Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയക്ക് കൊടുത്ത് കെട്ടും ഭാണ്ഡവുമായി ഇറങ്ങിയത് അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ; റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെ എസ് ആർ ടി സി ബസുമെത്തിയപ്പോൾ അറിഞ്ഞത് ട്രെയിൻ റദ്ദായി എന്ന വിവരം; റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെ ലാത്തിച്ചാർജ്ജ്; പത്തനംതിട്ടയിൽ കാര്യങ്ങൾ കൈവിട്ടു പോയതിന് കാരണം സംവിധാനങ്ങളുടെ വീഴ്ച

താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയക്ക് കൊടുത്ത് കെട്ടും ഭാണ്ഡവുമായി ഇറങ്ങിയത് അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ; റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെ എസ് ആർ ടി സി ബസുമെത്തിയപ്പോൾ അറിഞ്ഞത് ട്രെയിൻ റദ്ദായി എന്ന വിവരം; റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച തൊഴിലാളികൾക്ക് നേരെ ലാത്തിച്ചാർജ്ജ്; പത്തനംതിട്ടയിൽ കാര്യങ്ങൾ കൈവിട്ടു പോയതിന് കാരണം സംവിധാനങ്ങളുടെ വീഴ്ച

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാട്ടിലേക്ക് പോകാനിരുന്ന ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതോടെ പത്തനംതിട്ടയിലും ഏനാത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ടയിൽ തൊഴിലാളികളെ ലാത്തിച്ചാർജ് ചെയ്തു. ഏനാത്ത് പാർട്ടിക്കാർ ഇടപെട്ട് ഓടിച്ചു. ഏനാത്ത് ഇന്ന് രാവിലെയും പത്തനംതിട്ടയിൽ ഉച്ചയ്ക്ക് ശേഷവുമായിരുന്നു പ്രതിഷേധം.

ഇന്ന് പുറപ്പെടുന്ന ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പത്തനംതിട്ടയിൽ ബഹളം. നാട്ടിലേക്ക് പോകാൻ ഇറങ്ങിയവർ താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയ്ക്ക് കൈമാറി കണ്ണങ്കരയിൽ വന്നിരുന്നു. ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെഎസ്ആർടിസി ബസുംഎത്തി. അപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയുന്നത്. മടങ്ങാൻ കഴിയില്ലെന്ന് വന്നതോടെ ഇവർ പ്രക്ഷോഭം തുടങ്ങി. റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പത്തനംതിട്ടയിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം കൂടിയ അതേ സ്ഥലത്ത് സംഘടിച്ചത്. കുലശേഖരപ്പേട്ടയിൽ നിന്ന് കൂടുതൽ പേരെത്തി സമരത്തിൽ അണിനിരക്കുകയും ചെയ്തു. വാഹന ഗതാഗതവും തടസപ്പെട്ടു. തിരികെ മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. താമസ സ്ഥലം ഒഴിഞ്ഞു വന്ന തങ്ങൾ ഇനി എവിടെ താമസിക്കുമെന്നായിരുന്നു ചോദ്യം. തൊഴിലാളികൾ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പൊലീസ് ലാത്തി ചാർജ് തുടങ്ങി.

കൈയിൽ കിട്ടിയവരെയെല്ലാം അടിച്ചോടിച്ചു. ചിതറി ഓടിയ ഇവരെ പിന്നീട് പൊലീസ് തന്നെ തിരിച്ചു കൊണ്ടു വന്നു. നേരത്തേ താമസിച്ചിരുന്നിടത്തേക്ക് മടങ്ങിക്കൊള്ളാൻ പൊലീസ് പറഞ്ഞു. കെട്ടിടം ഉടമ അനുവദിക്കാത്ത പക്ഷം പൊലീസ് ഇടപെടാമെന്നും വാഗ്ദാനം ചെയ്തു. ആർക്കെങ്കിലും താമസസൗകര്യം നിഷേധിച്ചാൽ പൊലീസ് തന്നെ ഇടപെടാമെന്ന് അറിയിച്ചതോടെയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞ ദിവസവും കണ്ണങ്കരയിൽ ഇതേ പോലെ തൊഴിലാളികൾ സംഘടിച്ചിരുന്നു.

ഏനാത്ത് അഞ്ഞൂറോളം വരുന്ന ഇതര ഭാഷാ തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ വാഹന സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാവിലെയാണ് തെരുവിലിറങ്ങിയത്. ഏനാത്ത് പാലത്തിന് സമീപം എം സി റോഡിനരികിലെ താമസ സ്ഥലത്ത് നിന്നുമാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കൂടുതൽ പ്രതിഷേധവുമായി തൊഴിലാളികൾ റോഡിലേക്ക് ഇറങ്ങിയതോടെ പൊലീസുമായി ഉന്തും തള്ളുമായി ഇതിനിടെ പ്രാദേശിക സിപിഎം നേതാക്കളും പ്രശ്നത്തിൽ ഇടപെട്ടു.ഇതര ഭാഷാ തൊഴിലാളികളോട് കയറി പോകാൻ ആക്രോശിച്ചുകൊണ്ട് നേതാക്കൾ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി . പിന്നീട് അടൂർ ഡെപ്യൂട്ടിതഹസിൽദാർ ജിനേഷ് പി ജി എത്തി ജൂൺ ആദ്യവാരം ട്രെയിൻ സൗകര്യം ഏർപ്പെടുത്താം എന്ന് ഉറപ്പ് നൽകിയതോടെയാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP