Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിലേക്ക് ആഞ്ഞടിക്കാൻ പോകുന്നത് ഫാനിയല്ല 'ഫോണി'; ബംഗ്ലാദേശ് ഇട്ട പേരിന്റെ യഥാർത്ഥ ഉച്ചാരണം വ്യക്തമാക്കി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം; എട്ട് കിലോ മീറ്റർ വേഗതയിൽ ഫോണി വരുന്നതിനൊപ്പം ഈർപ്പവും വലിച്ചെടുക്കുന്നതിനാൽ അതിതീവ്ര ചുഴലിയാകാനുള്ള സാധ്യത ഏറെയെന്ന് അധികൃതർ; മുൻപ് ബംഗാൾ ഉൾക്കടലിൽ ഏപ്രിൽ മാസം സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത് 1891ൽ

തമിഴ്‌നാട്ടിലേക്ക് ആഞ്ഞടിക്കാൻ പോകുന്നത് ഫാനിയല്ല 'ഫോണി'; ബംഗ്ലാദേശ് ഇട്ട പേരിന്റെ യഥാർത്ഥ ഉച്ചാരണം വ്യക്തമാക്കി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം; എട്ട് കിലോ മീറ്റർ വേഗതയിൽ ഫോണി വരുന്നതിനൊപ്പം ഈർപ്പവും വലിച്ചെടുക്കുന്നതിനാൽ അതിതീവ്ര ചുഴലിയാകാനുള്ള സാധ്യത ഏറെയെന്ന് അധികൃതർ; മുൻപ് ബംഗാൾ ഉൾക്കടലിൽ ഏപ്രിൽ മാസം സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത് 1891ൽ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: രാജ്യത്തിന് ഭീഷണിയുയർത്തി വീണ്ടും ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടിരിക്കുന്നത് ഏവരേയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. തമിഴ്‌നാട് തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിന്റെ പ്രതിഫലനം ശക്തമായ മഴയുടെ രൂപത്തിൽ കേരളത്തിലും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് ചുഴലിക്കാറ്റിന്റെ പേര് ഫാനി എന്നല്ല ഫോണി എന്നാണ് ഉച്ചരിക്കേണ്ടതെന്നും വകുപ്പ് അധികൃതർ അറിയിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഉണ്ടാകുന്ന കാറ്റുകൾക്ക് ഇടാനായുള്ള പേരുകൾ സാർക്ക് രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് ബംഗ്ലാദേശാണ് ഫോണി എന്ന പേര് നിർദ്ദേശിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫാനി എന്നായിരുന്നു ചുഴലിക്കാറ്റിനെ മാധ്യമങ്ങൾ അടക്കം വിളിച്ചിരുന്നത്. ഞായറാഴ്‌ച്ച രാവിലെ വന്ന കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയാണ് പേരിൽ തിരുത്തൽ വന്നത്. ചെന്നൈയിൽ നിന്ന് 1300 കിലോമീറ്ററും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇതിന് ശേഷമാകും തമിഴ്‌നാടിനെ ലക്ഷ്യമാക്കി എത്തുക. മണിക്കൂറിൽ 8 കി.മീ. തോതിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്കു വളരെ സാവകാശമാണ് ശക്തിപ്പെട്ടു മുന്നോട്ടു നീങ്ങുന്നത്.

അതിനാൽ കൂടുതൽ ഈർപ്പം വലിച്ചെടുത്ത് ഫോണി തീവ്ര അതിതീവ്ര ചുഴലിയാകാനുള്ള സാധ്യത ഏറുകയാണ്. ഈ രീതിയിൽ പോയാൽ അടുത്ത 24-36 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ മഴയും കാറ്റും പ്രതീക്ഷിച്ചാൽ മതി. കടലിൽ മാത്രമാണ് ഇപ്പോൾ മഴ പെയ്യുന്നത്. എന്നാൽ അതിതീവ്രമാകുന്നതോടെ ചെന്നൈ തീരത്ത് ഉദ്ദേശിച്ചത്ര മഴ ലഭിക്കാൻ സാധ്യതയില്ലെന്നും ചുഴലി ബംഗാൾ ബംഗ്ലാദേശ് തീരത്തേക്കു തിരിഞ്ഞുപോകാനാണു സാധ്യതയെന്നും ചില നിരീക്ഷകർ വിലയിരുത്തുന്നു. എന്നാലും കന്യാകുമാരി മുതൽ ബംഗാളിലെ സുന്ദർബൻ വരെയുള്ള തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, ബംഗാൾ എന്നീ 4 സംസ്ഥാനങ്ങളും തീരം പങ്കിടുന്ന കിഴക്കൻ കൊറോമാണ്ടൽ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.

ഫോണി ചുഴലി ചെന്നൈ തീരത്തോടു കുറഞ്ഞത് 300 കി.മീ. എങ്കിലും അടുത്തു വന്നാലേ തമിഴ്‌നാട്ടിലും ആന്ധ്രയിലും മഴ ലഭിക്കുകയുള്ളൂ എന്നാണു സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് പറയുന്നത്. ചെന്നൈ തീരത്തോട് അടുത്തു കഴിഞ്ഞാൽ വടക്കു കിഴക്കു ദിശയിലേക്കു സാവകാശം തിരിഞ്ഞ് ഒഡീഷ, ബംഗാൾ തീരത്തേക്കു പോകാനാണു സാധ്യതയെന്നും നിരീക്ഷകർ പറയുന്നു.

തമിഴ്‌നാട് പോണ്ടിച്ചേരി തീരപ്രദേശത്ത് കടൽ മെയ്‌ 1 വരെ വളരെയേറെ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. കടലിൽ ഉള്ളവർ എത്രയും വേഗം കരയിലേക്കു കയറണം. തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണു വിലയിരുത്തൽ. എന്നാലും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. വടക്കൻ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ ചിലയിടത്തു തിങ്കളാഴ്ച മഴയ്ക്കു സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് അതിതീവ്രമായാൽ 1891നുശേഷം ഏപ്രിൽ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ സൂപ്പർ സൈക്ലോൺ (അതിതീവ്ര) എന്ന പ്രത്യേകത ഫോണി സ്വന്തമാക്കും. 2006 ഏപ്രിൽ 25നു രൂപപ്പെട്ട മാലാ തീവ്രചുഴലിയായി ശക്തിപ്പെട്ടിരുന്നു. നിരീക്ഷണം ആരംഭിച്ചതിനു ശേഷം ഇതുവരെ 11 ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലിൽ ഏപ്രിൽ മാസത്തിൽ രൂപപ്പെട്ടിട്ടുള്ളതെന്നു സ്‌കൈമെറ്റിലെ കാലാവസ്ഥാ ഗവേഷകർ അറിയിച്ചു. ഏപ്രിൽ പകുതിക്ക് മുമ്പ് ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടില്ല.

ഫോണി ചുഴലിക്കാറ്റ് 30-ന് ആന്ധ്ര, തമിഴ്‌നാട് തീരത്തെത്തുമെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 90-115 കിലോമീറ്ററാകും വേഗം. കാറ്റിന്റെ ഗതി ഇന്നു കൂടുതൽ വ്യക്തമാകും. ശക്തമായ മഴ പ്രതീക്ഷിക്കുന്ന നാളെയും മറ്റന്നാളും സംസ്ഥാനത്തു മണിക്കൂറിൽ 40-50 കി.മീ. വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനു സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP