Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂരിലെ ആശങ്ക മാറിയിട്ടുണ്ട്, സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്തിയിട്ടില്ല; സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചത്; രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം; രക്ഷാപ്രവർത്തനം ലക്ഷ്യത്തോട് അടുക്കുന്നു; കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചു; ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല; ഭക്ഷ്യക്ഷാമം ഉണ്ടെന്നത് തെറ്റായ പ്രചരണം: പ്രളയരക്ഷാദൗത്യത്തിൽ വീഴ്‌ച്ചയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ചെങ്ങന്നൂരിലെ ആശങ്ക മാറിയിട്ടുണ്ട്, സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്തിയിട്ടില്ല; സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചത്; രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം; രക്ഷാപ്രവർത്തനം ലക്ഷ്യത്തോട് അടുക്കുന്നു; കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചു; ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല; ഭക്ഷ്യക്ഷാമം ഉണ്ടെന്നത് തെറ്റായ പ്രചരണം: പ്രളയരക്ഷാദൗത്യത്തിൽ വീഴ്‌ച്ചയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവർത്തനത്തിൽ സംസ്ഥാനത്തിന് വീഴ്‌ച്ച വന്നുവെന്ന് വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. സൈന്യത്തിന് മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും ഒരിടത്തും നടത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിവിൽ ഭരണകൂടവുമായി ചേർന്നാണ് ഇത്തരം ദൗത്യങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രക്ഷാ ദൗത്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസേന നല്ലരീതിയിൽ സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടറിയുന്നവർക്കാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ കഴിയുക. വ്യക്തവും കൃത്യവുമായ കോ ഓർഡിനേഷൻ ഈ രക്ഷാദൗത്യം നടത്തിയിട്ടുണ്ട്. ഇത് മുന്നിൽക്കണ്ടാണ് സർക്കാർ കാര്യങ്ങൾ നീക്കിയത്. ഏതെങ്കിലും പ്രദേശത്ത് മാത്രം ഒതുങ്ങിയ ദുരന്തമായിരുന്നില്ല സർക്കാർ നടത്തിയത്. കേന്ദ്രസേനയുടെ നല്ല നിലയിലുള്ള സഹായമാണ് ലഭിച്ചത്. ഒപ്പം നിന്നവരെയും രക്ഷാപ്രവർത്തന കോ ഓർഡിനേഷനെക്കുറിച്ചോർത്തും അഭിമാനിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതിയിൽ രക്ഷാ പ്രവർത്തനം എളുപ്പത്തിൽ സാധ്യമാകുമായിരുന്നില്ല. കാലാവസ്ഥയുടെ പ്രശ്‌നം ഉദിക്കുന്നുണ്ട്. വിദൂരസ്ഥലങ്ങളിൽ നിന്ന് എത്തിപ്പെടേണ്ട പ്രശ്നമുണ്ടായിട്ടുണ്ട്. അതുകൊണ്ട് നിശ്ചിതസമയത്ത് നിശ്ചിതസ്ഥലത്ത് സഹായം എത്തിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും നല്ല നിലയിലുള്ള പ്രവർത്തനമാണ് കേന്ദ്രസേനയുടെ ഭാഗത്തുനിന്നുണ്ടായത്. കൈമെയ് മറന്ന് പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകരും സേനാംഗങ്ങളും നന്നായി പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന പ്രചാരണം വ്യാജമാണ്. കലക്ടറും എസ്‌പിയുമാണ് നേതൃത്വം കൊടുക്കുന്നത്. എല്ലാ രക്ഷാപ്രവർത്തനവും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലാ കേന്ദ്രങ്ങളിൽ സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. അതിനെക്കുറിച്ച് രാവിലെയും വൈകുന്നേരവും അവലോകന യോഗങ്ങൾ നടത്തുന്നുണ്ട്. അതിൽ എന്താണ് നടന്നതെന്ന് മാത്രമല്ല എന്താണ് നടത്തേണ്ടത് എന്ന തീരുമാനങ്ങളും എടുത്തുപോവുകയാണ്. അത് എല്ലാ സമയവും ജനങ്ങളെ അറിയിക്കാനും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളപ്പൊക്കവും കെടുതികളും സംസ്ഥാനസർക്കാർ അതത് അവസരത്തിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടാണ് ആദ്യഘട്ടത്തിൽ ആഭ്യന്തരമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും സംസ്ഥാനം സന്ദർശിച്ചത്. കേന്ദ്രസർക്കാരിനോട് രണ്ടായിരം കോടിരൂപ ചോദിച്ചിട്ടുണ്ട്. ഇതിൽ അടിയന്തര സഹായാണ് ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച 100 കോടിയും പിന്നീട് പ്രധാനമന്ത്രി വന്നപ്പോൾ അനുവദിച്ച 500 കോടിയും.

സൈന്യവും സംസ്ഥാനവും യോജിച്ചുനിന്നു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനൊപ്പം അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്നതാണ് സൈന്യത്തിന്റെ കർത്തവ്യം. സിവിൽ ഭരണത്തെ സഹായിക്കുകയെന്നതാണ് സൈന്യത്തിന്റെ ചുമതല. നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ചേർത്ത് ജില്ലാ ഭരണകൂടത്തിന്റെ സൗകര്യം കൂടി പ്രയോഗിച്ച് അവർ പ്രവർത്തിക്കുകയാണ് വേണ്ടത്. ഒരിടത്തും ഒരിക്കലും സൈന്യം മാത്രമായി ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് ഓപ്പറേഷൻ നടത്തിയിട്ടില്ല. അത്തരമൊരു ഓപ്പറേഷൻ സാധ്യമാവുകയുമില്ല.

സൈന്യത്തിനൊപ്പം എൻഡിആർഫ് കോസ്റ്റ് ഗാർഡ് ബിഎസ്എഫ് റവന്യൂ നേവി തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം യോജിച്ചുള്ള പ്രവർത്തനത്തോടെയേ സാധിക്കൂ. സംസ്ഥാനഭരണത്തിൽ പ്രവർത്തിക്കുന്ന ജോയന്റ് ഓപ്പറേഷൻ റൂംസാണ് ഈ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കേണ്ടത്. ഇതു തന്നെയാണ് എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവർത്തിച്ചു വന്നിട്ടുള്ളത്. രാജ്യം പല ദുരന്തങ്ങളെയും കണ്ടിട്ടുണ്ട്. ആസാം, ചെന്നൈ, കാശ്മീർ, ഗുജറാത്ത്, മഹാരാഷ്ട്രയിലൊക്കെ ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അവിടെയൊന്നും ഇത്തരം പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിച്ചിട്ടില്ല. കശ്മീരിലെ സവിശേഷ സാഹചര്യത്തിൽ പോലും സർക്കാരും സൈന്യവും ഒന്നിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. മഴക്കെടുതിയുടെ തുടക്കം മുതൽ കേന്ദ്രസർക്കാരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഒരു കുറവും വരാതെയാണ് ഇപ്പോഴും കേന്ദ്രസേനകൾ ഇടപെട്ടിട്ടുള്ളതെന്നും പിറണായി വ്യക്തമാക്കി.

ഭക്ഷ്യ വസ്തുക്കൾ തീരുന്നു എന്നവിധത്തിലുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഓണത്തെ വരവേൽക്കാൻ തയ്യാറെടുത്തു കൊണ്ടിരുന്ന നാടാണ് കേരളം. അതുകൊണ്ട് സാധനങ്ങൾക്ക് യാതൊരു ക്ഷാമവും ഇല്ലെന്ന് മനസിലാക്കണം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയാണ് കേരളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനാന്തര റിസർവോയറുകളിൽനിന്ന് ജലമെത്തി. വൻ പ്രകൃതി ക്ഷോഭമാണ് ഉണ്ടായത്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്ത. എല്ലായിടത്തേക്കും വ്യാപിക്കുന്നതായിരുന്നു ജലം. നദികൾ വഴിമാറി ഒഴുകുന്ന നില വന്നു. ഡാമുകൾ എല്ലാം നിറഞ്ഞുകവിഞ്ഞു. റോഡ്, റെയിൽ ഗതാഗതമൊക്കെ താറുമാറായി. 20000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

രക്ഷാപ്രവർത്തനത്തിനായി ജലം വഴി പോകലാണ് ഒരു മാർഗ്ഗമായിട്ടുള്ളത്. എന്നാൽ, ജലമാർഗമുള്ള യാത്രയിൽ കുത്തൊഴുക്ക് തടസമായി. ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥ കാരണം ശരിയായ നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. തികച്ചും വെല്ലുവിളിയായിരുന്നു. അതിനെ നേരിട്ടുകൊണ്ടായിരുന്നു സർക്കാർ ഇടപെടൽ നടത്തിയതെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് നിർത്താനാണ് സർക്കാർ ശ്രമിച്ചത്. അങ്ങനെ നിർത്തിക്കൊണ്ട് കേരളത്തിന്റെ ഭരണയന്ത്രത്തിന്റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്നേഹത്തിനും ജനാധിപത്യത്തിൽ ഊന്നിനിൽക്കുന്ന നാടിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ബലമുണ്ട്. അതാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് മുന്നോട്ടുപോകാൻ പ്രാപ്തമാക്കിയത്. അതൊരു വലിയ ആത്മവിശ്വാസം സർക്കാരിന് നൽകി. പ്രളയക്കെടുതികൾ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ നാടിന്റെ ഒരുമ തന്നെയാണ് ഇതിന്റെ കാരണമെന്ന് മലയാളിക്ക് അഭിമാനത്തോടെ പറയാം. കൂട്ടിയോജിപ്പിക്കാനായതിൽ സർക്കാരിനും അഭിമാനമുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ, ഇടുക്കി മേഖലകളിൽ പ്രളയമുണ്ടായപ്പോൾ ഇന്ത്യൻ നേവി, ഫയർഫോഴ്സ്, എൻഡിആർഎഫ് തുടങ്ങിയവയെ ഏകോപിപ്പിച്ച് പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള ഏകോപനമാണ്സർക്കാർ ഉദ്ദേശിച്ചത്. നാടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകൾ ഇതുമായി സഹകരിക്കാൻ തയ്യാറായി. ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാർ മുൻകൂട്ടിനൽകി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെല്ലാം മുന്നറിയിപ്പ് നൽകി സർക്കാർ ഇടപെട്ടു.

ഓഗസ്റ്റ് 8 ന് പ്രളയക്കെടുതിയെ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു. അന്നു തന്നെ സെക്രട്ടേറിയറ്റിൽ റവന്യൂ-അഡീഷണൽ സെക്രട്ടറി പിഎച്ച്കുര്യന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണ സെൽ ആരംഭിച്ചു. നാശനഷ്ടമുണ്ടാകുമെന്നോ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീർഘകാല പരിപാടികൾക്കും സർക്കാർ നേതൃത്വം നൽകി. ഓണാഘോഷ പരിപാടികൾക്കായി വിവിധ വകുപ്പുകൾക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചു. കൂടുതലായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഇന്ന് നടത്താൻ കഴിഞ്ഞു. ജനങ്ങളുടെ ആശങ്ക നല്ല രീതിയിൽ പ്രവർത്തിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടെങ്കിൽ ഇനി സേനയുടെ സഹായം അഭ്യർത്ഥിച്ചാൽ എത്തി സഹായിക്കുന്നതാണ്.

രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ മറന്നുകൊണ്ട് ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്താനുള്ള പ്രചാരണങ്ങളും ഇടപെടലുകളും ഈ ശ്രമങ്ങളെ തകർക്കാനേ ഉപകരിക്കൂ. ഇത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവസാനിപ്പിക്കണം. നാമൊരു ദുരന്തത്തിന് നടുവിലാണ്. അതിനെ ഒന്നായി നിന്ന് നേരിടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP