Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്മസിന് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഭാര്യ; ഇരട്ടക്കുട്ടികളടക്കം മൂന്ന് പെൺമക്കളേയും കൊന്ന് മരിക്കാൻ അച്ഛനും; ഐസ്‌ക്രീമിൽ വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിച്ചത് സഹോദരനും അയൽവാസികളും ചേർന്ന്; നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തതെന്ന ഉച്ചത്തിലുള്ള ചോദ്യം കേട്ടെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ചകൾ; പെരുമ്പാവൂരിൽ നാല് പേർക്ക് ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ

ക്രിസ്മസിന് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഭാര്യ; ഇരട്ടക്കുട്ടികളടക്കം മൂന്ന് പെൺമക്കളേയും കൊന്ന് മരിക്കാൻ അച്ഛനും; ഐസ്‌ക്രീമിൽ വിഷം കൊടുത്തുകൊല്ലാനുള്ള ശ്രമം പൊളിച്ചത് സഹോദരനും അയൽവാസികളും ചേർന്ന്; നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തതെന്ന ഉച്ചത്തിലുള്ള ചോദ്യം കേട്ടെത്തിയവർ കണ്ടത് നടുക്കുന്ന കാഴ്ചകൾ; പെരുമ്പാവൂരിൽ നാല് പേർക്ക് ജീവൻ തിരിച്ചു കിട്ടിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: മൂന്ന് പെൺകുട്ടികൾക്കും വിഷം കലർത്തിയ ഐസ്‌ക്രീം നൽകി. പിന്നെ സ്വയം കഴിച്ചു. കുട്ടികൾ ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരൻ കാരണം തിരക്കിയപ്പോൾ കുട്ടികൾക്ക് വിഷം കൊടുത്തെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. ഉടൻ അയൽക്കാർ ഇടപെട്ട് കുട്ടികളെ ആശുപത്രിയിലാക്കി. നാട്ടുകാർ കൈയൊഴിഞ്ഞ പിതാവിനെ മണിക്കൂറുകൾക്ക് ശേഷം മാധ്യമ പ്രവർത്തകന്റെ ഇടപെടലിൽ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലാക്കി.

ഇന്നലെ രാത്രി 10.45 ഓടെ പെരുമ്പാവൂർ വളയൻചിറങ്ങരയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. വളയൻചിറങ്ങര വാരിക്കാട് ചെറുകരക്കുടി രതീഷാണ് തന്റെ മൂന്ന് പെൺകുട്ടികളെ വിഷം കലർത്തിയ ഐസ്‌ക്രീം നൽകി കൊല്ലാൻ ശ്രമിച്ചത്. കുട്ടികൾക്ക് നൽകിയ ഐസ്‌ക്രീം സ്വയം കഴിച്ച് ഇയാൾ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ഇരട്ടക്കുട്ടികളായ വേദ-വേദിയ (5)വൈഗ(8) എന്നിവരെയാണ് വിഷം ഉള്ളിൽച്ചെന്ന നിലിൽ കളമശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.രതീഷും ഇതേ ആശുപത്രിയിൽ ചികത്സയിലാണ്.

തക്കസമയത്ത് ചികത്സ ലഭിച്ചതിനാൽ നാലും പേരും അപകട നില തരണം ചെയ്തതായിട്ടാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അയൽവാസികളുടെ അവസരോചിതമായ ഇടപെടലാണ് അവശനിലയിലായ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായത്.തൊട്ടടുത്തു താമസിക്കുന്ന ബിന്ദുവാണ് ആദ്യം രതീഷിന്റെ വീട്ടിലെത്തിയത്. 'നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തത് 'എന്നുള്ള രതീഷിന്റെ സഹോദരൻ രജീഷിന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടപ്പോൾ പന്തികേട് തോന്നിയാണ് താനും മകനും രതീഷിന്റെ വീട്ടിലെത്തിയതെന്ന് ബിന്ദു പറഞ്ഞു.

രാത്രി നടന്ന സംഭവ പരമ്പരയെക്കുറിച്ച് ബിന്ദുവെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ

ഒച്ചപ്പാട് കേട്ടപ്പോൾ രതീഷും സഹോദരൻ രജീഷും തമ്മിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കുട്ടികൾ ഛർദ്ദിക്കുന്ന ശബ്ദവും നീ എന്താടാ കൊച്ചുങ്ങൾക്ക് കൊടുത്തത് എന്നുള്ള രജീഷിന്റെ ഉച്ചത്തിലുള്ള ചോദ്യവും കേട്ടു.എന്തോ പന്തികേടുണ്ടെന്ന് തോന്നി.ഉടൻ രതീഷിന്റെ വീട്ടിലെത്തി. ഈ സമയം ഇരട്ടക്കുട്ടികളിലൊരാളും മൂത്ത കുട്ടിയും ഛർദ്ദിച്ച് അവശരായ നിലയിലായിരുന്നെന്നു.രതീഷിന്റെ അമ്മ നിർമ്മല ഐസ്‌ക്രീമിന്റെ പാത്രം കൊണ്ടുവന്ന് കാണിച്ചു.ഇതിൽ നിന്നും അസഹ്യമായ ദുർഗന്ധം ഉയർന്നിരുന്നു.കൊഴുപ്പുള്ള ദ്രാവകം പറ്റിപ്പിടിച്ചിരുന്നു.

കുട്ടികൾക്ക് വിഷം കൊടുത്തുവെന്നും ആശുപത്രിയിൽ കൊണ്ടുപൊയ്‌ക്കോ എന്നും രതീഷ് പറഞ്ഞതായി രജീഷ് അറിയിച്ചു.ഇതുകേട്ടപ്പോൾ ശരിക്കും ഞെട്ടി.ഉടൻ അയൽക്കാരെ വിവരമറിയിച്ചു.അന്വേഷിച്ച് നടന്നെങ്കിലും കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങളൊന്നും കിട്ടിയില്ല. ഒടുവിൽ ബൈക്കിൽ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.മകൻ നന്ദുവിന്റെയും അയൽവാസി സനീറിന്റെയും ബൈക്കിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.രതീഷ് അകത്തുകിടന്നുറങ്ങുന്നുന്നുണ്ടായിരുന്നു.ആരും ഇയാളെ ശ്രദ്ധിക്കാൻ തയ്യാറായില്ല.

ആദ്യം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.പ്രഥമ ശുശ്രഷ നൽകിയ ശേഷം ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ഉടൻ കുട്ടിളെ കളശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപെട്ട് കിട്ടണേ എന്ന പ്രാർത്ഥനയിലാണ് ഞങ്ങളെല്ലാവരും-ബിന്ദു പറഞ്ഞു. കുട്ടികള ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തവരാരും അശനിലയിലായ രതീഷിനെ തിരിഞ്ഞുനോക്കിയില്ല. കുട്ടികൾക്ക് വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചതിലുള്ള അമർഷമാണ് ഈ കടുത്ത നിലപാടെടുക്കാൻ ഇവിടുത്തുകാരെ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം.

കുട്ടികളെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ പെരുമ്പാവൂരിലെ ചാനൽ പ്രവർത്തകൻ കെ രമേഷ്‌കുമാറും ഇവിടെ എത്തിയിരുന്നു. കുട്ടികളുടെ പിതാവും വിഷം കഴിച്ചിട്ടുണ്ടെന്നുള്ള സൂചന ലഭിച്ചതിനെത്തുടർന്ന് രമേശ് ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പെരുംമ്പാവൂർ സ്റ്റേഷനിലെ എസ് ഐ യെ വിവരം അറിയിച്ചു. ഈയവസരത്തിൽ രാത്രിയിൽ പോകുന്നത് ബുദ്ധിയല്ലന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരം പറയേണ്ടിവരുമെന്നും മറ്റുമുള്ള ഒഴിവുകിഴുവുകൾ നിരത്തി ഇക്കൂട്ടർ പിൻവലിയുകയായിരുന്നെന്ന് രമേശ് അറിയിച്ചു.രാത്രി നടന്ന അടിപിടിയിൽ പരിക്കേറ്റവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം.

അടിപിടിക്ക് രാഷ്ട്രീയ പശ്ചാത്തലമുള്ളതിനാൽ താമസിയാതെ സി ഐ ബൈജു പൗലോസും ഡി വൈ എസ് പി ജി വേണുവും സ്ഥലത്തെത്തി.ഇവരോടും താൻ ഇക്കാര്യം സൂചിപ്പിച്ചെന്നും പോകുന്നത് മുതൽ തിരിച്ചെത്തും വരെയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചോളാമെന്ന് ഉറപ്പ് തന്റെ ഭാഗത്തുനിന്നും ലഭിച്ചതോടെയാണ് പൊലീസ് രതീഷിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടതെന്നും രമേശ് വ്യക്തമാക്കി. വീട്ടിലെത്തുമ്പോൾ ഛർദ്ദിച്ച് അവശനായി നിലയിലായിരുന്നു രതീഷ്.വീടിന് ചുറ്റം നിരവധിയാളുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.പൊലീസ് വാഹനത്തിൽ ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ പുലർച്ചെ ഒരു മണിയോടടുത്തിരുന്നെന്നാണ് രമേശ് നൽകുന്ന വിവരം.

ടൈൽസ് പണിക്കാരനായ രതീഷിന്റെ ഭാര്യ ജെസിലി കഴിഞ്ഞ ക്രിസ്മസ് ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പലവട്ടം കുട്ടികളെ വിഷം കൊടുത്തുകൊല്ലുമെന്ന് രതീഷ് പറഞ്ഞിരുന്നതായിട്ടാണ് വീട്ടുകാർ നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP