Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിസാം കേസിലുൾപ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി; മാർച്ച് 31ന് വിരമിച്ച ശേഷം പുസ്തകമിറക്കുമെന്ന് ജോബിന്റെ പ്രഖ്യാപനം; രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിക്കാനുള്ള വകുപ്പ് അതിൽ ഉണ്ടാകുമെന്നും എസ്‌പി; തന്നെ ദ്രോഹിച്ച ഐജിയെ 28-ാം ദിവസം യൂണിവേഴ്സിറ്റി ഡീബാർ ചെയ്തുവെന്ന് സാമ്പിൾ വെടിക്ക് തിരികൊളുത്തി വെളിപ്പെടുത്തൽ

നിസാം കേസിലുൾപ്പെടെ കോളിളക്കമുണ്ടാക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി; മാർച്ച് 31ന് വിരമിച്ച ശേഷം പുസ്തകമിറക്കുമെന്ന് ജോബിന്റെ പ്രഖ്യാപനം; രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഞെട്ടിക്കാനുള്ള വകുപ്പ് അതിൽ ഉണ്ടാകുമെന്നും എസ്‌പി; തന്നെ ദ്രോഹിച്ച ഐജിയെ 28-ാം ദിവസം യൂണിവേഴ്സിറ്റി ഡീബാർ ചെയ്തുവെന്ന് സാമ്പിൾ വെടിക്ക് തിരികൊളുത്തി വെളിപ്പെടുത്തൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വ്യവസായി നിസാം ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട സംഭവത്തിൽ വിവാദ നായകനായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് ഈ വരുന്ന മാർച്ച് 31ന് സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നു. ഒരുപാട് കാര്യങ്ങൾക്ക് മറുപടി പറയാനുണ്ട് ജേക്കബ് ജോബിന്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുണ്ട്. അതുകൊണ്ടുതന്നെ ജേക്കബ് ജോബ് എന്ന പൊലീസ് മേധാവിയുടെ കുപ്പായത്തിൽ നിന്ന് സാധാരണക്കാരനിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് കൂടിയായി മാറുകയാണ് ഈ ഈസ്റ്റർ നാളുകൾ. വിരമിക്കുന്നതിന് മുന്നോടിയായി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പങ്കെടുത്ത ജേക്കബ് ജോബ് അത്തരം സൂചനകളാണ് നൽകിയത്.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

ആ കേസാണ് എന്നെയും എന്റെ കുടുംബത്തെയും തകർത്തത്. സമൂഹത്തിന് മുന്നിൽ ഞങ്ങളെ അപഹാസ്യരാക്കി. എന്റെ ഡിപ്പാർട്ട്മെന്റിനെ ഇതുവരെ ഞാൻ വഞ്ചിച്ചിട്ടില്ല. പക്ഷേ, ഞാൻ വഞ്ചിക്കപ്പെട്ടു. മാർച്ച് 31 ന് ശേഷം ഞാനൊരു പുസ്തകമെഴുതും. പൂർണമായും സർവീസ് സ്റ്റോറി ആയിരിക്കില്ല. എന്റെ ജീവിതാനുഭവങ്ങൾ മുഴുവൻ അതിലുണ്ടാകം.

അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. അവിഹിതമായ കാര്യത്തിന് വേണ്ടി ഒരാളെയും ദ്രോഹിക്കുകയോ അനാവശ്യമായി കേസെടുക്കുകയോ ചെയ്തിട്ടില്ല. അതിനായി ആരൊക്കെ എന്നോട് പിണങ്ങിയാലും തയാറായിട്ടില്ല. പലപ്പോഴും ആളുകൾ കേട്ടുകേഴ്‌വിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരാളെ അസസ് ചെയ്യുന്നത്. പ്രത്യേകിച്ചും മാധ്യമങ്ങൾ പറയുന്നതാണ് പലപ്പോഴും ആളുകൾ വിശ്വസിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് കിട്ടുന്ന അറിവുകൾ പലപ്പോഴും യഥാർഥമായിരിക്കണമെന്നില്ല. അങ്ങനെ വരുമ്പോഴുണ്ടാകുന്ന ധാരണാപ്പിശക് എന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അതിന് പ്രത്യേകിച്ച് ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല.

എന്റെ ജീവിതത്തിൽ ഏറ്റവും നെറിയോടെ നിഷ്പക്ഷമായി തന്റേടമായി ചെയ്ത ഒരു കാര്യം, അത് ലോകം മുഴുവൻ ശ്രദ്ധിച്ചു. ആദ്യമായി നിസാമിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ എത്തിച്ചത് ഞാനാണ്. അതിന്റെ ദുരന്തഫലവും തിക്താനുഭവവും ഉണ്ടാകുമെന്ന് ഒരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, എന്നെ എല്ലാവരും ഇങ്ങനെ കൈവിടുമെന്ന് കരുതിയില്ല. ഞാൻ ചെയ്ത സത്യത്തെ ചിലരെങ്കിലും അംഗീകരിക്കുമെന്ന് കരുതി. അതുണ്ടായില്ല. 169 ഗുഡ്സർവീസ് എൻട്രി ലഭിച്ചയാളാണ് ഞാൻ. അതാരുടെയും പുറകേ നടന്നു വാങ്ങിയതല്ല. എന്റെ കഴിവിൽ ഉത്തമബോധ്യം വന്ന് തന്നതാണ്.

എന്റെ കുഞ്ഞുങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഒരു പപ്പടം തിന്നാനുള്ള സാഹചര്യം പോലും അവർക്കില്ലാതെ വന്നു. അന്ന് ഒരു മേലുദ്യോഗസ്ഥൻ എന്റെ പിന്നാലെ നടന്ന് ഉപദ്രവിച്ചിട്ടുണ്ട്. എന്നെ ഇകഴ്‌ത്തിയവരെല്ലാം പുകഴ്‌ത്തിയില്ലെങ്കിലും സത്യം തിരിച്ചറിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. മൂന്നുവർഷം ഞാൻ സംശയനിഴലിലായിരുന്നു. ആ കേസിൽ മനസാക്ഷിക്ക് അനുസരിച്ച് സത്യസന്ധമായി പറയട്ടെ.. നിസാമിനെ ഞാൻ റിമാൻഡ് ചെയ്തപ്പോൾ തുടങ്ങി എനിക്കെതിരേയുള്ള പീഡനം.

നിസാമിനെ പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിങ്ങിലുള്ള ഒരു ഉദ്യോഗസ്ഥനെ വിട്ടാണ് അറസ്റ്റ് ചെയ്തത്. അല്ലായിരുന്നുവെങ്കിൽ അയാൾ മുംബൈയ്ക്കും അവിടെ നിന്ന ദുബായ്ക്കും കടന്നു കളയുമായിരുന്നു. നിസാം നാടുവിടാൻ പോകുന്ന വിവരം ഒരു മാധ്യമപ്രവർത്തകനാണ് എന്നെ അറിയിച്ചത്. അന്ന് കസ്റ്റഡിയിൽ എടുത്ത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതു കൊണ്ടാണ് നിസാമിന് രക്ഷപ്പെടാൻ കഴിയാതെ പോയത്. നിസാമിനെ അന്ന് വിലങ്ങു വയ്ക്കുമ്പോഴും റിമാൻഡ് ചെയ്യുമ്പോഴുമൊക്കെ എനിക്കെതിരേ ഭീഷണിയുണ്ടായിരുന്നു. നിസാമിന്റെ കേസിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ചോദിച്ച ആളുകളുണ്ട്.

കാപ്പയ്ക്ക് നിസാമിനെതിരേ റിപ്പോർട്ട് കൊടുക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ എന്നെ അവിടുന്ന് മാറ്റാൻ ശ്രമം തുടങ്ങി. നിസാമിന് ജാമ്യം നിഷേധിച്ചപ്പോൾ എന്നെ സസ്പെൻഡ് ചെയ്യാനുള്ള കരുക്കൾ നീക്കി. ഒരു മാധ്യമപ്രവർത്തകനെ തിരുവനന്തപുരത്ത് ഒരു ഉന്നത ഉദ്യോഗസ്ഥൻ വിളിച്ചു സംസാരിച്ച ശേഷമായിരുന്നു അത്. ഞാൻ പത്തനംതിട്ടയിൽ ആദ്യം ചാർജെടുക്കാൻ വന്നപ്പോൾ എനിക്കെതിരേ ആദ്യ സ്‌ക്രോളിങ് വരുന്നത്. നിസാമുമായി ജേക്കബ് ജോബ് ഒറ്റയ്ക്ക് സംസാരിച്ചത് സംശയാസ്പദമെന്ന ആ സ്‌ക്രോളിൽ തുടങ്ങി, പിന്നെ അതെത്രയോ വലുതാക്കിയെടുത്തുവെന്ന് നിങ്ങൾക്കുമറിയാം. പക്ഷേ, അതിന്റെ സത്യാവസ്ഥ ഞാൻ ആരോടും പറഞ്ഞില്ല.

അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്കിത് പറയാൻ കഴിയുമായിരുന്നില്ല. എനിക്ക് പറയാൻ ഇനി വേദികൾ ഉണ്ടാകാം. എന്നാൽ സേനയിലിരിക്കുമ്പോൾ അത് പറയില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വന്ന ഒരു പ്രതിയെ മേലുദ്യോഗസ്ഥൻ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഏതു നിയമപുസ്തകത്തിലാണുള്ളത്? സെൻസേഷണലായ കേസുകൾ ജില്ലാ പൊലീസ് മേധാവികളാണ് നേരിട്ട് പരിശോധിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം പ്രതിയെ എവിടെ വച്ച് ചോദ്യം ചെയ്യണമെന്ന്. അത് ഒരു പക്ഷേ പാളയം മാർക്കറ്റിലായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതാണ് ചട്ടവിരുദ്ധമെന്ന് കാട്ടി എനിക്കെതിരേ നടപടി എടുത്തത്. അന്വേഷണ സംഘത്തിനെതിരേ പരാതികൾ ഉയർന്നപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മേലുദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്കുണ്ട്.

16 മണിക്കൂർ അവർ നിസാമിന് വഴിവിട്ട് സഹായം ചെയ്തുവെന്ന് അവരെ പിന്തുടർന്ന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ ഓഫീസിൽ വച്ചാണ് 25 മിനുട്ട് ഞാൻ നിസാമിനെ ചോദ്യം ചെയ്തത്. വിലങ്ങണിയിച്ചാണ് അയാൾ നിന്നത്. ഇതിനിടെ നാലു തവണ എന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കയറി വന്നു. എ.സി.പി അഡ്‌മിനിസ്ട്രേഷൻ രണ്ടു തവണ കേറി വന്നു. അവിടുത്തെ പബ്ലിക് പ്രോസിക്യൂട്ടർ മറ്റൊരാവശ്യത്തിനായി കയറി വന്നു. ഇതിനിടയ്ക്ക് കിട്ടിയ സമയത്താണ് നിസാമിനെ ചോദ്യം ചെയ്തത്. അതെങ്ങനെ അടച്ചിട്ട മുറിയിലാകും?

നിസാമുമായി ബംഗളൂരുവിലേക്ക് പോയത് ഉല്ലാസ യാത്രയായിരുന്നു. സംഘത്തിലുള്ളവർ യൂണിഫോം ധരിച്ചിരുന്നില്ല. റിമാൻഡിൽ നിന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതിക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകി എന്നിങ്ങനെ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ധാരാളം വീഴ്ചകൾ ഉണ്ടായിരുന്നു. അത് ആരോപണമായി വന്നപ്പോൾ ഞാൻ അന്വേഷിച്ചുവെന്നുള്ളതാണ് ഞാൻ ആകെ ചെയ്ത തെറ്റ്. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലും കൊടുക്കാനുള്ള സാവകാശം തരാതെ പിറ്റേന്ന് എന്നെ സ്ഥലം മാറ്റുകയായിരുന്നു.

പിന്നെ സസ്പെൻഡ് ചെയ്തു. എന്നാൽ, ബംഗളൂരു യാത്രയിൽ നിസാമിന് സൗകര്യങ്ങൾ ചെയ്തു കൊടുത്ത അന്വേഷണ സംഘത്തിനെതിരേ പിന്നീട് ഒരു അന്വേഷണവും നടന്നിട്ടില്ല എന്നതാണ് രസകരം. മുൻ തീരുമാനപ്രകാരം എന്നെ അതിൽ ഇരയാക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് എങ്ങുമില്ലാത്ത ചട്ടം എഴുതിപ്പിടിപ്പിച്ച ഐജിക്ക് കൃത്യം 28-ാമത്തെ ദിവസം പണി കിട്ടി. ഒരു യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അയാളെ ഡീബാർ ചെയ്തു. ഈ ഉദ്യോഗസ്ഥനാണ് എനിക്കെതിരേ ദുരാരോപണം നടത്തിയത്.

ഞാൻ ആദ്യമായി നിസാമിനെ കാണുന്നത് അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ്. എന്നോടെല്ലാവരും പറഞ്ഞു ഇത് തീക്കളിയാണ്. ഞാൻ ഭയന്നില്ല, കാരണം അതിൽ നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. ബംഗളൂരുവിലേക്ക് പോയ ടീമിനോട് അവിടെ നിസാമിനെതിരേയുള്ള റേപ്പ് കേസിന്റെ ഡീറ്റെയ്ൽസ് എടുക്കണമെന്ന് പറഞ്ഞു വിട്ടിരുന്നു. എന്നാൽ, ബംഗളൂരു പോയ ആ സിഐ ബോധപൂർവം അതെടുക്കാതെ പോന്നു. ഞാൻ അവിടെ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ വിളിച്ചു പറഞ്ഞ് അതെടുപ്പിച്ചു. 46 കി മീറ്റർ താണ്ടിയിരുന്ന അന്വേഷണ സംഘത്തെ തിരികെ അയച്ച് അത് വാങ്ങിക്കൊണ്ടു വന്നു. എന്നിട്ടാണ് അയാൾക്കെതിരേ കാപ്പ കൊടുത്തത്. അതില്ലെങ്കിൽ അയാൾക്കെതിരേ കാപ്പ ചുമത്താൻ കഴിയുമായിരുന്നില്ല. അതിന് ശേഷം ഞാൻ ഐജി, എഡിജിപി, സിഐ, ഗുരുവായൂർ എസിപി, സിഐ എന്നിവർക്ക് മെമോ കൊടുത്തു. അത് ഇമെയിലാണ് അയച്ചത്. അതിന് ശേഷമാണ് കാപ്പ ചുമത്തിയത്.

എന്നാൽ, ഐജി പറഞ്ഞത് മെമോ ഇല്ലെന്നാണ്്. ഡെപ്യൂട്ടി കമ്മിഷണർ നിശാന്തിനിയാണ് ഞാൻ കാപ്പ ചുമത്താൻ മെമോ കൊടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചത്. പിന്നീട് നിസാമിനെതിരായ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടു. നിസാമിന്റെ കോടികളൊന്നും എനിക്ക് വാങ്ങേണ്ടി വന്നിട്ടില്ല. അതു കൊണ്ട് അഭിമാനത്തോടെ റിട്ടയർ ചെയ്യുന്നു. വീണ്ടും ഞാൻ പത്തനംതിട്ടയിലേക്ക് എസ്‌പിയായി വരാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി എടുത്ത തീരുമാനം നിർണായകമായി. വിജിലൻസ് കുറ്റവിമുക്തനാക്കിയ ജേക്കബ് ജോബിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിച്ചു.

ഡിജപിയും സുതാര്യമായ നിലപാട് എടുത്തു. അതു കൊണ്ടാണ് എന്നെ ആക്ഷേപിച്ച ഇറക്കി വിട്ട ഈ എസ്‌പി കസേരയിൽ വീണ്ടും എത്താൻ കഴിഞ്ഞത്. അതിന് ആരേയും സ്വാധീനിച്ചിട്ടില്ല. ഒരാളോടും ഞാൻ പിന്നാലെ നടന്ന് പോസ്റ്റിങ് വാങ്ങിയിട്ടില്ല. ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ നടന്നിട്ടില്ല. അവസരങ്ങൾ എന്നെ തേടി വന്നതാണ്. ആറു മാസം മുൻപ് വരെ ഞാൻ പോസ്റ്റിങ് ചോദിച്ചിരുന്നു. വിരമിക്കാൻ മൂന്നു മാസം ബാക്കി നിൽക്കേ എനിക്ക് പോസ്റ്റിങ് കിട്ടിയത് ദൈവാനുഗ്രഹമാണ്.

എന്നെ മാറ്റി നിസാമിന് ജാമ്യം ലഭിക്കാനുള്ളതൊക്കെ ചെയ്തു. അന്ന് രാവിലെ ഫ്ളാഷ് വരുന്നു. നിസാമിന്റെ കൊച്ചാപ്പ ഗവ. പ്ലീഡറുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന്. അവിടെ വച്ച് കോടതി ആ പ്ലീഡറെ മാറ്റി പകരം വച്ചയാൾക്ക് ഈ കേസ് നന്നായി അറിയാമായിരുന്നു. ഞാൻ കാപ്പ ചുമത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതും അറിയാമായിരുന്നു. ഗുരുവായൂർ എസിപി എഴുതിക്കൊണ്ടുവന്ന ജാമ്യാപേക്ഷയിൽ നിസാമിന് ജാമ്യം നിഷേധിക്കത്തക്കതായ ഒന്നുമില്ല. കാരണം, അന്ന് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ല. 307 വകുപ്പന് അനുസരിച്ച കേസേയുള്ളു.
കാപ്പയുടെ മാത്രം ബലത്തിലാണ് ജാമ്യം നിഷേധിച്ചത്. തെളിവുകളെല്ലാം കത്തിച്ചു കളഞ്ഞിട്ടും നിസാം അകത്ത് കിടക്കാൻ കാരണം ഞാൻ ചുമത്തിയ കാപ്പയാണ്. പത്തനംതിട്ട എനിക്ക് നല്ല അനുഭവങ്ങൾ തന്നു. ഫെയർവെൽ പരേഡ് വാങ്ങി റിട്ടയർ ചെയ്യുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അത് എനിക്ക് ലഭിച്ചു. ഇനിയുള്ള കാലം സാമൂഹിക പ്രവർത്തനങ്ങൾ നടത്തും. - ജേക്കബ് ജോബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP