Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയത്തൂന്ന് റബ്ബർ വെട്ടാൻ പോയ പൗലോച്ചായനല്ലിത്; സാക്ഷാൽ പൗലോ കോയ്‌ലോ തന്നെ; കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലൂടെ മലയാളത്തിൽ സൂപ്പർ ഹിറ്റായ വിശ്രുത എഴുത്തുകാരൻ മലയാളത്തിൽ എഫ് ബി സന്ദേശം ഇട്ടു; തെറിപറയാൻ മാത്രമല്ല അറിയാവുന്നതെന്നു വ്യക്തമാക്കി മല്ലു പൊങ്കാലക്കാർ രംഗത്ത്

കോട്ടയത്തൂന്ന് റബ്ബർ വെട്ടാൻ പോയ പൗലോച്ചായനല്ലിത്; സാക്ഷാൽ പൗലോ കോയ്‌ലോ തന്നെ; കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലൂടെ മലയാളത്തിൽ സൂപ്പർ ഹിറ്റായ വിശ്രുത എഴുത്തുകാരൻ മലയാളത്തിൽ എഫ് ബി സന്ദേശം ഇട്ടു; തെറിപറയാൻ മാത്രമല്ല അറിയാവുന്നതെന്നു വ്യക്തമാക്കി മല്ലു പൊങ്കാലക്കാർ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ-മലയാളത്തിൽ സൂപ്പർ ഹിറ്റായത് ഓണക്കാലത്താണ്. എന്നാൽ അതിന് മുമ്പ് തന്നെ ആൽക്കമിസ്റ്റ് എന്ന നോവലിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ സാഹിത്യകാരനാണ് പൗലോ കൊയ്‌ലോ. വായന ശീലമാക്കിയ മലയാളിയുടെ നാവിൻ തുമ്പിലുള്ള പ്രധാന നോവലിസ്റ്റ്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരൻ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന്റെ ദി ആൽകെമിസ്റ്റ് 56 ഭാഷകളിൽ പ്രസിദ്ധീകരിച്ചു. 43 ദശലക്ഷം കോപ്പികൾ വിറ്റുപോയതായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ 57 ഭാഷകളിലും 150 രാജ്യങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ലോകം അംഗീകരിച്ച ബ്രസീലിയൻ സാഹിത്യകാരൻ.

മലയാളത്തിൽ കോയ്‌ലോയുടെ വാക്കുകളിൽ നിന്നൊരു സിനിമ പിറന്നു. എല്ലാവരേയും സ്വപ്‌നം കാണാൻ പ്രരിപ്പിക്കുന്ന കൊച്ചു സിനിമ. ഇതോടെ മലയാളത്തെ കൊയ്‌ലോയും അറിഞ്ഞു. തന്റെ ഫെയ്‌സ് ബുക്ക് പേജിൽ മലയാളത്തിലും സാഹിത്യകാരൻ പോസ്റ്റുകളിട്ടു. ഇത് മലയാളത്തിനുള്ള അംഗീകാരമായി. മലയാളികളുമായി മറ്റു ബന്ധമൊന്നുമില്ലെങ്കിലും മലയാളത്തിലെ ചില സംഗതികൾ അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്. ആലുവ മാറമ്പിള്ളി എംഇഎസ് കോളജിലെ അരുണിമ എന്ന വിദ്യാർത്ഥികളുടെ കവിത ട്വീറ്റ് ചെയ്തതു റംസാൻ ദിവസത്തിൽ. പിന്നാലെയിതാ സിദ്ധാർഥ് ശിവയും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ വിവരങ്ങൾ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്താണ് വീണ്ടും അദ്ദേഹം മലയാളികളെ ഞെട്ടിച്ചത്. ഇപ്പോഴിതാ പുതിയ പുസ്തകത്തിന്റെ വിവരങ്ങളും സാഹിത്യകാരൻ മലയാളത്തിൽ കുറിച്ചു. ഇതിനോട് മല്ലു സൈബർ പോരാളികൾ പ്രതികരിക്കുകയാണ്. പാക്കിസ്ഥാനേയും മറ്റും പാഠം പഠിപ്പിക്കാൻ ജനറലിന്റേയും മറ്റും ഫെയ്‌സ് ബുക്കിൽ പൊങ്കാല ഇട്ട പോസ്റ്റുകളല്ല സൈബർ പോരാളികൾ ഉപയോഗിക്കുന്നത്. തീർത്തും വ്യത്യസ്തമായ ശൈലി.

കോയ്‌ലോയെ അംഗീകരിച്ചുകൊണ്ട് മലയാളിയായി കണാണുന്ന പോസ്റ്റുകൾ. ഇനിയും മലയാളത്തിൽ കോയ്‌ലോ കുറിക്കുന്നത് ആഗ്രഹിച്ചുള്ള പൊങ്കാലകൾ. അങ്ങനെ കോയ്‌ലോയുടെ ഫെയ്‌സ് ബുക്ക് പേജിലും മലയാളം നിറയുകയാണ്. ഡിസി ബുക്‌സ് പുറത്തിറക്കുന്ന തർജ്ജമയുടെ വിശദാശംങ്ങൾക്ക് താഴെയുള്ള മലയാളത്തിലെ പ്രധാന കമന്റുകൾ ഇങ്ങനെ:

  • പടച്ചോനേ ഒരു സിൽമ ഇറങ്ങിയപ്ലേക്കും ഇങ്ങള് മലയാളത്തില് പോസ്റ്റാൻ തൊടങ്ങ്യാ?
  • കൊയ്‌ലോ.....മലയാളത്തിൽ പോസ്റ്റിട്ടു .. നന്ദി സർ ... എന്ന് ഇംഗ്ലീഷ് അറിയാത്ത ഒരു പാവം മലയാളി ഒപ്പ് ...
  • സത്യം പറ നിങ്ങളു കോട്ടയത്തൂന്ന് റബ്ബർ വെട്ടാൻ കുടിയേറി പോയ പൗലോച്ചായൻ അല്ലെ .
  • മ്മളെന്തിനാ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കാൻ പോണെ? കൊയ് ലൊ ചേട്ടൻ വരെ മലയാളം പഠിക്കാൻ തുടങ്ങി ഇനി ഇതിനെ അങ്ങ് Universal Language ആക്കിക്കൂടെ .നമ്മൾ മലയാളികൾ സംഭവമാണല്ലേ?

പൗലോ കൊയ്‌ലോയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

This book will be released on 7th October 2016. സ്വതന്ത്രയായി ജീവിക്കാൻ ശ്രമിച്ചു എന്നതുമാത്രമായിരുന്നു അവൾചെയ്ത ഏക കുറ്റം. സർപ്പസൗന്ദര്യംകൊണ്ടും നർത്തനവൈഭവംകൊണ്ടും ചരിത്രത്തിൽ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയിൽനിന്നും. പാരീസിൽ കാലുകുത്തുമ്പോൾ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങൾക്കുള്ളിൽ നഗരത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയർന്നു. നർത്തകി എന്ന നിലയിൽ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരന്മാരെയും തന്റെ വിരൽത്തുമ്പുകളിൽ ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിൻ കുഴലുകളുടെ മുൻപിൽ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാൻ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നൽകേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അനന്യമായ ഭാഷയിൽ പൗലൊ കൊയ്‌ലോ വായനക്കാർക്കായി അവതരിപ്പിക്കുന്നു 'ദി സ്‌പൈ' എന്ന നോവലലിലൂടെ..'ദി സ്‌പൈ' സെപ്റ്റംബറിൽ ബ്രസീലിലും നവംബറിൽ യു.എസിലും നോവൽ റിലീസ് ചെയ്യും. ഇന്ത്യയിൽ പുസ്തകം എത്തുന്നതോടൊപ്പം തന്നെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കുകയാണ് പൗലോ കൊയ്‌ലോയുടെ കൃതികളെല്ലാം മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള ഡി സി ബുക്‌സ്. ചാരസുന്ദരി എന്നപേരിലാണ് ഡി സി ബുക്‌സ് മലയാള പരിഭാഷയിറക്കുന്നത്. കബനി സിയാണ് വിവർത്തക.

ചേർത്തല സ്വദേശിയായ എ. അരുണിമ ആൽക്കമിസ്റ്റ് വായിച്ചാണു പൗലോ കൊയ്‌ലോയെ ഇഷ്ടപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പല നോവലുകളും വായിച്ചു. അദ്ദേഹത്തോടുള്ള ഇഷ്ടം ശക്തമായതോടെയാണ് കവിത എഴുതിയത്. കവിതയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെയെല്ലാം പേരുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കവിത പിന്നീടു അദ്ദേഹത്തിനു ഇമെയിൽ ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഫേസ്‌ബുക്കിലൂടെ മെസേജ് അയച്ചു. ഇംഗ്ലീഷിലുള്ള കവിത അച്ചടിച്ചു വന്ന പത്രത്തിന്റെ കട്ടിങ് ഉൾപ്പെടെയാണു അദ്ദേഹം റംസാൻ ദിവസം(ജൂലൈ ആറിന്) തന്റെ ട്വിറ്റർ പേജിൽ താങ്ക്യൂ എന്ന സന്ദേശത്തോടെ അതു പോസ്റ്റ് ചെയ്തത്. അതിന് ശേഷം ഇപ്പോൾ ചാര സുന്ദരിയിലും. കൗയ്‌ലോ അങ്ങനെ മലയാളത്തിന്റെ സ്വന്തമാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP