Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിന്തൽമണ്ണയിൽ നടന്ന അക്രമ പരമ്പരകളിൽ മുനിസിപ്പാലിറ്റി ഓഫിസിൽ മാത്രം ഉണ്ടായത് ഒരു കോടി രൂപയുടെ നാശനഷ്ടങ്ങൾ; പൊലീസ് കൈയും കെട്ടി നിന്നെന്ന ആരോപണം ശക്തമായപ്പോൾ വിവിധ പാർട്ടികളിൽ നിന്നായി 50ലധികം പേർ അറസ്റ്റിൽ; പെരിന്തൽമണ്ണയിൽ അഴിഞ്ഞാടിയവരെല്ലാം അഴിക്കുള്ളിലാകും

പെരിന്തൽമണ്ണയിൽ നടന്ന അക്രമ പരമ്പരകളിൽ മുനിസിപ്പാലിറ്റി ഓഫിസിൽ മാത്രം ഉണ്ടായത് ഒരു കോടി രൂപയുടെ നാശനഷ്ടങ്ങൾ; പൊലീസ് കൈയും കെട്ടി നിന്നെന്ന ആരോപണം ശക്തമായപ്പോൾ വിവിധ പാർട്ടികളിൽ നിന്നായി 50ലധികം പേർ അറസ്റ്റിൽ; പെരിന്തൽമണ്ണയിൽ അഴിഞ്ഞാടിയവരെല്ലാം അഴിക്കുള്ളിലാകും

ജാസിം മൊയ്തീൻ

മലപ്പുറം: പെരിന്തൽമണ്ണയിലെ അക്രമ സംഭവങ്ങളിൽ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്നും, പക്ഷംചേർന്ന് പ്രവർത്തിച്ചെന്നുമുള്ള ആരോപണങ്ങളിൽ നിന്ന് തടിയൂരാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെരിന്തൽമണ്ണയിൽ നടന്ന അക്രമ പരമ്പരകളിൽ വിവിധ പാർട്ടികളിൽ നിന്നായി 50ലധികം ആളുകൾ അറസ്റ്റിലായി.

അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയ കേസിൽ 13 പേരെയും, ഹർത്താലിന്റെ മറവിൽ മുനിസിപ്പാലിറ്റി ഓഫീസും വാഹനങ്ങളും എറിഞ്ഞു തകർത്ത കേസിൽ 20 മുസ്ലിം ലീഗ് പ്രവർത്തകരെയും, മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം ഓഫീസ് അടിച്ചുതകർത്ത കേസിൽ ഒൻപത് എസ് എഫ് ഐ പ്രവർത്തകരെയും പെരിന്തൽമണ്ണ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

ഹർത്താലിന്റെ മറിവിൽ അക്രമം നടത്തുകയും വിവിധ പാർട്ടി ഓഫീസുകൾ തകർക്കുകയും, ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റ് ഇനിയുമുണ്ടാകും. സംഭവ ദിവസത്തെ ലഭ്യമായ വീഡിയോ ദ്യശ്യങ്ങൾ പരിശേധിച്ചായിരിക്കും ഇനിയുള്ള അറസ്റ്റുകളുണ്ടാകുക. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ഓഫീസും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്ത കേസിലും കൂടുതൽ അറസ്റ്റുണ്ടാകും. ഇതിൽ അകപ്പെട്ട പലരും ഇപ്പോൾ ഒളിവിലാണ്.

മുനിസിപ്പാലിറ്റി ഓഫീസിൽ ഒരു കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തൽ. മുനിസപ്പാലിറ്റി ഓഫീസും, പോളിടെക്നിക് കോളേജും തകർത്തവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനെതിരയെുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്്. അതിനിടെ കേസെടുക്കാതെ പ്രതികളായ പാർട്ടി പ്രവർത്തകരെ രക്ഷപ്പെടുത്താൻ പെരിന്തൽമണ്ണ എം എൽ എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്രമസംഭവങ്ങളുടെ തുടക്കം. എം എസ് എഫ് കോളേജിൽ നടത്തിയ ജില്ലാ തലപരിപാടി എസ് എഫ് ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ ഉമ്മർ അറയ്ക്കലിന്റെ നേതൃത്വത്തിൽ ഒരു സംഘം ലീഗ് പ്രവർത്തകർ പോളി ടെക്നിക് കോളേജിലേക്ക് ഇരച്ച് കയറുകയും കണ്ണിൽ കണ്ടവരെയെല്ലാം അടിക്കുകയും, എസ് എഫ് ഐയുടെ കൊടിമരവും ക്യാമ്പസിൽ നിർത്തിയിട്ടിരുന്ന അദ്ധ്യാപകരുടെ വാഹനങ്ങളുമടക്കം അടിച്ചു തകർക്കുകയായിരുന്നു.

സംഭവത്തിൽ നിരവധി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കം പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഇതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ പെരിന്തൽമണ്ണ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടയിൽ ഒരു വിഭാഗം പ്രവർത്തകർ പെരിന്തൽമണ്ണ മണ്ഡലം മു്സ്ലിം ലീഗ് ഓഫീസും അടിച്ച് തകർത്തു. ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകളും, മറ്റുപകരണങ്ങളും എസ് എഫ് ഐക്കാർ അടിച്ചുതകർത്തു. നോട്ടീസുകളും മറ്റു വിലപ്പെട്ട രേഖകളുമടക്കം എസ് എഫ് ഐക്കാർ കീറിയെറിഞ്ഞു.

ഉടൻ തന്നെ ലീഗ് പ്രവർത്തകർ നഗരത്തിൽ തടിച്ച് കൂടുകയുംസി പി എം ഏരിയാ കമ്മറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പൊലീസ് സി പി എം ഓഫീസിന് കാവലേർപ്പെടുത്തയിരുന്നു. തുടർന്ന് ചൊവ്വാഴ്ച യുഡിഎഫ് പെരിന്തൽമണ്ണ മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രങ്ങളാണുണ്ടായത്. ഇത് ജില്ലയിൽ മുഴുവൻ പടരുകയും ചെയ്തു.

മങ്കടയിൽ സി പി എം ഏരിയ കമ്മറ്റി ഓഫീസിന് നേരെ അക്രമമുണ്ടയി. ഇതിൽ പ്രതിഷേധിച്ച് സി പി എം നടത്തിയ പ്രതിഷേധ യോഗത്തിലേക്ക് ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ സി പി എം മങ്കട ഏരിയ സെക്രട്ടറിയും ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി കെ അബ്ദുള്ള നവാസിന്റെ മൂക്കിന് പരിക്കേറ്റു.

ഹർത്താൽ ദിവസം വൈകിട്ട് പെരിന്തൽമണ്ണയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലെ പ്രവർത്തകർ തൊട്ടടുത്തുണ്ടായിരുന്ന നഗരസഭാകാര്യാലയത്തിലേക്ക് ഓടിക്കയറി വാഹനങ്ങളും തകർത്തു. ഈ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.

ഈ സമയം യോഗത്തിൽ പങ്കെടുത്ത മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദും, പെരിന്തൽമണ്ണ എം എൽ എ മഞ്ഞളാംകുഴി അലിയും സംഭവസ്ഥലത്തുണ്ടായിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ യുഡിഎഫ് മലപ്പുറംജില്ലാ കൺവീനർ പി ടി അജ്യമോഹനനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശപ്തരിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഏതായാലും ഹർത്താലും തുടർന്ന് വന്ന പണിമുടക്കും കഴിഞ്ഞ് പെരിന്തൽമണ്ണ ഇന്ന് വീണ്ടും പഴയ സമാധാനാന്തരീക്ഷത്തിലെത്തയിരിക്കുന്നു. അക്രമികളെയെല്ലാം ഉടൻ അറസ്റ്റെചയ്യുമെന്ന് പൊലീസും പറയുന്നു. അനിശഷ്ട സംഭവങ്ങളെ തുടർന്ന് അടച്ചിട്ട അങ്ങാടിപ്പുറം പോളിടെക്നിക് കോളേജും ഇന്ന് പതിവ് പോലെ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP