Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി പിണറായി വിജയൻ; 20 മന്ത്രിമാരും മൂന്ന് കാബിനെറ്റ് റാങ്കുകാരനും അടക്കം പരമാവധി എണ്ണത്തിൽ മുട്ടിച്ച് പിണറായി സർക്കാറും; ഉമ്മൻ ചാണ്ടിയെ ധൂർത്തിന്റെ പേരിൽ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; രണ്ട് മന്ത്രിമാരെ വിദ്യാഭ്യാസം ഏൽപ്പിച്ചും പരീക്ഷണം: പിണറായി സർക്കാർ അഴിച്ചു പണിയുമ്പോൾ

ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി പിണറായി വിജയൻ; 20 മന്ത്രിമാരും മൂന്ന് കാബിനെറ്റ് റാങ്കുകാരനും അടക്കം പരമാവധി എണ്ണത്തിൽ മുട്ടിച്ച് പിണറായി സർക്കാറും; ഉമ്മൻ ചാണ്ടിയെ ധൂർത്തിന്റെ പേരിൽ അധിക്ഷേപിച്ച സിപിഎം പ്രവർത്തകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; രണ്ട് മന്ത്രിമാരെ വിദ്യാഭ്യാസം ഏൽപ്പിച്ചും പരീക്ഷണം: പിണറായി സർക്കാർ അഴിച്ചു പണിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാറുകൾ ഏതൊക്കെ മാറി മാറി വന്നാലും ധൂർത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരുപോലെയാണ്. കാബിനെറ്റ് പദവിയുടെ കാര്യത്തിൽ പിണറായി സർക്കാർ ഏവരെയും കടത്തിവെട്ടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ആർഭാടം ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ ആർഭാടത്തിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയെയും കടത്തിവെട്ടുകയാണ്. ഇ പി ജയരാജനെ മന്ത്രിയാക്കാനുള്ള ശ്രമിക്കുന്നതിന്റെ ഭാഗമായി സിപിഐക്ക് ചീഫ് വിപ്പ് കൂടി നല്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന് തുല്യമാകും ധൂർത്തിൽ പിണറായിയും.

ആർഭാടം ഒഴിവാക്കാനായി 20 മന്ത്രിമാർ മതിയെന്നു തീരുമാനിച്ച് അധികാരമേറ്റ പിണറായി സർക്കാർ ഇപ്പോൾ ചീഫ് വിപ്പിനെക്കൂടി നിയമിക്കാൻ തീരുമാനിച്ചതോടെ കാബിനറ്റ് റാങ്കുകാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും ഈ എൽഡിഎഫ് സർക്കാരും സമന്മാരായി. ചെലവും തുല്യം. 140 അംഗ നിയമസഭയിൽ അതിന്റെ 15% മന്ത്രിമാരെയാണു നിയമിക്കാൻ കഴിയുക. 20 മന്ത്രിമാരുമായി അധികാരമേറ്റ യുഡിഎഫ് സർക്കാർ പിന്നീട് ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി നൽകിയതോടെ മന്ത്രിമാരുടെ എണ്ണം 21ൽ എത്തി. പി.സി.ജോർജിനെ ചീഫ് വിപ്പായും ആർ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായും നിയമിച്ചപ്പോൾ കാബിനറ്റ് റാങ്കുകാർ 23 ആയി.

ഇ.പി.ജയരാജൻ മടങ്ങിയെത്തുന്നതോടെ എൽഡിഎഫ് മന്ത്രിമാർ വീണ്ടും 20 ആയി. ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായ വി എസ്.അച്യുതാനന്ദനും മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായ ബാലകൃഷ്ണപിള്ളയ്ക്കും ഇപ്പോൾ ക്യാബിനറ്റ് റാങ്കുണ്ട്. ചീഫ് വിപ്പായി സിപിഐ പ്രതിനിധി കൂടി വരുന്നതോടെ ആകെ കാബിനറ്റ് റാങ്കുകാർ യുഡിഎഫ് കാലത്തേതു പോലെ 23 ആയി പെരുകി. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോൾ ധൂർത്തിന്റെ അളവ് കൂടും.

അതേസമയം വിദ്യാഭ്യാസ വകുപ്പിന് ഇപ്പോൾ ഫലത്തിൽ രണ്ട് മന്ത്രിയായ അവസ്ഥയായി. ഉന്നത വിദ്യാഭ്യാസ, പൊതു വിദ്യാഭ്യാസ വകുപ്പുകളെ രണ്ടു മന്ത്രിമാരുടെ കീഴിലാക്കാനുള്ള തീരുമാനം വിദ്യാഭ്യാസ രംഗത്തിനു ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ അടക്കം നിലവിലുള്ള സാഹചര്യത്തിൽ പുതിയ മന്ത്രി വരുന്നത് ഗുണകരമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ടു വകുപ്പുകളായി പ്രവർത്തിക്കുന്നതിനാൽ വിഭജനത്തിനു സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ല.

സംസ്ഥാനത്ത് ഇതുവരെ രണ്ടു സെക്രട്ടറിമാരുടെ കീഴിൽ രണ്ടു വകുപ്പുകളായാണ് ഇവ പ്രവർത്തിച്ചിരുന്നതെങ്കിലും ഒരു മന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. മറ്റു പല വകുപ്പുകളുടെയും ഇരട്ടി വലിപ്പം വിദ്യാഭ്യാസ വകുപ്പിനുണ്ട്. ഒട്ടേറെ ഡയറക്ടറേറ്റുകളും സർവകലാശാലകളും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസും സ്‌കൂളുകളും കോളജുകളും അടക്കം ഒരു മന്ത്രിക്കു ശ്രദ്ധിക്കാവുന്നതിന് അപ്പുറമാണു കാര്യങ്ങൾ.

മറ്റു പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും രണ്ടു മന്ത്രിമാരാണു കൈകാര്യം ചെയ്യുന്നത്. പ്രൈമറി, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ മൂന്നു മന്ത്രിമാർ കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളുമുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യാസ രംഗത്തു മുന്നിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഈ തീരുമാനം അനിവാര്യമായിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തനായിരുന്നതിനാൽ ഇത്തരമൊരു മാറ്റം അപ്രതീക്ഷിതമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രമായി മന്ത്രിയെ നിയോഗിച്ചപ്പോഴും ആരോഗ്യം, ഫിഷറീസ്, കാർഷികം, വെറ്ററിനറി സർവകലാശാലകൾ ഈ വകുപ്പിന്റെ നിയന്ത്രണത്തിലല്ല. എൻജിനീയറിങ് വിദ്യാഭ്യാസത്തിനായുള്ള സാങ്കേതിക സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുമ്പോൾ ആരോഗ്യ സർവകലാശാല ആരോഗ്യ വകുപ്പിനു കീഴിലാണ്. ഐടി അറ്റ് സ്‌കൂളിനു പകരം രൂപീകരിച്ച കൈറ്റിന്റെ ചെയർമാൻ ഇപ്പോൾ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ്. പുതിയ സാഹചര്യത്തിൽ ഈ പദവി അവർ ഒഴിയേണ്ടി വരും.

അതേസമയം രാഷ്ട്രീയ നിയമനങ്ങളുടെ പേരിൽ സർക്കാറിന് അധികചെലവ് കുറച്ചൊന്നുമല്ല. പ്രത്യേകിച്ചും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിൽ 2018 ജനുവരി അവസാനമായപ്പോഴേക്കും 2,09,286 കോടിയാണ് കേരളത്തിന്റെ സാമ്പത്തിക ബാധ്യത. നിലവിൽ സംസ്ഥാനത്തിന്റെ ആളോഹരി കടബാധ്യത 60,950. 59 രൂപയാണ്. അടുത്ത സാമ്പത്തിക വർഷം (201819) 25,985 കോടി രൂപ കൂടി പൊതുവിപണിയിൽ നിന്നു വായ്പ എടുക്കാനും തീരുമാനമുണ്ട്. ഇതൈല്ലാം കൂടിയാകുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഗുരുതമായി മാറും. കഴിഞ്ഞ വർഷം ട്രഷറി സേവിങ്സ് ബാങ്ക് വഴി കേരളം 6000 കോടി രൂപ അധികമായി വായ്പയെടുത്തിട്ടുണ്ട്. തന്മൂലം ഈ വർഷം വായ്പയെടുക്കാൻ അനുവദിച്ച 20,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രം കുറവുചെയ്യുകയുണ്ടായി. കഴിഞ്ഞ ഓണം കഴിഞ്ഞപ്പോഴേക്ക് തന്നെ കേരളം 14,000 കോടി രൂപ വായ്പയെടുത്തു കഴിഞ്ഞിരുന്നു.

യു ഡി എഫ് സർക്കാർ പൊതുഖജനാവ് കാലിയാക്കി എന്ന പരാതിയുമായാണ് പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ അധികാരത്തിലേറിയ ഉടനെ നിലവിലുള്ള കാറുകൾക്ക് പ്രൗഢി പോരാഞ്ഞു മന്ത്രിമാർക്ക് സഞ്ചരിക്കാൻ വിദേശ കാറുകളുൾപ്പെടെ പുതിയ വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് കോടികളാണ്. 83 ലക്ഷം രൂപയാണ് ഔദ്യോഗിക മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ മന്ത്രിമാർ ചെലവഴിച്ചത്. സർക്കാർ മാറുമ്പോൾ മന്ത്രിമന്ദിരങ്ങൾ മോടികൂട്ടി പൊതുഖജനാവ് ധൂർത്തടിക്കുന്നത് പതിവാണ്. എം എൽ എമാരുടെ ചികിത്സാ ചെലവും അമ്പരപ്പിക്കുന്നതാണ്. ഒരു ചാനൽ പുറത്തു വിട്ട കണക്കനുസരിച്ചു ഏഴ് എം എൽ എമാരുടെ ഒന്നര വർഷത്തെ ചികിത്സാ ചെലവ് 68 ലക്ഷം രൂപ വരും. മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനായി മാത്രം നിയമിക്കപ്പെട്ടത് ഏഴ് ഉന്നതോദ്യോഗസ്ഥരെയാണ്. ഇവരിൽ പലരുടെയും ശമ്പളം ലക്ഷത്തിന് മീതെയും.

അതിനിടെ എം എൽ എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിച്ചിരിക്കുന്നു. മന്ത്രിമാരുടെ ശമ്പളം 55,000 രൂപയിൽ നിന്ന് 90,000 രൂപയായും എം എൽ എമാരുടേത് 39,500ൽ നിന്ന് 70,000 രൂപയായുമായാണ് ഉയർത്തിയത്. മാസാന്ത മണ്ഡല അലവൻസ് 12000 രൂപയിൽ നിന്ന് 25000മായും ടെലിഫോൺ ആനുകൂല്യം 7500ൽ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവൻസ് മൂവായിരത്തിൽ നിന്ന് എണ്ണായിരമായും ഉയർത്തയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP