Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പികെ ശശിയും എ കെ ബാലനും ഒരേ വേദിയിൽ; കുറ്റാരോപിതനും കുറ്റാന്വേഷകനും ഒരുമിച്ച് നിന്നാലെങ്ങനെ ഇരക്ക് നീതി ഉറപ്പാക്കുമെന്ന് പാർട്ടി പ്രവർത്തകർ; ഔദ്യോഗിക വാഹനം ഒഴിവാക്കി അന്വേഷണ കമ്മീഷൻ അംഗത്തിന്റെ വീട്ടിലെത്തി ഒന്നരമണിക്കൂർ ചർച്ച നടത്തിയത് അന്വേഷണം അട്ടിമറിക്കാനെന്നും ആരോപണം

പികെ ശശിയും എ കെ ബാലനും ഒരേ വേദിയിൽ; കുറ്റാരോപിതനും കുറ്റാന്വേഷകനും ഒരുമിച്ച് നിന്നാലെങ്ങനെ ഇരക്ക് നീതി ഉറപ്പാക്കുമെന്ന് പാർട്ടി പ്രവർത്തകർ; ഔദ്യോഗിക വാഹനം ഒഴിവാക്കി അന്വേഷണ കമ്മീഷൻ അംഗത്തിന്റെ വീട്ടിലെത്തി ഒന്നരമണിക്കൂർ ചർച്ച നടത്തിയത് അന്വേഷണം അട്ടിമറിക്കാനെന്നും ആരോപണം

റിയാസ് ആമി അബ്ദുല്ല

പാലക്കാട്:ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയിൽ പി.കെ.ശശി എംഎൽഎക്കെതിരായ പീഡനാരോപണം അന്വേഷിക്കുന്ന പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കമ്മീഷൻ അംഗമായ എ.കെ.ബാലനും കുറ്റാരോപിതനായ പി.കെ.ശശിയും വേദി പങ്കിടുന്നു. വെള്ളിയാഴ്ച പാലക്കാട് തച്ചമ്പാറയിലെ പാർട്ടി പരിപാടിയിൽ പി.കെ.ശശിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ അതൃപ്തിയിലാണ്.

വരുന്ന 26 ന് വൈകിട്ട് 4 ന് തച്ചമ്പാറയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഒരുക്കുന്ന പൊതുയോഗത്തിലാണ് പി.കെ.ശശിയും എ.കെ.ബാലനും വേദി പങ്കിടുന്നത്. സിപിഐയിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ എത്തുന്നവർക്ക് പാർട്ടി നൽകുന്ന സ്വീകരണ ചടങ്ങിലാണ് കുറ്റാരോപിതനും അന്വേഷണ കമ്മീഷൻ അംഗവും ഒന്നിക്കുന്നത്. എ.കെ. ബാലനാണ് ഉദ്ഘാടകൻ.

യോഗത്തിൽ പികെ ശശി പങ്കെടുക്കുമെന്ന് നോട്ടീസിലുണ്ട്.ശശിയെയും ബാലനെയും കൂടാതെ സി പി എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ ആരോപണവിധേയനായി പാർട്ടിയുടെ അന്വേഷണം നേരിടുകയാണ് പികെ ശശി. അന്വേഷണം നടത്തുന്നയാളും അന്വേഷണം നേരിടുന്നയാളും ഒരേ വേദിയിൽ എത്തുന്നതാണ് ചില പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.കുറ്റാരോപിതനും കുറ്റാന്വേഷകനും ഒരുമിച്ച് നിന്നാലെങ്ങനെ ഇരക്ക് നീതി ഉറപ്പാക്കുമെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.

സെപ്റ്റംബർ അഞ്ചിന് ശേഷം പൊതുപരിപാടികളും പാർട്ടി യോഗങ്ങളും ഒഴിവാക്കി പാർട്ടി നിർദ്ദേശപ്രകാരം മാറി നിന്ന പികെ ശശി എംഎൽഎ കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി വേദികളിൽ സജീവമാണ്. കഴിഞ്ഞദിവസം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും മലമ്പുഴയിൽ നടന്ന സിഐടിയു ശിൽപശാലയിലും ശശി പങ്കെടുത്തിരുന്നു.

പികെ ശശിക്കെതിരെ പാർട്ടിയുടെ ഔദ്യോഗിക വിലക്കില്ലെന്നാണ് ഇത് സംബന്ധിച്ച് മുതിർന്ന നേതാക്കളുടെ വിശദീകരണം. അതെ സമയം ഔദ്യോഗിക വാഹനം ഒഴിവാക്കി കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷൻ അംഗത്തിന്റെ വീട്ടിലെത്തി ഒന്നരമണിക്കൂർ ചർച്ച നടത്തിയത് പാർട്ടി അന്വേഷണം അട്ടിമറിക്കാനെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് ശശി പാർട്ടി വേദികളിൽ സജീവമായത്.

അതെ സമയം ലൈംഗികാരോപണം ഉയർന്ന ഉടനെ മാധ്യമങ്ങളെ കണ്ട് ശശി ആരോപിച്ച ഗൂഢാലോചന സിദ്ധാന്തം പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ പൊളിഞ്ഞതായും പുറത്താക്കൽ നടപടി ഒഴികെയുള്ള നടപടികളിലേക്ക് പാർട്ടി നീങ്ങുമെന്നും സൂചനകളുണ്ട്.ശശിയെ കൂടാതെ വനിതാ നേതാവിന്റെ പരാതി ഒതുക്കാൻ ശ്രമിച്ച ഡി വൈ എഫ് ഐ ലെ ചില നേതാക്കൾക്കെതിരെയും നടപടി ശുപാർശ ചെയ്യാൻ ഇടയുണ്ട്.

ഡി വൈ എഫ് ഐ വനിതാ നേതാവ് തന്റെ പരാതി പാർട്ടി നേതൃത്വത്തിന് അയക്കുന്നതിന് മുൻപ് പുതുശ്ശേരി ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നായിരുന്നു പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ശശിയുടെ പ്രധാന വാദം. ഏരിയ കമ്മറ്റി ഓഫീസിൽ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറകൾ പരിശോധിച്ചതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെയാണ് പാർട്ടി നടപടി വൈകിപ്പിക്കാനുള്ള നീക്കങ്ങൾ ശശി ആരംഭിച്ചത്. ഒപ്പം തന്നെ പാർട്ടി വേദികളിൽ സജീവമാകാനുള്ള ശ്രമങ്ങളും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP