Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം; പ്രതിമാസ പൂജകൾക്ക് മുൻപ് യുവതികൾ ശബരിമലയിൽ എത്തിയിരുന്നു; സുപ്രീകോടതിയുടെ അനുകൂല വിധിക്കെതിരെ റിവ്യൂഹർജി നൽകുകയുമില്ല; നാടിന്റെ ഒരുമ തകർക്കാൻ ശ്രമം; നവോത്ഥാന ചരിത്രം മറക്കരുത്; കോൺഗ്രസിന്റെ നിലപാട് മാറ്റം സംഘപരിവാറിന് വളമാകും: ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം; പ്രതിമാസ പൂജകൾക്ക് മുൻപ് യുവതികൾ ശബരിമലയിൽ എത്തിയിരുന്നു; സുപ്രീകോടതിയുടെ അനുകൂല വിധിക്കെതിരെ റിവ്യൂഹർജി നൽകുകയുമില്ല; നാടിന്റെ ഒരുമ തകർക്കാൻ ശ്രമം; നവോത്ഥാന ചരിത്രം മറക്കരുത്; കോൺഗ്രസിന്റെ നിലപാട് മാറ്റം സംഘപരിവാറിന് വളമാകും: ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന നിയന്ത്രണം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഒരുമ തകർക്കാൻ ബോധപൂർവ്വമായ ശ്രമം ചില ഭാഗങ്ങളിൽ നിന്നുണ്ടാകുന്നു. സർക്കാർ നിലപാടല്ല സുപ്രീം കോടതി വിധിയിലേക്ക് എത്തിച്ചതെന്നനും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം. ആ സത്യവാങ്മൂലത്തിന് അനുസൃതമായി വിധിയും വന്നു. അതുകൊണ്ട് സുപ്രീകോടതിയുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച വിധിക്കെതിരെ റിവ്യൂഹർജി നൽകില്ലെന്നും സർക്കാർ പറഞ്ഞു.

സ്ത്രീപ്രവേശനം വിലക്കിയ 1991ലെ ഹൈക്കോടതി വിധിയും എൽ.ഡി.എഫ് സർക്കാരുകൾ പാലിച്ചിരുന്നു. പ്രതിമാസ പൂജകൾക്ക് മുൻപ് യുവതികൾ ശബരിമലയിൽ എത്തിയിരുന്നു. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന് സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഹർജി നൽകിയാൽ അത് കോടതിയിൽ നൽകിയ ഉറപ്പിന്റെ ലംഘനവുമാകും. എന്നാൽ മറ്റാർക്കെങ്കിലും പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മതേതര മനസ്സാണ് ഒരുമയ്ക്ക് സഹായകമായത്. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഈ നാട്ടിലെ ദുരാചാരങ്ങൾ മാറ്റിയത്. ദുരാചാരത്തിനുള്ള സമരത്തിലൂടെയാണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്‌കർത്താവായി ഉയർന്നത്. അദ്ദേഹത്തിന്റെ പോരാട്ടം പ്രത്യേകം ശ്രദ്ധിക്കണം. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു. സ്ത്രീ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ മാറ്റങ്ങൾ കൊണ്ടുവന്നു. സാമൂഹ്യ മുന്നേറ്റ ചരിത്രം കൂടി ഉൾക്കൊണ്ട വേണം കോടി വിധിയേയും സർക്കാർ നിലപാടുകളെയും കാണാൻ. തെറ്റായ ആചാരങ്ങൾക്കെതിരെ എല്ലാക്കാലത്തും വിമർശനങ്ങൾ ഉയർന്നിരുന്നു.

ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിയമനിർമ്മാണത്തിന് മുതിരില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല എന്നാണ് എൽ.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം. ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തിയ കമ്മീഷനെ നിയമിക്കണമെന്ന നിർദ്ദേശവും സർക്കാർ കോടതിയിലെ അറിയിച്ചിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ വിഷയത്തിൽ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ ചരിത്രം കൂടി കണക്കിലെടുക്കണം. ആ പശ്ചാത്തലത്തിൽ വേണം സുപ്രീംകോടതി വിധിയെയും സർക്കാറുകളുടെ നിലപാടുകളെയും കാണേണ്ടത്. സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ മുൻ ഉത്തരവിനും ഇപ്പോഴത്തെ സുപ്രീംകോടതി വിധിക്കും കാരണം സർക്കാറുകളുടെ നിലപാടുകളല്ലെന്നും പിണറായി പറഞ്ഞു.

1991ലെ ഹൈക്കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനത്തിന് അറുതി വരുത്തുകയാണ് ചെയ്തത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറുകൾ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇടത് സർക്കാറുകൾ വിധിക്ക് വിരുദ്ധമായ നടപടികൾ സ്വീകരിച്ചിട്ടില്ല. 2006ലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസ് റിട്ട് ഹരജിയായി സുപ്രീംകോടതിയിൽ എത്തി. കോടതി ആവശ്യപ്പെട്ട പ്രകാരം വി എസ് അച്യുതാനന്ദൻ സർക്കാറും തുടർന്ന് യു.ഡി.എഫ് സർക്കാറും നിലപാട് വ്യക്തമാക്കി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു. വി എസ് സർക്കാറിന്റെ സത്യവാങ്മൂലം പിൻവലിച്ച യു.ഡി.എഫ് സർക്കാർ, സ്ത്രീ പ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. വീണ്ടും ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വി എസ് സർക്കാറിന്റെ സത്യവാങ്മൂലം നിലനിർത്താൻ തീരുമാനിച്ചു.

സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. സമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സർക്കാർ നയം. അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് എതിരല്ല. മുൻകാലങ്ങളിൽ സ്ത്രീ പ്രവേശനം നടന്നിട്ടുണ്ട്. ഹിന്ദു മത ആചാരത്തിൽ വിശ്വസിക്കുന്നവർക്ക് പ്രായ വ്യത്യാസമില്ലാതെ ആരാധന നടത്താൻ അനുവദിക്കണം എന്നായിരുന്നു ഇടത് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാൽ നിലവിൽ ഹൈക്കോടതി വിധിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കത്തും നൽകി.

സാമൂഹ്യ പരിഷ്‌കർത്താകളെയും വിദഗ്ധരെയും ഉൾപ്പെടുത്തി കൊണ്ടുള്ള കമ്മിഷൻ രൂപീകരിച്ച് പ്രായഭേദമന്യേ സ്ത്രീ പ്രവേശനം സാധ്യമാവുമോ എന്ന പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കാലം നിശ്ചയിച്ച് പ്രവേശനം അനുവദിക്കാം. 10നും 50നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം തടയാൻ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ സംസ്ഥാന സർക്കാറിനെ നിലപാട് വ്യക്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

നാടിന്റെ ഒരുമ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ്. സവർണ മേധാവിത്വം തകർത്താണ് ഈ മുന്നേറ്റം സാധ്യമായത്. ചട്ടമ്പിസ്വാമികൾ, നാരായണഗുരു, അയ്യൻകാളി അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ നമ്മുടെ നാടിനെ ഉഴുതു മറിക്കുകയാണ് ഉണ്ടായത്. അതിന് ദേശീയ പ്രസ്ഥാനങ്ങളിലൂടെ തുടർച്ച ഉണ്ടായി. ചട്ടമ്പിസ്വാമികളെ പോലുള്ളവർ നിലനിൽക്കുന്ന ആചാരങ്ങളിലെയും സമ്പ്രദായങ്ങളിലെയും പോരായ്മകളിലേക്ക് വിരൽ ചൂണ്ടി സമൂഹത്തെ നവീകരിക്കുന്നതിന് നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനങ്ങൾ മാറ്റം വരുത്തി. തെറ്റായ ആചാരങ്ങൾക്കെതിരെ ഓരോ വിഭാഗങ്ങൾക്കിടയിലും എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിലൂടെ നിലവിലെ ആചാരങ്ങളും വിശ്വാസങ്ങളും മാറ്റുന്നതിന് ഇടയാക്കി. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് മാറ്റമുണ്ടായി. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായി. വൈക്കം സത്യാഗ്രഹവും വലിയ മുന്നേറ്റത്തിന് കാരണമായി. ഇത്തരത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തിന്റെ പുരോഗതിക്ക് വഴിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിധിയെ തുടക്കത്തിൽ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് മാറ്റം വിസ്മയകരമാണ്. അത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തന്നെ തകർന്നു. നവോത്ഥാന പാരമ്പര്യം കോൺഗ്രസ് മറക്കരുത്. കോൺഗ്രസ് വർഗീയതയിലേക്ക് ചുവടുമാറുന്നു. കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ നേരത്തെ സ്ത്രീകൾക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. അവിടെ കുഴപ്പമില്ല. കേരളത്തിൽ പാടില്ല എന്നതാണ് ബിജെപിയുടെയും ആർ.എസ്.എസിന്റെയും നിലപാട്.

എല്ലാവർക്കും തുല്യനീതിയാണ് സർക്കാർ നിലപാട്. തുല്യനീതിയും അവസരവുമാണ് സർക്കാർ നയം. വിശ്വാസികളുമായി ഏറ്റുമുട്ടുന്നത് സർക്കാർ നയമല്ല.അ വർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് നയം. അത് ഇനിയും തുടരും. രാഷ്ട്രീയമായി സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽസർക്കാർ കീഴടങ്ങുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP