട്ടതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതാവുകയാണല്ലോ, സമനില തെറ്റുന്നതായി തോന്നി. പരിസരം മറന്നു അലറിക്കരഞ്ഞു. കണ്ടുനിന്ന മകനും സഹിക്കാനായില്ല. അവനും കൂടെ കരഞ്ഞു. എന്തുചെയ്യണമെന്നറിയാതെ റോസാക്കുട്ടി ടീച്ചറും കുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ ടീച്ചർ കർമ്മനിരതയായി. കുന്നമംഗലം പൊലീസിനെ വിളിച്ച് സംസ്‌കാര ചടങ്ങുകൾ കുറച്ചു നേരത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു. ഈ സമയം മൃതദേഹം ചിതയിലേയ്‌ക്കെടുത്തുവെന്നും ഇനി ഇതു തടഞ്ഞാൽ സംഘർഷസാധ്യത ഉണ്ടെന്നുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള മറുപടി. ടീച്ചർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും അധികാരികളുമായി ആശയവിനിമയം നടത്തുകയും മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കരുതെന്നും നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മൃതദേഹത്തിൽനിന്നും ഡി.എൻ.എ.ടെസ്റ്റിനുള്ള സാമ്പിളെടുക്കാൻ മെഡിക്കൽ സംഘത്തെയും ഇവർ ചുമതലപ്പെടുത്തി.

മെഡിക്കൽ സംഘം പൊലീസ് അകമ്പടിയോടെ വീട്ടുവളപ്പിലെത്തിയപ്പോൾ മൃതദേഹം ചിതയിലേക്കെടുത്തിരുന്നു. ചിതയിൽവച്ച മൃതദേഹത്തൽനിന്നും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ ് മെഡിക്കൽ സംഘം പരിശോധനക്ക് സാമ്പിളെടുത്തത്്. പിന്നീട് മാസങ്ങളുടെ കാത്തിരിപ്പിനുശേഷം വനിതാകമ്മീഷൻ ഓഫീസിൽ നിന്നും പരിശോധനാഫലം പോസീറ്റിവാണെന്നറിയിച്ചുകൊണ്ടുള്ള വിളിയെത്തി. സന്തോഷമോ സങ്കടമോ തോന്നിയില്ല. ഒരാശ്വാസം, അത്രമാത്രമാണ് ഈ വിളിയെത്തിയപ്പോൾ എനിക്കുണ്ടായത്. സമൂഹത്തിന്റെ മുന്നിൽ എനിക്ക് ഉറക്കെ വിളിച്ചു പറയാമല്ലോ, എന്റെ മകന് അച്ഛനുണ്ടെന്ന്. അത് അദ്ദേഹമായിരുന്നെന്ന്...വാക്കുകൾ ചുരുക്കി കാർത്യായനി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വല്ലാത്ത അസഹ്യത. ഇതുകണ്ട് സമീപത്തു നിന്ന രകിൻ ഓടിയെത്തി അമ്മക്ക് താങ്ങായി.

എല്ലാം ഇവനുവേണ്ടിയാണ്. ഇതല്ലാതെ മറ്റൊന്നും ഇവനു നൽകാനുമില്ല. മകന്റെ കൈത്താങ്ങിൽ നിവർന്നു നിന്ന് കാർത്യായനി ഇതു പറയുമ്പോൾ മുഖത്ത് ദ്യശ്യമായത് മാതൃസ്‌നേഹത്തിന്റെ വറ്റാത്ത തിരയിളക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP