Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തഡോക്സ് വിഭാഗം ആരാധനയ്ക്ക് എത്തിയത് യാക്കോബായ വിഭാഗത്തിന്റെ ശുശ്രൂഷ ചടങ്ങുകൾക്ക് ശേഷം; ആരാധന കഴിഞ്ഞ് വൈകുന്നേരത്തോടെ പുറത്തിറങ്ങിയപ്പോൾ കണ്ടത് യാക്കോബായ വിഭാഗം പള്ളിപ്പെരുനാളിന് കെട്ടിയ ഫ്ളക്സുകളും കൊടി തോരണങ്ങൾ; യാക്കോബായ വിശ്വാസികളായ യുവാക്കൾക്ക് കുത്തേറ്റത് അലങ്കാരങ്ങൾ നശിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ; ദുഃഖവെള്ളി ദിനത്തിലെ കത്തിക്കുത്തിൽ ഞെട്ടി വിശ്വാസി സമൂഹം

ഓർത്തഡോക്സ് വിഭാഗം ആരാധനയ്ക്ക് എത്തിയത് യാക്കോബായ വിഭാഗത്തിന്റെ ശുശ്രൂഷ ചടങ്ങുകൾക്ക് ശേഷം; ആരാധന കഴിഞ്ഞ് വൈകുന്നേരത്തോടെ പുറത്തിറങ്ങിയപ്പോൾ കണ്ടത് യാക്കോബായ വിഭാഗം പള്ളിപ്പെരുനാളിന് കെട്ടിയ ഫ്ളക്സുകളും കൊടി തോരണങ്ങൾ; യാക്കോബായ വിശ്വാസികളായ യുവാക്കൾക്ക് കുത്തേറ്റത് അലങ്കാരങ്ങൾ നശിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ; ദുഃഖവെള്ളി ദിനത്തിലെ കത്തിക്കുത്തിൽ ഞെട്ടി വിശ്വാസി സമൂഹം

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: പഴന്തോട്ടം പള്ളിയിൽ ദുഃഖവെള്ളി ദിനത്തിൽ നടന്ന കയ്യാങ്കളിയിലും കത്തിക്കുത്തിലും ഞെട്ടി വിശ്വാസികൾ. യാക്കോബായ ഓർത്തഡോക്‌സ് സഭ തർക്കം നിലനിൽക്കുന്ന പഴന്തോട്ടം സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ തർക്കത്തിനും വാക്കേറ്റത്തിനും ഒടുവിൽ രണ്ട് പേർക്ക് കുത്തേറ്റിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാൾ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പഴംത്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്‌സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ മാസം 23,24 തീയതികളിൽ പള്ളിപ്പെരുനാളുമായി ബന്ധപ്പെട്ട യാക്കോബായ വിഭാഗം കെട്ടിയ ഫ്‌ളക്‌സാണ് ഓർത്തഡോക്‌സ് വിഭാഗം നശിപ്പിച്ചത് എന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇത് ചോദ്യം ചെയ്യാനെത്തിയ യാക്കോബായ വിഭാഗത്തിന്റെ രണ്ട് യുവാക്കളെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇവർ ഇപ്പോൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം നടന്നതിന് പിന്നാലെ കൂടുതൽ പൊലീസ് എത്തി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി യാക്കോബായ വിശ്വാസികൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബ സമേതം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള വിശ്വാസികൾ എത്തുന്നുണ്ട്.

വിശ്വാസികൾക്ക് പുറമെ വൈദിക, സഭ ട്രസ്റ്റികളും എത്തിയിട്ടുണ്ട്. കൊടിമരത്തിന്റെ കയർ പള്ളിയുടെ ബോർഡ് ഫ്‌ളക്‌സ് തുടങ്ങിയവ കത്തി കൊണ്ട് കുത്തിക്കീറിയ അവസ്ഥയിലാണ്. സഭയിലെ കൂടുതൽ ഉന്നതർ സ്ഥലത്തേക്ക് എത്തുന്നുമുണ്ട്. വളരെ സമാധാനപൂർവ്വം ഇരു വിഭാഗവും പ്രത്യേകം ആരാധന നടത്തുകയായിരുന്നു. രാവിലെ 10 മണിവരെ യാക്കോബായ വിഭാഗം ദുഃഖവെള്ളി ദിനത്തിലെ സുശ്രൂഷ നടത്തുകയായിരുന്നു. പിന്നീട് മൂന്ന് മണി വരെയാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആരാധന പുരോഗമിച്ചത്.

അതേസമയം ആരാധനയ്ക്ക് ശേഷമാണ് പുറത്തിറങ്ങി ഓർത്തഡോക്‌സ് വിഭാഗം യാതോരു പ്രകോപനവുമില്ലാതെ തന്നെ അക്രമം അഴിച്ച് വിട്ടത് എന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. പരിക്കേറ്റ യുവാക്കളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭ്യമായ വിവരം.നേരത്തെ ഇക്കഴിഞ്ഞ ജനുവരിയിലും ഇരു വിഭാഗം തമ്മിലുള്ള തർക്കവും സംഘർഷവും പഴന്തോട്ടം പള്ളിയിൽ രൂക്ഷമായിരുന്നു. ഓർത്തഡോക്‌സ് വിഭാഗം ആരാധനയ്ക്ക് പിന്നാലെ പള്ളി പൂട്ടി പോകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

ഓർത്തഡോക്സ് വിഭാഗത്തിലെ വികാരിയുടെ നേതൃത്വത്തിൽ അനധികൃതമായി പള്ളിയിൽ പ്രവേശിച്ചെന്നും ആരാധന നടത്തിയെന്നും മറ്റും ആരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷധവുമായി അന്ന് രംഗത്തെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പള്ളിക്കു മുമ്പിൽ പ്രാർത്ഥനായജ്ഞം തുടങ്ങിയിരുന്നു. നിരാഹാരവും പ്രഖ്യാപിച്ചു. ഇതോടെ ഇവിടേയ്ക്ക് യാക്കോബായ വിഭാഗത്തിലെ വിശ്വാസികൾ ഒഴുകിയെത്തി. സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയതോടെ ഓർത്തഡോക്സുകാർ പള്ളി പൂട്ടി സ്ഥലം വിട്ടു. ഇതോടെ നിരാഹാരം അവസാനിപ്പിച്ചു. എങ്കിലും വിശ്വാസികളുടെ പ്രതിഷേധ പ്രാർത്ഥനാ യജ്ഞം അനിശ്ചിതകാലത്തേക്ക് തുടരാനാണ് യാക്കോബയക്കാരുടെ തീരുമാനം.

ഓർത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയും മറ്റു ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ 7 വരെയുമാണ് നേരത്തെ ആരാധന സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി ജനുവരി 13ന് പുലർച്ചെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചെന്നും ആരാധാന നടത്തിയെന്നുമാണ് യാക്കോബായ പക്ഷത്തിന്റെ വെളിപ്പെടുത്തൽ. പള്ളിയുടെ കസ്റ്റോഡിയൻ നിലവിൽ തങ്ങളാണെന്നും ഓർത്തഡോക്‌സ് വിഭാഗം വികാരി വാതിൽ കുത്തിപ്പൊളിച്ചാണ് പള്ളിയകത്ത് പ്രവേശിച്ചതെന്നുമാണ് യാക്കോബായ പക്ഷം അന്ന് ഉന്നയിച്ച് ആരോപണം. അന്ന് ആ സംഭവം പൊലീസ് ഇടപെട്ട് ഒരുപരിധിവരെ ഒതുക്കി നിർത്തിയിരുന്നുവെങ്കിലും പിന്നീട് ഇപ്പോൾ വീണ്ടും പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP