Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഡീഷാ തീരത്തെ കലുഷിതമാക്കി ഫോനി തീരം തൊട്ടു; കനത്ത പേമാരിയ്‌ക്കൊപ്പം ആഞ്ഞടിക്കുന്നത് 200 കിലോമീറ്റർ വേഗതയിലെ കൊടുങ്കാറ്റ്; റെഡ് അലർട്ട് പ്രഖ്യാപനത്തിന് പിന്നാലെ ഭയന്ന് വിറച്ച് ഒഡീഷയും ബംഗാളും; പ്രതിസന്ധി രൂക്ഷമാക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റിന്റെ വേഗത തന്നെ; ശരവേഗത്തിൽ മുന്നൊരുക്കങ്ങൾ നടത്തി ബംഗാളും ആന്ധ്രയും; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത് 13 ലക്ഷത്തോളം പേരെ

ഒഡീഷാ തീരത്തെ കലുഷിതമാക്കി ഫോനി തീരം തൊട്ടു; കനത്ത പേമാരിയ്‌ക്കൊപ്പം ആഞ്ഞടിക്കുന്നത് 200 കിലോമീറ്റർ വേഗതയിലെ കൊടുങ്കാറ്റ്; റെഡ് അലർട്ട് പ്രഖ്യാപനത്തിന് പിന്നാലെ ഭയന്ന് വിറച്ച് ഒഡീഷയും ബംഗാളും; പ്രതിസന്ധി രൂക്ഷമാക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റിന്റെ വേഗത തന്നെ; ശരവേഗത്തിൽ മുന്നൊരുക്കങ്ങൾ നടത്തി ബംഗാളും ആന്ധ്രയും; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത് 13 ലക്ഷത്തോളം പേരെ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഒഡീഷയെ ഭീതിയിലാഴ്‌ത്തി ഫോനി ചുഴലിക്കാറ്റ് തീരത്തെത്തി. ഇതോടെ ഒഡീഷ ബംഗാൾ ആന്ധ്രാ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഒഡീഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ പുരി തീരത്താണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റ് ആദ്യം തൊട്ടത്. നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റിനെ നേരിടാൻ ബംഗാളും ആന്ധ്രയും ശരവേഗത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. ഈ നൂറ്റാണ്ടിൽ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിയാണ് ഫോനി. മുപ്പതു വർഷത്തിനിടെ എത്തുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയിൽ വൻ സന്നാഹം ഏർപ്പെടുത്തി.

1999 ൽ ചുഴലിക്കാറ്റിൽ പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഒഡീഷയിലെ 14 ജില്ലകളിൽ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. തീരപ്രദേശത്തും തെക്കൻ ജില്ലകളിലുമുള്ള 880 ആശ്വാസകേന്ദ്രങ്ങളിൽ ഇവരെ താമസിപ്പിക്കും. ഒഡീഷയിലെ 9 ജില്ലകളിലായി 10,000 ഗ്രാമങ്ങളെയും 52 ടൗണുകളെയും ബാധിക്കുമെന്നാണു വിലയിരുത്തൽ. ഇതിനു പുറമേ ബംഗാളിലെ ഏഴും ആന്ധ്രയിലെ മൂന്നും ജില്ലകളെയും ബാധിച്ചേക്കും. . രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന- എറണാകുളം എക്സ്‌പ്രസ് ഉൾപ്പെടെ 223 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.

ഇന്ന് രാവിലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാൽപൂർ, ചന്ദ്ബലി തീരങ്ങളിലായിരിക്കും അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ സർക്കാർ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റർ വേഗതയിലായിരിക്കും ബംഗാളിൽ കൊടുങ്കാറ്റ് വീശുക.

ഇവിടേയും ജാഗ്രതാ നിർദ്ദേശമുണ്ട്. വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദ്ദേശിച്ചു. 1999-ൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ 10,000 പേരാണ് ഒഡിഷയിൽ മരിച്ചത്. 200 കിലോമീറ്റർ വേഗതയ്ക്കടുത്താണ് കാറ്റ് ഒഡീഷയിലേക്ക് പാഞ്ഞടെക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാകുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് തീരമേഖലയിലെ ജനങ്ങളെ ആകെ ഒഴിപ്പിച്ചത്. കര, വ്യോമ, നാവിക സേനകൾക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), ഒഡീഷ ദുരന്ത ദ്രുതകർമസേന (ഒഡിആർഎഎഫ്), അഗ്നിശമന സേന തുടങ്ങിയവ രംഗത്തുണ്ട്.

ആളുകളെ ഒഴിപ്പിക്കുന്നതിനും അവർക്കും ഭക്ഷണവും മരുന്നുമുൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പ്രാദേശിക ഭരണകൂടത്തിന് സേന സഹായം നൽകുന്നു. ദുരന്തപ്രദേശത്തു ഹെലികോപ്റ്ററിൽനിന്നു വിതരണം ചെയ്യാൻ ഒരു ലക്ഷത്തിലേറെ ഭക്ഷ്യപാക്കറ്റുകൾ തയാറാക്കിവച്ചു. നാവികസേനയുടെ നേതൃത്വത്തിൽ ചെന്നൈയിലും വിശാഖപട്ടണത്തും 2 കപ്പലുകളും ഹെലികോപ്റ്ററുകളും തയാറാക്കി നിർത്തിയിട്ടുണ്ട്. ഒഡിഷയിലെ ഗൻജം, ഗജപതി, പുരി, ഖുർദ, നയഗഢ്, കട്ടക്ക്, ധൻകനൽ, ജഗത് സിങ് പൂർ, കേന്ദ്രപര, ജജ്പൂർ, കിയോഞ്ചർ, ഭദ്രക്, ബാലസോർ, മയൂർഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും.

ബംഗാളിൽ പുർബ, പശ്ചിം,മേദിനിപൂർ, വടക്ക്, കിഴക്ക് സൗത്ത് 24 പർഗനാസാ, കൊൽക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും. വ്യാഴാഴ്ച രാത്രി മുതൽ 24 മണിക്കൂർവരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

ഒഡീഷയിലെ പുരിക്കും കൊണാർക്കിനും മധ്യേയുള്ള ബലുഖണ്ഡ് വന്യജീവിസങ്കേതത്തിലെ മൂവായിരത്തിലേറെ പുള്ളിമാനുകളെ എങ്ങനെ രക്ഷിക്കാൻ കഴിയുമെന്നറിയാതെ അധികൃതർ. ഉഗ്രശേഷിയിൽ ഫോനി ആഞ്ഞടിക്കുമെന്നു കരുതുന്ന തീരപ്രദേശത്താണ് വന്യജീവി സങ്കേതം. പ്രദേശത്തു ധാരാളമായുള്ള മുളങ്കൂട്ടങ്ങൾ ഇവയ്ക്കു രക്ഷാസങ്കേതമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ

കൊൽക്കത്ത - ചെന്നൈ തീരദേശപാതയിലെ 223 ട്രെയിനുകൾ റദ്ദാക്കിയതിൽ 83 എണ്ണം പാസഞ്ചർ വണ്ടികളാണ്. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. പട്ന- എറണാകുളം എക്സ്‌പ്രസ്, 5നു പുറപ്പെടേണ്ട കൊച്ചുവേളി- ഗുവാഹത്തി, 7നു പുറപ്പെടേണ്ട തിരുവനന്തപുരം - സിൽച്ചാർ എന്നിവ റദ്ദാക്കിയവയിൽപെടുന്നു. പുരിയിൽ നിന്ന് വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒഴിപ്പിക്കുന്നതിനായി 3 പ്രത്യേക ട്രെയിനുകൾ ഹൗറയിലേക്കും ഷാലിമാറിലേക്കും സർവീസ് നടത്തി. വിശാഖപട്ടണത്തേക്കുള്ള ചില വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലെ വിമാനസർവീസ് തടസ്സപ്പെടാനും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ എണ്ണ ഖനന റിഗുകളിൽ നിന്ന് ഒഎൻജിസി 500 ലേറെ ജീവനക്കാരെ മാറ്റി. ചില ഡ്രില്ലിങ് റിഗുകളുടെ സ്ഥാനം മാറ്റി. ഒഡീഷയിൽ മിക്കയിടത്തും 20 സെന്റിമീറ്ററിലേറെ മഴയാണു പ്രതീക്ഷിക്കുന്നത്. തീരപ്രദേശത്ത് മഴ ഇതിലും ശക്തമാകും. സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു ഒരുക്കങ്ങൾ അവലോകനം ചെയ്തു. ഒഡിഷയിൽ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിട്ടുണ്ട്.

12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഒഡിഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കൊടുങ്കാറ്റിനെ നേരിടാൻ ബംഗ്ലാദേശ് സർക്കാറും നടപടികൾ സ്വീകരിച്ചു. മുൻകരുതൽ നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അധ്യക്ഷതയിലും യോഗം ചേർന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP