Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി ചെയ്തത് രാജുവിനെക്കാൾ വലിയ തെറ്റ്! പ്രളയകാലത്ത് ആരും അറിയാതെ ജർമനിക്ക് പോയ വനംമന്ത്രിയെ ശാസിച്ച മുഖ്യമന്ത്രി ശബരിമല വിവാദം കത്തുമ്പോൾ വിമാനം കയറിയത് ചുമതല പോലും അർക്കും കൈമാറാതെ; പ്രവാസി വ്യവസായികൾക്കൊപ്പം വേദി പങ്കിടാനുള്ള പിണറായിയുടെ യുഎഇ യാത്ര വിവാദത്തിൽ; ഭക്തജന വികാരം മാനിക്കാതെ പുത്തരിക്കണ്ടത്ത് വിപ്ലവം വിളമ്പി വിദേശത്ത് പോയ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും; ബ്രൂവറി ചലഞ്ചിന് പിന്നാലെ പിണറായിയെ കുരുക്കാൻ പുതിയ ആയുധവുമായി ചെന്നിത്തല എത്തും

പിണറായി ചെയ്തത് രാജുവിനെക്കാൾ വലിയ തെറ്റ്! പ്രളയകാലത്ത് ആരും അറിയാതെ ജർമനിക്ക് പോയ വനംമന്ത്രിയെ ശാസിച്ച മുഖ്യമന്ത്രി ശബരിമല വിവാദം കത്തുമ്പോൾ വിമാനം കയറിയത് ചുമതല പോലും അർക്കും കൈമാറാതെ; പ്രവാസി വ്യവസായികൾക്കൊപ്പം വേദി പങ്കിടാനുള്ള പിണറായിയുടെ യുഎഇ യാത്ര വിവാദത്തിൽ; ഭക്തജന വികാരം മാനിക്കാതെ പുത്തരിക്കണ്ടത്ത് വിപ്ലവം വിളമ്പി വിദേശത്ത് പോയ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും; ബ്രൂവറി ചലഞ്ചിന് പിന്നാലെ പിണറായിയെ കുരുക്കാൻ പുതിയ ആയുധവുമായി ചെന്നിത്തല എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ വികാരം ആളിക്കത്തുമ്പോൾ ഇന്ന് അതിരാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയ്ക്ക് പറന്നു. പ്രളയ ദുരന്തത്തിലെ ക്രൗഡ് ഫണ്ടിങ് എന്ന പിരിവിനായാണ് യാത്ര. ഭക്തജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല പോലും ആർക്കും കൈമാറാതെയാണ് യാത്ര. നേരത്തെ പ്രളയകാലത്ത് ജർമനിയിൽ പോയ വനം മന്ത്രി കെ രാജുവിനെ മുഖ്യമന്ത്രി തിരിച്ചു വിളിച്ചിരുന്നു. അങ്ങനെ ഇമേജുയർത്തിയ മുഖ്യമന്ത്രിയാണ് ശബരിമലയിലെ പ്രതിഷേധങ്ങൾ സംഘർഷത്തിൽ എത്തുമ്പോൾ ദുബായിലേക്ക് പറന്നത്. പ്രവാസി വ്യവസായി എംഎ യൂസഫലി അടക്കമുള്ളവർക്കൊപ്പം വേദി പങ്കിടലാണ് ലക്ഷ്യം. ശബരിമല പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യാത്ര ഒഴിവാക്കി തലസ്ഥാനത്ത് തുടരേണ്ടതായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വനംമന്ത്രി കെ രാജുവിന്റെ വിദേശയാത്രയെ ചോദ്യം ചെയ്ത പിണറായി സമാന തെറ്റാണ് ഇപ്പോൾ ചെയ്തതെന്ന് പ്രതിപക്ഷം പറയുന്നു. വിഷയം രാഷ്ട്രീയമായി ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയ്യാറെടുക്കുകയാണ്.

പ്രളയ ദുരന്തത്തിൽ മുൻകൂട്ടിയെടുത്ത തീരുമാനമെന്നാണ് യുഎഇ യാത്രയെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാൽ ശബരിമല വിധി വന്നതോടെ തന്നെ ഇന്ന് എന്താണ് സംഭവിക്കുകയെന്ന് ഏവർക്കും അറിയാമായിരുന്നു. ഹിന്ദു സംഘടനകൾ പ്രതിഷേഘം പ്രഖ്യാപിക്കുകയും ചെയ്തു. നാമജപഘോഷയാത്രകൾ വിലയ രീതിയിൽ ചർച്ചയായി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസും റിപ്പോർട്ട് നൽകി. ഇതെല്ലാം വരുന്നത് മുഖ്യമന്ത്രിയുടെ മുന്നിലാണ്. ഈ സാഹചര്യത്തിൽ യുഎഇ യാത്ര ശബരിമല നട തുറക്കുന്ന സമയത്ത് ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ശബരിമലയിലെ പ്രതിഷേധ സമയത്ത് മുൻ നിശ്ചയ പ്രകാരം മുഖ്യമന്ത്രി ദുബായിലേക്ക് പറക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാരിന് കൂടുതൽ തിരിച്ചടിയാകുന്ന തരത്തിൽ ഈ വിഷയം പ്രതിപക്ഷം ചർച്ചയാക്കും. മുഖ്യമന്ത്രി പോയാലും ഇല്ലെങ്കിലും പ്രവാസികൾ പിരിച്ച തുക കേരളത്തിലെത്തും. പിന്നെ എന്തിനാണ് ശബരിമലയിലെ പ്രശ്‌ന സമയത്ത് മുഖ്യമന്ത്രി ദുബായിൽ പോയതെന്നാണ് ഉയരുന്ന ചോദ്യം.

ശബരിമല വിഷയത്തിൽ ഭരണഘടനയെ ഉയർത്തി മുഖ്യമന്ത്രി തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത വിശദീകരണ യോഗം നടത്തിയിരുന്നു. സ്ഥിതി ഗതികളുടെ രൂക്ഷത തിരിച്ചറിഞ്ഞാണ് പുത്തരിക്കണ്ടത്ത് ഇത്തരമൊരു പരിപാടി നടത്തിയത്. ഇതിൽ വിപ്ലവമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് ശേഷം അതിരാവിലെ ദുബായിലേക്ക് മുഖ്യമന്ത്രി പറന്നത് ഉത്തരവാദിത്ത ബോധമില്ലാത്തതു കൊണ്ടാണ്. ബ്രൂവറിയിൽ പ്രതിപക്ഷത്തിന് മുന്നിൽ മുട്ടുമടക്കിയ മുഖ്യമന്ത്രിയെ ഈ യാത്രയുടെ പേരിലും സമാധാനം പറയിക്കും. ഇതിനായുള്ള പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് വിശദീകരിച്ചു. ഇക്കാര്യത്തിൽ വിർശനവുമായി കോൺഗ്രസും ബിജെപിയും നിറയും. ഭക്തരെ തെരുവിലിട്ട് കൊടുത്തിട്ട് ദുബായിലേക്ക് പോകുന്ന മുഖ്യമന്ത്രിയെ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു കഴിഞ്ഞു.

നവകേരളനിർമ്മാണത്തെക്കുറിച്ച് പ്രവാസി മലയാളികളോട് വിശദീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ പോയത്. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും. അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ ഒപ്പമുണ്ട്. നവകേരളനിർമ്മിതിയെക്കുറിച്ചുള്ള സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികൾക്കുമുന്നിൽ അവതരിപ്പിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് സഹായകമായ അഭിപ്രായങ്ങൾ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതുപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് എമിറേറ്റുകളിലും വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലാം മാറ്റിവയ്ക്കാവുന്ന പരിപാടികളാണ്. ശബരിമല വിഷയത്തിൽ പ്രവാസികളും പ്രതിഷേധത്തിലാണ്.

അതുകൊണ്ട് തന്നെ വലിയ സഹകരണം കിട്ടുകയുമില്ല. ഹിന്ദു സംഘടനകളും മറ്റും പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാറ്റി വയ്ക്കായിരുന്നിട്ടും അതിന് മുതിരാതെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം നടക്കുമ്പോൾ മുഖ്യമന്ത്രി ദുബായിലേക്ക് കടന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പന്തളം രാജകുടുംബത്തേയും മറ്റും അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ യാത്രയെന്ന് ഹൈന്ദവ സംഘടനകളും കുറ്റപ്പെടുത്തുന്നു. ശബരിമല വിഷയത്തിൽ സർക്കാരിന്റെ ആത്മാർത്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപിയുടേയും തീരുമാനം. മന്ത്രി രാജുവിനെ വിരട്ടി പേടിപ്പിച്ച മുഖ്യമന്ത്രി ചെയ്തത് അധാർമികമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും പ്രവാസി സംഘടനകളും ചേർന്നാണ് മുഖ്യമന്ത്രിയുടെ യുഎഇയിലെ സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 17-ന് രാത്രി എട്ടുമണിക്ക് വ്യവസായപ്രമുഖരുമായി സംവാദം, 18-ന് വൈകീട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പൊതുസമ്മേളനം, 19-ന് ഉച്ചയ്ക്ക് ദുബായിൽ ബിസിനസ് സംഗമം, 19-ന് വൈകീട്ട് ഏഴുമണിക്ക് ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ പൊതുസമ്മേളനം, 20-ന് രാവിലെ ഷാർജയിൽ ബിസിനസ് സംഗമം, 20-ന് വൈകീട്ട് 7.30-ന് ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിങ് ക്ലബ്ബിൽ പൊതുസമ്മേളനം എന്നിവയാണ് പരിപാടികൾ. കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണവും മുന്നറിയിപ്പുകളും പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതിലെ ഫണ്ട് പരിവ് നടക്കുകയുമില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രം അനുമതി പോലും നൽകിയില്ല. ഈ സാഹചര്യത്തിൽ യുഎഇ യാത്രകൊണ്ട് വലിയ ഗുണം കേരളത്തിന് ഉണ്ടാവുകയുമില്ല.

രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ ഇറങ്ങിയ മുഖ്യമന്ത്രിയെ നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി. നോർക്ക ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ തുടങ്ങിയവർ സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്,നോർക്ക ഡയറക്ടർ ഓവി മുസ്തഫ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് വി പണിക്കർ,അബുദാബിയിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ കൈരളി ടിവി ഡയറക്ടർ വി കെ അഷറഫ്,ലോക കേരള സഭാംഗം കെ.ബി മുരളി,കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP