Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ദിവസം ജിയോളജിസ്റ്റ് ജില്ലയിലെ അറിയപ്പെടുന്ന ദിവ്യൻ; തൊട്ടടുത്ത ദിവസം ജിയോളജിസ്റ്റ് ജനദ്രോഹി; നിലപാടുകളിൽ മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് സിപിഎമ്മും ദേശാഭിമാനിയും; സമ്മർദങ്ങൾക്ക് വഴങ്ങാത്ത പത്തനംതിട്ടയിലെ ജിയോളജിസ്റ്റിനെ പറപ്പിക്കാനും നിലനിർത്താനും സിപിഎമ്മിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ പോര്

ആദ്യ ദിവസം ജിയോളജിസ്റ്റ് ജില്ലയിലെ അറിയപ്പെടുന്ന ദിവ്യൻ; തൊട്ടടുത്ത ദിവസം ജിയോളജിസ്റ്റ് ജനദ്രോഹി; നിലപാടുകളിൽ മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് സിപിഎമ്മും ദേശാഭിമാനിയും; സമ്മർദങ്ങൾക്ക് വഴങ്ങാത്ത പത്തനംതിട്ടയിലെ ജിയോളജിസ്റ്റിനെ പറപ്പിക്കാനും നിലനിർത്താനും സിപിഎമ്മിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ പോര്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുതുതായി ചുമതലയേറ്റ ജില്ലാ ജിയോളജിസ്റ്റിനെ പുകഴ്‌ത്തി ആദ്യ ദിവസം ദേശാഭിമാനിയിൽ വാർത്ത. പിറ്റേന്ന് ഇതേ പത്രത്തിന്റെ അതേ പേജിൽ അതേ സ്ഥലത്ത് ജിയോളജിസ്റ്റ് ജനദ്രോഹിയാണെന്ന് ചൂടേറിയ വാർത്ത. രണ്ടും കണ്ട് അമ്പരന്ന് നിൽക്കുകയാണ് സാദാ നാട്ടുകാർ. ആദ്യ നിലപാട് മണിക്കൂറുകൾക്കുള്ളിൽ തിരുത്തി സിപിഎമ്മിന്റെ നിലപാട് വിളിച്ചു പറയുകയാണ് പാർട്ടി പത്രം ചെയ്തത്. ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യൻ ചുമതലയേറ്റിട്ട് ഒരു മാസത്തോളമേ ആകുന്നുള്ളൂ.

അനധികൃത മണ്ണു-ക്വാറി മാഫിയകളിലും നിയമലംഘകരിൽ നിന്നും ഇക്കാലയളവിൽ പിഴ ഇനത്തിൽ ഇദ്ദേഹം ഈടാക്കിയത് മൂന്നു കോടി രൂപയാണ്. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ മണ്ണു ഖനനം നടത്തിയ സിപിഎം നേതാക്കളുടെ ബിനാമികളെ ജിയോളജിസ്റ്റ് സധൈര്യം പിടികൂടി. ഇവർക്ക് ലക്ഷങ്ങൾ പിഴ ചുമത്തി. ആര് ശിപാർശ ചെയ്താലും കേൾക്കാൻ കൂട്ടാക്കാത്ത ജിയോളജിസ്റ്റിനെ പറപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നായി. മണ്ണു-ക്വാറി മാഫിയകൾ ജിയോളജിസ്റ്റിനെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജിയോളജിസ്റ്റിന് എതിരേ വ്യാജപരാതികളുടെ കുത്തൊഴുക്കായി. സത്യസന്ധനും സ്വാധീനങ്ങൾക്ക് വഴങ്ങാത്തവനുമായി ജിയോളജിസ്റ്റിനെതിരേ മാഫിയകൾ കള്ളപ്പരാതി നൽകുന്നുവെന്നായിരുന്നു ദേശാഭിമാനിയിൽ ആദ്യ ദിവസം വാർത്ത വന്നത്.

പിറ്റേന്ന് പാർട്ടിപ്പത്രം കളം മാറ്റിച്ചവിട്ടി. ജില്ലാ ജിയോളജസ്റ്റ് ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയാണ് നാലു കോളത്തിൽ പത്രം നിരത്തിയത്. ജിയോളജിസ്റ്റ് ഓഫീസിൽ വരാറില്ല, അഞ്ചു സെന്റിൽ വീട് വയ്ക്കാൻ വേണ്ടി മണ്ണെടുക്കാൻ അപേക്ഷ നൽകിയാൽ അനുവാദം നൽകില്ല, ഓഫീസിൽ എത്തുന്നവരോട് മോശമായി പെരുമാറുന്നു, ജിയോളജിസ്റ്റിന്റെ നിലപാട് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു ഇവയൊക്കെയാണ് ജിയോളജിസ്റ്റിനെതിരായ കുറ്റപത്രം. ജില്ലാ സെക്രട്ടറിയേറ്റ് രണ്ടു തട്ടിലാണ്. ജില്ലാ സെക്രട്ടറി ജിയോളജസ്റ്റിനെ എതിർക്കുന്നു.

അതേസമയം, അടൂരിലെയയും തിരുവല്ലയിലെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അനുകൂലിക്കുകയും ചെയ്യുന്നു. നിയമം കർശനമായി പാലിച്ചതാണ് ജിയോളജിസ്റ്റിനെ പാറ-മണ്ണു ലോബികൾക്ക് അനഭിമതനാക്കിയത്. വീട് നിർമ്മാണത്തിന്റെ പേര് പറഞ്ഞ് തോന്നിയ പോലെ മണ്ണ് അടിക്കുന്നതും പാറ പൊട്ടിക്കുന്നതുമാണ് നിയമത്തിന്റെ പഴുതടച്ച് ജിയോളജിസ്റ്റ് തടഞ്ഞത്. സർക്കാരിലേക്കുള്ള സീനിയറേജ് അടയ്ക്കാതെ ജിയോളജിസ്റ്റിന് കൈക്കൂലി നൽകി വൻ തോതിൽ പാറ പൊട്ടിക്കുകയാണ് മുൻപ് ഇവിടെ ചെയ്തിരുന്നത്. ബിജു സെബാസ്റ്റ്യൻ വന്നതോടെ ആ സമ്പ്രദായം അവസാനിപ്പിച്ചു. സീനിയറേജ് അടയ്ക്കാത്തവർക്ക് പാറ പൊട്ടിക്കാൻ പെർമിറ്റ് കൊടുക്കാതായി.

സിപിഎം സംസ്ഥാന നേതാവ് കെഎൻ ബാലഗോപാലിന്റെ സഹോദരനും എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കലഞ്ഞൂർ മധുവിന്റെ ക്വാറിക്ക് അടക്കം സീനിയറേജ് അടയ്ക്കേണ്ടി വന്നു. ഈ ഇനത്തിൽ മാത്രം സർക്കാരിലേക്ക് വന്നത് 2.25 കോടിയാണ്. കഴിഞ്ഞ മാസം അനധികൃത ഖനനത്തിന് 18 ലക്ഷവും അനധികൃത സംഭരണത്തിന് 2.50 ലക്ഷം രൂപയും അനധികൃത കടത്തലിന് 20 ലോറി ഉടമകളിൽ നിന്നും 6.50 ലക്ഷം രൂപയും ഈടാക്കി.

കൈക്കൂലിപ്പണവുമായി വിജിലൻസ് പിടിയിലായ ജിയോളജിസ്റ്റ് വഹാബിന് പകരമായി സിപിഎം നേതൃത്വം തന്നെയാണ് ബിജു സെബാസ്റ്റ്യനെ ഇവിടെ എത്തിച്ചത്. അതിപ്പോൾ ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP