Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിഭ്രാന്തി പരത്തരുത്, കളക്ടർക്ക് മുഖ്യമന്ത്രിയുടെ ശാസന; തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല; വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല; മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല; ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി; യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി ബെഹ്‌റ പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ

പരിഭ്രാന്തി പരത്തരുത്, കളക്ടർക്ക് മുഖ്യമന്ത്രിയുടെ ശാസന; തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല; വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല; മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല; ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി; യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി ബെഹ്‌റ പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പടർത്തുന്ന വിധത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വിധത്തിൽ കല്കടർ ഗോപാലകൃഷ്ൺ നടത്തിയ പരാമർശത്തിൽ അമർഷത്തോടെ മുഖ്യമന്ത്രി. നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിൽ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ശാസിച്ചു. ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് കളക്ടറോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭീതി ഉണ്ടാക്കുന്ന പ്രസ്താവന പാടില്ലെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർ കെ ഗോപാലകൃഷ്ണനെ തിരുത്തിയതും ശാസിച്ചതും. ഇക്കാര്യം പിന്നീട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും വ്യക്തമാക്കി.

ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന അവലോകനയോഗത്തിൽ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല. വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല. അത് കൂടുതൽ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല. സർവകലാശാലാ പരീക്ഷകൾ തൽക്കാലം മാറ്റി വയ്ക്കുന്നില്ല. തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല. മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതൽ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ. പക്ഷേ ആളുകൾ കൂട്ടത്തോടെ ഉള്ള സന്ദർശനം ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് - മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങൾ വരുന്നെന്ന മുന്നറിയിപ്പിനെത്തുടർന്ന് പരിഭ്രാന്തി തലസ്ഥാനനഗരത്തിൽ പ്രകടമായിരുന്നു. വൈകുന്നേരത്തോടെ നഗരത്തിലെ സൂപ്പർമാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങാൻ എത്തിയതോടെയാണ് തിരക്കും വർദ്ധിച്ചത്. അതേസമയം കിഴക്കേക്കോട്ട, സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിലൊക്കെ ഇന്ന് ആളൊഴിഞ്ഞു കിടന്നു. രണ്ടാം ശനിയാഴ്ചയായിരുന്നതിനാൽ സർക്കാർ ഓഫീസുകൾ അവധിയായത് ഒരു കാരണമായി ചൂണ്ടിക്കാണിക്കാമെങ്കിലും, അവധിയായതുകൊണ്ട് ഉണ്ടാകുന്ന ഒരു തിരക്ക് പോലും നഗരത്തിലുണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കളക്ടറുടെ പ്രസ്താവന പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രി തന്നെ നടത്തിയത്. മൂന്ന് പേർക്കാണ് തിരുവനന്തപുരത്തുകൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിനാൽ മാത്രമല്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് കളക്ടർ വ്യക്തമാക്കിയത്. വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരൻ ജില്ലയിൽ പല സ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം. രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽ കൃത്യമായി നിരീക്ഷണത്തിൽ കഴിയാത്തതും മറ്റൊരു കാരണമായി കളക്ടർ ചൂണ്ടിക്കാട്ടി.

വർക്കലയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ കളക്ടർ നിർദ്ദേശിച്ചു. ബ്യൂട്ടി പാർലറുകളിലും ജിമ്മുകളിലും നിയന്ത്രണങ്ങളുണ്ടാകും. അടച്ചിടാൻ നിർദ്ദേശം നൽകും. പക്ഷെ സെക്രട്ടറിയേറ്റിൽ നിന്നുള്ളതടക്കമുള്ള സേവനങ്ങൾ തടസ്സപ്പെടില്ല. ആളുകൾ പരിഭ്രാന്തരാകരുതെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിക്കുകയുണ്ടായി. അതേ സമയം വർക്കലയില് രോഗി കൊല്ലത്തും സഞ്ചരിച്ചിരുന്നതിനാൽ കൊല്ലം ജില്ലയ്ക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.

അതേസമയം രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ തിരുത്ത് വരുത്തിയാണ്മരിച്ചവർക്കുള്ള 4 ലക്ഷം രൂപ ധനസഹായം, പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവ ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്. ഇത് പിൻവലിക്കാൻ കേന്ദ്രം മനസ്സുകാണിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

കൊവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശിയായ 76കാരനും ഡൽഹി സ്വദേശിനിയായ 69കാരിയുമാണ് മരിച്ചത്. ഇതേതുടർന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP