Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവള നിർമ്മാണത്തിന്റെ നിർണായക നടപടികൾ കൈക്കൊണ്ട ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിൽ പരിഹസിച്ച് മുഖ്യമന്ത്രി; മോദി സർക്കാറിന് പുകഴ്‌ത്തലും; 2001 മുതൽ 2006 വരെ യുഡിഎഫ് നിശ്ചലമാക്കിയ പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് സർക്കാറെന്ന് പിണറായി; ക്രെഡിറ്റെടുക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ഉദ്ഘാടനത്തിനും പരിഹാസം; കണ്ണൂരുകാർ ആഘോഷമാക്കിയ ഉദ്ഘാടന ചടങ്ങിലും നിറഞ്ഞു നിന്നത് രാഷ്ട്രീയം തന്നെ

വിമാനത്താവള നിർമ്മാണത്തിന്റെ നിർണായക നടപടികൾ കൈക്കൊണ്ട ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിൽ പരിഹസിച്ച് മുഖ്യമന്ത്രി; മോദി സർക്കാറിന് പുകഴ്‌ത്തലും; 2001 മുതൽ 2006 വരെ യുഡിഎഫ് നിശ്ചലമാക്കിയ പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് സർക്കാറെന്ന് പിണറായി; ക്രെഡിറ്റെടുക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ ഉദ്ഘാടനത്തിനും പരിഹാസം; കണ്ണൂരുകാർ ആഘോഷമാക്കിയ ഉദ്ഘാടന ചടങ്ങിലും നിറഞ്ഞു നിന്നത് രാഷ്ട്രീയം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരുകാർ ഉത്സവമാക്കിയ ഉദ്ഘാടന ചടങ്ങാണ് ഇന്ന് മട്ടന്നൂരിലെ മൂർഖൻപറമ്പിൽ നടന്നത്. എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന കണ്ണൂരിൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിലും രാഷ്ട്രീയം കലർന്നിരുന്നു. യുഡിഎഫും ബിജെപിയും ബഹിഷ്‌ക്കരിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയം കലർന്നു. പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ യുഡിഎഫിനും എൽഡിഎഫിനും കഴിയുമെന്നിരിക്കെ എല്ലാം ഇടതുമുന്നണിയുടെ നേട്ടമാക്കി മാറ്റാനാണ് മുഖ്യമന്ത്രി പ്രസംഗത്തിലും ശ്രമിച്ചത്. മൂർഖൻ പറമ്പിലെ ഭൂമിയിൽ വിമാനത്താവളത്തിന്റെ നിർമ്മാണം വേഗത്തിലാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും യുഡിഎഫിനെയും പരിഹസിക്കുകയാണ് ചെയ്തത്.

കണ്ണൂരിൽ യുഡിഎഫ് സർക്കാർ നടത്തിയത് ഉദ്ഘാടനത്തെ അടക്കം പരിഹസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. അതേസമയം തന്നെ അദ്ദേഹം കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ചെയ്തു തന്ന സഹായങ്ങളെ പുകഴ്‌ത്തുകയും ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ കണ്ണൂർ വിമാനത്തവളത്തിന്റെ ഉദ്ഘാടനം നടത്തിയത് പ്രഹസനമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. 2001 മുതൽ 2006 വരെ യുഡിഎഫ് കണ്ണൂർ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്നും പദ്ധതി പുനരുജ്ജീവിപ്പിച്ചത് വി എസ് മന്ത്രിസഭയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

1996ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് പിണറായി പറഞ്ഞു. 2001 മുതൽ 2006 വരെയുള്ള അഞ്ചുവർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ൽ വി എസ് അച്യുതാനനന്ദന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവയ്ക്കുന്നത്.

സ്ഥലമേറ്റേടുപ്പ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അക്കാലയളവിൽ വേഗതയിൽ നീങ്ങി. ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവർഷം(2011-2016) കാര്യങ്ങൾ നടന്നോയെന്ന വിലയിരുത്തലിലേക്ക് താൻ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001-06 കാലത്തേതു പോലെ പ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ 2011-16ൽ സാധിച്ചില്ല. പകരം ചില തുടർപ്രവർത്തനങ്ങൾ നടത്തി. എന്നാൽ അക്കാലയളവിലും വിമാനത്താവളം പൂർത്തിയായില്ല. എന്നാൽ പൂർത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാൻ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. പിണറായി വിജയൻ പറഞ്ഞു. എയർഫോഴ്സിന്റെ കയ്യിൽ അടിയന്തിര ഘട്ടത്തിൽ എവിടെയും ഇറക്കാൻ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞു ആളുകളെ കൂട്ടി. ആ വിമാനത്താവളമാണ് 2016 ലെ സർക്കാർ വന്ന് രണ്ടര വർഷം പിന്നിട്ട് പൂർണ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതി വന്നത്-പിണറായി കുറ്റപ്പെടുത്തി.

അതേസമയം പിണറായി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലും മുൻസർക്കാർ തുടങ്ങിയ പദ്ധതികളെ കുറിച്ച് എടുത്തു പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന വലിയ പ്രാധാന്യവും പരിഗണനയും വ്യക്തമാക്കുന്നതാണ് കണ്ണൂർ വിമാനത്താവള പദ്ധതിയെന്നാണ് അദ്ദേഹം ദേശാഭിമാനി ലേഖനത്തിൽ പറഞ്ഞത്. കൊച്ചി മെട്രോയ്ക്കുശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വൻകിട അടിസ്ഥാന സൗകര്യ പദ്ധതിയാണ് കണ്ണൂർ വിമാനത്താവളമെന്നും പിണറായി എടുത്തു പറയുന്നു. മെട്രോപദ്ധതിയും പാതവഴിയിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയായിരുന്നു.

ദേശീയപാത വികസനം, ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ, കൂടംകുളം വൈദ്യുതി ലൈൻ, കോവളം, ബേക്കൽ ദേശീയ ജലപാത, മലയോര,തീരദേശ ഹൈവേകൾ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമംമെന്നും പിണറായി ലേഖനത്തിൽ പറയുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവർഷം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറയുന്നു. ഈ പദ്ധതികളെല്ലാം തുടങ്ങിയത് യുഡിഎഫ് കാലത്താണെന്ന പ്രത്യേകതയുമുണ്ട്.

ഉത്തരകേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ് നൽകാൻ കണ്ണൂർ വിമാനത്താവളത്തിന് കഴിയുമെന്നാണ് ലേഖനത്തിൽ പിണറായി പറയുന്നത്. 1996ലെ നായനാർ സർക്കാരാണ് വിമാനത്താവളത്തിനുള്ള നടപടികൾ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലും കീഴല്ലൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന മൂർഖൻ പറമ്പിൽ 2,300 ഏക്കർ സ്ഥലത്താണ് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിമാനത്താവളം പൂർത്തിയാക്കിയത്.

വിമാനത്താവളത്തിന്റെ നടപടികൾ ത്വരിതപ്പെടുത്താൻ നായനാർ സർക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്. ജനതാദൾ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരിന്റെ കാലത്ത് സിവിൽ വ്യോമയാനമന്ത്രിയായിരുന്ന സി എം ഇബ്രാഹിം കണ്ണൂർ വിമാനത്താവളം അനുവദിക്കുന്നതിൽ പ്രത്യേകം താൽപര്യമെടുത്തിരുന്നുവെന്ന് ഈ അവസരത്തിൽ ഓർക്കുന്നു. വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നൽകിയ ധാരാളം പേരുണ്ട്. അവരെയെല്ലാം സ്മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരെ പ്രത്യേകം ഓർക്കുന്നു. വലിയ എതിർപ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂർത്തിയാക്കിയത്.- പിണറായി വ്യക്തമാക്കി.

വിമാനത്താവളത്തിന് 1996ൽ നടപടി ആരംഭിച്ചിരുന്നെങ്കിലും തുടർന്നുവന്ന യുഡിഎഫ് സർക്കാരിന്റെ (2001-2006) കാലത്ത് നടപടിയൊന്നുമെടുത്തില്ല. 2006ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 2011ൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ തുടർന്ന് ചില നടപടികൾ സ്വീകരിച്ചു. 2016ൽ ഈ സർക്കാർ വന്ന ശേഷമാണ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുത്തത്. ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂർ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ ഓരോ തീരുമാനവും എടുത്തത്. റൺവെ ഇപ്പോൾത്തന്നെ 3050 മീറ്ററാണ്. റൺവെ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.

വിമാനത്താവളത്തിന് ആവശ്യമായ അനുമതികൾ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായത്. പ്രമുഖ അന്താരാഷ്ട്ര വിമാനകമ്പനികൾ കണ്ണൂരിൽനിന്നും സർവീസ് ആരംഭിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. വിനോദസഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നമുക്ക് ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനുംവിമാനത്താവളം വലിയ ഉത്തേജനം നൽകും. കണ്ണൂർ, കാസർകോട് മേഖലകളിൽ ടൂറിസം വികസനത്തിന് ബഹുമുഖമായ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണ്.- പിണറായി ലേഖനത്തിൽ വ്യക്തമാക്കി.

വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവളം വരുന്നതോടെ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രയ്ക്ക് ഇത്രയും സൗകര്യമുള്ള മറ്റൊരു സംസ്ഥാനമില്ല. ഭൂമിയുടെ ദൗർലഭ്യമാണ് നമ്മുടെ പല വികസന പദ്ധതികൾക്കും തടസ്സമായി നിൽക്കുന്നത്. സ്ഥലമെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ എതിർപ്പുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവർക്ക് പരമാവധി നഷ്ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുള്ള പദ്ധതികൾ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP