Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലെയ്സ് ചിപ്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകരെ പിഴിയാൻ പെപ്സി കമ്പനി; അനുവാദമില്ലാതെ കൃഷി ചെയ്തതിന് 9.45 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുത്തക ഭീമൻ; ലെയ്സിന് വേണ്ട ഉരുളക്കിഴങ്ങ് നിർമ്മിക്കാനുള്ള അവകാശം തങ്ങൾക്ക് മാത്രമെന്നും കമ്പനി; അഷ്ടിക്ക് വകയില്ലാത്ത ഞങ്ങൾ എവിടെ നിന്ന് പണം കൊടുക്കുമെന്ന് സർക്കാറിനോട് ചോദിച്ച് കർഷകരും; കുത്തകകളുടെ ഭീഷണിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കർഷക സംഘടനകൾ

ലെയ്സ് ചിപ്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകരെ പിഴിയാൻ പെപ്സി കമ്പനി; അനുവാദമില്ലാതെ കൃഷി ചെയ്തതിന് 9.45 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുത്തക ഭീമൻ; ലെയ്സിന് വേണ്ട ഉരുളക്കിഴങ്ങ് നിർമ്മിക്കാനുള്ള അവകാശം തങ്ങൾക്ക് മാത്രമെന്നും കമ്പനി; അഷ്ടിക്ക് വകയില്ലാത്ത ഞങ്ങൾ എവിടെ നിന്ന് പണം കൊടുക്കുമെന്ന് സർക്കാറിനോട് ചോദിച്ച് കർഷകരും; കുത്തകകളുടെ ഭീഷണിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി കർഷക സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ലെയ്‌സ് ചിപ്‌സ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ച് കർഷകർക്കെതിരെ നഷ്ടപരിഹാരക്കേസ് നൽകി പെപ്‌സി കമ്പനി. ലെയ്‌സ് പൊട്ടറ്റോ ചിപ്‌സ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് നിർമ്മിക്കാൻ തങ്ങൾക്ക് മാത്രം ആണ് അവകാശമെന്നാണ് കമ്പനി ഉന്നയിക്കുന്ന വാദം. എഫ്എൽ 2027 എന്ന സങ്ക ഇനം ഉരുളക്കിഴങ്ങാണ് ലെയ്‌സിന് വേണ്ടി തയ്യാറാക്കി എടുക്കുന്നത്. ഇത് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം തങ്ങൾക്കാണെന്നാണ് പെപ്സി പറയുന്നത്. ഇതിന്റെ പേരിൽ ഒൻപത് കർഷകർക്ക് എതിരെ 9.45 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെടുന്നത്

ഗുജറാത്തിലെ ആരവല്ലി, സബർകന്ദ ജില്ലകളിലെ ഒൻപത് കർഷകരോട് 1.5 കോടി രൂപ വീതം ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചത്. അനുമതിയില്ലാതെയാണ് ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അത് നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്. അതേ സമയം പെപ്‌സി കമ്പനിയുടെ കോടതി നടപടിയിൽ സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കർഷകർ സമരം ആരംഭിച്ചിട്ടുമുണ്ട്. അഹമ്മദാബാദ് കോടതിയിൽ നാളെയാണ് പെപ്‌സി കമ്പനി കൊടുത്ത കേസ് പരിഗണിക്കുന്നത്.

ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽക്കുന്നതും താൽക്കാലികമായി തടഞ്ഞുകൊണ്ട് മൂന്ന് കർഷകർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കുത്തക കമ്പനികൾ ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത് അനുവദിച്ച്‌കൊടുത്താൽ മറ്റ് വിളകൾ കൃഷി ചെയ്യുന്നതിനും ഇടങ്കോലിടാൻ അവർ എത്തും എന്നാണ് കർഷകർ ഉയർത്തുന്ന വാദം. ഇത് തടഞ്ഞില്ലെങ്കിൽ മറ്റ് പല വിളകൾക്കുമേലും കോർപ്പറേറ്റ് കമ്പനികൾ അവകാശം സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണെന്നാണ് കർഷകർ പറയുന്നത്. പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അഥോറിറ്റിയുടെ സംരക്ഷണം വേണമെന്നും നിയമ പോരാട്ടത്തിനുള്ള പണം നാഷണൽ ജീൻ ഫണ്ടിൽ നിന്നും അനുവദിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

പരമാവധി 3 ഏക്കർ വരെ മാത്രം സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർക്കെതിരെയാണ് പെപ്‌സ് ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ കർഷകരുടെ കഴുത്തിന് പിടിക്കുന്നതിന് സമാനമായി എല്ലാ വിളകളും കോര്പ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന നിയമം വന്നാൽ അത് കാർഷിക രംഗത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുമെന്ന് കർഷക സംഘടനകൾ പ്രതികരിക്കുന്നു. നീതിക്കായുള്ള കർഷകസമരത്തെ പിൻതുണയ്ക്കുന്നതോടൊപ്പം പെപ്സിയുടെ ജങ്ക് ഫുഡ് ആയ ലെയ്സ് ബഹിഷ്‌കരിക്കണമെന്ന കാമ്പെയ്നിംഗും ആരംഭിച്ചിട്ടുണ്ട്.

2009ലാണ് ഈ പ്രത്യേക ഇനത്തിലുള്ള ഉരുളക്കിഴങ്ങ് ഇന്ത്യയിൽ ആദ്യമായി വ്യാവസായികമായി കൃഷി ചെയ്തത്. പഞ്ചാബിലെ ഏതാനും കർഷകർക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള ലൈസൻസ് കമ്പനി നൽകിയിട്ടുണ്ട്. കമ്പനിക്ക് മാത്രമേ ഈ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് ഇത്. അനുമതിയില്ലാതെ ആരെങ്കിലും ഉൽപ്പാദിപ്പിച്ചാൽ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കർഷകർ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നെന്നും വഡോദരയിലെ കർഷക കൂട്ടായ്മയുടെ ഭാരവാഹി കപിൽ ഷാ വ്യക്തമാക്കി. കർഷകർത്ത് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകളും ശാസ്ത്രജ്ഞരും ഉൾപ്പടെയുള്ളവർ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP